മരണം,
നീണ്ടപാതയുടെ അർദ്ധസത്യം.
നിലാവിൽ മുങ്ങിനിൽക്കുന്ന
അനാഥമായ ഒരു കണ്ണട.
ശ്വസിക്കുമ്പോൾ,
ജന്മംകൊളളുന്നത് ജീവനെന്ന്
ആരുപറഞ്ഞു?
ചെരുപ്പുകളഴിച്ച് പടിവാതിൽ കയറുമ്പോൾ
കാൽകളിൽ പറ്റിയ
ഭൂതകാലം അന്യം നിൽക്കുന്നുവെന്നത്
വർത്തമാനം പറഞ്ഞതാണെന്നാരും
വെളിപ്പെടുത്തിയിട്ടില്ല.
സന്ധ്യയ്‌ക്കും, രാത്രിയ്‌ക്കും, പകലിനും
പേരിട്ടതാരോ!
യാത്ര തുടങ്ങിയിടത്ത് വണ്ടി തിരിച്ചെത്തുമെന്നത്
വെറും വാക്കുമാത്രം!
പൂട്ടിയ പേനയും,
ഊതിക്കെടുത്തിയ വിളക്കും
പകുതി വായിച്ച പുസ്തകവും
വെളിപ്പെടുത്തുന്നത്
‘സത്യം പാറി നടക്കുന്നു’-എന്നതാണ്.
Generated from archived content: poem_july17.html Author: darsini_samjna