ഏതാനും ദിവസങ്ങൾക്കുമുൻപ് ഞാനൊരു വിവാഹം കണ്ടു. അതുമാത്രമല്ല! അതിനെക്കാൾ കൂടുതലായി ഒരു ക്രിസ്‌തുമസ് തരുവിനെക്കുറിച്ച് എനിക്കു നിങ്ങളോടു പറയേണ്ടതുണ്ട്. അതിവിശിഷ്‌ടമായിരുന്നു വിവാഹം. ഞാനതു വളരെയേറെ ഇഷ്‌ടപ്പെട്ടു. എന്നാൽ അതിനെക്കാളും ഉൽകൃഷ്‌ടമായിരുന്നു മറ്റൊരു സംഭവം. ആ വിവാഹത്തിന്റെ ദർശനമാത്രയിൽ, ക്രിസ്‌തുമസ് മരം എന്റെ ഓർമ്മയിൽ പൊട്ടിവിടർന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഈ വിധത്തിലൊക്കെയാണ് അതു സംഭവിച്ചത്.
കൃത്യമായി അഞ്ചുവർഷങ്ങൾക്കുമുൻപ്, ബന്ധുമിത്രാദികളും, പരിചയക്കാരുടെ ബൃഹത്ത്‌വലയവും, രഹസ്യക്കാരുമുണ്ടായിരുന്ന, വ്യവസായ സാമ്രാജ്യത്തിലെ ഒരു പ്രമുഖൻ, നവവത്സരസന്ധ്യയിൽ ഒരുക്കിയ കുട്ടികളുടെ ഒരു നൃത്തവിരുന്നിലേക്ക് എന്നെയും ക്ഷണിച്ചിരുന്നു. മാതാപിതാക്കൾക്ക് ഒത്തുചേരാനും, വളരെ ശുദ്ധഗതിയോടും സ്വാഭാവികതയോടും അവർക്കു താല്പര്യപ്പെട്ട വിഷയങ്ങൾ സംസാരിക്കുവാനുളള വെറുമൊരു വേദിയായിട്ടാണ് കുട്ടികളുടെ ഇത്തരം നൃത്തവിരുന്നുകൾ സാധാരണ കാണപ്പെട്ടിരുന്നത്.
മറ്റുളളവരിൽനിന്ന് സ്വതന്ത്രമായി സായാഹ്നം ചിലവഴിക്കാനാകുംവിധം ആഘോഷങ്ങളിൽ പ്രത്യേകിച്ചു താല്പര്യമൊന്നുമില്ലാത്ത ഒരന്യനായിരുന്നു, ഞാൻ അവിടെ. ഈ ഗാർഹിക ഉല്ലാസവേളയിൽ എന്നെപ്പോലെ തന്നെ അബദ്ധം പിണഞ്ഞ മറ്റൊരു മാന്യനും അവിടെ സന്നിഹിതനായിരുന്നു. അയാളായിരുന്നു ആദ്യമേ എന്റെ ശ്രദ്ധയാകർഷിച്ചത്. വേഷഭൂഷാദികളിൽനിന്ന് ഒരു ഉയർന്ന കുടുംബത്തിലെയോ അഥവാ ഉന്നതകുലജാതനായോ അയാളെ തോന്നിച്ചിരുന്നില്ല. പൊക്കം കൂടി, വളരെ മെലിഞ്ഞ്, ഗൗരവം സ്‌ഫുരിച്ചിരുന്ന അയാൾ, ഭംഗിയായി വസ്‌ത്രധാരണം ചെയ്‌തിരുന്നു. കുടുംബോത്സവത്തിമർപ്പിൽ അയാൾക്കു താൽപര്യമുളളതായി തോന്നിച്ചില്ല. പെട്ടെന്ന് ഒരു മൂലയിലേയ്‌ക്കു നീങ്ങിയ ഉടനെ, അയാളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞ്, ഇരുണ്ട ഇടതൂർന്ന പുരികക്കൊടികളിൽ ഈർഷ്യയുടെ നിഴൽ വിരിഞ്ഞു. ആതിഥേയനെ ഒഴികെ അയാൾക്കു മറ്റാരെയും പരിചയമില്ലാതിരുന്നതിനാൽ മരണതുല്ല്യമായ വൈരസ്യം അയാളിലാകെ പ്രകടമായെങ്കിലും, അവസാനം വരെ പൂർണ്ണ ഉല്ലാസത്തിന്റെ ഭാഗം അയാൾ ധീരമായിത്തന്നെ നിലനിർത്തി. ഞങ്ങളുടെ ആതിഥേയനുവേണ്ടി കയ്യിലൊരു ശുപാർശ കത്തും കൊണ്ട്, തലസ്ഥാനത്ത് എന്തോ പ്രധാനപ്പെട്ട, തലപുണ്ണാക്കുന്ന, ഔദ്യോഗികകാര്യത്തിനു വന്നതായിരുന്നു അയാൾ. ഞങ്ങളുടെ ആതിഥേയൻ അയാളെ സ്വന്തം സംരക്ഷണത്തിൻ കീഴിലാക്കിയിരുന്നത് തികച്ചും അർപ്പണബുദ്ധിയോടെ ആയിരുന്നില്ല. വെറും മര്യാദയുടെ പേരിലാണ് അയാളെ കുട്ടികളുടെ നൃത്തവിരുന്നിന് അദ്ദേഹം ക്ഷണിച്ചുവരുത്തിയത്.
ആരും അയാൾക്ക് ചുരുട്ടുവെച്ചു നീട്ടുകയോ, അയാളുമായി ചീട്ടുകളിയിൽ ഏർപ്പെടുകയോ ചെയ്‌തിരുന്നില്ല. ആരും അയാളുമായി സംഭാഷണം നടത്തുകയോ ഉണ്ടായില്ല. മിക്കവാറും ദൂരെ നിന്നുതന്നെ അവർ പക്ഷിയെ തൂവൽകൊണ്ടു തിരിച്ചറിഞ്ഞു. ആയതിനാൽ എന്തുചെയ്യണമെന്നറിയാതെ നമ്മുടെ മാന്യൻ, സ്വന്തം താടിയിൽ പിടിച്ചുവലിച്ചുകൊണ്ട് ആ സായാഹ്‌നം ചിലവിടാൻ നിർബന്ധിതനായി. വളരെ മനോഹരമായിരുന്നു അയാളുടെ താടി എങ്കിലും, അയാൾക്കു മുൻപേ, അവയെ പിടിച്ചുവലിക്കാൻവിധം താടിയാണ് ഈ ഭൂമിയിൽ ആദ്യം അവതരിച്ചതെന്ന് ഒരാൾക്കു തോന്നുമായിരുന്നു.
