നിങ്ങൾ സൂസന്നയെ അറിയുമോ?

എന്റെ പേരു സൂസന്ന. കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ ഈ നഗരത്തിലുണ്ട്‌. ഒരു പക്ഷെ പഴയ ചിലർ എന്നെ തിരിച്ചറിയും. മുടി കഴുത്തുവരെ ബോബ്‌ ചെയ്‌ത്‌ എപ്പോഴും പാന്റും ഷർട്ടും ധരിച്ചു നടക്കുന്ന ഒരു മെലിഞ്ഞപെണ്ണ്‌. ഇടയ്‌ക്കിടക്ക്‌ ഞാൻ ഒരു കറുത്ത കണ്ണട ധരിക്കാറുണ്ട്‌. തീർച്ചയായും എന്നെ കണ്ടാൽ ഒരു ഇന്ത്യക്കാരിയെന്നു പറയില്ല. അങ്ങനെ പറയാതിരിക്കലാണു എന്റെ ഉദ്ദേശവും. എന്നെ തെറ്റിദ്ധരിക്കരുത്‌. എന്തോ ഞാൻ അങ്ങനെ ആയിപ്പോയി.

ഞാൻ ഈ സിറ്റിയിൽ വരുമ്പോൾ പേരിനുമാത്രമായി കുറച്ചു കറുത്തവർ മാത്രം. സായിപ്പന്മാരും മദാമ്മമാരും വളരെ അൽഭുതത്തോടെ നോക്കി നിൽക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്‌. ഒന്നു പരിചയപ്പെടാൻ, ഒരു സുഹൃത്‌ബന്ധം സ്‌ഥാപിക്കാൻ അവർ അന്നു മത്സരിക്കുമായിരുന്നു.

പിന്നീട്‌ പലവഴിക്ക്‌ പലരും വന്നു കയറി അവരുടെ സ്വസ്‌ഥത കിടത്തിയപ്പോൾ സ്‌ഥിതിഗതികൾ ആകെ മാറി. ഇപ്പോൾ അവരിൽ പലരും കണ്ടാൽ വഴി മാറി പോകും. ചിലപ്പോൾ തെറിവിളിച്ചെന്നും വരും. പക്ഷെ ഞാൻ അതൊന്നും കാര്യമാക്കിയിട്ടില്ല. വലിയ കമ്മ്യൂണിസ്‌റ്റ്‌ ചിന്താഗതിക്കാരിയൊന്നുമല്ലെങ്കിലും നാട്ടിൽ കോളേജിൽ പഠിക്കുന്ന കാലത്ത്‌ ആ ചിന്താഗതിയുള്ള ചിലരുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നതൊഴിച്ചാൽ എനിക്ക്‌ പറയാൻ കഴിയും, ഈ ഭൂമിയിലെ വായുവും വെളിച്ചവും ആരുടേയും സ്വന്തമല്ലല്ലോ. അതുപോലെ തന്നെയാണു ഈ മണ്ണിന്റെ കാര്യവും. ആർക്ക്‌ എന്താണു സ്വന്തമെന്നു എങ്ങനെയാണു പറയുവാൻ കഴിയുക. ചിലർ അവരുടെ സാമർത്ഥ്യമനുസരിച്ച്‌ അവരുടെ സൗകര്യങ്ങൾക്കായി ചിലത്‌ വളച്ചുകൂട്ടി വച്ചിരിക്കുന്നു. അത്‌ അവർക്ക്‌ മരിക്കുമ്പോൾ കൊണ്ടുപോകാൻ കഴിയുമോ? അലക്‌സാണ്ടർ ചക്രവർത്തി പറഞ്ഞതുപോലെ തീർച്ചയായും ഇല്ല. അതുകൊണ്ടു ഞാൻ പറയും, ജീവിച്ചിരിക്കുന്ന കാലത്ത്‌ ഒരു സോഷ്യലിസ്‌റ്റു മനഃസ്‌ഥിതി വച്ചു പുലർത്തുന്നതു നല്ലതാണെന്ന്‌.

