എട്ടു കോളത്തിൽ ഒരു ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ജീവിതം

 

 

ഞാനെന്റെ ജീവിതം പരസ്യപ്പെടുത്തുകയാണ്‌. പൊടുന്നനെ ഒരു നാൾ ചലനരഹിതമായിതീർന്ന എന്റെ കൈവിരലുകൾ, ഞരമ്പുകൾ അയഞ്ഞ്‌ വീണുപോയ എന്റെ തോൾ ഭാരം, തടിച്ച ദേഹം താങ്ങാഞ്ഞ്‌ ബലം കുറഞ്ഞുപോയ എന്റെ പാദങ്ങൾ…..

എട്ടു കോളത്തിൽ, വിരലടയാളവും കാൽപ്പാടുകളും പതിപ്പിച്ച്‌, വളഞ്ഞുപോയ തോളെല്ല്‌ പോലെ ഞാനെന്റെ പരസ്യം ക്രമീകരിക്കുവാൻ ശ്രമിക്കുന്നു.

ഈ പരസ്യം സമൂഹത്തിനു ചില പാഠങ്ങൾ നൽകുമെന്നു ഞാൻ മേനി പറയുന്നില്ല. സമൂഹത്തെ പിളർന്നു കടന്നു പോയവരുടെ ആത്മകഥകൾ നാം പഠിക്കുന്നുണ്ടല്ലോ. ഒരു പാഠവും പറയാനില്ലാതെ എന്തിനു അനുഭവരചന എന്ന ശങ്കമൂലമാണ്‌, ഇതൊരു പരസ്യപ്പെടുത്തലാണെന്ന്‌ ഞാൻ ആണയിടുന്നത്‌.

ഒരു പരസ്യം ലക്ഷ്യം വെക്കുന്ന കൊടുക്കൽ വാങ്ങലുകൾക്കായല്ല ഞാനിതു ചെയ്യുന്നത്‌. എന്റെ ജീവിതം പോസ്‌റ്റുമോർട്ടം മേശമേൽ കിട്ടിയാലും സമൂഹത്തിനു എന്തു പ്രയോജനം എന്നു വിചാരിക്കുന്നവരുണ്ടാകാം. ഒരു പാറ്റയുടെയോ മുയലിന്റെയോ കഴുകന്റെയോ അനുഭവകഥയിൽ കേൾക്കാൻ മാത്രം എന്തിരിക്കുന്നു എന്ന മുൻവിധിക്കാരോട്‌ എനിക്ക്‌ പരിഭവമില്ല.

സ്വന്തം ജീവിതം പരസ്യപ്പെടുത്തുമ്പോൾ ഭാവനക്കു സ്‌ഥാനമില്ലെന്നിരിക്കേ, കോപ്പിയെഴുതാതെയാണ്‌ ഞാനീ പരസ്യം ക്രമീകരിച്ചിരിക്കുന്നത്‌. നേരേചൊവ്വേ ഞാൻ ചില കാര്യങ്ങൾ വെളിപ്പെടുത്തുകയാണ്‌. ഭൂരിപക്ഷത്തിന്റെ ഇഷ്‌ടം ഞാനിവിടെ പരിഗണിക്കുന്നില്ല. മറ്റുള്ളവർക്കുവേണ്ടി ഞാൻ തീർത്ത നൂറുകണക്കിനു പരസ്യങ്ങളിൽ നിന്നു വ്യത്യസ്‌തമാണ്‌ ഈ രചന.

ഇടിഞ്ഞുവീണ പാറക്കടിയിൽപ്പെട്ടു ചതഞ്ഞ മുയലിന്റെ തുറിച്ച കണ്ണിൽ നിന്നെന്നപോലെ, ഇതിൽ നിന്നും രകതം വാർന്നേക്കാം. കുത്തിയൊഴുക്കിൽ കൂട്ടുകാരനെ നഷ്‌ടപ്പെട്ടവന്റെ നിലവിളിയും ഇതിൽ കേൾക്കാനായേക്കാം.

