ദൈവം സാക്ഷി

“ദൈവം സാക്ഷിയായി

കോടതി മുമ്പാകെ ബോധിപ്പിക്കുന്നതത്രയും

സത്യമാകുന്നു;

സത്യം മാത്രമാകുന്നു.”

നിർവ്വികാരനായി പ്രതികൂട്ടിൽനിന്ന അവനെ നോക്കാതെ, സാക്ഷികൾ പലപ്പോഴായി പ്രതിജ്ഞയെടുത്ത്‌ മൊഴി നൽകി. ബോധിപ്പിച്ചതത്രയും അസത്യമാകുന്നു. അസത്യം മാത്രമാകുന്നുവെന്ന യാഥാർത്ഥ്യത്തോടു പ്രതികരിക്കാനാകാതെ, ഇരുമ്പഴികളുളള മരക്കൂട്ടിൽ പോലീസ്‌ നിരീക്ഷണത്തിൽ അവൻ നിന്നു; പ്രമാദമായ ഒരു കൊലക്കേസിലെ പ്രതിയായി അവൻ.

നീണ്ട വിചാരണക്കൊടുവിൽ ആ ദിവസവും വന്നെത്തി. മഴ തുടങ്ങും മുൻപുതന്നെ കോടതിമുറി ജനനിബിഢമായി കഴിഞ്ഞിരുന്നു. പത്തിലേക്ക്‌ മാറ്റിവെക്കപ്പെട്ട കേസുകൾ ഒന്നൊന്നായി വിളിച്ചൊഴിയുന്നതും കാത്തുനിൽക്കെ, വിവിധ തരക്കാരെങ്കിലും, അധികം പേരുടെയും അകമേ, അവന്റെ വിധികേൾക്കുന്നതിനുളള ആകാംക്ഷ നുരഞ്ഞുപതയുകയായിരുന്നു.

ഒടുവിൽ പ്രതിക്കൂട്ടിൽ അവൻ വന്നുനിന്നു. വിചാരണ കാലത്തെ ജയിൽവാസം സമ്മാനിച്ച അവശതകളുമായി … അവന്റെ ഒരു കണ്ണുമാത്രം അപ്പോഴും തിളക്കമാർന്നതായിരുന്നു. പ്രക്ഷുബ്ധമെങ്കിലും പുറമെ ശാന്തമായ സാഗരത്തിലേക്കിറങ്ങുന്ന സായന്തന സൂര്യനെപോലെ, ഏറെ ചുവന്നതായിരുന്നു, അവൻ മറയ്‌ക്കുവാൻ ശ്രമിച്ചിരുന്ന ഇടതുകണ്ണ്‌. കസ്‌റ്റഡിയിലിരിക്കെ, പോലീസ്‌ ഞെക്കി ചുവപ്പിച്ച ആ കണ്ണവൻ കഴിയുന്നതും തുറക്കാതിരിക്കുവാൻ ശ്രദ്ധിച്ചിരുന്നു.

വിധിപറയുംമുൻപ്‌, നീതിപീഠം അവനെ ഒന്നുഴിഞ്ഞു നോക്കാതിരുന്നില്ല. ‘ഇവനിൽ&ഇവളിൽ ഞാനൊരു കുറ്റവും കാണുന്നില്ല’ എന്ന്‌ വിളിച്ചു പറയുവാൻ, ഓരോ വിധിയെഴുതുമ്പോഴും ആഗ്രഹിച്ചുപോകുന്ന ന്യായാധിപൻ, ന്യായവിശകലനത്തിനൊടുവിൽ, നിയമപുസ്‌തകം കമ്പിയഴികളിട്ട വിധി പറയുവാൻ സ്വയം പ്രാപ്‌തനാകുകയാണ്‌. എഴുതിവെച്ച വരികൾ കോടതി വായിച്ചു.

