പ്രിയേ നീ….,
മെയ്‌മാസ രാവിന്റെ ഉഷ്‌ണമായ്
ഡിസംബറിന്റെ കുളിരായ്
മുഖം നഷ്‌ടപ്പെട്ട കൈവീശലായ്
വിടപറയലിന്റെ നൊമ്പരമായ്
ഒറ്റപ്പെടലിന്റെ നഷ്‌ടങ്ങളിലേക്ക്
കടന്നുവരുന്നു…..
ജീവിതം ഹോമിച്ച് ജീവിതങ്ങൾ
കെട്ടിപ്പടുക്കുന്ന നിരർത്ഥക
പ്രവാസീതത്വശാസ്‌ത്രങ്ങളെ
നിറകണ്ണുകളോടെ നോക്കി
എന്നെയെന്താണോർമ്മപ്പെടുത്തുന്നത്.
കണക്കു കൂട്ടലുകൾക്കിടയിൽ
പിറക്കാത്ത വാത്സല്യവും
ഊഷരമായ മാതൃത്വവും പിന്നെ….
എന്നിട്ടും മണലായ മണലിലൂടെ
ഒട്ടകക്കാലുകൾവെച്ച് ഞാനലയുന്നു
കർമ്മകാണ്ഡങ്ങളിൽ കാൽ പുതഞ്ഞ്
കാത്തിരിപ്പിന്റെ വേവലാതിയായ്
നഷ്‌ടസ്വപ്‌നങ്ങളുടെ വേപഥുവായ്
കടപ്പാടുകളുടെ ഭാരം ചുമന്ന്
അങ്ങിനെയങ്ങിനെ….
പ്രിയേ…നിനക്കുവേണ്ടി
കുറേ ഇടവേളകളും
നിറവേറ്റാനാവാത്ത കുറേ വാക്കുകളും
വക്ക് പൊട്ടിയ ജീവിതവും മാത്രം…
നമുക്കു പ്രാർത്ഥിക്കാം
ഒട്ടകമല്ലാത്ത ഒരു ജന്മത്തിനായ്….
Generated from archived content: poem2_feb2.html Author: das_parappanagadi