ഭേദപ്പെട്ട ഒരു പരസ്യകമ്പനിയിലെ കോപ്പിറൈറ്ററാണ്‌ ഞാൻ. പേര്‌ മിത്രൻ. സൂര്യനെന്ന പര്യായപേരിന്റെ ചൂടേറ്റ്‌ കറുത്തുപോയവൻ. ഉയരം കുറഞ്ഞതിനാൽ, എന്റെ തടിച്ച ദേഹത്ത്‌ കറുപ്പ്‌ അമുങ്ങികിടക്കുന്നുണ്ട്‌. കവിതയാണെന്റെ പ്രിയ കൂട്ടുകാരി. ‘മെല്ലിച്ച കവി വിരലുകൾ’ എന്ന കേൾവിയോടു വിയോജിച്ച്‌, തടിച്ചു കുറുകിയ വിരലുകളാണ്‌ എനിക്കുള്ളത്‌. ആ വിരൽസ്‌പർശവും ഇഷ്‌ടപ്പെട്ട കൂട്ടുകാരി, ഇടയ്‌ക്കൊക്കെ എന്റെ മേൽ ചാഞ്ഞു പൊതിയാറുണ്ട്‌. വാക്കുകളുടെ സ്‌ഖലനം കഴിഞ്ഞ സുഷുപ്‌തി പക്ഷേ, ഇപ്പോളെനിക്ക്‌ അന്യമായതുപോലെയാണ്‌. പരസ്യവാചകങ്ങൾക്കുവേണ്ടി പദങ്ങൾക്ക്‌ കുണുക്കും സിന്തൂരവും ചാർത്തി കളിക്കുമ്പോൾ, കവിത അരികെ വരുന്നേയില്ലെന്നതും ഞാൻ മറക്കുന്നു.

ഞരമ്പുകൾ അയഞ്ഞ്‌ ഞാനിപ്പോൾ തളർന്നു കിടക്കുകയാണ്‌. എന്നെ കണ്ട്‌ നിലവിളിച്ച്‌ അച്ഛൻ മുറിയുടെ പുറത്തിരിക്കുന്നുണ്ട്‌. ഞാൻ പറയുന്ന രഹസ്യം അച്ഛനെ കൂടുതൽ പീഢിപ്പിക്കുമെന്നു ഞാൻ തിരിച്ചറിയുന്നു. കസ്‌റ്റഡിയിൽ കാണാതായ മകനെ തേടി കോടതികളിൽ സ്‌ഥിരക്കാരനായി മാറിയ വാര്യരെപ്പോലെ, അച്ഛനും ഇതറിഞ്ഞ്‌ നിയമം കളിച്ചേക്കാം. മൂർച്ചകത്തിയുമായി കൊലവിളി നടത്തുന്ന പ്രകൃതമല്ല എന്റെ അച്ഛന്റേത്‌.

എന്നെ തളർത്തിയ നിഗൂഢതയെ എന്റെ അച്ഛൻ കുത്തിക്കീറണമെന്ന്‌ ഞാൻ ആഗ്രഹിക്കുന്നുണ്ട്‌. കൈകൾ ചലനരഹിതമായതിനാൽ ഒരു പേന പോലും ഇപ്പോഴെന്റെ കൈയിൽ ഉറയ്‌ക്കുന്നില്ല. അച്ഛന്റെ കൈകൾ ബലിഷ്‌ഠങ്ങളാണല്ലോ എന്ന കുട്ടിക്കാലത്തെ അഹങ്കാരവും ഇന്നെനിക്ക്‌ കൂട്ടിനില്ല.

