പൊതുമേഖലാ സംപ്രേക്ഷണം- ഇന്നത്തെ സാധ്യതകളും വെല്ലുവിളികളും

സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ മാധ്യമ ചരിത്രം പരിശോധിച്ചാല്‍ അതില്‍ രണ്ടു നിര്‍ണായക സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നതായി കാണാം. ഒന്ന് 1970കളുടെ മധ്യത്തില്‍ രാഷ്ട്രീയ തലത്തില്‍ സംഭവിച്ച അടിയന്തരാവസ്ഥ എന്ന ഇരുണ്ട ഇടവേള. മറ്റൊന്ന് 1990കള്‍ മുതല്‍ ഇന്ത്യ പിന്തുടരുന്ന നവസാമ്പത്തിക ക്രമവും അതിനെത്തുടര്‍ന്നുള്ള ഉദാരവത്കരണവും ആഗോള വത്കരണവും മറ്റും.

ആദ്യത്തെ സന്ദര്‍ഭം മാധ്യമവും ഭരണകൂടവും തമ്മലുള്ള ബന്ധത്തെ പുനര്‍വിചാരണയ്ക്ക് വിധേയമാക്കിയ ഒന്നായിരുന്നുവെങ്കില്‍, രണ്ടാമത്തേത് മാധ്യമലോകവും ആഗോള മൂലധനവുമായുള്ള ബന്ധത്തെ മാറ്റിയെഴുതിയ ഒന്നായിരുന്നു. ഭരണകൂടവുമായുള്ള ആദ്യത്തെ മുഖാമുഖം ഇന്ത്യന്‍ മാധ്യമചരിത്രത്തില്‍ തന്നെ നിര്‍ണായകമായ സ്വാധീനം ചെലുത്തിയ ഒന്നാണ്. – ഏകാധിപത്യഭീകരതയുമായുള്ള ആ ഉരസല്‍ നമ്മുടെ പത്രപ്രവര്‍ത്തനത്തിന്റെ കെട്ടിലും മട്ടിലും സമീപനത്തിലും എല്ലാം മാറ്റങ്ങള്‍ കൊണ്ടുവന്നു. പുതിയ പ്രയോഗങ്ങള്‍ക്കും രീതികള്‍ക്കും തുടക്കം കുറിച്ചു. രണ്ടാമത്തെ മാറ്റം സാമ്പത്തിക ക്രമത്തിലും സാങ്കേതിക വിദ്യയിലുമാണ് സംഭവിച്ചത്. അതുവരെ നമ്മളനുഭവിക്കാത്ത തോതിലും തീഷ്ണതയിലും ദൃശ്യമാധ്യമങ്ങള്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്ന ഒരു മുഹൂര്‍ത്തമാണിത്. ഡിജിറ്റല്‍/നവമാധ്യമ സാങ്കേതികത അതിന് വലിയ രീതിയില്‍ ആക്കം കൂട്ടുകയും ചെയ്തു. അതില്‍ ഏറ്റവും മുഖ്യമായത് ടെലിവിഷന്റെ കടന്നുവരവായിരുന്നു.

ടെലിവിഷന്‍ ലോകമെമ്പാടും തന്നെ രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും ആഴത്തില്‍ സ്വാധീനിച്ച മാധ്യമാണ്. പ്രത്യേകിച്ച് 24 മണിക്കൂര്‍ തത്സമയ വാര്‍ത്താചാനലുകളുടെ പ്രവേശത്തെത്തുടര്‍ന്ന്. ഇത് കേരളത്തെപ്പോലെ ഇത്രയേറെ ക്രമീകരിക്കപ്പെട്ട ടെലിവിഷന്‍ വ്യാപനം ഇത്രയും അധികമുള്ള ഒരു പ്രദേശത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. ടെലിവിഷനുള്ള വീടുകളുടെ എണ്ണത്തില്‍ കേരളം (69ശതമാനം) ദേശീയ ശരാശരിയേക്കാള്‍ (51 ശതമാനം) വളരെ മുന്നിലാണ്. ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് കേരളത്തേക്കാളധികം ടെലിവിഷന്‍ വ്യാപനം നടത്തിയത്. ഇത്തരമൊരു സാഹചര്യത്തില്‍ രാഷ്ട്രീയത്തെയും പൊതു അജന്‍ഡകളെയും പൊതുജനാഭിപ്രായങ്ങളെയും രൂപീകരിക്കുന്ന കാര്യത്തില്‍ ടെലിവിഷനുള്ള പങ്ക് വളരെ നിര്‍ണായകമാണ്. ടെലിവിഷന്‍ അതുവരെ സമാന്തരമായി നിലനിന്നിരുന്ന മറ്റെല്ലാ പൊതുമണ്ഡല വ്യവഹാരങ്ങളെയും കീഴടക്കിയതോടെ യാഥാര്‍ഥ്യത്തിനു തന്നെ പകരമാകുന്ന ഒരവസ്ഥ നിലവില്‍ വന്നിരിക്കുന്നു.