“ഇന്ത്യൻ ശിക്ഷാനിയമം 307 (വധിക്കണമെന്ന ഉദ്ദേശ്യത്തോടെയുളള മർദ്ദനം), 302 (കൊലപാതകം) എന്നീ വകുപ്പുകൾ പ്രകാരം പ്രതി കുറ്റം ചെയ്‌തിട്ടുണ്ടെന്ന്‌ ഈ കോടതിയ്‌ക്ക്‌ ബോധ്യം വന്നിരിക്കുന്നു. പ്രതി അർഹിക്കുന്ന ശിക്ഷ വിധിക്കുന്നതിന്‌ കോടതി ബാധ്യസ്ഥനാണ്‌. വിധിപറയും മുൻപ്‌, മാനുഷിക പരിഗണനവെച്ച്‌, കൂടുതൽ എന്തെങ്കിലും അറിയിക്കുന്നതിന്‌ പ്രതി ആഗ്രഹിക്കുന്നുണ്ടോ എന്ന്‌ ഈ കോടതി ചോദിക്കുന്നു.”

കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയതും വരാനിരിക്കുന്ന ശിക്ഷയുടെ കാഠിന്യവുമൊന്നും പ്രതിക്കൂടിനെ സജീവമാക്കിയില്ല. അവന്റെ ഇടതുകണ്ണിലെ ചുവന്നസൂര്യൻ തെല്ലിട മറനീക്കി പുറത്തുവന്നതും വലതുകണ്ണിൽ നിലാവ്‌ സ്വച്ഛത പടർത്തിയതും നീതിപീഠം ശ്രദ്ധിച്ചു.

“ചോദ്യം മനസ്സിലായില്ലേ?” എന്നു കോടതി വീണ്ടും ചോദിച്ചു.

“മനസ്സിലായി” എന്ന ഉത്തരം ഉറച്ചതും വ്യക്തവുമായിരുന്നു.

പ്രതി, പിന്നെ കറുത്ത കോട്ടിട്ടവരുടെ മുഖങ്ങളിൽ പരതി. ശ്രാദ്ധമൂട്ടിനു പറന്നെത്തിയ കാക്കകളെപ്പോലെ അവരെല്ലാം മുഖങ്ങൾ മിനുക്കുകയോ കൂർപ്പിക്കുകയോ ചെയ്യുന്നു. അവർക്കിടയിൽ അവൾ… സോന രാഘവൻ… ഒരേ മുഖമുളളവർക്കിടയിൽപോലും അവളെ കണ്ടെത്തുവാൻ അവന്‌ കഴിയും. കറുത്ത കോട്ടിട്ടവർക്കിടയിൽ, പക്ഷേ അവളുണ്ടായിരുന്നില്ല. വക്കീലന്മാരുടെ മുൻനിരയിൽ ഒരറ്റത്ത്‌ ആരെയും ശ്രദ്ധിക്കാതെ, എന്നാൽ എല്ലാം ശ്രദ്ധിച്ചുംകൊണ്ട്‌, പബ്ലിക്‌ പ്രോസിക്യൂട്ടർ അക്ഷമ പ്രകടിപ്പിക്കാതെ ഇരിക്കുന്നുണ്ട്‌. തൊട്ടുപുറകിലെ വരിയിലിരിക്കുന്ന പ്രതിഭാഗം സീനിയർ വക്കീൽ, വല്ലായ്‌മ മറയ്‌ക്കുവാൻ ആഗ്രഹിച്ചുകൊണ്ട്‌ കർച്ചീഫെടുത്ത്‌ വെറുതെ മുഖം തുടയ്‌ക്കുന്നു. അയാൾക്ക്‌ അവന്റെ കണ്ണുകളെ നേരിടുവാൻ ആകുന്നില്ല.

