പാലൈസ്‌ ഃ കവിതയുടെ മധുരം

മോഹനകൃഷ്‌ണന്‌ പറയാൻ ചിലതുണ്ട്‌. വായനക്കാർ കേൾക്കാൻ കൊതിക്കുന്ന ചിലത്‌. അതിനാൽ ദുരൂഹതയുടെ പുകമറച്ച്‌ സൃഷ്‌ടിച്ച്‌ വായനക്കാരനെ അകറ്റി നിർത്തേണ്ട ആവശ്യം ഈ കവിക്കില്ല.

എടുത്തുയർത്താൻ മല്ലന്മാരില്ലെങ്കിലും പാടിപ്പുകഴ്‌ത്താൻ പാണന്മാരില്ലെങ്കിലും മോഹനകൃഷ്‌ണൻ വായനക്കാർക്കു പ്രിയങ്കരനാകാൻ ഇനി ഏറെക്കാലം വേണ്ട. സ്വന്തം കവിതയുടെ വീട്ടുമുറ്റത്തു നിൽക്കുകയേ വേണ്ടൂ. കവിതയുടെ പുതിയ ആകാശവും പുതിയ ഭൂമിയും ഈ കവിയുടെ വരികളിലുണ്ട്‌.

നഴ്‌സറി പ്രായക്കാർക്കുപോലും മനസ്സിലാവുന്ന വാക്കുകളെ ഇതിലുളളു. സാധാരണക്കാർക്കുകൂടി മനസ്സിലാവുന്ന ജീവിതമെ ഇതിലുളളൂ. അതിനാൽ ഇതിലുളള കവിത വായനക്കാരന്റെ മനസ്സിനെ അനായാസം സ്‌പർശിക്കുന്നു. ഏറെക്കാലമായി കവിതാവായനക്കാർ കാത്തിരിക്കുന്ന ആ ‘മാന്ത്രികസ്‌പർശം!’

ഈ കവിതാസമാഹാരം വായിച്ചു കഴിയുമ്പോൾ നമുക്കു പിടികിട്ടാത്തതായി ഒന്നു മാത്രമേ അവശേഷിക്കൂ. ഇത്ര ലളിതമായ വാക്കുകൾക്കൊണ്ട്‌ ഇത്ര അഗാധമായ അനുഭവങ്ങൾ ഈ ചെറുപ്പക്കാരൻ എത്ര മനോഹരമായി ആവിഷ്‌കരിക്കുന്നത്‌ എങ്ങനെ, എന്ന ഒറ്റച്ചോദ്യം മാത്രം! അതാണ്‌ യഥാർത്ഥ കവിയുടെ കഴിവ്‌ എന്നോർത്ത്‌ അത്ഭുതപ്പെടുകയാണ്‌ വായനക്കാരന്റെ സുകൃതം!

മലയാള കവിത മരണം കാത്തു കിടക്കുകയാണെന്നു കരുതിയവർക്കു തെറ്റി. പുതിയൊരു ജന്മത്തിനുളള തയ്യാറെടുപ്പിലാണത്‌. ആ ഇടവേളയായിരുന്നു ഗ്രഹണമായി നമുക്ക്‌ അനുഭവപ്പെട്ടത്‌. ആ കാലം കഴിഞ്ഞു. ഇനി കവിതയ്‌ക്ക്‌ നല്ല കാലമാണെന്ന്‌ ‘പാലൈസി’ലെ കവിതകൾ പ്രവചിക്കുന്നു. ആ പ്രവചനം തെറ്റാനിടയില്ലെന്ന്‌ ഏതു വായനക്കാരും സമ്മതിക്കും.

ഏറ്റവും തിരക്കേറിയ വായനക്കാരോട്‌ ഒരഭ്യർത്ഥന. ഈ സമാഹാരത്തിലെ കവിതകൾ മുഴുവൻ വായിക്കാൻ സമയമില്ലെങ്കിൽ ഇതിലെ ‘പന്തുകായ്‌ക്കും കുന്ന്‌’ എന്ന ഒരൊറ്റ കവിത മാത്രം വായിച്ചു നോക്കൂ…മോഹനകൃഷ്‌ണന്റെ കവിത്വത്തിന്റെ കരുത്തറിയാം. പിന്നെ മുഴുവൻ വായിക്കാതെ ഈ പുസ്‌തകം നിങ്ങൾ താഴെവയ്‌ക്കില്ല. താഴെ വച്ചാലും വീണ്ടുമെടുക്കും. വീണ്ടും വായിക്കും. ഒന്നല്ല ഒരുപാടു തവണ!

ഈ വെളുത്ത പുസ്‌തകത്തിൽ അഴുക്കുപറ്റാതിരിക്കട്ടെ; മോഹനകൃഷ്‌ണന്റെ കവിതകളിലും! എഴുതിയവയിലും എഴുതാനിരിക്കുന്നവയിലും.

കടപ്പാട്‌ ഃ കറന്റ്‌ ബുക്‌സ്‌ ബുളളറ്റിൻ

Generated from archived content: book-feb17-05.html Author: d-santhosh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English