അയാൾ കൈമടക്കിൽ തലചേർത്തു വശം ചെരിഞ്ഞു കിടന്നു. ഉറക്കം തീർന്നിട്ടും കിടക്കയിൽനിന്നും എഴുന്നേൽക്കുവാൻ തോന്നിയില്ല. അയാൾ ആത്മഗതം ചെയ്‌തുഃ “അല്ലെങ്കിൽത്തന്നെ ഇപ്പോഴെ എന്തിനെഴുന്നേൽക്കണം?” ഒരാഴ്‌ച മുൻപുവരെ അലാറം വച്ച് കൃത്യമായി എഴുന്നേൽക്കാറുണ്ടായിരുന്നു. കാലാവസ്ഥപോലും നോക്കാതെ രാവിലെതന്നെ ജോഗിംഗും നടത്തിയിരുന്നു. ഈയിടെ അതിനും മുടക്കമായി.
“മ്യാവൂ… മ്യാവൂ…” വളർത്തുപൂച്ച ഒച്ച വയ്‌ക്കുന്നു. അതിനു വിശന്നിട്ടാവും. ഭാര്യ ആദ്യ ഷിഫ്‌റ്റ് ജോലിക്കു പോയിക്കഴിഞ്ഞിരിക്കുന്നു. അവൾ ഭക്ഷണം കൊടുത്താൽ കഴിക്കാൻ ആ പൂച്ചക്കു മടിയാണ്. തന്റെ കൈകൊണ്ടുതന്നെ കൊടുക്കണം. മനുഷ്യക്കുഞ്ഞാണെങ്കിൽ അതൊരു ദുർവാശിയെന്നു വ്യാഖ്യാനിക്കാമായിരുന്നു. പാവം പൂച്ചയെ പറഞ്ഞിട്ടെന്തു കാര്യം. അതങ്ങിനെ പരിശീലിച്ചുപോയിരിക്കുന്നു.
മണി എട്ടു കഴിഞ്ഞിരിക്കുന്നു. അയാൾ ഒന്നു തിരിഞ്ഞുകിടന്നു. വശത്തേക്കു കണ്ണോടിച്ചു. ഭാര്യ കൊണ്ടുവച്ചിരുന്ന ചായ. അതെപ്പോഴേ ആറിപ്പോയിരിക്കുന്നു. എഴുന്നേല്‌ക്കാതെ പറ്റില്ല. പൂച്ചക്കു ഭക്ഷണം കൊടുത്തേ മതിയാവൂ. അതുവരെ അതു കരഞ്ഞുകൊണ്ടിരിക്കും.
ഭാര്യ ജോലിസ്ഥലത്തെത്തുമ്പോൾ വിളിക്കാറുളളതാണ്. ഇന്നവൾ വിളിച്ചതേയില്ലല്ലോ. പിണങ്ങിയിരിക്കുകയാവും. ഒന്നുരണ്ടു ദിവസങ്ങളായി മുറുമുറുപ്പും അലോരസ്യങ്ങളും താൻ ശ്രദ്ധിച്ചിട്ടുണ്ട്. വല്ലതും പറഞ്ഞുപോയെങ്കിൽ എരിതീയിൽ എണ്ണ ഒഴിച്ചതുപോലെയാകും. അതുകൊണ്ട് മനഃപ്പൂർവ്വം മിണ്ടാതിരുന്നതാണ്. മൗനത്തിനും അവൾ സാധാരണയായി ഒരു വഴക്കിന്റെ നിർവചനമാണ് കൊടുക്കാറുളളത്.