പണ്ട് യാഥാര്‍ഥ്യത്തിനു മേല്‍ പത്രങ്ങള്‍ക്കുണ്ടായിരുന്ന ആധികാരികത ഇന്നു ടെലിവിഷനാണുള്ളത്. അതുകൊണ്ടു തന്നെ ടെലിവിഷനു അനുയോജ്യമായ രീതിയില്‍ പൊതുപ്രവര്‍ത്തകര്‍ തങ്ങളുടെ രൂപവും ഭാവവും സംസാരവും ശരീരഭാഷയും വികസിപ്പിച്ചെടുക്കുന്നു. അങ്ങനെ പൊതുപരിപാടികളെല്ലാം തന്നെ ടെലിവിഷനെ അഭിസംബോധന ചെയ്തുകൊണ്ട് സംവിധാനം ചെയ്യപ്പെട്ടതായി തീരുന്നു. ഇതിന്റെയൊക്കെ ഫലമായി ടെലിവിഷനു പറ്റിയ വിഷയങ്ങള്‍ മാത്രമേ പ്രതിപാദിക്കപ്പെടുന്നുള്ളൂ എന്നതാണ് സത്യം. അല്ലെങ്കില്‍ ഏതൊരു വാര്‍ത്തയെയും ആ ഒരു ചട്ടക്കൂടിലേക്ക് ഒതുക്കി നിര്‍ത്തുന്നു. ടെലിവിഷന്റെ ശൈലിക്കും രീതിക്കും ഇണങ്ങാത്ത ആരെയും എന്തിനെയും അത് എത്ര പ്രാധാന്യമര്‍ഹിക്കുന്നതാണെങ്കിലും അവഗണിക്കപ്പെടുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ ഉയര്‍ന്നുവരുന്ന ചോദ്യം നമ്മുടെ മാധ്യമങ്ങള്‍ ആരെയാണ് യഥാര്‍ഥത്തില്‍ അഭിസംബോധന ചെയ്യുന്നത് എന്നതാണ്. ഇത്തരം അഭിസംബോധനയിലൂടെ മാധ്യമങ്ങള്‍ ഭാവന ചെയ്യുന്ന/ നിര്‍മിച്ചെടുക്കുന്ന ‘പൊതുജനം’ ആരാണ്. അവ ഉയര്‍ത്തിപ്പിടിക്കുന്ന പൊതുജനതാത്പര്യം എന്താണ്. ഭരണകൂടവും ആഗോളമൂലധനവും തമ്മിലുള്ള കൈകോര്‍ക്കലില്‍ നിന്നുദയം ചെയ്ത സമവായത്തിന്റേതായ ഒരു സമഗ്രാധിപത്യത്തില്‍ രാഷ്ട്രീയ പുരോഗതി, വികസനം, ലൈംഗികത, ദേശഭക്തി, ദേശദ്രോഹം തുടങ്ങിയ പലതിനെയും കുറിച്ചുള്ള മുന്‍വിധികളെ നമ്മുടെ മാധ്യമങ്ങള്‍ ‘പൊതുബോധ’മാക്കി മാറ്റിയെടുക്കുന്നു.

ഏതു പൊതു മണ്ഡലത്തിലും അതിന്റെ രൂപഭാവങ്ങളെയും സ്വാതന്ത്ര്യാസ്വാതന്ത്ര്യങ്ങളെയും സ്വാധീനിക്കുന്ന മൂന്നു നിര്‍ണായക ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്ന്. ഭരണകൂടം, രണ്ട്. മൂലധനശക്തികള്‍ മൂന്ന്. മാധ്യമങ്ങള്‍. ഇവ തമ്മിലുള്ള പാരസ്പര്യവും അതിന്റെ സ്വഭാവവും ആ സമൂഹത്തിന്റെ ജനാധിപത്യ ഉള്ളടക്കത്തെയും ഉള്‍ക്കരുത്തിനെയും പ്രയോഗങ്ങളെയും നിര്‍ണയിക്കുന്നു.

