നീലമിഴികളുടെയുള്ളിൽ

രാത്രി ശവങ്ങളെ തിന്നുമ്പോൾ

പകലുകളിൽ തീയും പുകയും

ബാക്കിയുണ്ടായിരുന്നു.

നീലമിഴിയുള്ളവരെ

തെരഞ്ഞുപിടിച്ച്‌

കുരിശിൽ തറച്ചു.

വെളുത്ത ശിലകൾ നിറഞ്ഞ

കുന്നുകളിൽ അവരെ

നിരത്തി നിർത്തി…..

മുമ്പ്‌ ആരോ

രാജാവിനോട്‌ പറഞ്ഞിരുന്നു

നീലമിഴിയുള്ളവർ

സാമ്രാജ്യത്തിൽ കലാപം സൃഷ്‌ടിക്കുമെന്ന്‌

കുരുശിൽ തറയ്‌ക്കപ്പെട്ടവരുടെ

എണ്ണം കൂടി

നീല മിഴികളുള്ള

ഏഴ്‌ കുഞ്ഞുങ്ങളേയും അവർ

കുരിശിലേറ്റി

കുരിശ്‌ ത്യാഗത്തിന്റെ ചിഹ്നമാണെന്ന്‌

കുഞ്ഞുങ്ങൾക്കറിയാമായിരുന്നു

അതുകൊണ്ട്‌ അവർ ദുഃഖിച്ചില്ല

അവരുടെ നീലമിഴികളുടെയുള്ളിലേക്ക്‌

ഉറുമ്പരിച്ചെത്തിയപ്പോൾ

സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നു

ഏഴര വെളുപ്പിനെത്തുന്ന

കഴുകന്മാർ കുഞ്ഞുങ്ങളുടെ

കണ്ണുകൾ കൊത്തിയെടുത്ത്‌

പറന്നു പോകും

ഇതൊരു അടയാളവും

ഒരു സൂചനയുമാകുന്നു

സാമ്രാജ്യം സാമ്രാജ്യമായും

രാജാവ്‌ രാജാവായും നിലനിൽക്കണം

സ്‌ത്രീകളെ തറച്ച കുരിശുകളാണ്‌

ഇപ്പോൾ രാത്രിയിൽ നാട്ടുന്നത്‌

അവർക്കും നീലമിഴികളായിരുന്നു….

കുരിശ്‌ മലയുടെ താഴ്‌വാരത്തിൽ

അന്നേരം വെറും മണലിൽ

ആരോ ഒരാൾ

എഴുതിയിട്ടു

നീലക്കണ്ണുള്ളവർ ഒരിക്കലും

കലാപകാരികളല്ല

അവർ വെറും പാട്ടുകാർ മാത്രമായിരുന്നു

അടിമകളുടെ പാട്ടുകാർ മാത്രം…..

Generated from archived content: poem1_april23_09.html Author: deepa_da

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here