സോഷ്യലിസത്തെക്കുറിച്ച്‌ പറഞ്ഞപ്പോഴാണു ഞാൻ എന്റെ ബാല്യത്തെക്കുറിച്ച്‌ ഓർത്തത്‌. അന്നു ഞാൻ എല്ലാവരുമായി കൂട്ടുകൂടുമായിരുന്നു. എല്ലാവരേയും എനിക്കാവും വിധം ഞാൻ സഹായിക്കുമായിരുന്നു. ഞാനന്ന്‌ വളരെ സന്തോഷിച്ച്‌ തുള്ളി ചാടി നടക്കുന്ന ഒരു പ്രകൃതമായിരുന്നു. പിന്നെ എങ്ങനെയാണു ഞാൻ ഇന്നത്തെ ഈ ഏകാന്തമായ ദുഃഖകരമായ അവസ്‌ഥയിലെത്തപ്പെട്ടത്‌?

വീടിനു തൊട്ടടുത്ത പള്ളിയിൽ കാര്യസ്‌ഥനായിരുന്നു എന്റെ അപ്പൻ, കാര്യസ്‌ഥന്റെ പണിയ്‌ക്കൊപ്പം പള്ളിയിലെ മറ്റു പണികളും അപ്പൻ ഏറ്റെടുത്തു നടത്തുമായിരുന്നു. അനാവശ്യമായി ഒരു പൈസയും അപ്പൻ ചിലവഴിച്ചില്ല. വീട്ടിൽ ദാരിദ്ര്യമായിരുന്നെങ്കിലും അപ്പൻ അമ്മയെ ഒരിക്കലും പുറത്തു പണിയ്‌ക്കു വിട്ടില്ല. പെണ്ണുങ്ങളെ സംരക്ഷിക്കേണ്ടത്‌ ആണുങ്ങളുടെ ഉത്തരവാദിത്വമാണെന്നാണു അപ്പന്റെ തിയ്യറി. പക്ഷേ ആ തിയ്യറി അപ്പനു നടപ്പിലാക്കാൻ കഴിയാതെപോയി. അപ്പനു എന്തെല്ലാമോ സ്വപ്‌നങ്ങളുണ്ടായിരുന്നു. ആ സ്വപ്‌നങ്ങളെല്ലാം ബാക്കിവച്ച്‌ അപ്പൻ ഈ ഭൂമിയിൽ നിന്നു വിടപറയുമ്പോൾ ഞങ്ങളന്ന്‌ അഞ്ചു പെൺമക്കളും ഒരാൺ കുട്ടിയും എട്ടും പൊട്ടും തിരിയാത്ത പ്രായത്തിലായിരുന്നു.

ആ ദിവസം ഞാൻ ശരിക്കും ഓർക്കുന്നുണ്ട്‌. അന്നെനിക്കു വയസ്സ്‌ പതിനൊന്ന്‌. അന്നു വൈകുന്നേരം പള്ളിയിൽ നിന്നു അപ്പൻ വന്നതു ഇടതു നെഞ്ചിൽ രണ്ടു കൈപത്തികളും അമർത്തി പിടിച്ചാണ്‌. നെഞ്ചു വേദനിക്കുന്നെന്നു പറഞ്ഞ്‌ വന്നപാടെ കട്ടിലിൽ വന്നു കിടന്നു. ഞങ്ങൾ മക്കളെല്ലാവരും ഉറക്കെ കരയാൻ തുടങ്ങി. കരച്ചിൽ കേട്ട്‌ അയൽക്കാർ ഓടി കൂടിയപ്പോഴേക്കും സമയം വളരെ വൈകിയിരുന്നു.