മാധ്യമങ്ങളുടെ അവകാശ വാദം അവ സിവില്‍ സമൂഹത്തിന്റെ സ്വരമായി പ്രവര്‍ത്തിക്കുന്നുവെന്നാണ്- തങ്ങള്‍ സിവില്‍ സമൂഹത്തിന്റെ ആശങ്കകള്‍ക്കും പ്രതീക്ഷകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ശബ്ദം കൊടുക്കുകയും ഭരണകൂടത്തിനും മൂലധനത്തിനും എതിരേ സമൂഹത്തിന്റെ കാവല്‍ നായയായി വര്‍ത്തിക്കുന്നുവെന്നുമാണ് അവരുടെ മതം.

എന്നാല്‍ കഴിഞ്ഞ ദശകത്തിലെ ഇന്ത്യന്‍ മാധ്യമ ചരിത്രം ഈ അവകാശ വാദം എത്രയോ പൊള്ളയാണെന്നു തെളിയിക്കുന്നു. റാഡിയ ടേപ്പുകള്‍ പോലുള്ള സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് മാധ്യമം എന്നത് ഭരണകൂടത്തിനും മൂലധനത്തിനും ഇടയിലെ പിണിയാളോ അവര്‍ തമ്മിലുള്ള ഇടപാടുകളില്‍ ഇടനിലക്കാരനായി പങ്കുപറ്റുന്നവരോ ആണ് എന്നതാണ്. ഈ അവസ്ഥയില്‍ നമ്മുടെ സിവില്‍ സമൂഹം എന്നത് പ്രാതിനിധ്യം നഷ്ടപ്പെട്ട അഥവ അസാധ്യമായ ഒന്നായി മാറിയിരിക്കുന്നു. ഇത്തരമൊരവസ്ഥയില്‍ മാധ്യമങ്ങളെക്കുറിച്ചുള്ള നവോന്ഥാന സങ്കല്‍പ്പങ്ങള്‍ – സിവില്‍ സമൂഹത്തിന്റെ വക്താവ് , ഭരണകൂടത്തോടും മൂലധനത്തോടും സമൂഹത്തിന്റെ സ്വരമായി തിരിച്ചു സംസാരിക്കുന്ന ഒന്ന് തുടങ്ങിയവ- ഇന്നു തിരുത്തേണ്ടിയിരിക്കുന്നു.

അതുകൊണ്ടു തന്നെ ഇന്നു സമാന്തര/ ഇടതുപക്ഷ മാധ്യമങ്ങള്‍ നേരിടുന്ന ഏറ്റവും നിര്‍ണായകമായ വെല്ലുവിളി എങ്ങനെ കേരളത്തെ ഒരു ‘ രാഷ്ട്രീയ സമൂഹമെന്ന’ അവസ്ഥയില്‍ നിന്ന് ഒരു ‘സിവില്‍ സമൂഹ’മായി മാറ്റാനുള്ള ത്വരകമായി പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ കാലഹരണപ്പെട്ടു എന്നു കരുതപ്പെടുന്ന പബ്ലിക് ബ്രോഡ്കാസ്റ്റിങ് എന്ന സ്ഥാപനത്തിന്റെ സമകാലിക പ്രസക്തിയെക്കുറിച്ച് പുനരാലോചിക്കേണ്ടതായുണ്ട്. തികച്ചും മൂലധന/വിപണി താല്‍പര്യങ്ങളില്‍ നിര്‍ണയിക്കപ്പെടുന്ന മാധ്യമവ്യവസ്ഥ എത്രകണ്ട് സിവില്‍ സമൂഹത്തിന്റെ ജൈവീകമായ നിലനില്‍പ്പിനടിസ്ഥാനമായ സ്വാതന്ത്രവും തുറന്നതുമായ പൊതുമണ്ഡലത്തെ സംരക്ഷിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് നിര്‍ണായകമാണ്. അവയ്ക്ക് ഇന്നുള്ള സ്വാതന്ത്ര്യങ്ങളെ വികസിപ്പിച്ചുകൊണ്ട് ആ മണ്ഡലത്തെ സമൂഹികവത്കരിക്കുകയും സാമൂഹിക പ്രസക്തിയുള്ള പ്രയോഗ രീതികള്‍ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. മുമ്പ് നിലനിന്നിരുന്നതു പോലെ സര്‍ക്കാര്‍ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള ഒരു മാധ്യമ വ്യവസ്ഥ ഇന്ന് അഭിലഷണീയമല്ല. അതിന്റെ തന്നെ മറുവശമാണ് മൂലധനവും വിപണിയും മാത്രം നിയന്ത്രിക്കുന്ന മുതലാളിത്ത മാധ്യമവ്യവസ്ഥയും. ഇന്നത്തെ വെല്ലുവിളി നവമാധ്യമങ്ങള്‍ തുറന്നിടുന്ന സാധ്യതകള്‍ ഉപയോഗിക്കുകയും ഒപ്പം അതിന്റെ ജനാധിപത്യപരവും നീതിപൂര്‍വകവുമായ പ്രയോഗ- പ്രകാശനങ്ങള്‍ എങ്ങനെ സാധ്യമാക്കാം എന്നതുമാണ്. പൗരസമൂഹത്തിന് വിവരങ്ങള്‍ എത്തിക്കുക എന്നതു മാത്രമല്ല, ആ വിവരങ്ങളുടെ ജനാധിപത്യപരതയും ബഹുസ്വരതയും നീതിയുക്തതയും എങ്ങനെ ഉറപ്പുവരുത്താം എന്നതു കൂടിയാണ്. ഇന്നത്തെ പൊതുമേഖലാ പ്രക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത്. .