എന്നിൽ താല്പര്യമുണർത്തിയിരുന്ന മറ്റൊരു അതിഥിയും ഉണ്ടായിരുന്നു അവിടെ. എന്നാൽ വളരെ വ്യത്യസ്തതരക്കാരനായ ഒരുവൻ. അയാളൊരു പ്രമാണിയായിരുന്നു. ജൂലിയൻ മസ്‌ത്താക്കോവിച്ച് എന്നാണ് അയാളെ അവർ വിളിച്ചിരുന്നത്. ഒറ്റനോട്ടത്തിൽ പറയുവാൻ കഴിയും, അയാളൊരു ആദരണീയനായ അതിഥിയാണെന്നും, താടിയുളള മാന്യന്മാരുമായിട്ടുളള ആതിഥേയന്റെ അതേ ബന്ധം തന്നെയായിരുന്നു ആതിഥേയന് അയാളുമായിട്ടുണ്ടായിരുന്നതെന്ന്. ആതിഥേയയും ആതിഥേയനും സൗഹാർദ്ദപൂർവ്വമായ വാക്കുകൾ കണക്കറ്റം അയാളുടെമേൽ ചൊരിയുകയും, വളരെ ഉപചാരപൂർവ്വം അയാളെ മദ്യം കുടിപ്പിക്കുകയും, ഒരിക്കലും ആരുടെയടുത്തേക്കും അയാളെ നയിക്കാതെ, അയാളെ ചുറ്റിപ്പറ്റിനിന്ന്, അതിഥികളെ കൊണ്ടുവന്ന് അയാൾക്കു പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്‌തുകൊണ്ടിരുന്നു. അത്തരമൊരു പ്രസന്നമായ സായാഹ്‌നം വളരെ ദുർലഭമായാണ് ചിലവഴിച്ചിട്ടുളളതെന്ന് ജൂലിയൻ മസ്‌ത്താക്കോവിച്ച് അഭിപ്രായപ്പെട്ടപ്പോൾ, ആതിഥേയന്റെ കണ്ണുകളിൽ കണ്ണീരിന്റെ തിളക്കം ഞാൻ ശ്രദ്ധിച്ചു. ഏതുവിധേനയും ഈ മഹൽവ്യക്തിയുടെ സാമീപ്യം എന്നിൽ അസ്വസ്ഥതയുണർത്താൻ തുടങ്ങിയിരുന്നു. തന്മൂലം ആതിഥേയന്റെ മക്കളായ തടിച്ചുക്കൊഴുത്ത, ഇളംപ്രായക്കാർ അഞ്ചുപേരും കൂടി ഉൾപ്പെട്ടിരുന്ന കുട്ടികളുടെ സംഘവുമായി സ്വയം അല്പം നേരംപോക്കിലേർപ്പെട്ടതിനുശേഷം, ഞാൻ ഒരു ഇരുപ്പുമുറിയിലേക്ക് പോയി. മിക്കവാറും പകുതിഭാഗംവരെ ഒരു സസ്യസംരക്ഷണശാലയായി ഉപയോഗിച്ചിരുന്ന, പൂർണ്ണമായും ആളൊഴിഞ്ഞിരുന്ന ആ മുറിയുടെ ഒരറ്റത്തുപോയി ഞാനിരിപ്പുറപ്പിച്ചു.
മനം കവരുന്നവരായിരുന്നു കുട്ടികൾ. മുതിർന്നവരെപ്പോലെ അവരുടെ പ്രതിരൂപമാകുവാൻ കുട്ടികൾ പൂർണ്ണമായും വിസമ്മതിച്ചു. ആയമാരുടെയും അമ്മമാരുടെയും ചൊൽപ്പടിയിൽ നിർത്താനുളള ശ്രമത്തെ അവർ പ്രതിരോധിച്ചു. നിമിഷനേരത്തിനുളളിൽ, അവസാനത്തെ മിഠായിയും തീരുന്നതുവരെ, ക്രിസ്‌തുമസ് മരത്തെ അവർ അനാവൃതമാക്കുകയും, ആരുടേതെന്നു നിർണ്ണയിക്കുന്നതിനു മുൻപുതന്നെ പകുതിയോളം കളിപ്പാട്ടങ്ങൾ അടിച്ചു തകർക്കുന്നതിലും അവർ വിജയം കൈവരിച്ചു.
അവരിൽ പ്രത്യേക ചൈതന്യമുണ്ടായിരുന്ന ഒരു കുഞ്ഞാൺകുട്ടി, ഇരുണ്ടു തിളക്കമേറിയ കണ്ണുകളും ചുരുളൻ തലമുടിയുമുളള ആ കുസൃതി, പിടിവിടാതെ, തന്റെ മരത്തോക്ക് നിരന്തരം എന്നെത്തന്നെ ലക്ഷ്യമാക്കിക്കൊണ്ടിരുന്നു. എന്നാൽ അളവിൽ കവിഞ്ഞ ആകർഷണം പിടിച്ചു പറ്റിയത് അവന്റെ സഹോദരിയായിരുന്നു. കാമദേവതയെപ്പോൽ അഴകൂറിയിരുന്ന പതിനൊന്നു വയസ്സായ ഒരു പെൺകുട്ടി. വലിയ, വിടർന്ന, സ്വപ്‌നസദൃശമായ മിഴികളോടെ, വിനീതയും ചിന്താമഗ്നയുമായിരുന്നു അവൾ. കുട്ടികൾ എങ്ങനെയോ അവളെ ദ്രോഹിച്ചിരുന്നതിനാൽ, അവരെവിട്ട്, ഞാൻ പിൻവാങ്ങിയിരുന്ന അതേ മുറിയിലേക്ക് അവളും കടന്നുവന്നു. അവിടെ, തന്റെ കളിപ്പാവയുമായി ഒരു മൂലയിൽ പോയി അവൾ ഇരുന്നു.
