പഠിച്ചതും പഠിപ്പിക്കുന്നതും ഗണിതശാസ്‌ത്രമാണെങ്കിലും പലപ്പോഴും അമ്മയുടെ കണക്കുകൾ പിഴച്ചിട്ടുണ്ട്. അതോർത്ത് ഭയന്നും തളർന്നും ഉറങ്ങാതെ ഇത് മൂന്നാം രാത്രി. തളർച്ചയോടെ ഇമകളൊന്നടഞ്ഞുവെന്നിരിക്കട്ടെ. പൊടുന്നനെ അകകണ്ണിൽ വെളളിവെളിച്ചം പരക്കുകയായി, വെളിച്ചത്തിനൊടുവിൽ അതേദൃശ്യം തുടർന്നും കാണുകയാൽ, അമ്മ പിന്നെ കണ്ണുകളടച്ചില്ല.
കോൺക്രീറ്റ് അവശിഷ്‌ടങ്ങൾക്കു മുകളിൽ ഉയർന്നുകണ്ട കൈപ്പത്തി, നിലവിളിയുടെ അവസാനം സഹായം ലഭിക്കുമെന്ന ഉൾപ്രേരണയാൽ താനെ വിടർന്നതാകുമോ എന്ന് അമ്മ സംശയിച്ചിരുന്നു. വിരലുകൾ അകന്ന കൈപ്പത്തി, ടെലിവിഷനിൽ തെളിഞ്ഞു മറഞ്ഞപ്പോൾ, മോതിരവിരലിൽ കറുപ്പുതേച്ച മോതിരം കണക്കെ ഒരു മറുക് നീണ്ടുകിടന്നിരുന്നുവോ എന്ന് അമ്മക്ക് ഉത്‌കണ്‌ഠയായി. വെറുതെ തോന്നിയതാകുമെന്ന് ഉടനെ തിരുത്തിയെങ്കിലും വെളളിവാളൊന്നു നെഞ്ചിൽ ഉറങ്ങാതെ വളരുകയായിരുന്നു. പിന്നെ, കണ്ണടച്ചപ്പോഴൊക്കെയും, കറുത്ത മോതിരമറുകുളള കൈപ്പത്തിയുടെ ചിത്രമായിരുന്നു അമ്മയുടെ ഉറക്കം കെടുത്തിയത്.
പ്രസവശേഷം, ഉണ്ണിയെ തുണിയിൽ പൊതിഞ്ഞ് അമ്മക്ക് മുഖം കാട്ടി കൊടുക്കുമ്പോൾ, നരച്ചു തുടങ്ങിയ അറ്റൻഡർ ചെറുവിരലിലെ കറുത്ത മോതിരമറുക് കാട്ടി തന്നത് ഇന്നലെയെന്ന പോലെ അമ്മ ഓർക്കുന്നുണ്ട്. ഉണ്ണിയുടെ മുഖദർശനം പകർന്ന ഹർഷം, അറ്റൻഡറുടെ കുസൃതി പറച്ചിലുകളാൽ കൂടിയതേയുളളൂ.
അവരെ പിന്നെ കണ്ടിട്ടില്ല, ഉണ്ണിക്ക് തുണയായി മറ്റൊരാൾ പിറക്കാതിരുന്നതിനാൽ, അവരെ പിന്നെ കാണേണ്ടി വന്നിട്ടില്ല. എന്നിട്ടും അവരുടെ മുഖമോർക്കാൻ കഴിയുന്നുണ്ട്. കാലതാളുകളിൽ മിഴിവാർന്ന ചിത്രങ്ങൾ ഇനിയും എത്രയോ!