ജീവിതം എന്താണെന്ന്‌ ഉള്ളവനും ഇല്ലാത്തവനും എന്ന വ്യത്യാസം അറിയാൻ തുടങ്ങിയത്‌ അന്നു മുതലാണ്‌. എവിടെ നോക്കിയാലും ഒരു ശൂന്യത. ആരും അധികം പരസ്‌പരം മിണ്ടാതായി. ആദ്യകാലങ്ങളിൽ പള്ളിയിൽ നിന്നുള്ള ചില സഹായങ്ങൾ ലഭിച്ചു. പിന്നെ ഒരിക്കലും പുറത്തു പണിയ്‌ക്കുപോകാത്ത അമ്മ ചിലരുടെ വീടുകളിൽ പണിയ്‌ക്കു പോകാൻ തുടങ്ങി. മൂത്ത ചേച്ചിമാരും പളളിയുടെ കീഴിലുള്ള മഠത്തിൽ ചില ജോലികളിൽ ഏർപ്പെട്ടിരുന്നതു കൊണ്ട്‌ ജീവിതം മുന്നോട്ടു പോയി. ചില പ്രതിസന്ധികളിൽ ആത്മഹത്യയെക്കുറിച്ച്‌ ചിന്തിച്ച നിമിഷങ്ങളുണ്ട്‌. പക്ഷെ ജീവിതം ജീവിച്ചു തീർക്കാനുള്ളതാണെന്ന വിചാരത്തോടെ അതെല്ലാം എങ്ങനെയോ തരണം ചെയ്‌തു. സ്‌ക്കൂളിൽ മുടങ്ങാതെ പോകാൻ തുടങ്ങി. പഠിക്കുന്നതിൽ മാത്രമായി പിന്നീടുള്ള ശ്രദ്ധ. ഓരോ വിഷയങ്ങളിലും ക്ലാസ്സിൽ ഒന്നാമതായി. റാങ്ക്‌ നേടാനായില്ലെങ്കിലും ഏകദേശം അതിനടുത്തെത്താൻ സാധിച്ചു. പലരും അഭിനന്ദിച്ചു. സഹായഹസ്‌തവുമായി വന്നവരെ ആരേയും നിരാശപ്പെടുത്തിയില്ല. എം.ബി.ബി.എസ്സ്‌ പാസ്സായി ഒരു ഡോക്‌ടറായത്‌ അങ്ങനെയാണ്‌.

വീടു വിട്ടു ആദ്യം പുറത്തേക്ക്‌, അതായത്‌ വിദേശത്തേക്ക്‌ പോയത്‌ മൂത്തചേച്ചിയാണ്‌. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ തന്നെ മഠം വക നേഴ്‌സിംഗ്‌ സ്‌ക്കൂളിൽ ചേച്ചിയ്‌ക്ക്‌ അഡ്‌മിഷൻ കിട്ടി. ജോലിയും പഠിത്തവുമായി ചേച്ചി എപ്പോഴും തിരക്കിലായിരുന്നു. നഴ്‌സിംഗ്‌ നല്ല രീതിയിൽ പാസ്സായപ്പോൾ കന്യാസ്‌ത്രിമാർ അവരുടെ ഹോസ്‌പിറ്റലിൽ ജോലി നൽകി. ഒരു അച്ചൻ സഹായിച്ചതുകൊണ്ട്‌ അവൾ യൂറോപ്പിൽ എത്തപെട്ടു. പിന്നീടു എന്താണു സംഭവിച്ചതെന്നു ഊഹിക്കാവുന്നതേയുള്ളൂ. ഒന്നിനു പുറകെ ഒന്നായി ഞങ്ങൾ ഓരോരുത്തരും നാടു വിട്ടപ്പോൾ ഞങ്ങളുടെയെല്ലാവരുടേയും ഓമനയായ ഇളയവൻ മാത്രം ഒരു നിയോഗം പോലെ അച്ചൻ പട്ടത്തിനായി സെമിനാരിയിലേക്കു പോയി.

എന്റെ കല്യാണം നടത്തിതന്നതു എന്റെ അനിയൻ അച്ചനാണ്‌. എനിക്കു ഇപ്പോഴും ഓർമ്മയുണ്ട്‌. തൊട്ടു മൂത്ത ചേച്ചിയുടെ വിവാഹമെന്ന വിചാരമായിരുന്നില്ല ആ മുഖത്ത്‌ ഭൂമിയിലെ മറ്റു ഏതോ സ്‌ത്രീയുടേതെന്നപോലെ ഒരു നിർവ്വികാരഭാവമായിരുന്നു അത്‌. സെമിനാരിയിൽ ചെന്നതിനുശേഷം ആൾ അങ്ങനെയായിരുന്നു. ആരോടും അധികം തമാശകളില്ല. എപ്പോഴും എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കും, അല്ലെങ്കിൽ കിടന്നുറങ്ങുന്നതു കാണാം. അവധിയ്‌ക്ക്‌ വീട്ടിൽ വന്നു തിരിച്ചുപോകുമ്പോൾ ഒന്നു തിരിഞ്ഞു നോക്കുക പോലുമില്ല. പോകാൻ നേരം സങ്കടപ്പെട്ടു നിൽക്കുന്ന അമ്മയുടെ കവിളിൽ ഒരു ചുംബനം നൽകും. അത്രമാത്രം. പിന്നെ പടി കടന്ന്‌ നേരേ ഒരു പോക്കാണ്‌. അതു കാണുമ്പോഴേ എന്റെ കണ്ണു നിറയും. ഞാൻ മുറിയിലേക്കോടും. വാതിലടച്ചു ആരും കാണാതെ തേങ്ങും. പിന്നെ കുറച്ചു ദിവസത്തേക്ക്‌ എന്റെയുള്ളിൽ ഒരു വിങ്ങലായിരിക്കും. ഒരോരുത്തരായി പിന്നീടു പടിയിറങ്ങാൻ തുടങ്ങിയതോടേ ആ വേദന ഒരു ശീലമായി.