പൂച്ചക്കു ഭക്ഷണം കൊടുത്തിട്ടു തിരികെ വന്ന് അയാൾ വീണ്ടും കിടക്കയിലേക്കു മറിഞ്ഞു. താനൊരു ‘റിപ്പ് വാൻവിങ്കിൾ’ ആയി പരിണമിച്ചേക്കുമോ? ഉറക്കം തുടരുന്നില്ലെങ്കിലും അലസത മാറുന്നില്ലല്ലോ. കൃത്യനിഷ്‌ഠയോടെ ഓഫീസിൽ എത്തുക, ബോസ് നിർദ്ദേശിക്കുന്ന ജോലികൾ ഭംഗിയായി ചെയ്‌തുതീർക്കുക- ഇതൊക്കെ ഒരു നിർബന്ധബുദ്ധിയോടെതന്നെ ചെയ്‌തിരുന്നതല്ലേ. പിന്നെ തനിക്കെങ്ങനെ ആ ‘പിങ്ക് സ്‌ലിപ്പ്’ ലഭിച്ചു? കമ്പനിയുടെ വരുമാനം കുറഞ്ഞുവരുന്നതു താനും മനസ്സിലാക്കിയിരുന്നതാണ്. എങ്കിലും പെട്ടന്നവർ തന്നോടിതു ചെയ്യുമെന്നു കരുതിയിരുന്നതേയില്ല. പഴിചാരാൻ ഒരു ‘സെപ്‌റ്റംബർ 11’ സംഭവവും!
“ക്ണീം…ക്ണീം” ഫോൺ ബെല്ലടിച്ചു. അയാൾ റിസീവർ എടുക്കാൻ തുനിഞ്ഞില്ല. വല്ല ടെലിമാർക്കറ്റുകാരുമായിരിക്കും. പല വൃദ്ധജനങ്ങളെയും വിളിച്ചു വശീകരിച്ച് എന്തെങ്കിലും സാധനങ്ങൾ അവരെക്കൊണ്ടു വാങ്ങിപ്പിക്കുന്നു. ഇക്കൂട്ടർ ഒരു നാശം തന്നെ. പഞ്ചാരവാക്കുകൾ രാഷ്‌ട്രീയക്കാരേക്കാൾ നന്നായിച്ചൊരിയാൻ അവർക്കറിയാം. അവരെയും കുറ്റപ്പെടുത്താൻ സാധിക്കുകയില്ല. അവർ അവരുടെ ജോലി ചെയ്യുന്നുവെന്നുമാത്രം. കഴിഞ്ഞദിവസം ഭാര്യ തന്നോടു പറയുകയും ചെയ്തതാണ്‌ഃ “ദാ, അടുത്തവീട്ടിലെ ടോം മാർക്കറ്റിലാണ്. നിങ്ങൾക്കെന്തുകൊണ്ട് അതു ശ്രമിച്ചുകൂടാ?” അതിനു തനിക്കു പഞ്ചാരവർത്തമാനത്തിനുളള കഴിവു കുറവാണല്ലോ.
“ഹലോ, ഇതു ഞാനാ.” ഭാര്യയുടെ സ്വരം ആൻസറിങ്ങ് മെഷീനിൽ കേൾക്കാം. “നേരത്തെ വിളിക്കാൻ സാധിച്ചില്ല കേട്ടോ. സോറി” അവൾ തുടരുന്നു. താൻ ബാത്ത്‌റൂമിലോ മറ്റോ ആണെന്നവൾ ധരിച്ചുകാണണം. “ബൈ, പിന്നെ വിളിക്കാം.” മെഷീനിൽ ശബ്‌ദം നിലച്ചു.
അയാൾ വെറുതെ കണ്ണുകളടച്ചു കിടന്നു. ആകെ ഒരു നിശബ്ദത. ക്ലോക്കിന്റെ ‘ടിക്ക് ടോക്ക്’ ശബ്‌ദം മാത്രം കേൾക്കാം. ഏകാന്തത അയാൾക്കു ഭയാനകമായി അനുഭവപ്പെട്ടു. ആരും ഈയിടെയായി തന്നെ വിളിക്കാറില്ലല്ലോ. കുട്ടികൾ ദൂരെ യൂണിവേഴ്‌സിറ്റികളിലാണ്. അവർക്കു സമയമില്ല. വീക്കെന്റല്ലാത്തതിനാൽ തന്റെ കൂട്ടുകാരെയും കിട്ടാനില്ല. ഇനി വെളളിയാഴ്‌ചവരെ നോക്കിയിരുന്നാൽ കുറച്ചാശ്വാസമായി… ചീട്ടുകളിക്കാം, സൊറ പറയാം. അയാൾ നെടുവീർപ്പിട്ടു.