എന്റെ അനുഭവം കേട്ട്‌ അച്ഛൻ പ്രതികരിക്കുന്നത്‌ എങ്ങനെയാണെന്ന്‌ കാണാൻ ഒരു പക്ഷേ, ഞാനുണ്ടാകില്ല. ഇരുട്ടിന്റെ കീഴ്‌ത്തട്ടിലേക്ക്‌ എന്നെ തലക്കീഴാക്കിയെറിഞ്ഞ രഹസ്യം കേട്ട്‌ അച്ഛൻ പൊട്ടിക്കരഞ്ഞേക്കാം. അച്ഛനെ സങ്കടപ്പെടുത്തുമെങ്കിലും എനിക്കാ രഹസ്യം പറയാതെ വയ്യ. ദേഹബലം ക്ഷയിച്ചതിനു പിറകേ, നാവ്‌ തളർന്നു പോകും മുൻപ്‌ ഞാനാ രഹസ്യം പറഞ്ഞു തീർക്കട്ടെ.

പരസ്യ കമ്പനിയുടെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ നിതിൻ ഹരാരെ എനിക്കു സുഹൃത്തും സഹായിയുമായിരുന്നു. ഡൽഹി ആസ്‌ഥാനമായ പരസ്യക്കമ്പനിയുടെ കേരളഘടകത്തിന്റെ ചുമതലക്കാരനായ അയാൾക്കു മലയാളം വശമില്ലായിരുന്നു. കോപ്പിറൈറ്റർക്കു അയാൾ കൂടുതൽ പരിഗണന നൽകി പോന്നതിന്റെ ഒരു കാരണം അതാകാം.

തെന്നിന്ത്യയിലെ പ്രമുഖ ആയുർവേദ ഔഷധ നിർമ്മാതാക്കളുടെ പരസ്യ അക്കൗണ്ട്‌ പിടിച്ചെടുക്കുവാൻ ഏറെ നാളായി ഹരാരെ യത്‌നിക്കുന്നുണ്ടായിരുന്നു. ഒടുവിലതു ഫലം കണ്ടു. ഓജസ്സു വർധിപ്പിക്കുന്ന ഒരൗഷധം കമ്പനി വികസിപ്പിച്ചെടുത്തിരുന്നു. തെന്നിന്ത്യയിൽ അതിന്റെ വിപണനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട പരസ്യപ്രചാരണം നിതിൻ ഹരാരെ നേടിയെടുത്തു..

വ്യത്യസ്‌തമായ കോപ്പിയെഴുത്ത്‌ അതിനു ആവശ്യമുണ്ടെന്നും ഉത്‌പന്നം രുചിച്ച്‌ ഫലം അനുഭവിച്ചു വേണം കോപ്പി എഴുതേണ്ടതെന്നും അയാൾ എന്നോടു നിർദ്ദേശിച്ചു. തുടർച്ചയായി മുപ്പതു ദിവസം കഴിക്കേണ്ടുന്ന ഔഷധകിറ്റ്‌ അയാൾ എനിക്കു നൽകി. പരസ്യ പ്രചാരണ ചുമതല ഹരാരെയെ ഏൽപ്പിക്കുന്നതിന്‌ കമ്പനിവെച്ച നിബന്ധന അതായിരുന്നു. ഔഷധം രുചിച്ചു വേണം കോപ്പിയെഴുതേണ്ടത്‌! ഒരു ഫോൺ നമ്പരും അയാളെനിക്കു കുറിച്ചുതന്നിരുന്നു. ഔഷധം കഴിച്ച്‌ അസ്വസ്‌ഥത തോന്നുന്നുവെങ്കിൽ വിളിക്കേണ്ട നമ്പറായിരുന്നു അത്‌.

അസ്വസ്‌ഥത എന്നൊക്കെ ഹരാരെ പറഞ്ഞപ്പോൾ ഞാൻ തെല്ല്‌ ഭയപ്പെടുകയുണ്ടായി. അതുകണ്ട്‌ കണ്ണിറുക്കി കൊണ്ട്‌ അയാൾ പറഞ്ഞു.