എന്റെ ഭർത്താവു എന്നെ പിരിഞ്ഞു പോയിട്ടും ഞാൻ ആ വേദന സഹിച്ച്‌ ജീവിച്ചിരിക്കുന്നതു കണ്ടില്ലേ. കഴിഞ്ഞ ഒരു ദിവസം വാർഡിലെത്തിയപ്പോൾ മരിക്കാൻ കിടന്ന ഒരു ഓൾഡ്‌ പേഷ്യന്റ്‌ പറഞ്ഞു. യു. ആർ. ലുക്കിംഗ്‌ വെരി സ്‌മാർട്ട്‌, എന്ന്‌, ഞാൻ അതുകേട്ടു ഉള്ളിൽ വെറുതെ ചിരിച്ചു. നാൽപതാം വയസ്സിലും സ്‌മാർട്ട്‌ ആണെന്നു കേൾക്കുക, ആതും മരിക്കാൻ പോകുന്ന ഒരാളിൽ നിന്ന്‌. നല്ല രസമുള്ള ഒരു കാര്യം തന്നെ!

പണ്ടു മെഡിസിനു പഠിക്കുന്ന കാലത്തു കാര്യസാധ്യതക്കായി അടുത്തുകൂടിയിരുന്ന യുവാക്കൾ പല കിന്നാരവാക്കുകൾ പറയുമായിരുന്നു. അതു കേട്ടു ഉള്ളം തുടിച്ചില്ല. അവരുടെയൊപ്പം റസ്‌റ്റോറന്റിൽ പോയില്ല. പക്ഷേ ഇപ്പോൾ അപ്പൂപ്പന്റെ വർത്തമാനം കേട്ടപ്പോൾ വെറുതെ കണ്ണാടിയിൽ പോയി കുറച്ചു നേരം നിന്നു. എന്തെല്ലാമോ ക്രീമുകൾ മുഖത്തു തേച്ചു. പിറ്റേ ദിവസം ഒരു പൂക്കെട്ടുമായി അപ്പൂപ്പനെ കാണാൻ ചെന്നപ്പോൾ അറിഞ്ഞു രാത്രിയിൽ അപ്പൂപ്പൻ മരിച്ചു പോയെന്ന്‌. പലപ്പോഴും അങ്ങനെയാണു ജീവിതം. നമ്മൾ സന്തോഷിക്കുന്നതിനു സമ്മതിക്കില്ല. പ്രായമായതിനുശേഷം ഞാൻ സാധാരണ കരയാറില്ല. പക്ഷെ അന്നു എന്റെ കണ്ണുകൾ നിറഞ്ഞു. പാവം മനുഷ്യൻ. ആരൊരുമില്ലാത്ത ഒരു കൃഷിക്കാരനായിരുന്നു അയാൾ.

