അൽപസമയം കഴിയുമ്പോൾ അവിടെ ഒരു അത്യാഹിതം നടക്കുമെന്നറിഞ്ഞിരുന്നെങ്കിൽ ആ ബഞ്ചിൽ രണ്ടു കാമുകി കാമുകന്മാർ ഇരുന്നു അവരുടെ ഹൃദയം പങ്കുവെക്കുകയില്ലായിരുന്നു. ഒരു മുത്തശ്ശി തന്റെ പേരക്കുട്ടിയെ കളിപ്പിക്കാൻ അവിടെ എത്തുകയില്ലായിരുന്നു. ഒരു തെരുവുനായ ആരെങ്കിലും എറിഞ്ഞുകൊടുക്കുന്ന എച്ചിൽ പെറുക്കാനായി അവിടെ അലഞ്ഞു നടക്കുകയില്ലായിരുന്നു. ഒരു എക്‌സിക്ക്യൂട്ടീവ് അവിടെ വന്നിരുന്ന് മൊബൈയിൽ ഫോണെടുത്ത് തന്റെ ഭവനത്തിലേക്ക് കണക്‌റ്റ് ചെയ്യുകയില്ലായിരുന്നു. രണ്ടു പോലീസുകാർ അവിടെ വെറുതെ മരങ്ങൾക്കിടയിലൂടെ റോന്തുചുറ്റുകയില്ലായിരുന്നു. ഒരു വാകമരത്തിന്റെ കൊമ്പിലിരുന്ന് ഒരു കാക്ക താഴെ വന്നു പോകുന്നവരെ നോക്കി വാ കീറുകയില്ലായിരുന്നു……
ആ സായാഹ്‌നത്തിൽ നഗരമദ്ധ്യത്തിലെ ആ പാർക്ക് അപ്പോഴും വളരെ ശാന്തമായിരുന്നു. തെളിഞ്ഞ അന്തരീക്ഷം. മഴ പെയ്യരുതെന്ന് അവൻ പ്രാർത്ഥിച്ചു. സെക്കന്റുകൾ എണ്ണി അവൻ ദൂരെ കാത്തു നിന്നു. തന്നിൽ നിറയുന്ന ലഹരിയിൽ അവൻ ആഹ്ലാദചിത്തനായി. കുറച്ചു കഴിയുമ്പോൾ അവൻ പ്രതീക്ഷിക്കുന്ന ആളും സംഘവും അവിടെ എത്തും അപ്പോൾ…..
താൻ ഉദ്ദേശിക്കുന്ന ആളുടെ നാശം മാത്രമേ അപ്പോൾ അവന്റെ മനോമുകുരത്തിൽ ഉള്ളു. ഒരിക്കൽ ആ ആൾ തന്റെ ബോസ് ആയിരുന്നു. ബോസ് ഉത്തരവുകൾ പുറപ്പെടുവിച്ചു. താൻ അതെല്ലാം ശിരസ്സാ വഹിച്ചു. ബോസിന്റെ മുമ്പിൽ ലക്ഷങ്ങൾ വന്നു വീണപ്പോൾ അതിൽ നിന്നു ഒരു പങ്ക് അയാൾ തനിക്കു എറിഞ്ഞു തന്നു. താൻ തൃപ്‌തനായിരുന്നു. തന്റെ ആവശ്യങ്ങൾക്ക് അതു ധാരാളം. മദ്യപാനിയായ അച്ഛന്റെ കടം വീട്ടാൻ ഭർത്താവ് ഉപേക്ഷിച്ച് വീട്ടിലെത്തിയിരിക്കുന്ന ചേച്ചിക്കും മക്കൾക്കും ചിലവിനു കൊടുക്കാൻ, വീട് പൊളിച്ചു മേയാൻ……..
നിത്യദാരിദ്ര്യത്തിന്റെ കടമ്പകൾ കടന്ന് എഞ്ചിനീയറിംഗ് പൂർത്തിയാക്കി, ഏതുവിധേനയും ഒരു തൊഴിൽ കരസ്‌ഥമാക്കിയാൽ തന്നെ ഇവിടെ ലഭിക്കുന്നതെന്ത്? പങ്കുവെച്ചു കഴിയുമ്പോൾ എന്തു മിച്ചം? പിന്നെ രക്ഷപ്പെടാൻ ഒരു എളുപ്പവഴി എന്ന മട്ടിൽ വിദേശത്തേക്ക് കടക്കണം. അതു തന്നെപോലെയുള്ളവർക്ക് അത്ര എളുപ്പവുമായിരുന്നോ? അമ്മയോട് ചോദിക്കണമെന്നുണ്ടായിരുന്നു.