വക്കീൽ ഗുമസ്തനും സീനിയറിന്റെ വിശ്വസ്തനുമായ തിമോത്തിയിൽ പ്രതിയുടെ കണ്ണുകൾ ചെന്നു തറഞ്ഞു. തിമോത്തി ഏറെ അസ്വസ്ഥനാകുന്നതുകണ്ട്‌ അവൻ സഹതപിച്ചു. തിമോത്തിയുടെ കൈയിലെ കേസ്‌ഫയലുകളിലൊന്നിൽ അവനുണ്ട്‌. അവശതകൾക്കിടയിലും ഇനിയും തളർന്നിട്ടില്ലാത്ത അവൻ.. വിധി വായിക്കപ്പെടുന്നതോടെ അവന്റെ കേസ്‌ ഫയലിൽ തിമോത്തി ചുവന്ന അക്ഷരങ്ങൾ വരക്കും. ഏറെ പ്രതികൂലമായി പോയ ഒരു വിധിയുടെ ചിഹ്നം.

അക്ഷമയോടെ നീതിപീഠം വീണ്ടും ചോദിച്ചു. “കൂടുതലെന്തെങ്കിലും പ്രതിക്ക്‌ പറയുവാനുണ്ടോ?”

“ഉണ്ട്‌.” അവനിൽ നിന്നും ഉറച്ച മറുപടി പുറത്തുവന്നു.

“ഈ കേസിന്‌ ഉപോൽബലകമായ ചില സത്യങ്ങൾ വെളിപ്പെടുത്തുവാനുണ്ട്‌.” അവൻ പറഞ്ഞു.

അതുകേൾക്കുവാൻ പാകത്തിൽ കോടതി പ്രതിയിലേക്കുതന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. അവൻ തുടർന്നു.

“കുറ്റക്കാരനെന്ന്‌ അങ്ങ്‌ കണ്ടെത്തിയതിനോട്‌ എനിക്ക്‌ യോജിക്കാനാകും. പക്ഷേ, അതിന്‌ വെളിപ്പെടുത്തപ്പെട്ട കാരണങ്ങൾ അസത്യങ്ങളാണ്‌. കെട്ടുകഥകളാണ്‌. ശിക്ഷയേൽക്കും മുൻപ്‌, ഈ കുറ്റകൃത്യത്തിലേക്കു നയിച്ച യഥാർത്ഥ കാരണങ്ങൾ വെളിപ്പെടുത്തുവാൻ അങ്ങെന്നെ അനുവദിക്കണം.”

ഈ ഘട്ടത്തിൽ പബ്ലിക്‌ പ്രോസിക്യൂട്ടർ ഇടപ്പെട്ടു. വിചാരണ പൂർത്തിയാക്കിയ കേസിൽ വിധിക്കുമുൻപ്‌ ഒരു കഥപറച്ചിൽ അനുവദിക്കരുതെന്ന്‌ വാദിച്ചു.

യഥാർത്ഥ കഥയറിയാവുന്നതുകൊണ്ടാണ്‌ പ്രോസിക്യൂട്ടർ ഇതിനെ എതിർക്കുന്നതെന്നായി മറുപക്ഷം. കോടതി പ്രതിയിലേക്കു വീണ്ടും തിരിഞ്ഞു.

“വിചാരണ വേളയിൽ എന്തുകൊണ്ടാണ്‌ താങ്കൾ ഈ വാദങ്ങൾ ഉന്നയിക്കാതിരുന്നത്‌?” കോടതി ചോദിച്ചു.

പ്രതികൂട്ടിലെ ചെറുപ്പക്കാരൻ, ഒരു കണ്ണടച്ചും കൊണ്ട്‌ വെളുക്കെ ചിരിച്ചു.

“വിചാരണ വേളയിൽ പ്രതിയുടെ മനസ്സ്‌ ഒരിക്കലും തുറക്കപ്പെടുന്നില്ലല്ലോ.” അവൻ പറഞ്ഞു.

