ആശ്രമത്തിന്റേ പിൻവാതിൽ തുറന്ന് ഞാൻ മെല്ലെ പുറത്തേയ്‌ക്കിറങ്ങി. അന്തേവാസികൾ ഗാഢനിദ്രയിലായിരുന്നു. രാത്രിയുടെ മദ്ധ്യയാമം കഴിഞ്ഞിരിക്കണം. പെട്ടെന്നു സംശയം തോന്നാത്തവിധം ഞാൻ വാതിൽ നന്നായി ചാരിവെച്ചു. നിലാവിലെത്തിയപ്പോഴാണു അർദ്ധനഗ്നയാണെന്ന കാര്യം ഓർമ്മവന്നത്. ഉറങ്ങാൻ പോകും മുമ്പ് ഉടുത്തിരുന്ന കാവിയുടെ ഒറ്റചേലയാണു ദേഹത്ത്, അതു മതിയെന്നു തീരുമാനിച്ചു. അവൻ വരുമ്പോൾ എല്ലാം കൊണ്ടുവരുമല്ലോ…. ജീൻസ്, ടോപ്പ്…. പിന്നെ പുതിയ വേഷം. പുതിയ ജീവിതം…..
ആശ്രമവാസികൾ വെച്ചുപിടിപ്പിച്ച ഓറഞ്ചു തോട്ടത്തിലൂടെ ഒറ്റയ്‌ക്ക് നടക്കുമ്പോൾ ഇരുട്ടിനെ ഭയപ്പെട്ടില്ല. നനുത്ത ദേഹത്തിനു കുളിരു തോന്നിയില്ല. എത്രയും വേഗം താഴ്‌വാരത്തെത്തുക. അതു മാത്രമായിരുന്നു ലക്ഷ്യം. അവൻ അവിടെ കാറുമായി കാത്തുനിൽപ്പുണ്ടാകും. സ്‌കൂളിൽ ഒരുമിച്ച് പഠിക്കുമ്പോൾ തയ്യാറാക്കിയ കോഡു ഭാഷ ഇപ്പോൾ ഇങ്ങനെ ഉപയോഗപ്പെടുമെന്നു കരുതിയില്ല. ഒറ്റനോട്ടത്തിൽ ഒരു ചിത്രമെന്നേ തോന്നു. സൂക്ഷിച്ചു നോക്കിയാലും ആർക്കും അതു വായിച്ചെടുക്കാനാവില്ല. വർഷങ്ങൾ കഴിഞ്ഞിട്ടും അവനതു ഓർത്തിരിന്നു. അവൻ എത്രമാറിയിട്ടുണ്ടാവും? ഒരിക്കൽ ഏതോ ടൗണിൽ വെച്ച് ബസ്സിൽ സഞ്ചരിക്കുമ്പോൾ അവൻ അപ്രതീക്ഷിതമായി മുമ്പിൽ വന്നു പെട്ടതാണ്. പക്ഷെ ആൾക്കൂട്ടത്തിനിടയിൽ പെട്ടെന്നു മറഞ്ഞു പോയി. ഇപ്പോഴിതാ അവൻ തന്നെ തേടിപിടിച്ച് കത്ത് അയച്ചിരിക്കുന്നു.
‘ജീവിതത്തിന്റെ ഗതിമാറ്റങ്ങൾക്കിടയിൽ എന്റെ മാത്രമായ നീ ആശ്രമത്തിലെത്തിയെന്നറിഞ്ഞു. രക്ഷപ്പെടാൻ ഈ ഒരു മാർഗ്ഗമേ നീ കണ്ടുള്ളുവോ മീരേ?…. ഇതാ ഞാൻ അമേരിക്കയിൽ എഞ്ചിനീയറാണ്. എല്ലാമുണ്ട്…… നിനക്ക് എന്റെ കൂടെ ജീവിച്ചു കൂടെ? വിവാഹം കഴിച്ചില്ലെങ്കിലും ഒരു സുഹൃത്തായി, പഴയതുപോലെ ഒരു വഴികാട്ടിയായി…..!