വല്ലാത്ത പുറംവേദന. അയാൾ മടിയോടെയെങ്കിലും എഴുന്നേറ്റു. മണി പത്തു കഴിഞ്ഞിരിക്കുന്നു. വയറും മുരളുന്നു. പക്ഷെ ഒന്നും കഴിക്കാൻ തോന്നുന്നില്ല. അയാൾ ബാത്ത്‌റൂമിൽ കയറി. തലേന്നാൾ വായിച്ചുതുടങ്ങിയ കഥാസമാഹാരം തറയിൽ കിടന്നിരുന്നു. അയാൾ ടൊയ്‌ലറ്റിൽ എരുന്നു പേജുകൾ മറിച്ചു.
‘ഫ്‌റാൻസ് കാഫ്‌ക’യുടെ ‘മെറ്റമോർഫോസിസ്’ എന്ന കഥ അയാൾ വായിച്ചുതുടങ്ങി. ഒന്നോ രണ്ടോ പേജുകൾ വായിച്ചശേഷം എഴുന്നേറ്റു പോകാം എന്നയാൾ മനസ്സിൽ കരുതി. പക്ഷെ, കഥയുടെ പോക്ക് കൂടുതൽ വായിക്കാൻ അയാളിൽ പ്രേരണ ചെലുത്തി.
‘ഗ്രിഗർ സംസ’യെന്ന കഥാനായകൻ ഒരു സുപ്രഭാതത്തിൽ ഒരു കരിവണ്ടായി പരിണമിക്കുകയാണ്. മറിഞ്ഞുവീണ ആ വണ്ടിന് തനിയെ മുറിയിൽനിന്ന് പുറത്തിറങ്ങാൻ മണിക്കൂറുകൾ ചെലവാകുന്നു. സമയത്തിനു ജോലിക്കു ഹാജരാകാത്തതിനാൽ മാനേജർ അന്വേഷിച്ചുവരുന്നു. അദ്ദേഹത്തിനും ഗ്രിഗറിന്റെ കുടുംബക്കാർക്കും കാര്യങ്ങൾ സാവകാശമേ മനസ്സിലാക്കുവാൻ സാധിച്ചുളളു. ആദ്യമൊക്കെ അവർക്കു സഹതാപമായിരുന്നു. സഹോദരി പഴകിയ അപ്പക്കഷണങ്ങളും മറ്റും അയാളുടെ മുറിയിലേയ്‌ക്ക് എറിഞ്ഞുകൊടുത്തിരുന്നു. ദിവസങ്ങൾ കഴിയുന്തോറും ഗ്രിഗർ വീട്ടുകാർക്ക് ഒരു ശല്യമായിത്തോന്നുന്നു. ഒടുവിൽ ജോലിക്കാരിയുടെ സഹായത്തോടെ വണ്ടിന്റെ കഥകഴിക്കുന്നതോടെ വീട്ടുകാർ പാർട്ടിനടത്തി ആഘോഷിക്കുന്നു.
അയാൾ പുസ്‌തകം മടക്കി. തണുപ്പുകാലമായിരുന്നിട്ടും തന്റെ നെറ്റിയിൽ വിയർപ്പുകണങ്ങൾ! അയാൾ എഴുന്നേറ്റു. കണ്ണാടിയിൽ നോക്കാൻ അയാൾ ഭയപ്പെട്ടു. എന്തു രൂപമായിരിക്കും അതിൽ കാണേണ്ടിവരിക? അയാൾ വേഗം അടുക്കളയിലേക്കു നടന്നു. തന്നെ കണ്ടിട്ടു പൂച്ചക്കു പരിഭ്രമം തോന്നിയോ? പതിവുപോലെ ഉരുമ്മാൻ കൂട്ടാക്കാതെ അതു മാറിനിന്നുകളഞ്ഞതെന്ത്? പ്രഭാതഭക്ഷണം തയ്യാറാക്കുന്നതിനിടെ അയാളുടെ മനസ്സു വേവലാതിപൂണ്ടു.
Generated from archived content: parinamam.html Author: cv_george
Click this button or press Ctrl+G to toggle between Malayalam and English