എങ്ങിനെ
എന്നെ തനിച്ചുപേക്ഷിക്കുവാൻ
തോന്നിയോ,,
താപാഗ്നി,
നിത്യമാം താപമാം തീയ്‌ക്കെന്നെ
നൽകിയോ…..
ഉള്ളിലെ
പരിഭവം കാണാതെ വാക്കിലെ
വിരഹവും….
പെണ്ണ് ഞാൻ…..
നന്മയും സഹനവും….
(ഇന്ന് നിൻ ബാധ്യത…)
ഉമ പണ്ട്
ഉത്തരാദ്രിയിലുഗ്ര തപസ്സാലെ…
(സീതയോ….!)
കലിയേ
നിയാമകം, യുഗസൂചി നിശ്ചലം
നിൽക്കയോ…..
എന്നിലെ
ദൗർഭാഗ്യമൊക്കെയും
നിന്നാലെ
എങ്കിലും
സ്‌നേഹിച്ചു രഘുരാമ നിന്നെ
ഞാനെപ്പൊഴും…
തീരാതെ
രാഘവാ,
ഇത് രാജനീതിയോ….
രഘുരാമ സ്വാർഥമോ?
അന്ന്
അശോകത്തറയ്‌ക്ക് മേൽ
നിസ്‌സഹായം…
ഇന്നോ,
ഈ കൊടുകാടിന്നു നടുവിൽ നിരാശയിൽ….
ആ മരച്ചാർത്തിന്നു നടുവിലെ
തേറ്റകൾ തീണ്ടുമോ….
ഈ വനക്കനിവാൽ
തപോകരം തഴുകുമോ?
നീ തന്നെ
നിന്നുള്ളു കുത്തിപ്പിളർന്നു
നിരാലംബ നിൻ പാതി….
ഇവിടെയീ
വനസീത ദുഃഖിത.. നീ രാജ്യ
തല്‌പരൻ…
കണ്ണിലെ
ചന്ദ്രകാന്തം പിളർന്നൊഴുകുന്നു
കന്‌മദം…
കാനന-
ക്കാകളികളായ് വന്നു വീശുന്നു
കാറ്റുകൾ…
വാസന്ത-
മെത്തിയോ പോയോ പടർന്നുവോ
പൗർണമി….!
ഋതുഭേദ-
മൊന്നുമറിയാതെ തപോവനത്തിൽ നിന്റെ
അർധനാരി…
ഇപ്പോഴും….
അർദ്ധ-
ബോധത്തിലവ്യക്തമായ് കാണാ-
മയോധ്യ…
ഒരുനാളു-
മനുഭവിക്കാൻ നിയതിയനുവദിക്കാത്തൊരെൻ
രാമരാജ്യം….!
Generated from archived content: poem2_oct23_10.html Author: cs_asaad