“ഉണ്ട്‌ അല്ലെങ്കിൽ ഇല്ല എന്നുമാത്രം പറയുവാൻ ആവശ്യപ്പെടുന്ന വാദിഭാഗവും നിയമപുസ്‌തകത്തിലെ പഴുതുകൾക്കിണങ്ങുന്ന ന്യായം കണ്ടെത്തുന്ന പ്രതിഭാഗം വക്കീലുമാണ്‌ ഈ ഘട്ടത്തിലെ മുൻനിര കളിക്കാർ. വക്കീൽ പറഞ്ഞു പഠിപ്പിക്കുന്നത്‌ ഏറ്റുപറയുന്ന ചുമതലയാണ്‌ ഈ ഘട്ടത്തിൽ ഓരോ പ്രതിയും ചെയ്യുന്നത്‌. എന്നിട്ടും അങ്ങെന്നെ കുറ്റക്കാരനെന്ന്‌ കണ്ടെത്തി. അതു സത്യത്തിന്റെ മുഖമാണ്‌. നുണ കഥകളുടെ എത്രയോ മറകൾ തട്ടിനീക്കി അങ്ങെത്തി ചേർന്ന സത്യദൃശ്യം. പക്ഷേ, ഇവിടെ വെളിപ്പെടുത്തപ്പെട്ട കാരണങ്ങളല്ല ആ കൃത്യത്തിനുശേഷം പ്രേരകമായി തീർന്നത്‌. അതു വെളിപ്പെടുത്തുവാൻ അങ്ങെന്നെ അനുവദിക്കണം.”

പ്രോസിക്യൂട്ടർ വീണ്ടും ഇടപ്പെട്ടു. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിനും അനുകമ്പ നേടിയെടുക്കുന്നതിനുമുളള പ്രതിഭാഗത്തിന്റെ ആസൂത്രിതനീക്കം എന്നാണയാൾ കോടതിക്കുമുമ്പിൽ തടസ്സമുന്നയിച്ചത്‌. ഇത്‌ അനുവദിക്കരുത്‌.

പ്രതി കുറ്റം സമ്മതിച്ചു കഴിഞ്ഞ സ്ഥിതിക്ക്‌, അവസാനമായി അയാൾക്ക്‌ പറയുവാൻ ഒരവസരം നൽകണമെന്ന്‌ പ്രതിഭാഗവും വാദിച്ചു. ശങ്കയുടെ മൗനത്തിലേക്ക്‌ ഒരു നിമിഷം കോടതി ആണ്ടുപോയി. ‘എനിക്ക്‌ പ്രായമായ അച്ഛനുണ്ട്‌. അമ്മയുണ്ട്‌. ബുദ്ധിമാന്ദ്യമുളള മകനുണ്ട്‌. ശിക്ഷയിൽ ഇളവു നൽകണം.’ എന്നിങ്ങനെയുളള പതിവു യാചനകൾ ഏറെ കേട്ടിട്ടുളള ന്യായാസനത്തിന്‌, ഒരു തീരുമാനമെടുക്കുന്നതിന്‌ പ്രയാസമനുഭവപ്പെട്ടു.

വിചാരണവേളയിൽ വെളിപ്പെടുത്തപ്പെട്ടതെല്ലാം അസത്യങ്ങളാണെന്നും സത്യം പറയുന്നതിന്‌ അനുവദിക്കണമെന്നുമുളള അപേക്ഷ, വിചാരണക്കൊടുവിൽ സ്വീകരിക്കുന്നതെങ്ങനെയാണ്‌? പ്രതി കുറ്റം ഏറ്റു കഴിഞ്ഞതാണ്‌. ആ നിലക്ക്‌ അവസാനമായി ഒരവസരം നൽകാതിരിക്കുന്നതും അവകാശ നിഷേധമാകില്ലേ?

ഞാൻ കുറ്റക്കാരൻ, സമ്മതിച്ചു. ഏതു ശിക്ഷയും ഏറ്റുവാങ്ങുന്നതിനും തയ്യാർ. പക്ഷേ, കോടതി കേട്ടതല്ല സത്യങ്ങൾ. സംഭവിച്ചതുകൂടി കോടതി അറിയണം. ഇതാണാവശ്യം. എന്തുചെയ്യും? കേൾക്കേണമോ…?