“അങ്ങേയറ്റം ധനാഢ്യനായ ഒരു വ്യവസായപ്രമുഖനാണ് അവളുടെ പിതാവ്.” ഭയഭക്തിയൂറുന്ന ശബ്‌ദത്തിൽ അതിഥികൾ അന്യോന്യം അറിയിച്ചു. “മുന്നൂറായിരം റൂബിൾ ഇതിനകം അവളുടെ സ്‌ത്രീധനത്തുകയായി മാറ്റിവെച്ചിട്ടുണ്ട്.”
ഞാൻ കേട്ട ഈ വാർത്താശകലം അടർന്നു വീണ കൂട്ടത്തെ ഒരുനോക്കു കാണുവാനായി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ജൂലിയൻ മസ്‌ത്താക്കോവിച്ചിൽ എന്റെ കണ്ണുകൾ പതിച്ചു. കൈകൾ പുറകിൽ പിണച്ച്, തല ഒരു വശത്തേക്ക് ചെരിച്ചുപിടിച്ച്, രസഹീനമായ ഈ പ്രലപനം വളരെ ശ്രദ്ധാപൂർവ്വം ശ്രവിക്കുകയായിരുന്നു അയാൾ.
സമ്മാനം പങ്കുവെയ്‌ക്കുന്നതിൽ ഞങ്ങളുടെ ആതിഥേയൻ പ്രദർശിപ്പിച്ച കുശാഗ്രബുദ്ധിയിൽ വിസ്‌മയപ്പെട്ട് ഏറെ നേരം ഞാനിരുന്നുപോയി. അനേകം രത്നങ്ങൾ സ്‌ത്രീധനമായിട്ടുളള ചെറുബാലികയ്‌ക്ക് ഏറ്റവും മനോഹരമായ കളിപ്പാവ കിട്ടി. ബാക്കിയുളള സമ്മാനങ്ങൾ, ജീവിതത്തിൽ മാതാപിതാക്കളുടെ സ്ഥിതിക്കനുസരിച്ച്, അവയുടെ മൂല്യമനുസരിച്ച് തരംതിരിച്ചു. ഒടുവിൽ, നേർത്ത്, മുഖത്ത് പുളളിക്കുത്തുവീണ, ചുവന്ന തലമുടിയുളള തീരെ ചെറിയ ഒരു പത്തുവയസ്സുകാരൻ, അനുബന്ധമോ അവതാരികയോ അഥവാ ചിത്രീകരണങ്ങളോ ഇല്ലാത്ത ഒരു ചെറുപ്രകൃതി കഥാപുസ്‌തകം കരസ്ഥമാക്കാനെത്തി. ഗൃഹാദ്ധ്യാപികയുടെ മകനായിരുന്നു അവൻ. നിറം മങ്ങി, പരിതാപമർഹിക്കുന്ന ഒരു മഞ്ഞ ചെറുപുറങ്കുപ്പായം ധരിച്ചിരുന്ന, ആ ദരിദ്രവിധവയുടെ ചെറുബാലൻ, സമ്പൂർണ്ണമായി വിരണ്ടും പരിഭ്രമിച്ചുമിരുന്നു. പ്രകൃതികഥാപുസ്‌തകം എടുത്തിട്ട് അവൻ സാവധാനം കുട്ടികളുടെ കളിപ്പാട്ടങ്ങളെ വലംവച്ചു. അവരോടൊത്തു കളിക്കുവാൻ അവനും എന്തെങ്കിലും ലഭിക്കണമായിരുന്നു. എന്നാൽ ചോദിക്കുവാൻ അവൻ ധൈര്യപ്പെട്ടില്ല. അവൻ സ്വന്തം നില ഇതിനകം അറിഞ്ഞിരിക്കുമെന്നു നിങ്ങൾക്കു പറയാം.
കുഞ്ഞുങ്ങളെ നിരീക്ഷിക്കുന്നത് എനിക്കിഷ്‌ടമാണ്. അവരുടെ വ്യക്തിത്വം സ്വന്തം അവകാശത്തിനായി കഠിനപ്രയത്നത്തിലേർപ്പെടുന്നതു ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത് ആകർഷണീയമാണ്. മറ്റു കുട്ടികളുടെ കളിക്കോപ്പുകൾ ചുവന്ന തലമുടിക്കാരന ബാലനെ ഭയങ്കരമായി വശീകരിച്ചതായി എനിക്കു കാണാൻ കഴിഞ്ഞു, പ്രത്യേകിച്ചും ഒരു കളിനൃത്തശാലയിൽ അവനു കണ്ണുണ്ടായിരുന്നു. അതിൽ പങ്കെടുക്കുവാൻ അവൻ അത്ര ഉത്സാഹം പ്രകടിപ്പിക്കുകയും, ഒരു തീരുമാനത്തോടെ അതിനുവേണ്ടി മറ്റുകുട്ടികളുടെ സേവ പിടിക്കുകയും ചെയ്‌തു. പുഞ്ചിരിച്ചുകൊണ്ട് അവൻ മറ്റുകുട്ടികളോടൊപ്പം കളിക്കാൻ തുടങ്ങി. കീശയിൽ മിഠായി കുത്തിനിറച്ച ചീർത്ത ഒരു വികൃതിച്ചെറുക്കന്, ആകെയുളള ഒരേയൊരു ആപ്പിൾപ്പഴം അവൻ കൈമാറുകയും, മറ്റൊരുത്തനെ പുറത്തുകയറ്റിക്കൊണ്ടു നടക്കുകപോലും ചെയ്‌തു-എല്ലാം ആ കളിനൃത്തശാലയിൽ അവനു നിൽക്കാനുളള അനുവാദം കിട്ടാൻ വേണ്ടി മാത്രം.