അതെ, അവനെന്നും ഭീരുവായിരുന്നു. പാടവരമ്പിലൂടെ ഗ്രാമത്തിലെ സ്‌ക്കൂളിലേക്കുള്ള യാത്രകൾ…. ഒരു തവളയെ കണ്ടാൽപോലും അവൻ പേടിക്കുമായിരുന്നു. എന്നും ഹോംവർക്കുകളുടെ വേവലാതികൾ. അച്‌ഛനും അമ്മയും ഡോക്‌ടർമാരായതുകൊണ്ട് അവനേയും അവർ അവരുടെ പാതേ നയിക്കുവാൻ ശ്രമിച്ചു. പക്ഷേ തനിക്ക് ആ തൊഴിൽ ചെയ്യാനാവില്ലെന്ന് അവൻ എത്രയോ തവണ ആണയിട്ടിട്ടുണ്ട്. എനിക്കും തമ്പുരാട്ടിയെ പോലെ സംഗീതം പഠിച്ചാൽ മതിയെന്ന് അവൻ ഒരിക്കൽ പറഞ്ഞതോർക്കുന്നു….
കാലം എത്രവേഗം കടന്നു പോയിരിക്കുന്നു. മറ്റേതോ സർക്കാർ ആസ്‌പത്രിയിലേക്ക് സ്‌ഥലം മാറിപോയ ഡോക്‌ടർ ദമ്പതികളുടെ ഏകപുത്രൻ തന്നെ തേടിയെത്തിയിരിക്കുന്നു. അയലത്തെ വാടകപ്പുരയിൽ പിന്നേയും എത്രപേർ വന്നുപോയി. എന്നാൽ ഇവൻ മാത്രം തന്നെക്കുറിച്ചുള്ള ഓർമ്മകളുമായി ഏകനായി ജീവിയ്‌ക്കുന്നു എന്നറിഞ്ഞപ്പോൾ എന്തോ ഇങ്ങനെയാണു തോന്നിയത്, ആശ്രമം വിടുക…. ഒരിക്കൽ എല്ലാം ഉപേക്ഷിച്ചതാണ്. എങ്കിലും എന്തോ ഒന്ന് തന്നെ അവനിലേക്ക് അടുപ്പിക്കുന്നു…..
പെട്ടെന്ന് പുറകിൽ നിന്ന് ആരോ പിടിച്ചു വലിച്ചതുപോലെ തോന്നി. നടുങ്ങി! ഭാഗ്യം, ഓറഞ്ചു ചെടിയുടെ കൊമ്പ് കാവിത്തുമ്പിൽ ചുറ്റിപിടിച്ചതാണ്. വെറുതെ മുകളിലേക്കു നോക്കി. നിലാവിൽ നല്ല തെളിഞ്ഞ ആകാശം. പൂത്തുനിൽക്കുന്ന നീലക്കുറിഞ്ഞിപോലെ നിറയെ നക്ഷത്രങ്ങൾ….! ഇതിനു മുമ്പ് ഇത്രയധികം നക്ഷത്രങ്ങളെ താൻ കണ്ടിട്ടില്ലേ…….സമയം എത്രയായി? ഒരു മണി, അതോ രണ്ടുമണിയോ? അവൻ അവിടെ എത്തിയിരിക്കുമോ? താഴേക്ക് ഇനിയും ദൂരമുണ്ട്.
മൂന്നാറിൽ നിന്ന് ആദ്യം മധുരയിലേക്ക്. മധുരയിലെത്തുമ്പോൾ അതിരാവിലെ തട്ടുകടയിൽ നിന്ന് ചുടുള്ള ദോശയോ, ഇഡലിയോ വാങ്ങി കഴിച്ച് അമ്മൻ കോവിലിൽ പോയി ശിവപാർവ്വതിമാരെ തൊഴുത് മഞ്ഞൾ ചാർത്തി ഒരു താലി അണിയാം. താലി….. ? വേണ്ട. ഒരു പൂമലയിട്ടേക്കാം. അവന്റെ ഒരു ധൈര്യത്തിന്! അവന്റെ സന്തോഷത്തിന്…..