കല്യാണം കഴിഞ്ഞു ഇവിടെ എത്തിയയിടക്ക്‌ സക്കറിയ, എന്റെ ഭർത്താവ്‌, ഒരിക്കൽ പറഞ്ഞു ഐ ഹെയ്‌റ്റ്‌ ദിസ്‌ ബ്ലഡീ വൈറ്റ്‌സ്‌, എന്ന്‌. ഒരു ആറു മാസം കൂടി ഇവിടെ നിന്നാൽ ഒരു പക്ഷെ ഞാൻ ഭ്രാന്തനായി മാറുമെന്ന്‌. സക്കറിയയ്‌ക്ക്‌ വെള്ളക്കാരെക്കുറിച്ച്‌ ഒന്നും അറിയില്ല. അദ്ദേഹം ഒരു വക്കീലായിരുന്നു. ഞാൻ പറഞ്ഞു. നമുക്കു ജീവിതകാലം സുഖിക്കാനുള്ളതു ബാങ്കിൽ വരുന്നുണ്ടല്ലോ. ഒരു തുണയായി അങ്ങ്‌ എന്റെ കൂടെയുണ്ടായാൽ മാത്രം മതിയെന്ന്‌. പക്ഷെ ജോലി ചെയ്യാതെ വെറുതെയിരുന്നു സുഖിക്കാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു. ഒരു ദിവസം ആശുപത്രിയിൽ നിന്നു വന്നപ്പോൾ ഒരു എഴുത്തു ഡൈനിംഗ്‌ ടേബിളിൽ കണ്ടു. സോറി, അയാം ലീവിംഗ്‌…..

ആറുമാസം മാത്രം നീണ്ടു നിന്ന ദാമ്പത്യജീവിതം അതോടെ അവസാനിക്കുകയായിരുന്നു. ഭൂമി തലകീഴ്‌മറിയുന്നതുപോയൊണു തോന്നിയത്‌. ഒന്നിലും ശ്രദ്ധ ചെലുത്താനാവാതെ കുറെ നാൾ. പലരും ആശ്വസിപ്പിക്കാനെത്തിയെങ്കിലും ഉള്ളിൽ ഒരു കടലിരുമ്പുകയായിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ സക്കറിയയുടെ ഒരു കത്തു വന്നു. നിനക്കു എന്റെ കൂടെ ജീവിക്കാൻ താൽപര്യമെങ്കിൽ ഉടനെ പുറപ്പെടുക. അല്ലെങ്കിൽ…. ഐ വിൽ ടേക്ക്‌ എ ഡിസിഷൻ.

മനഃപൂർവ്വം മറുപടിയെഴുതിയില്ല. ഇവിടം വിട്ടു പോകാൻ ഞാൻ തയ്യാറല്ലായിരുന്നു. കുറെ ദുരിതങ്ങൾ സഹിച്ചാണു ഇവിടെയെത്തപ്പെട്ടത്‌. ഇനി വയ്യ. ഇവിടെ ജീവിക്കുന്നതിനേക്കാൾ സുരക്ഷിതയായി തനിക്കു നാട്ടിൽ ജീവിക്കാനാവില്ല. ഇല്ല. ഞാൻ നാട്ടിലേക്കില്ല. അങ്ങനെ ദിവസവും ഞാൻ പിറുപിറുത്തു പേഷ്യൻസിനു മെഡിസിൻ എഴുതുമ്പോൾ മരുന്നു മാറി കുറിക്കാതിരിക്കാൻ ഏറെ പണിപ്പെട്ടു. ഉറക്കം നഷടപ്പെട്ട രാത്രികൾ.

പക്ഷെ പ്രതീക്ഷിച്ചിരുന്നതു പോലെ ഒരു ഡൈവോഴ്‌സ്‌ നോട്ടീസ്‌ വന്നില്ല. അതു എന്നെ അദ്‌ഭുതപ്പെടുത്തി. അദ്ദേഹം എന്തു ചെയ്യുന്നെന്നറിയാൻ എനിക്കു ജിജ്ഞാസയായി. ഞാൻ എജന്റുമാരെ തരപ്പെടുത്തി.