വിധി പറയുംമുൻപ്‌ പ്രതിയുടെ ആവശ്യത്തിൽ തീരുമാനമെടുക്കുന്നതിന്‌ കൂടുതൽ സമയം ആവശ്യമുളളതിനാൽ കേസ്‌ നീട്ടിവെക്കുന്നതിന്‌ കോടതി ഉത്തരവായി. ഇനി ഡിസംബർ 14ന്‌.

* * * * * * * * * * * * * * * * * *

ബാർ അസോസിയേഷൻ ഹാളിലെ പ്രമുഖ ചർച്ചാവിഷയം അന്ന്‌ ഇതായിരുന്നു. വിചാരണക്കുശേഷം, വിചാരണവേളയിൽ വെളിപ്പെടുത്തപ്പെട്ടവർക്കു വിരുദ്ധമായി ഒരു കഥ പറയുന്നതിന്‌ പ്രതിയെ അനുവദിക്കാമോ എന്നത്‌ ചൂടുറ്റ വാഗ്വാദങ്ങൾക്ക്‌ വിഷയമായി. തീരുമാനമെടുക്കേണ്ടത്‌ കോടതിയാണെങ്കിലും, പ്രസ്‌തുത വിഷയത്തിൽ നിയമത്തിന്റെ നൂലിഴകൾ ചികയുന്നതിലും അമെൻഡ്‌മെന്റ്‌സ്‌ അവതരിപ്പിക്കുന്നതിലും പലരും മത്സരിച്ചു. പ്രതിക്ക്‌ ഒരവസരം നൽകാമെന്നും നൽകരുതെന്നുമുളള വാഗ്വാദം മുറുകവേ, അവനുവേണ്ടി നിയോഗിക്കപ്പെട്ട സീനിയർ അഭിഭാഷകൻ കൂടുതൽ അസ്വസ്ഥനായി.

തന്റെ മുൻ ജൂനിയറായിരുന്ന സോന രാഘവനെ തിരഞ്ഞ്‌ ഹാളിൽ വെറുതെയൊന്ന്‌ കണ്ണോടിച്ചു അയാൾ. അവൾക്കിന്ന്‌ കോടതിയിൽ വരുവാൻ മനസ്സാന്നിധ്യം ലഭിക്കില്ല എന്നയാൾക്കറിയാം. എങ്കിലും ഒരാകാംക്ഷ….

ഒരു കൈയിൽ കേസ്‌ ഫയലുകളുമായി ക്ലാർക്ക്‌ തിമോത്തി വാതിൽ കടന്ന്‌ വരുന്നത്‌ അപ്പോഴാണയാൾ ശ്രദ്ധിച്ചത്‌. ‘എന്താണ്‌?’ എന്നയാൾ കണ്ണുകൾകൊണ്ട്‌ ചോദിച്ചപ്പോൾ, ഒട്ടിക്കാത്ത ഒരു കവർ അവൻ അയാളെ ഏൽപ്പിച്ചു. അഡ്വക്കേറ്റ്‌ സോന രാഘവന്റെ കത്ത്‌ ഒന്നു കാണണം. ഗാർഡനിലേക്കു വരാമോ എന്നാണ്‌ കത്തിലെ ഉളളടക്കം.

നിറയെ നരച്ചെങ്കിലും കഷണ്ടി കയറിയിട്ടില്ലാത്ത ശിരസ്സിൽ അയാൾ കൈകൾകൊണ്ട്‌ പലതവണ തടവി. ഒടുവിൽ അവളെ കാണുകതന്നെ എന്നു നിശ്ചയിച്ച്‌ എഴുന്നേറ്റു.