പൂങ്കുന്നം സ്‌റ്റേഷനിൽ അമ്മ മാത്രമേയുളളൂ. ഗാന്ധിധാം എക്‌സ്‌പ്രസിന് സ്‌റ്റോപ്പില്ലാത്തതു കൊണ്ടാകാം പൂങ്കുന്നത്തെ പ്‌ളാറ്റുഫോം വിജനമായിരുന്നു. രാത്രി ഏഴിനാണ് ട്രെയിൽ തൃശൂർ സ്‌റ്റേഷനിലെത്തുക. ദുരന്തത്തിനുശേഷം ആദ്യമായി കേരളത്തിലെത്തുന്ന ട്രെയിൻ, ഇന്നെത്ര വൈകുമെന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടില്ല. പന്ത്രണ്ടെങ്കിലും കഴിയുമെന്നാണ് എൻക്വയറി നമ്പറിൽ നിന്നും അറിഞ്ഞത്. പൂങ്കുന്നത്തിനും തൃശൂരിനുമിടയിൽ വെറും പത്തു മിനിറ്റ് യാത്രയേ വേണ്ടൂ.
പന്ത്രണ്ടിനു മുമ്പുതന്നെ അമ്മ പൂങ്കുന്നം സ്‌റ്റേഷനിലെത്തിയിരുന്നു. പകൽ സമയങ്ങളിൽ പോലും തിലക്കില്ലാത്ത സ്‌റ്റേഷൻ, പാതിരാവിൽ ഉറങ്ങി കഴിഞ്ഞിരുന്നു. എന്നിട്ടും അമ്മയുടെ കണ്ണുകളടഞ്ഞില്ല.
ഉണ്ണി അങ്ങനെയാണ് അമ്മക്കെഴുതിയിരുന്നത്. റെയിൽവേ സ്‌റ്റേഷനിൽ വരണമെന്ന് നിർബന്ധമാണെങ്കിൽ, ആരെയെങ്കിലും കൂട്ടി അമ്മ പൂങ്കുന്നത്ത് വരിക, ഞാനുണ്ടെങ്കിൽ ഗാന്ധിധാം എക്‌സ്‌പ്രസ് അന്ന് പൂങ്കുന്നത്ത് നിറുത്തിയിരിക്കും!
അതെങ്ങനെ സംഭവിക്കുമെന്ന് അമ്മക്കറിഞ്ഞുകൂടാ. ഉണ്ണി പറഞ്ഞിട്ടല്ലേ എന്നാശ്വസിച്ചും കൊണ്ട് എക്‌സ്‌പ്രസ് വരുന്നതും പ്രതീക്ഷിച്ച് അവരിരുന്നു.
ധോൽകയിൽ നിന്നും ഗാന്ധിധാമിൽ എത്തിയാണ് ട്രെയിൻ കയറുകയെന്ന് ഉണ്ണി എഴുതിയിരുന്നു. ദുരന്തമുണ്ടാകുന്നതിനു മുൻപെഴുതിയ കത്തിൽ, ട്രെയിൻ പുറപ്പെടുന്ന സമയം കുറിച്ചിട്ടില്ല. ഭൂമി വിറച്ച് വിണ്ടുണ്ടായ ചാലുകളിൽ കോൺക്രീറ്റ് സൗധങ്ങൾ തകർന്നടിയുന്നതിനു മുൻപുതന്നെ എക്‌സ്‌പ്രസ് ട്രെയിൻ ഗാന്ധിധാം വിട്ടിരിക്കണമെന്ന് അമ്മ എങ്ങനെയോ കണക്കുകൾ മെനഞ്ഞു. അമ്മയുടെ ചിന്തകളും കണക്കുകളും അറ്റമില്ലാത്ത റെയിൽപാളം കണക്കെ നീണ്ടങ്ങനെ പോയി.
രാത്രിയാണെന്നും ലോകം ഉറങ്ങുകയാണെന്നും അമ്മക്ക് വിചാരമേ ഇല്ലായിരുന്നു. രണ്ട് സമാന്തര പാളങ്ങളിൽ നിരയായി ചക്രങ്ങൾ എവിടെയോ ഉരുളുന്നുണ്ടെന്നും പൂങ്കന്നത്തെ പ്‌ളാറ്റ്‌ഫോമിലേക്ക് അതോടിയടുക്കുകയാണെന്നും പെട്ടെന്നൊരു ഭയം അവരിലുണ്ടായി, വിരലുകൾ വിടർന്ന് യാചിക്കുന്ന ഒരു കൈപ്പത്തി……. കറുത്തമോതിര മറുകിന്റെ അസാധാരണ തിളക്കം.