അവരെല്ലാവരും അദ്ദേഹത്തെ തികച്ചും മാന്യനായി കണ്ടെത്തി. ഹൈക്കോർട്ടിലെ പേരുകേട്ട ഒരു വക്കീലായി ജനസമ്മതനായി ഏകനായി ജീവിക്കുന്ന അദ്ദേഹത്തിൽ ഒരു കുറ്റവും അവർക്കു കണ്ടെത്താനായില്ല. ഒഴിവു വേളകളിൽ ചില ബൈബിൾ ക്ലാസ്സുകളെടുക്കാൻ പോകുന്നെന്നും അറിഞ്ഞതോടെ ഞാൻ കൂടുതൽ അസ്വസ്‌ഥയായി. ദിവസവും അതു വർദ്ധിച്ചതല്ലാതെ ഒരു മാറ്റവും ഞാൻ കണ്ടില്ല. ദിവസങ്ങളും വർഷങ്ങളും എത്ര പെട്ടെന്നു കടന്നു പോയിരിക്കുന്നു. ഒരു പെണ്ണു ഏറ്റവും സ്വതന്ത്രയായിരിക്കുന്നത്‌ വിവാഹിതയാകുമ്പോഴാണെന്നു ആരോ പറഞ്ഞതു എത്ര ശരിയാണ്‌. പ്രലോഭനങ്ങൾ. വാഗ്‌ദാനങ്ങൾ. മാന്യന്മാരെന്നു നടിക്കുന്നവരുടെ ഫോൺ കോളുകൾ. ഒരുമിച്ചു ഭക്ഷണത്തിനിരിക്കുമ്പോൾ മേശയുടെ അടിയിലൂടെയുള്ള തോണ്ടലുകൾ രഹസ്യമായ കണ്ണിറുക്കലുകൾ…. അതെല്ലാം ഓർക്കുമ്പോൾ ഒരു സ്‌ത്രീ എത്ര ബലഹീനയാണെന്നു തോന്നി പോകുന്നു.

പലപ്രാവശ്യവും മാപ്പു യാചിച്ച്‌ അദേഹത്തിന്റെയടുത്തേക്ക്‌ പോകാൻ ഞാൻ തയ്യാറെടുത്തതാണ്‌. പക്ഷേ അതെല്ലാം മുടങ്ങി പോയി.

എന്നാൽ നോക്കു ദൈവത്തിന്റെ കാര്യങ്ങൾ. കുറച്ച്‌ ദിവസങ്ങൾക്കുമുമ്പാണ്‌ അതു സംഭവിച്ചത്‌. കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങൾക്കുശേഷം എന്നെ വിവാഹം കഴിച്ചവന്റെ കത്ത്‌ എനിക്കു ലഭിച്ചിരിക്കുന്നു. അതിന്റെ ഞെട്ടലിൽ നിന്നു ഞാനിതുവരേയും മോചിതയായിട്ടില്ല. ഞാൻ സ്വപ്‌നം കാണുകയാണോ എന്നു പോലും എനിക്കു തോന്നിപോയി.

അദ്ദേഹം ഇങ്ങനെ എഴുതിയിരിക്കുന്നു. എനിക്കു തെറ്റുപറ്റിയിരിക്കുന്നു. ഞാൻ തോൽവി സമ്മതിക്കുന്നു. ഞാൻ നിന്റെയടുത്തേക്കു വരുന്നു. നീ ഇല്ലാതെ എനിക്കു ജീവിക്കാനാവില്ല….

ഞാനുള്ളിൽ പറഞ്ഞു. യു ആർ. ഗ്രേയിറ്റ്‌ സക്കറിയ!

ഞാൻ കത്തു തിരിച്ചും മറിച്ചും നോക്കി. ഇതു സക്കറിയയുടെ കൈയ്യക്ഷരം തന്നയോ? വിവാഹം കഴിഞ്ഞ കാലത്തു എഴുതിയ കത്തുകൾ മേശപുറത്തു അപ്പോഴും ഭദ്രമായിയുണ്ടായിരുന്നു. താരതമ്യം ചെയ്‌തു നോക്കി. ഒരു മാറ്റവുമില്ല. എനിക്കു വിശ്വസിക്കാനായില്ല. ഞാനെന്താണു ചെയ്യേണ്ടത്‌?

അന്നു രാത്രി ഹോസ്‌പിറ്റലിൽ നിന്നു വന്ന്‌ ഒരു തീരുമാനമെടുക്കാനാകാതെ അസ്വസ്‌ഥയായി സോഫയിലിരിക്കുമ്പോഴാണു ജനലയ്‌ക്കൽ ഒരു വെളുത്ത രൂപം പ്രത്യക്ഷപ്പെട്ടത്‌. വാർഡിൽ പിടിപ്പതു ജോലിയായിരുന്നു. ആ ക്ഷീണത്തിൽ അൽപം മയങ്ങിയെങ്കിലും കണ്ണഞ്ചിപ്പിക്കുന്ന തൂവെളിച്ചത്തിലൂടെ തെളിഞ്ഞു വന്ന മൈക്കലാഞ്ചലോയുടെ വെണ്ണക്കൽപ്രതിമപോലെയുള്ള ആ രൂപം കണ്ടു ഞാൻ പേടിച്ചു വിറച്ചു എന്നതു സത്യമാണ്‌ പുറകിൽ അപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ചിറകുകൾ കണ്ടപ്പോഴാണു അതു ഒരു മനുഷ്യനല്ലെന്നു ഞാനറിഞ്ഞത്‌. പക്ഷേ ആ രൂപത്തിന്റെ മുഖത്തെ പുഞ്ചിരിയിൽ ഞാൻ എല്ലാം മറന്നു. ആ മാസ്‌മരതയിൽ ഞാൻ ഒരു അടിമയായി വർത്തിച്ചു.