എന്നാൽ അല്പനിമിഷങ്ങൾക്കകം മര്യാദകെട്ട ആ തെമ്മാടിചെറുക്കൻ അവന്റെ ദേഹത്തു ചാടിവീണ് തെരുതെരെയിടിച്ചു. അവനൊന്നു കരയാൻ പോലും ധൈര്യമുണ്ടായിരുന്നില്ല. ഗൃഹാദ്ധ്യാപിക ഓടിവന്ന് മറ്റുകുട്ടികളുടെ കളികളിലിടപെടാതെ അവിടെ നിന്നു പോകാനായി അവനെ ശാസിച്ചതിനാൽ, ഞാനും ആ കൊച്ചു പെൺകുഞ്ഞുമിരുന്നിരുന്ന മുറിയിലേയ്‌ക്ക് അവനും നുഴഞ്ഞുകയറി. അവൾ അവനെ വിളിച്ചടുത്തിരുത്തിയിട്ട്, രണ്ടുപേരും വിലയേറിയ കളിപ്പാവയെ വസ്‌ത്രം ധരിപ്പിക്കുന്നതിൽ വ്യാപൃതയായി. സ്‌ത്രീധനക്കാരി സുന്ദരിയും ചുവന്ന തലമുടിക്കാരനും തമ്മിലുളള കലപില സംഭാഷണം പാതി ശ്രവിച്ചുകൊണ്ട്, ആ സസ്യസംരക്ഷണമുറിയിൽ ഞാനിരുന്ന് ഒരു മയക്കത്തിന്റെ വക്കോളമെത്തിയിട്ട് മിക്കവാറും അരമണിക്കൂറെങ്കിലും കഴിഞ്ഞുകാണും, പെട്ടെന്ന് ജൂലിയൻ മസ്‌ത്താക്കോവിച്ച് പ്രവേശിച്ചു. കുട്ടികളുടെ ബഹളമയമായ രംഗത്തിന്റെ മറയിൽ സ്വീകരണമുറിയിൽ നിന്നയാൾ മുങ്ങിയതാണ്. അപ്പോൾ മാത്രം പരിചയപ്പെട്ട ധനാഢ്യയായ പെൺകുഞ്ഞിന്റെ പിതാവുമായി അല്പനിമിഷങ്ങൾക്കുമുൻപ് അയാൾ ആകാംഷയോടെ സംസാരിക്കുന്നത് ഞാനിരുന്ന ഒഴിഞ്ഞ മൂലയിൽനിന്ന് എന്റെ ശ്രദ്ധയിൽപ്പെടാതെ പോയില്ല.
എന്തോ അയാളുടെ കൈവിരലുകളിൽ കണക്കുകൂട്ടുന്നതുപോലെ ചിന്തിതനായി സ്വയം പിറുപിറുത്തുകൊണ്ട് അയാൾ അല്പനേരം നിന്നു.
“മൂന്നൂറ്… മുന്നൂറ്… പതിനൊന്ന്… പന്ത്രണ്ട്….പതിമൂന്ന്….പതിനാറ്…അഞ്ചാം വർഷത്തിനുളളിൽ! നാലുശതമാനം പറയാം-പന്ത്രണ്ടിന്റെ അഞ്ചിരട്ടി-അറുപത്, ഈ അറുപതിൽ…ഇങ്ങനെ കണക്കാക്കാം-അഞ്ചുവർഷത്തിനുളളിൽ ആകെ തുക-കൊളളാം, നാനാറാകും, ഹും! എന്നാൽ നാലുശതമാനത്തിന് കൗശലക്കാരൻ കുറുക്കനായ ആ കിഴവൻ സംതൃപ്‌തനാകാൻ സാദ്ധ്യതയില്ല. ഒരുപക്ഷെ, അയാൾക്ക് എട്ട് അല്ലെങ്കിൽ പത്ത് കിട്ടും. ഇങ്ങനെ കൂട്ടാം, അഞ്ഞൂറ്, അഞ്ഞൂറായിരം, ചുരുങ്ങിയ പക്ഷം അതുറപ്പ്. അതിനുപരിയുളളതെല്ലാം ചെലവുകാശിലേയ്‌ക്കുവേണ്ടി. ഹും.”
മൂക്കുചീറ്റിക്കൊണ്ടു മുറിവിടാൻ ഭാവിക്കുമ്പോൾ പെൺകുട്ടി ദൃഷ്‌ടിയിൽപ്പെട്ട് അയാൾ സ്തംഭിച്ചു നിന്നു. അയാളുടെ ശ്രദ്ധ പറ്റാത്തവിധം ചെടികളുടെ പുറകിൽ ഞാൻ മറഞ്ഞിരുന്നു. വികാരധീനത്താൽ അയാൾ വിറക്കുന്നതായി എനിക്കു തോന്നി. അയാളുടെ കണക്കുകൂട്ടലുകളാകാം അയാളെ അത്തരമൊരു പ്രതിസന്ധിയിലകപ്പെടുത്തിയത്. അയാൾ കൈകൾ കൂട്ടിത്തിരുമ്മി, അങ്ങിങ്ങായി നൃത്തച്ചുവടുകൾവെച്ച് കൂടുതൽ കൂടുതൽ മതിഭ്രമത്തിനടിപ്പെടുന്നതു കാണാറായയി. ഒടുവിൽ, ഒരുവിധത്തിൽ വികാരാവേശത്തെ നിയന്ത്രിച്ചുക്കൊണ്ട് അയാൾ അന്തിച്ചുനിന്നു. ഭാവി വധുവിന്റെ നേരെ നിശ്ചയദാർഢ്യം നിറഞ്ഞൊരു നോട്ടമെറിഞ്ഞ്, അവളുടെ അരികിലേക്ക് നീങ്ങാൻ ഉദ്ദേശിച്ചു, എങ്കിലും ആദ്യം പരിസരം വീക്ഷിച്ചുകൊണ്ട് എന്നാൽ മനഃസാക്ഷിക്കുത്തേറ്റപോലെ, ബാലികയുടെ അടുത്തേയ്‌ക്കു പതുങ്ങിച്ചെന്ന്, പുഞ്ചിരിച്ചുകൊണ്ട്, കുനിഞ്ഞ് അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.
അയാളുടെ വരവ് അപ്രതീക്ഷിതമായതിനാൽ അവൾ പേടിച്ചരണ്ടു നിലവിളിച്ചുപോയി.
“ഓമനേ, നീ എന്താണിവിടെ ചെയ്യുന്നത്?” ചുറ്റുവട്ടം നോക്കി, അവളുടെ കവിളിൽ ഒന്നു നുളളിയിട്ട് അയാൾ മന്ത്രിച്ചു.
“ഞങ്ങൾ കളിക്കുകയാണ്.”
