കാഴ്‌ചകൾ

പകലുണർച്ചയിൽ ആലസ്യം വിട്ട പതിവുമേഘങ്ങൾ-

വഴിതെറ്റാതെ കടന്നുപോവുമ്പോൾ-

എന്റെ നക്ഷത്രങ്ങൾ കുറുങ്കണ്ണുകളിൽ തെളിയുന്നു.

ബാല്യം പോയ വഴികളിൽ അറിയാതെ ചോർന്ന സന്തോഷങ്ങൾ

വർഷങ്ങൾക്കിപ്പുറം പൊട്ടിച്ചിരിച്ചപ്പോൾ-

നെഞ്ചിൽ കണ്ണീർമുറിവുകളാൽ കാലം നിഴൽ തീർക്കുന്നു!

ഒരു ചിരിയെനിക്കായ്‌ നീ ചുണ്ടിൽ കളങ്കമില്ലാതെ കരുതുമ്പോൾ-

ഇവിടെ നീൾപാതമൊഴിഞ്ഞ സത്യം എനിക്ക്‌ ഭാരമേറുന്നുവെന്നോ?

വഴിയാത്രികൻ തേങ്ങി- രാത്രി പിന്നെയും വന്നു.

പകലിന്റെ നഷ്‌ടം മടിത്തുമ്പിൽ കെട്ടി പാതിരാക്കാറ്റു കണ്ണടച്ചു.

ഈ മൗനം എനിക്കു മാത്രമെന്ന്‌ പാടിയ വിധി-

പാലത്തുമ്പിൽ വെച്ചു വഴിപിരിഞ്ഞു.

നേരം പുലർന്നിട്ടും-വയൽവരമ്പുണർന്നിട്ടും-

വെയിൽപൂത്ത വഴികളിൽ ആരവമൊഴിഞ്ഞില്ല.

ശംഖൊലികൾ മുഴങ്ങിയിട്ടും-ദൈവങ്ങളുണർന്നിട്ടും-

മാന്തളിർ ചുണ്ടുകളിൽ മേഘങ്ങളുറങ്ങിയില്ല.

വീണ്ടും വിധി വിഹിതങ്ങളിൽ മനമിട്ടുരുട്ടി-

വിഹ്വലതകളാൽ വിപരീതപദങ്ങൾ ചൊല്ലി

ജന്മഭൂവിൽ മുറവിളികൾ മുഴക്കി സഹജീവികൾ-

ചുറ്റിനും ചോരചീന്തിച്ചിതറുമ്പോൾ…

കാഴ്‌ചകൾ മറയ്‌ക്കുന്ന അധികാരമിഴികളിൽ കനക്കുന്ന-

ശൂന്യത ബാക്കിയാക്കി കാലം കണ്ണീരൊഴുക്കി കടന്നുപോവുന്നു.

Generated from archived content: poem-jan21.html Author: cuckoo-krishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here