മൺച്ചട്ടികളിലെ കളളിമുൾച്ചെടികൾ നനക്കുന്ന ഗാർഡണറെ നിരീക്ഷിച്ചുംകൊണ്ട്‌ നിൽക്കുകയായിരുന്നു അവൾ. കറുത്ത ഗൗൺ മടക്കി ഇടതുകൈയിൽ തൂക്കിയിട്ടുംകൊണ്ട്‌ മാത്രം കാണാറുളള സോന, അന്ന്‌ ഒരു കാഴ്‌ചക്കാരിയെപോലെ അയാൾക്കു മുന്നിൽ നിന്നു. ഗൗണില്ല. കറുപ്പും വെളുപ്പുമില്ല. ഇളംനിറത്തിലുളള സാരിയിൽ, കോടതി ആവശ്യങ്ങൾക്കുവന്ന ഒരു സാധാരണക്കാരിയെപോലെ അവൾ…

അവന്റെ വിധിയിൽ ഉത്‌കണ്‌ഠാകുലയാണ്‌ സോനയെന്ന്‌ അയാൾക്കറിയാം. അവന്റെ കേസിലേക്ക്‌ തന്നെ വലിച്ചിഴക്കരുതെന്ന്‌ അവൾ പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്‌. മുൻ ജൂനിയറെന്ന പരിഗണനവെച്ച്‌, വിചാരണവേളയിൽ അവളുടെ പേര്‌ വലിച്ചിഴക്കാതിരിക്കുന്നതിന്‌ ബോധപൂർവ്വം ശ്രദ്ധിച്ചിട്ടുമുണ്ട്‌. പക്ഷേ, ഇപ്പോൾ എല്ലാം തന്റെ കൈപ്പിടിയിൽനിന്നും വഴുതി മാറിയിരിക്കുകയാണ്‌. “ഇനിയെല്ലാം കോടതിയാണ്‌ നിശ്ചയിക്കുക. യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തണമെന്ന അവന്റെ ആവശ്യം സ്വീകരിക്കേണമോ നിരാകരിക്കേണമോ എന്ന്‌ ഇനി കോടതി നിശ്ചയിക്കും. തനിക്ക്‌ ഇനിയൊന്നും ചെയ്യാനില്ല.” അയാൾ തുറന്നു പറഞ്ഞു. കോടതിയുടെ നിശ്ചയങ്ങളെ കുറിച്ച്‌ ഒരു വക്കീലിനോട്‌ കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ.

അവൾ ആവശ്യപ്പെടുന്നത്‌ മറ്റൊന്നാണ്‌. “ഡിസംബർ 14 അവൾക്കൊരു ദുർദിനമായി മാറരുത്‌. പാതകം ചെയ്‌തത്‌ അവൻതന്നെ ഏറ്റുപറഞ്ഞുവല്ലോ. അതോടെ തീരണം എല്ലാം. സംഭവത്തിനു പ്രേരണയായിതീർന്ന യാഥാർത്ഥ്യങ്ങൾ ഇനിയവൻ വെളിപ്പെടുത്തരുത്‌. എല്ലാം കഴിഞ്ഞത്‌. ഇനിയൊരു വിഴുപ്പലക്കലിന്‌ അവസരം നൽകരുത്‌. എന്നെ ഇതിലേക്ക്‌ വലിച്ചിഴക്കരുത്‌. അവനോട്‌ ഇക്കാര്യം അങ്ങ്‌ ആവശ്യപ്പെടണം. നിർബന്ധിക്കണം, നിരുത്സാഹപ്പെടുത്തണം. ഡിസംബർ 14ന്‌ അവൻ തന്നെ ഈ ആവശ്യത്തിൽ നിന്നും പുറകോട്ട്‌ മാറണം. അങ്ങേക്കറിയാമല്ലോ. ഒരു ചെറിയ പാളിച്ച മാത്രമേ എന്റെ ഭാഗത്തുണ്ടായിട്ടുളളൂവെന്ന്‌. അതിങ്ങനെ ക്രൂരതയിലേക്കും ദുർഘട സന്ധികളിലേക്കും നീങ്ങുമെന്ന്‌ എനിക്ക്‌ സങ്കൽപ്പിക്കാൻപോലും സാധിച്ചിരുന്നില്ല. അവനോടു പറയണം. ഒരു ജീവിതംകൂടി തകർക്കരുതെന്ന്‌.” അവൾ യാചനയോടെ അയാൾക്കുമുന്നിൽ അങ്ങനെനിന്നു.