വർദ്ധിച്ച ഭയത്തോടെ, സഹായത്തിനെന്നവണ്ണം അമ്മ ചുറ്റിനും നോക്കി. അമ്മയുടെ കാത്തിരിപ്പ് വെറുതെയാണെന്നും, ഗാന്ധിധാം എക്‌സ്‌പ്രസിന് പൂങ്കുന്നത്ത് സ്‌റ്റോപ്പില്ലെന്നും അറിയിച്ച സ്‌റ്റേഷൻ ഓഫീസിലെ ചെറുപ്പക്കാരനെയും ഇപ്പോൾ കാണാനില്ല.
അമ്മയെ എങ്ങനെ സാന്ത്വനപ്പെടുത്തുമെന്നറിയാതെ പ്‌ളാറ്റുഫോമിൽ ചിതറിക്കിടക്കുകയായിരുന്ന വെളിച്ചത്തിന്റെ മുഖം വിളറി. പാളങ്ങൾക്കെതിർവശത്ത് ഇരുട്ടിന്റെ മറയാണ്. ഇരുട്ടിലിരിക്കുന്നതാണ് കൂടുതൽ ആശ്വാസമെന്ന് അപ്പോൾ അമ്മക്ക് തോന്നി. എന്നാൽ, പാളമിറങ്ങി കയറുന്നതിന് താൻ അശക്‌തയാണെന്ന തിരിച്ചറിവും ഗാന്ധിധാം എക്‌സ്‌പ്രസ് പൂങ്കന്നത്തു വന്നേ പോകുവെന്ന വിശ്വാസവും ഓടിയൊളിക്കുന്നതിൽനിന്നും അവർക്ക് തടയായി.
തണുത്തകാറ്റടിക്കുന്നുണ്ട്, മഞ്ഞു വീഴ്‌ചയും കൂടുതലാണ്. സ്‌റ്റേഷനടുത്തുതന്നെയുളള വീട്ടിൽ നിന്നും, ആരോടും പറയാതെ, മകനെ സ്വീകരിക്കുന്നതിന്, രാത്രിയിൽ ഇറങ്ങി നടന്നപ്പോൾ ഒരു കമ്പിളിയെടുക്കാനും മറന്നുപോയിരുന്നു അവർ. മകനിന്നു രാത്രി ഉറങ്ങുവാൻ സാധിക്കുമോ എന്നവർ ആലോചിച്ചു. അവനിന്ന് ഉറങ്ങില്ല. ഉറങ്ങാൻ കഴിയില്ല- എന്നവർ അനുമാനിക്കുകയും ചെയ്‌തു. ഗാന്ധിധാം എക്‌സ്‌പ്രസിന്റെ ഏതോ ബോഗിയിൽ അവനിപ്പോൾ വെറുതെ കിടക്കുകയായിരിക്കും. പുതക്കുന്നതിന് അവനും കമ്പിളി കരുതിയിരിക്കില്ലേ എന്നുമവർ ഉദ്വേഗം പൂണ്ടു.
ചെറിയ മാജിക്കുകൾ കാട്ടി അമ്മയെ അമ്പരപ്പിക്കാറുളള ഉണ്ണി, പൂങ്കുന്നം സ്‌റ്റേഷനിൽ ട്രെയിൻ നിറുത്തിച്ച്, ഒരു മജീഷ്യനെ പോലെ മാന്ത്രികദണ്ഡും കിരീടവുമായി ഇറങ്ങിവരുന്നതു മനക്കണ്ണിൽ കണ്ടിരിക്കവേ, വർദ്ധിച്ച വേഗത്തിൽ ഒരു ട്രെയിൻ അമ്മയുടെ മുന്നിലെ പാളത്തിലൂടെ ഇരച്ചുപാഞ്ഞു. ട്രെയിൻ പോയശേഷവും അമ്മ ഗാന്ധിധാം എക്‌സ്‌പ്രസിനു വേണ്ടി തന്നെ കാത്തിരുന്നു.
Generated from archived content: gandhidhamexpress.html Author: crrajan
Click this button or press Ctrl+G to toggle between Malayalam and English