“എന്ത്, ഇവനുമായിട്ടോ?” ഗൃഹാദ്ധ്യാപികയുടെ കുട്ടിയെ സംശയരൂപേണ നോക്കിയിട്ട് ജൂലിയൻ മസ്‌ത്തക്കോവിച്ച് ആരാഞ്ഞു. “എടാ ചെറുക്കാ, നീയാ സന്ദർശനമുറിയിലെങ്ങാനും പോകൂ” അയാൾ അവനെ വിരട്ടി. കുട്ടി നിശ്ശബ്‌ദനായി കൺമിഴിച്ച് അയാളെ ഉറ്റുനോക്കിക്കൊണ്ടു നിന്നു. ജൂലിയൻ മസ്‌ത്താക്കോവിച്ച് മുറിയിലാകമാനം ജാഗ്രതയോടെ വീണ്ടും കണ്ണോടിച്ചിട്ട് പെൺകുട്ടിയുടെ മുകളിലൂടെ കുനിഞ്ഞു.
“ഓമനേ, നിനക്ക് എന്താണു കിട്ടിയിരിക്കുന്നത്, ഒരു കളിപ്പാവയോ?”
“അതേ സാർ” പുരികക്കൊടികൾ ചുളിച്ച് പേടിച്ചരണ്ട ശബ്‌ദത്തിൽ അവൾ മൊഴിഞ്ഞു.
“ഒരു കളിപ്പാവ? നിനക്കറിയാമോ, എന്റെ ഓമനേ, കളിപ്പാവകൾ എന്തു കൊണ്ടാണുണ്ടാക്കുന്നതെന്ന്?”
“ഇല്ല സാർ” തലക്കുനിച്ച്, തളർച്ചയോടെ അവൾ പറഞ്ഞു.
“പഴന്തുണിക്കഷ്‌ണങ്ങളിൽനിന്ന്, എന്റെ ഓമനേ. എടാ ചെറുക്കാ, സന്ദർശനമുറിയിൽ മറ്റുപിളേളരുടെ അടുത്തേയ്‌ക്കെങ്ങാനും പോകൂ നീ.” അയാൾ അവനെ കണ്ണുരുട്ടിക്കാട്ടി ഭീഷണിപ്പെടുത്തി.
കുട്ടികൾ രണ്ടും നീരസം കാണിച്ചു. വേർപെടാത്തവിധം അവർ പരസ്പരം മുറുകെ പിടിച്ചു.
“അവർ നിനക്കു കളിപ്പാവ തന്നതെന്തിനാണെന്ന് നിനക്കറിയാമോ?” ശബ്‌ദം തീരെ താഴ്‌ത്തി ജൂലിയൻ മസ്‌ത്താക്കോവിച്ച് മന്ത്രിച്ചു.
“ഇല്ല”
“ഈ ആഴ്‌ചമുഴുവനും നീ വളരെ നല്ല കുട്ടി ആയിരുന്നതിനാലാണ്.”
ഇതു പറഞ്ഞപ്പോൾ ജൂലിയൻ മസ്‌ത്താക്കോവിച്ച് വികാരവിക്ഷോഭത്താൽ മൂർച്ഛിച്ചു. അയാൾ ചുറ്റുവട്ടം നിരീക്ഷിച്ചിട്ട്, അവ്യക്തവും കൃത്യമായി കേൾക്കാനുമാകാത്ത ശബ്‌ദത്തിൽ, ആവേശം മൂത്ത്, അക്ഷമയോടെ മന്ത്രിച്ചു.
“ഓമനേ, നിന്റെ മാതാപിതാക്കളെ ഞാൻ വന്നു കാണുകയാണെങ്കിൽ നീയെന്നെ സ്‌നേഹിക്കുമോ?”
ഓമനത്വം തുളുമ്പുന്ന ആ ചെറുമിണ്ടാപ്രാണിയെ ചുംബിക്കുവാൻ അയാൾ ഉദ്യമിച്ചു. എന്നാൽ അവൾ കരച്ചിലിന്റെ വക്കോളമെത്തിയെന്നു കണ്ട്, ചുവന്ന തലമുടിക്കാരൻ ബാലൻ അവളുടെ കൈക്കു പിടിച്ച് കൊടും സഹതാപത്തോടെ ഉറക്കെ അലറിക്കരഞ്ഞു. അതയാളെ ക്ഷുബ്ധനാക്കി.
“ദൂരെ പോ! ദൂരെ പോ! അടുത്ത മുറിയിൽ നിന്റെ കൂട്ടുകാരുടെയടുത്തേക്ക് തിരിച്ചുപോ!”
“അവനെ ഓടിക്കേണ്ട. അവനെ ഓടിക്കേണ്ട. നിങ്ങൾ പോകൂ!” പെൺകുട്ടി മുറവിളികൂട്ടി.
“അവനെ തനിച്ചു വിടൂ! അവനെ തനിയേ വിട്ടേയ്‌ക്കൂ!” അവൾ മിക്കവാറും വാവിട്ടു കരഞ്ഞു.
ഇടനാഴിയിൽ ആരുടെയോ കാലടിയൊച്ച കേൾക്കുമാറായി. ജൂലിയൻ മസ്‌ത്താക്കോവിച്ച് പരിഭ്രാന്തിയോടെ തുറിച്ചുനോക്കിയിട്ട് തന്റെ മാന്യശരീരം നേരെയാക്കി. ചുവന്ന തലമുടിക്കാരനാണ് കൂടുതൽ ആർത്തനാദമിട്ടത്. അവൻ പെൺകുഞ്ഞിന്റെ കൈവിട്ട്, ചുവരിനരികിലൂടെ പതുങ്ങി സ്വീകരണമുറിയും കടന്നു ഭക്ഷണമുറിയിലേക്കു രക്ഷപ്പെട്ടു.
ആരുടെയും ശ്രദ്ധ പിടിച്ചു പറ്റാത്തവിധം ജൂലിയൻ മസ്‌ത്താക്കോവിച്ചും ഭക്ഷണമുറിയിലേക്കു നീങ്ങി. ഒരു കൊഞ്ചിനെപ്പോൽ അയാൾ ചുവന്നു തുടുത്തിരുന്നു. അവിടെ കണ്ണാടിയിൽ സ്വന്തം പ്രതിരൂപം അയാളിൽ പരിഭ്രാന്തി ഉണർത്തിയതായി തോന്നിച്ചു. സ്വന്തം വികാരതീക്ഷ്‌ണതയിൽ അയാൾ തന്നെ സ്വയം പൊറുതി മുട്ടിയതായി കാണാം. അയാളുടെ മാന്യതയെയും പ്രാധാന്യത്തെയും വേണ്ടത്ര ബഹുമാനിക്കാതെ സ്വന്തം കണക്കുകൂട്ടലുകൾ അയാളെ പ്രലോഭിപ്പിക്കുകയും നോവേല്പിക്കുകയും ചെയ്‌തു. ആ ബാലന്റെ ദുരാഗ്രഹം മൂത്ത ഔത്സുക്യം അയാളുടെ ലക്ഷ്യത്തിനു വിരാമമിട്ടു. അത് അപ്പോഴും ഒരു ലക്ഷ്യമായിരുന്നില്ലെങ്കിൽ കൂടി; അത് അങ്ങനെ ആയിത്തീരുന്നതിന് അഞ്ചുവർഷം കൂടി വേണ്ടിവരും. ഭക്ഷണമുറിയിലേക്ക് ആ യോഗ്യനെ ഞാൻ പിൻതുടർന്നു. അവിടെവെച്ച് ഒരു അസാധാരണ നാടകത്തിനു ഞാൻ സാക്ഷ്യം വഹിച്ചു.