‘പേടിക്കണ്ട എല്ലാം കമ്പനി അറേഞ്ച്‌ ചെയ്‌തിട്ടുണ്ട്‌. സുഖിക്കാനുള്ള മരുന്നാണത്‌. ഒന്നു വിളിച്ചാൽ മതി, സുഖചികിത്സക്ക്‌ ഒരാൾ നിന്റെയടുത്ത്‌ ഓടിയെത്തും.’

കോപ്പിയെഴുതാൻ വശമുണ്ടായിരുന്നെങ്കിൽ താൻ തന്നെ ഈ ദൗത്യം ഏൽക്കുമായിരുന്നെന്നും ഹരാരേ തമാശ രൂപേണ പറഞ്ഞിരുന്നു.

ചെറുപ്രായത്തിന്റെ ആവേശവും ധൈര്യവും അപ്പോഴെന്നെ വല്ലാതെ കീഴ്‌പ്പെടുത്തി. ഭാവനയിൽ നിന്നല്ലാതെ, അനുഭവത്തിൽ നിന്നും കോപ്പിയെഴുതുവാൻ ഒരുങ്ങി കിട്ടിയ അവസരം ഞാൻ സന്തോഷത്തോടെ സ്വികരിച്ചു.

പ്രദക്ഷിണവഴിയിൽ ബെൽമൗത്ത്‌ ബിൽഡിംഗിനു തൊട്ടാണ്‌ എന്റേ പരസ്യ കമ്പനി പ്രവർത്തിക്കുന്നത്‌. താഴെ നിലയിലുണ്ടായിരുന്ന ‘കരക്കത്ത്‌ ബാലൻ വക പലച്ചരക്കു പീടിക’ എന്ന സ്‌ഥാപനം ഇപ്പോൾ വിർജിൻ മൊബൈലിന്റെ ഫ്രാഞ്ചൈസിയാണ്‌. ഒന്നാം നിലയും രണ്ടാം നിലയും ഹരാരെയുടെ പരസ്യകമ്പനിക്കു സ്വന്തം.

പ്രദക്ഷിണ വഴിയുടെ തിരക്കേറിയ ഭാഗമാണ്‌ ബെൽ മൗത്ത്‌ ജംഗ്‌ഷൻ. നാലുവരിപ്പാതയ്‌ക്കരികെ തെല്ലുയർത്തി കെട്ടിയിട്ടുള്ള ഫുട്‌പാത്തിൽ, എല്ലാം പകലും നഗരത്തിലെത്തിയവരുടെ തിരക്കായിരിക്കും. മുട്ടിയുരുമ്മാതെ നടക്കാൻ പ്രയാസം. ഫുട്‌പാത്തിൽ നിന്നും തുടങ്ങുന്ന പരസ്യകമ്പനിയിലേക്കുള്ള കോൺക്രീറ്റ്‌ കോണി, പുതിയ ടൈൽ വിരിച്ച്‌ കമനീയമാക്കിയിട്ട്‌ അധികനാളായിട്ടില്ല. കോണികയറി ഒന്നു തിരിഞ്ഞാൽ പരസ്യകമ്പനിയുടെ കോർപറേറ്റ്‌ ഓഫീസായി.

‘എൺപത്തിയഞ്ച്‌ ശതമാനം ആശയക്കുഴപ്പവും പതിനഞ്ചു ശതമാനം കമ്മീഷനുമാകുന്നു പരസ്യം’ – എന്നൊരു വാചകം കോപ്പിറൈറ്ററുടെ ഡെസ്‌കിൽ പതിച്ചിട്ടുണ്ട്‌. മേശപ്പുറത്തിനൊപ്പം വലിപ്പമുള്ള, വശങ്ങളിൽ പച്ചതേച്ച കണ്ണാടിച്ചില്ലിലൂടെ വെളിവാകുന്ന വാചകത്തിനു താഴെ, ‘ഫ്രെഡ്‌ അല്ലൻ ’എന്ന പേരും ഞാൻ പലയാവർത്തി വായിച്ചതാണ്‌. പരസ്യവാചകങ്ങൾ സൃഷ്‌ടിക്കുമ്പോൾ കോപ്പിറൈറ്റർക്ക്‌ പിന്തുടരാവുന്ന മാതൃക! എൺപത്തിയഞ്ചു ശതമാനം ആശയക്കുഴപ്പക്കാരനാണ്‌ പരസ്യം എന്നത്‌ അബോധത്തിൽ പോലും എനിക്കങ്ങനെ പതിഞ്ഞു കിട്ടി.