എന്റെ പ്രതിസന്ധിയിൽ എന്നെ സഹായിക്കാനെത്തിയ ഒരു മാലാഖയാണെന്നാണ്‌ ആ രൂപം എന്നെ പരിചയപ്പെടുത്തിയത്‌.

നീ എന്തു തീരുമാനിച്ചു എന്നു മാലാഖ എന്നോടു ചോദിച്ചു. ഞാൻ പറഞ്ഞു. ഇനിയുള്ള ജീവിതം സ്വസ്‌ഥമായി സക്കറിയയുടെ, എന്റേ ഭർത്താവിന്റെ കൂടെ ജീവിക്കണമെന്ന്‌ എനിക്ക്‌ ആഗ്രഹമുണ്ട്‌.

നിനക്കതു സാധിക്കുമോ? പന്ത്രണ്ടു വർഷം പിരിഞ്ഞിരുന്നിട്ട്‌….. മാലാഖ ചോദിച്ചു.

ഏതു സാഹചര്യങ്ങളോടും പെരുത്തപ്പെടാൻ ഞാനിപ്പോൾ ഒരുക്കമാണ്‌ എന്തെല്ലാം നേടിയാലും ഒരു പെണ്ണിനു വേണ്ടതു സുരക്ഷിതത്വമാണ്‌. ഞാൻ പറഞ്ഞു.

സുരക്ഷിതത്വം, അതു തീരുമാനിക്കേണ്ടതു നീയ്യല്ല.

പിന്നെ ഞാനെന്തു ചെയ്യണം?

നീയെന്റെയൊപ്പം പോരുന്നോ?

എവിടേക്ക്‌?

നിന്റെ മുമ്പിലിരിക്കുന്ന പത്രത്തിൽ നീ ആ പരസ്യം ഒരിക്കൽ വായിച്ചതാണ്‌. ശമ്പളം പറ്റാതെ ആതുര സേവനം ചെയ്യാൻ ആഫ്രിക്കയിലേക്ക്‌ ആളെ ആവശ്യമുണ്ട്‌……. നിന്റെ കൈകളും ബുദ്ധിശക്തിയും പ്രയോഗിക്കാൾ കിട്ടിയ വിലപ്പെട്ട അവസരം. നീയ്യെന്തു പറയുന്നു?

എനിക്കു കുറച്ചു സമയം തരണം. വേണ്ടപ്പെട്ട ചില വ്യക്തികളോട്‌ അഭിപ്രായം ആരായണം.

ഹ…ഹ….ഹ…. മാലാഖ ഉറക്കെ ചിരിച്ചു. മുറിക്കകത്ത്‌ ആ ചിരി മാറ്റൊലിക്കൊണ്ടു. പിന്നെ എവിടേയ്‌ക്കോ മാലാഖ പോയി മറഞ്ഞു.

ആ രാത്രിയിൽ സിറ്റിയിൽ ഒരു ചെറിയ ഭൂകമ്പമുണ്ടായി. മുറിയിലെ വിലപ്പെട്ട പല വസ്‌തുക്കളും താഴെ വീണുടഞ്ഞു. തികച്ചും അസ്വസ്‌ഥകരമായ ആ നിമിഷം ഞാൻ ഉച്ചത്തിൽ നിലവിളിച്ചു.

എന്റെ പ്രിയ മാലാഖേ, അങ്ങയുടെ കൂടെ വരാൻ എനിക്കു ആയിരംവട്ടം സമ്മതമാണ്‌.

Generated from archived content: story_competition2_sep30_10.html Author: davis

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English