ജൂലിയൻ മസ്‌ത്താക്കോവിച്ച് ആത്മപീഢനത്താൽ ആകെ ചുവന്നു തുടുത്ത്, കൊടിയ വിദ്വേഷം നിറഞ്ഞ നോട്ടത്തോടെ ചുവന്ന തലമുടിക്കാരൻ ബാലനെ ഭീഷണിപ്പെടുത്തുവാൻ തുടങ്ങി. ചുവന്ന മുടിക്കാരൻ പുറകോട്ടു പിൻവാങ്ങിക്കൊണ്ടിരുന്നു, ഇനിയും പുറകോട്ടു നീങ്ങാൻ ഇടം അവശേഷിച്ചിട്ടില്ലാത്തവിധത്തിൽ. ഒടുവിൽ ഭീതികൊണ്ട് അവന് എങ്ങോട്ട് തിരിയണമെന്നറിയാതെയായി.
“ഇവിടെ നിന്നു ദൂരെപോ! നീ എന്താണിവിടെ എടുക്കുന്നത്? പുറത്തുപോ, നീ ഒന്നിനും കൊളളാത്തവനാണ്! നീ പഴം മോഷ്‌ടിച്ചുവല്ലേ? ഓഹോ അങ്ങനെ പഴം കവർന്നെടുത്തു! പുറത്തുപോ, മുഖത്തു പുളളിക്കുത്തു വീണവനേ, നിന്റെ കൂട്ടരുടെ അടുത്തേയ്‌ക്കുപോ!”
പേടിച്ചരണ്ട കുട്ടി, നിരാശയിൽ, ഒരു അഭയസ്ഥാനമെന്ന നിലയ്‌ക്ക്, മേശയുടെ അടിയിലേയ്‌ക്കു നുഴഞ്ഞുകയറി. അവന്റെ ഉപദ്രവകാരി കോപത്താൽ അടിമുടി വിറച്ച്, അയാളുടെ വലിയ ലിനൻ കൈത്തുവാലയെടുത്ത്, അതൊരു ചാട്ടപോലെ വീശി, മേശയുടെ കീഴെ നിന്ന് കുട്ടിയെ പുറത്തുചാടിക്കുവാൻ മുതിർന്നു.
ഏതാണ്ട് പൊണ്ണത്തടിയനായ ഒരു മനുഷ്യനായിരുന്നു ജൂലിയൻ മസ്‌ത്താക്കോവിച്ച്. ഭാരിച്ച, മാംസളമായ ദേഹപ്രകൃതിയും, ഊതിവീർത്ത കവിൾത്തടവും, കുടവയറും, ഒരു കുരുവിന്റെ വട്ടത്തിലുളള കണങ്കാൽ മുഴുപ്പും അയാളുടെ പ്രത്യേകതകളായിരുന്നെന്നു പ്രസ്താവിക്കട്ടെ. അത്രയും തീവ്രമായിരുന്നു ആ കുഞ്ഞിനോടുളള അയാളുടെ വെറുപ്പ്. (അല്ലെങ്കിൽ അത് അസൂയയായിരുന്നോ?) യഥാർത്ഥത്തിൽ ഭ്രാന്തെടുത്ത ഒരുവനെപ്പോലെ അയാൾ പെരുമാറാൻ തുടങ്ങിയിരുന്നു.
ഞാൻ ഉളളുതുറന്നു ചിരിച്ചുപോയി. ജൂലിയൻ മസ്‌ത്താക്കോവിച്ച് തിരിഞ്ഞുനോക്കി. ഒരുനിമിഷം അയാൾ തികച്ചും ചിന്താക്കുഴപ്പത്തിലകപ്പെടുകയും തന്റെ മഹത്തായ പ്രാധാന്യം വിസ്‌മരിക്കപ്പെടുകയും ചെയ്‌തു. ആ സമയത്ത് എതിർവശത്തെ ഇടനാഴിയിൽ ഞങ്ങളുടെ ആതിഥേയൻ പ്രത്യക്ഷപ്പെട്ടു. കുട്ടി മേശയുടെ കീഴെ നിന്നും ഇഴഞ്ഞു പുറത്തുവന്ന് കൈകാൽമുട്ടുകൾ തൂത്തു വൃത്തിയാക്കി. ഞങ്ങളെ മൂന്നുപേരെയും ആതിഥേയൻ മിക്കവാറും വളരെ സംശയദൃഷ്‌ടിയോടെ വീക്ഷിച്ചു. എന്നാൽ ലോകപരിചയമുളള ഒരാളെന്ന നിലയിൽ വേഗം ആത്മനിയന്ത്രണം കൈവരിച്ച്, അയാളിൽനിന്ന് തനിക്കാവശ്യമുളളതു നേടിയെടുക്കുവാൻ, തന്റെ വിശിഷ്‌ടാതിഥിയെ വിടാതെ പിടികൂടിക്കൊണ്ട്, ആ അവസരത്തെ അദ്ദേഹം മുതലെടുത്തു.
“ഈ കുട്ടിയെക്കുറിച്ചാണ് ഞാൻ അങ്ങയോടു പറഞ്ഞിരുന്നത്” ചുവന്ന തലമുടിക്കാരൻ ബാലനെ ചൂണ്ടിക്കാട്ടി അദ്ദേഹം പ്രതിപാദിച്ചു. “ഇവന്റെ സാന്നിദ്ധ്യത്തിൽ അങ്ങയുടെ സന്മനസ്സിൽ വിശ്വാസമർപ്പിക്കാനുളള സ്വാതന്ത്ര്യം ഞാനെടുത്തു.”
