മഹാശിലകൾ

ശിലവെട്ടിയതിലെട്ടു രൂപങ്ങൾ

പിണഞ്ഞൊട്ടികിടക്കുന്നു

വയറൊട്ടികിടക്കുന്നു, കണ്ണുകൾ

കുഴികളിൽ കുടുങ്ങി, നിറമില്ലാ

നാസിക പിളർത്തിയൊഴുക്കുന്നു-

വേറോരോ ചെറുചോരച്ചാലുകൾ

മഹാശിലകൾ കരയുന്നു, കണ്ണീർ കടം

പറയുന്നു, കരളേഴായ്‌ പൊട്ടിച്ചു

ശിൽപ്പി പകുത്തേഴായ്‌ നിരത്തിവച്ചു

മൃതിപൂണ്ട ശിലയിൽ മൂകനാം ശിൽപ്പിതീർത്തെട്ടു രൂപങ്ങളെ-

ത്രയും അസ്ഥിപഞ്ജരങ്ങൾ

ഏതോ കാലത്തിൻ സാക്ഷിയാം മഹാശിലകളെ

നമിക്കുന്നു കടലും കരയും സൂര്യനും ചന്ദ്രനും

അഹല്യമാർ ആയിരം മഹാശിലകൾക്കിടയിൽ

ശ്രീരാമചന്ദ്രന്റെ പാദത്തെ സ്വപ്നം കാണുന്നു

വിരിയാത്ത സ്വപ്നങ്ങൾ വാടാനും തുടങ്ങുന്നു

കൂട്ടിനു കരയുന്നു ശിൽപങ്ങളും…

ഇനി വരും ഗംഗയും ശിവനും ശ്രീവല്ലഭരാ

യവരൊക്കെയും വിളക്ക്‌ വയ്‌ക്കും…

ശ്രീരൂപസത്യങ്ങൾ വലതുവയ്‌ക്കും

വരുംകാല ദൈവങ്ങളെ നോക്കി നോക്കി

മഹാശിലകളെണ്ണുന്നു, എണ്ണം തികയുന്നു

രാത്രികളെ, അവയുടെ നേർ പകലുകളെ

ഇനി വെട്ടിമാറ്റല്ലേയെന്റെയുള്ളം

ആറേഴു ജന്മം ബാക്കിയുണ്ട്‌….

Generated from archived content: poem1_aug9_07.html Author: deepa_da

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here