അവർക്കരികെ, മൺച്ചട്ടികളിലെ കളളിമുൾച്ചെടികളിൽ നനവെറിഞ്ഞുകൊണ്ട്‌ ഗാർഡണർ തിരിച്ചുപോയി. കൂർത്തുനീണ്ട മുളളുകൾക്കിടയിൽ ചെടിയുടെ പച്ചച്ച മേനിയിൽ ജലകണങ്ങൾ പറ്റിനിൽക്കുന്നത്‌ അയാൾ ശ്രദ്ധിച്ചു. അതിലൊന്നിൽ ‘സോന’യെന്ന്‌ എഴുതിവെച്ചിട്ടുണ്ടെന്നും മുളളുകളുടെ തടവറയിൽനിന്നും ഒരു മഴവില്ലുപോലെ അവളെ എടുത്തുയർത്തുന്നതിന്‌ ഏതു കരങ്ങളാണ്‌ പ്രാപ്‌തമാകുകയെന്നും അയാൾ വെറുതെ ആലോചിച്ചു. അവന്റെ മനസ്സിനിയും അറിഞ്ഞിട്ടില്ലാത്ത താൻ, മനസ്സുമാറ്റുന്നതിന്‌ അവനെയെങ്ങിനെ പ്രേരിപ്പിക്കും എന്നുമയാൾ ആലോചിച്ചുകൊണ്ടിരുന്നു.

നിയമപുസ്‌തകത്തിന്റെ പഴുതുകളിലായിരുന്നില്ല അയാൾക്കു പരതേണ്ടിയിരുന്നത്‌. നിയമം പറച്ചിലൊക്കെ കഴിഞ്ഞു, ഇനി വിധിയാണ്‌. സത്യപുസ്‌തകം തുറക്കപ്പെടുന്നത്‌ തടയുവാൻ ആർക്കാണ്‌ സാധിക്കുക?

Generated from archived content: daivam_sakshi.html Author: crrajan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഭാഗം ഃ ഒൻപത്‌
Next articleകാർട്ടൂണുകൾ
1959-ൽ തൃശൂരിലെ ഒളരിക്കരയിൽ ജനനം. തൃശൂർ സെന്റ്‌ തോമസ്‌ കോളജിൽ നിന്നും ഇക്കണോമിക്‌സിൽ ബിരുദം നേടി. മൈസൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും ജേർണലിസത്തിൽ ഡിപ്ലോമയും. ആദ്യകഥ കുങ്കുമം വാരികയിലും(ഒന്നേ ഒന്നേ പോ പോ), ആദ്യനോവൽ സൺഡേ ദീപികയിലും (വെടിക്കെട്ട്‌) പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ഇരുപത്തഞ്ചിലേറെ കഥകൾ എഴുതി. വെടിക്കെട്ട്‌, കനല്‌ കാത്ത്‌ താഴ്‌വരകൾ, ഇനി ഉറങ്ങരുതാത്ത രാവുകൾ എന്നിവ പ്രസിദ്ധീകരിച്ച നോവലുകൾ. ഇപ്പോൾ ദീപികയുടെ തൃശൂർ യൂണിറ്റിൽ പരസ്യവിഭാഗത്തിൽ ജോലി ചെയ്യുന്നു. ഭാര്യഃ കൊച്ചുറാണി. മക്കൾഃ മിലു, ഉണ്ണി. വിലാസംഃ സി.ആർ. രാജൻ. ചിറ്റിലപ്പിളളി, എൽത്തുരുത്ത്‌ പി.ഒ. തൃശൂർ- 680 611.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here