മധുരയിൽനിന്ന് മുംബൈയിലേക്ക്. അവിടം കറങ്ങിയിരിക്കുമ്പോഴേക്കും അവനു തിരിച്ചു പോകാൻ സമയമാകും. മുബൈയിൽ അവനു വിശ്വസ്‌തനായ ഒരു സുഹൃത്തിന്റെ കുടുംബമുണ്ട്. അവരുടെ കൂടെ കുറച്ചുനാൾ ഒളിച്ചു ജീവിക്കാം….. പിന്നെ അമേരിക്കയിലേക്ക് പറക്കാം. അവിടെയെത്തിയാൽ….. ബി.എ. മ്യൂസിക്കും പിന്നെ കുറച്ച് വേദാന്തവും മാത്രം പഠിച്ച താനെന്തു ചെയ്യാൻ? അവൻ ഓഫീസിൽ പോകുന്ന സമയങ്ങളിൽ, നല്ല കാലാവസ്‌ഥയാണെങ്കിൽ വെറുതെ നഗരം കാണാൻ ഇറങ്ങാം. ഒന്നും വാങ്ങാനില്ലെങ്കിലും ഷോപ്പിംഗ് മാളുകളിൽ കയ്യറിയിറങ്ങാം. പിന്നെ ഫ്‌ളാറ്റിൽ വന്ന് ഫ്രിഡ്‌ജിൽ നിന്ന് എന്തെങ്കിലും എടുത്ത് ചൂടാക്കി കഴിച്ച് ടി.വിയോ വീഡിയോയോ കാണാനിരിക്കാം. അതുമല്ലെങ്കിൽ ഇന്റർനെറ്റിൽ കയറാം. വൈകുന്നേരം അവനെത്തിയാൽ പുറത്തുപോയി ഡിന്നറു കഴിക്കാം. പിന്നെ…. പിന്നെ കുറെ കഴിയുമ്പോൾ ഒന്നും ചെയ്യാനില്ലാതാവുക….. മടുപ്പ്….. വെറുപ്പ്……
അരുവിയുടെ കരയിൽ മറുകരയിലേക്കുള്ള മുളകൊണ്ടുള്ള ചെറിയ പാലത്തിലെത്തിയപ്പോൾ ഒരു നിമിഷം നിന്നു. നന്നായി വിയർത്തിരുന്നു. തളർന്നതുപോലെ തോന്നി. മുപ്പതിലെത്താൻ ഇനിയും മാസങ്ങൾ ബാക്കിയുണ്ട്. വിജനതയും അന്ധകാരവും അപ്പോൾ വേദനിപ്പിച്ചു. താഴ്‌വരയിലേക്കു നോക്കി. അവിടം ശൂന്യമായിരുന്നു. അവനെത്തിയിട്ടില്ല. താഴെയെത്തുമ്പോൾ പതുക്കെ ഹോൺ മുഴക്കുമെന്ന് അവൻ എഴുതിയിരുന്നു.
എന്തു ചെയ്യണമെന്നറിയാതെ ഞാൻ അവിടെ അൽപനിമിഷം നിന്നു. പിന്നെ കാവിയുടെ തുമ്പ് മുണ്ഡനം ചെയ്‌ത തലയിലേക്ക് വലിച്ചിട്ട് ആശ്രമവാതിൽ മാത്രം മുന്നിൽ കണ്ട് നിഴലലുകളുടെ മറപറ്റി തിരിച്ച് കുന്നു കയറാൻ തുടങ്ങി. ഉള്ളിൽ ഉണർവ്വിന്റെ വെളിച്ചത്തിന്റെ മന്ത്രങ്ങൾ ഉരുവിട്ട്…….
Generated from archived content: story1_mar30_10.html Author: d_araykal