1996ലെ പീക്കോക്ക് സമിതി എണ്ണിപ്പറയുന്ന പൊതുമേഖലാ സംപ്രേക്ഷണ മൂല്യങ്ങള്‍ പലതും ഭരണകൂടപരമാണെങ്കിലും ഇന്നത്തെ സാഹചര്യത്തിലും പ്രസക്തമാണ്.

*ഭൂമിശാസ്ത്രപരമായ സാര്‍വത്രികത- എല്ലാവര്‍ക്കും സേവനങ്ങള്‍ ഒരുപോലെ ലഭ്യമാകുന്ന അവസ്ഥ.

*എല്ലാത്തരം അഭിരുചികള്‍ക്കും താത്പര്യങ്ങള്‍ക്കും ഇടം നല്‍കല്‍.

*ന്യൂനപക്ഷ താത്പര്യ സംരക്ഷണം.

*ദേശീയമായ വ്യക്തിത്വത്തിനും സമൂഹത്തിനും മുന്‍തൂക്കം.

*ഭരണകൂടത്തിന്റെയും അല്ലാത്തതുമായ എല്ലാത്തരം നിക്ഷിപ്ത താത്പര്യങ്ങള്ില്‍ നിന്നുള്ള അകലം പാലിക്കല്‍.

*ഉപഭോക്താക്കളുടെ നേരിട്ടുള്ള നിക്ഷേപത്തിലൂടെ നടത്തപ്പെടുന്ന ഒരൊറ്റ ബ്രോഡ് കാസ്റ്റിങ് സംവിധാനം.

*എണ്ണത്തേക്കാള്‍ ഉള്ളടക്കത്തിന്റെ നിലവാരത്തിലുള്ള മത്സരം നടക്കുന്ന സാഹചര്യം

*നിയന്ത്രണത്തിനു പകരം നിര്‍മാതാക്കളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍.

തുറന്നതും ബഹുസ്വരതയെ അംഗീകരിക്കുന്നതും സംവാദാത്മകമായ മാധ്യമവ്യവഹാരങ്ങളും സ്ഥാപനങ്ങളും പ്രയോഗപ്രകാശനരീതികളും ആണ് ഇന്ന് ആവശ്യം . സുതാര്യവും പൊതുജനങ്ങളോട് ഉത്തരവാദിത്തമുള്ളതും ജനാധിപത്യ താത്പര്യങ്ങളില്‍ അധിഷ്ഠിതമായിരിക്കണമത്. ആഗോളീയമായ കാഴ്ചപ്പാടുകളും സാങ്കേതിക നിലവാരവും പുലര്‍ത്തുമ്പോഴും പ്രോദേശികമായ തന്റേടവും സമഗ്രതയും പുലര്‍ത്തുന്നതിലൂടെ മാത്രമേ ഇന്നത്തെ പബ്ലിക് ബ്രോഡ്കാസ്റ്റിങ് വ്യവസ്ഥയ്ക്ക് പുതിയ സാഹചര്യത്തില്‍ സ്വയം പുനര്‍നിര്‍വചിക്കുവാനും പുനര്‍നിര്‍മിക്കുവാനും കഴിയൂ..

Generated from archived content: essay1_nov6_13.html Author: cs_venkideswaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English