‘മോനെ രാമകൃഷ്‌ണാ ന്റെ കുട്ടീ, നീ ഇനീം പഠിപ്പ് മുടക്കരുത്. നിനക്ക് അസാധാരണ ബുദ്ധീണ്ട്. നീ നല്ലോരു ഉദ്യോഗസ്‌ഥനായി കാണാനാ ന്റെ മോഹം……
അമ്മ അപ്പോൾ തലവെച്ച് മടിയിൽ കിടക്കുകയായിരുന്നു. വാക്കുകൾ മുറിഞ്ഞു പോയി. അന്ത്യശ്വാസത്തിന്റെ ഞെരക്കങ്ങളോടൊപ്പം മുഖത്തെ ഞരമ്പുകൾ വലിഞ്ഞു മുറുകിക്കൊണ്ടിരുന്നു. അതു കാണാൻ ക്യാൻസർ വാർഡിൽ ആ രാത്രിയിൽ താൻ മാത്രമെ അമ്മയോടൊപ്പം ഉണ്ടായിരുന്നുള്ളു. ജീവന്റെ അവസാനത്തെ ചൂട് കൈവെള്ളയിൽ പതിഞ്ഞു. ഒരിക്കൽ നിറയെ തളിർത്തു നിന്നു പിന്നീട് മുടി കൊഴിഞ്ഞ തലയോട്ടിയിൽ അറിയാതെ വിരലുകൾ പായിച്ചു. അമ്മ കണ്ണുകൾ അടച്ചു കിടന്നു. ഓർമ്മകളുടെ ഏതോ കയങ്ങളിലൂടെ ആ മനസ്സ് ഉയർന്നു താഴ്‌ന്നിറങ്ങിയിരിക്കണം. കൺകോണുകളിലൂടെ നീർച്ചാലുകളൊഴുകിക്കൊണ്ടിരുന്നു……..
ആ ആഗ്രഹങ്ങൾ സഫലികരിക്കപ്പെട്ടില്ല. സഫലീകരിക്കപ്പെട്ടതാകട്ടെ ഈ വഴിയും. ഒരു ഈച്ചയെ പോലും കൊല്ലുവാൻ കഴിയാതിരുന്ന തനിക്കെങ്ങനെ ഈ വിധം വളരുവാൻ കഴിഞ്ഞു?
അതാ ബോസ്! ഉദ്ദേശിച്ചതുപോലെ തന്നെ. എല്ലാവരും ഉണ്ട്. മാന്യതയുടെ മുഖം മൂടി അണിഞ്ഞ ഗുണ്ടകൾ! അടുത്ത ഇരയെ തകർക്കുവാനുള്ള തന്ത്രങ്ങൾ പണിയാൻ എത്തിയിരിക്കുകയാണ്. താൻ ഉദേശിക്കുന്നിടത്തെത്താൻ ഇനി ഏതാനും അടികൾ മാത്രം……. അവിടെ ഭൂമിക്കടിയിൽ അഗ്നിയുടെ ഒരു മഹാപ്രളയം കാത്തിരിക്കുന്നു.
സലാം ബോസ്! ഞാൻ പുതിയൊരു ബോസിനെ കണ്ടെത്തിയിരിക്കുന്നു. ആരും തരാത്ത പുതു പുത്തൻ മോഹന വാഗ്‌ദാനങ്ങളുമായി ആ ബോസ് എന്നെ വീഴ്‌ത്തി കളഞ്ഞിരിക്കുന്നു. ഒരു ചെയിഞ്ച് എല്ലാത്തിനും ആവശ്യമല്ലേ? സോറി ബോസ്, സോറി ഫ്രന്റ്‌സ്. എനിക്കും ജീവിക്കണം. നമ്മൾ തമ്മിൽ ഒരു ഫൈയ്‌റ്റ്, അതു വേണ്ട. അയാം വെരി സോറി. എല്ലാത്തിനും നന്ദി!…. അവൻ റിമോട്ടെടുത്തു.
പക്ഷെ ആ റിമോട്ടർ അമർത്തി ആരും കാണാതെ അതു കുപ്പയിലേക്ക് വലിച്ചെറിഞ്ഞ് റോഡ് ക്രോസ്സ് ചെയ്‌ത് മോട്ടോർ ബൈക്കിൽ മുന്നോട്ടു നീങ്ങവേ പെട്ടെന്നു ഒരു ഇരുട്ടു തന്നെ ബാധിക്കുകയും ആ അന്ധകാരത്തിൽ പാഞ്ഞുവന്ന ഒരു കാറിനടിയിൽപ്പെട്ട് താൻ മരണമടയും എന്നറിഞ്ഞിരുന്നെങ്കിൽ അവൻ അപ്പോൾ ആ കൃത്യത്തിനവിടെ എത്തുകയില്ലായിരുന്നു. കാരണം അവനു പൂർത്തിയാക്കാൻ ഇനിയും കുറേ കാര്യങ്ങളുണ്ടായിരുന്നു.
Generated from archived content: story1_nov26_09.html Author: d_araykal