“ഓഹോ” അപ്പോഴും ശരിക്കും ആത്മനിയന്ത്രണം വീണ്ടുകിട്ടാതിരുന്ന ജൂലിയൻ മസ്‌ത്താക്കോവിച്ച് ഇരുത്തിമൂളി.
“എന്റെ ഗൃഹാദ്ധ്യാപികയുടെ കുട്ടിയാണവൻ” ഒരു യാചനാസ്വരത്തിൽ ഞങ്ങളുടെ ആതിഥേയൻ തുടർന്നു.
“അവളൊരു പാവം മിണ്ടാപ്രാണിയാണ്, സത്യസന്ധനായിരുന്ന ഒരു ഉദ്യോഗസ്ഥന്റെ വിധവ. അതുകൊണ്ട് അങ്ങേയ്‌ക്കതു സാദ്ധ്യമാണെങ്കിൽ…”
“അസാദ്ധ്യം, അസാദ്ധ്യം!” ജൂലിയൻ മസ്‌ത്താക്കോവിച്ച് പൊടുന്നനെ ആക്രോശിച്ചു. “നിങ്ങൾ എന്നോട് ക്ഷമിക്കൂ, ഫിലിപ്പ് അലക്സിയേവിച്ച്, യഥാർത്ഥത്തിൽ എനിക്കാവില്ല. ഞാൻ അന്വേഷിച്ചറിഞ്ഞിട്ടുണ്ട്. ഒഴിവുകൾ യാതൊന്നുമില്ലെന്നു മാത്രമല്ല, കൂടുതലർഹതയുളള പത്തുപേരുടെ ഒരു കാത്തിരുപ്പ് പട്ടികയുമുണ്ട്…എന്നോടു ക്ഷമിക്കൂ.”
“വളരെ ദയനീയം” ഞങ്ങളുടെ ആതിഥേയൻ നിരാശപ്പെട്ടു. ആവശ്യക്കാരനായ സൗമ്യതയുളള കുട്ടിയാണ് അവൻ.“
”മഹാവികൃതിയായ ഒരു തെമ്മാടി ചെറുക്കനാണെന്നു ഞാൻ പറയും.“ മുഖം കോട്ടി ജൂലിയൻ മസ്‌ത്താക്കോവിച്ച് മുരണ്ടു. ”ദൂരെപ്പോടാ ചെറുക്കാ. വീണ്ടും നീ എന്തിനിവിടെ നിൽക്കുന്നു? മറ്റു കുട്ടികളുടെ അടുത്ത് പോയ്‌ക്കോളൂ.“
സ്വയം നിയന്ത്രിക്കാനാവാതെ, ഒരു വശത്തേയ്‌ക്കു തിരിഞ്ഞ് അയാളെന്നെ നോക്കി. എന്റെ ആത്മനിയന്ത്രണവും കൈവിട്ടുപോയിരുന്നു. അയാളുടെ മുഖത്തടിച്ചതുപോലെ ഞാൻ അലറിച്ചിരിച്ചു. എനിക്കു കേൾക്കാവുന്നവിധത്തിൽ, ഈ വിചിത്രമനുഷ്യൻ ഏതാണെന്ന്, അയാൾ തിരിഞ്ഞ് ഞങ്ങളുടെ ആതിഥേയനോടു ചോദിച്ചു. എന്നെ അവഗണിച്ച്, അവർ പരസ്പരം അടക്കി സംസാരിച്ചുകൊണ്ട് മുറിവിട്ടുപോയി.
ചിരിയടക്കാനാവാതെ ഞാൻ ഉലഞ്ഞുപോയി. പിന്നെ ഞാനും സന്ദർശനമുറിയിലേക്കു പോയി. അവിടെ, മാതാപിതാക്കളാലും, ആതിഥേയനും, ആതിഥേയയാലും പൊതിഞ്ഞ്, അല്പം മുൻപ് പരിചയപ്പെടുത്തിക്കൊടുത്ത ഒരു യുവതിയുമായി ആ മഹാൻ ഔത്സുക്യത്തോടെ സംഭാഷണം തുടങ്ങിക്കഴിഞ്ഞു. യുവതി, സമ്പന്നയായ കൊച്ചുപെൺകുഞ്ഞിന്റെ കൈ പിടിച്ചിട്ടുണ്ട്. ജൂലിയൻ മസ്‌ത്താക്കോവിച്ച് അവളെ വാനോളം പുകഴ്‌ത്തുന്നതിൽ വ്യാപൃതനായി. അരുമപെൺകിടാവിന്റെ അഴക്, അവളുടെ െനൈസർഗികവാസനകൾ, സ്വഭാവഗുണഗണങ്ങൾ, ഉൽകൃഷ്‌ടശിക്ഷണം മുതലായവയെക്കുറിച്ച് ഹർഷോന്മാദമുണർത്തുന്ന അഭിപ്രായരൂപീകരണം അയാൾ നടത്തി. അവളുടെ അമ്മയെ മുഖസ്തുതി പാടുന്നതിൽ തൽപ്പരനായതു ശ്രദ്ധിച്ചുകൊണ്ടിരുന്ന മാതാവ്, അത്യാനന്ദത്തിൽ കണ്ണീർ നിയന്ത്രിക്കുവാൻ വളരെ ബദ്ധപ്പെട്ടു. എന്നാൽ പിതാവ് അദ്ദേഹത്തിന്റെ പരമാനന്ദം പ്രകടിപ്പിച്ചത് ചാരിതാർത്ഥ്യജനകമായ ഒരു പുഞ്ചിരിയോടെയാണ്.
എങ്ങും ആഹ്ലാദം പടർന്നു പിടിച്ചു. എല്ലാവരും അതിൽ പങ്കുകൊണ്ടു. സംഭാഷണം തടസ്സപ്പെടുവാതിരിക്കുവാൻ കുട്ടികൾപോലും കളിനിർത്തി തങ്ങളുടെ സന്നദ്ധത കാട്ടി. വിശിഷ്‌ടയായ ചെറുബാലികയുടെ മാതാവ് അത്യന്തം ഉളളിൽതട്ടി, ഉപചാരശീലങ്ങളാൽ മെനഞ്ഞെടുത്ത പദങ്ങളാൽ, ജൂലിയൻ മസ്‌ത്താക്കോവിച്ച് തങ്ങളെ സന്ദർശിച്ച് തങ്ങളെ ആദരണീയരാക്കുമോയെന്ന്, അയാളോടു അഭ്യർത്ഥിക്കുന്നത് ഞാൻ കേട്ടു. മുറിയിൽ അങ്ങിങ്ങായി അന്തസ്സോടെ നിലയുറപ്പിച്ചിരുന്ന അതിഥികൾ, അത്യാദരവു നിറഞ്ഞ ശബ്‌ദത്തിൽ, വ്യവസായ പ്രമുഖനെയും അയാളുടെ ഭാര്യയേയും പുത്രിയേയും, പ്രത്യേകിച്ചു ജൂലിയൻ മസ്‌ത്താക്കോവിച്ചിനെയും അതിയായി സ്‌തുതിക്കുന്നതും എന്റെ ചെവിയിൽ പതിച്ചു.
”ഇയാൾ വിവാഹിതനാണോ?“ ഉച്ചത്തിൽ ഞാൻ വിളിച്ചു ചോദിച്ചു.
ജൂലിയൻ മസ്‌ത്താക്കോവിച്ച് കൊടും ദാർഷ്‌ട്യം നിറഞ്ഞ ഒരു നോട്ടം എന്റെ നേരെയെറിഞ്ഞു.
”ഇല്ല.“ കല്പിച്ചുകൂട്ടിയ, അനൗചത്യമാർന്ന എന്റെ സംശയത്തിൽ നിശിതമായും ഞെട്ടി, എന്റെ പരിചയക്കാരൻ പ്രത്യുത്തരം നല്‌കി.
******************************************************************
ഞാൻ ദേവാലയം കടന്നുപോയിട്ട് അധികനാളായിട്ടില്ല. ഒരു വിവാഹത്തിൽ സംബന്ധിക്കുവാനെത്തിയിരിക്കുന്ന ജനത്തിരക്കുമൂലം എന്റെ വഴി മുടങ്ങിപ്പോയി. ഒരു ഇരുണ്ടദിനമായിരുന്നു അത്. മഴ ചാറാൻ തുടങ്ങിയിരുന്നു. തിക്കിലും തിരക്കിലൂടെയും ഞാൻ ദേവാലയത്തിനകത്തു കടന്നുപറ്റി. ഇരുണ്ട്, തടിച്ചുകൊഴുത്ത്, കുടവയറുളള കുറിയ മനുഷ്യനായിരുന്ന മണവാളൻ. ആവശ്യത്തിലധികം വസ്‌ത്രധാരണം ചെയ്‌തിട്ടുണ്ടായിരുന്ന അയാൾ ഓടിനടന്ന്, ഒച്ചപ്പാടുണ്ടാക്കി, ആജ്ഞ കൊടുത്ത് കാര്യങ്ങൾ ഒരുക്കൂട്ടുകയായിരുന്നു. ഒടുവിൽ വധു എഴുന്നളളുന്നു എന്ന അറിയിപ്പുണ്ടായി. ജനത്തിരക്കിലൂടെ തളളി ഞാൻ മുന്നോട്ടു നീങ്ങിയപ്പോൾ, ആദ്യവസന്തം പോലും തളിരണിയാത്ത അതിവിശിഷ്‌ടസൗന്ദര്യം ഞാൻ ദർശിച്ചു. എന്നാൽ ആ അഴകിൽ ദുഃഖവും വിളർച്ചയും ബാധിച്ചിരുന്നു. അവൾ സംഭ്രാന്തയായി കാണപ്പെട്ടു. അപ്പോഴെങ്ങാനും കരഞ്ഞതുകൊണ്ട് അവളുടെ കണ്ണുകൾ ചുവന്നിരുന്നതായി പോലും എനിക്കു തോന്നി. അവളുടെ മുഖത്തെ ഓരോ തന്തുവിലേക്കും മഹാകാഠിന്യം അവളുടെ സൗന്ദര്യത്തിനു പ്രത്യേകമായൊരു പ്രാമുഖ്യവും പ്രൗഢിയും പകർന്നു കൊടുത്തിരുന്നു. എന്നാൽ ആ പ്രൗഢിയും പ്രാമുഖ്യവും ദുഃഖവും ഒരു കുഞ്ഞിന്റെ നിഷ്‌ക്കളങ്കത്വം വിളിച്ചോതി. അവളുടെ മുഖഭാവത്തിൽ, അശാന്തവും, നൂതനവും, വാക്കുകൾക്കുപരി കൃത്രിമത്വം കലരാത്ത അവാച്യമായതെന്തോ, കാരുണ്യത്തിനുവേണ്ടി കേണിരുന്നതായി തോന്നിച്ചു.
അവൾക്കേതാണ്ട് പതിനാറു വയസ്സായെന്നാണ് അവർ പറഞ്ഞത്. വരനെ വളരെ ശ്രദ്ധാപൂർവ്വം ഞാൻ വീക്ഷിച്ചു. പെട്ടെന്ന് ജൂലിയൻ മസ്‌ത്താക്കോവിച്ചിനെ ഞാൻ തിരിച്ചറിഞ്ഞു. ഈ അഞ്ചുവർഷക്കാലത്തിനിടയിൽ വീണ്ടും ഞാൻ അയാളെ കണ്ടിരുന്നില്ല. വീണ്ടും ഞാൻ വധുവിനെ നിരീക്ഷിച്ചു-പൊന്നു ദൈവമേ! ദേവാലയത്തിൽനിന്ന് എനിക്കു കഴിയാവുന്നത്ര വേഗത്തിൽ ഞാൻ പുറത്തേയ്‌ക്കു കുതിച്ചു. വധുവിന്റെ ധനസ്ഥിതിയെക്കുറിച്ച് ജനത്തിനിടയിലെ പ്രവാദം ഞാൻ കേട്ടു-അവളുടെ സ്‌ത്രീധനമായ അഞ്ഞൂറായിരം റൂബിളിനെക്കുറിച്ച്-ചെലവുകാശിനായി ആ തുക ധാരാളം മതി.
”അപ്പോൾ അയാളുടെ കണക്കുകൂട്ടലുകൾ എല്ലാം ശരിയായിരിക്കുന്നു“ തെരുവിലൂടെ കുതിക്കുമ്പോൾ ഓർമ്മകൾ എന്നിൽ തെളിഞ്ഞു.
Generated from archived content: story1_june8.html Author: dastayovisky