പുറത്തുനിന്നു നോക്കിയാൽ അകം കാണില്ലെങ്കിലും എനിക്കു പുറം കാണാൻ കഴിയുന്ന ചില്ലു കൂടാണ്‌ കോപ്പിറൈറ്ററുടെ കാബിൻ. അതിന്റെ ഒരു വശത്തെ കർട്ടൺ പകുത്താൽ വടക്കുന്നാഥ പുരത്തെ കാഴ്‌ചകൾകിട്ടും. വിശാലമായ മൈതാനത്തിന്റെ അർധവൃത്തം വരെയും കണ്ണുചെല്ലും.

രാജവീഥിക്കു സമാന്തരമായി മൈതാനത്തു കിടക്കുന്ന ടാറിട്ട വഴി മുറിച്ച്‌, കൂറ്റൻ മതിൽക്കെട്ടിൽ കണ്ണുചെല്ലുമ്പോൾ, വെയിൽ വടക്കുന്നാഥനെ കുമ്പിട്ടു നിൽക്കുകയാകാം. മാധ്യാഹ്‌ന പൂജയ്‌ക്കൊടുവിലെ നേർത്ത മണിസ്വനം കാക്കക്കൂട്ടങ്ങളെ ക്ഷണിക്കുകയാകാം. ഊട്ടുപന്തലിനരികെ എച്ചിലിലകൾ വന്നുവിഴുന്നതും കാത്ത്‌ അവ തലവെട്ടി കളിക്കുകയാകാം.

അവസരങ്ങൾ കുറവായ മലയാളം എം.എ.യിൽ ഒന്നാം റാങ്കുകാരനാണ്‌ ഞാൻ. റാങ്കുകൊയ്‌തശേഷം ഉദ്യോഗത്തിനായി എഴുതിയ പരീക്ഷാ പരമ്പരയിലും ഒന്നാം സ്‌ഥാനത്ത്‌ ഞാനുണ്ടായിരുന്നു. പല തസ്‌തികകളും മാർക്കടിസ്‌ഥാനത്തിൽ എനിക്ക്‌ ഏറെക്കുറെ ഉറപ്പായതായിരുന്നു. മുഖാമുഖ പരീക്ഷയിൽ ഇതെല്ലാം മാറിമറിഞ്ഞു. കോളജ്‌ സമരങ്ങളിൽ അടിവാങ്ങിയ പാർട്ടി അനുഭാവി പയ്യന്മാരാണ്‌ പലയിടത്തും നിയമിക്കപ്പെട്ടത്‌. നിയമനത്തിലെ വിവേചനത്തിനെതിരെ, ഒറ്റയാൾ സമരവും കോടതി കയറ്റവുമായി ഞാൻ കുറെ നടന്നു.

സംസ്‌കൃത സർവ്വകലാശാലയുടെ ഓഫ്‌ കാമ്പസ്സിൽ ഗസ്‌റ്റ്‌ ലക്‌​‍്‌ചറർ എന്ന ഓമനപ്പേരിൽ പിന്നെ മണിക്കൂർ വേതനക്കാരനായി. ഗസ്‌റ്റ്‌ ലക്‌ചറർ പണിയും പരസ്യക്കമ്പനിയിലെ കോപ്പിയെഴുത്തുമായി എന്റെ ദിവസങ്ങൾ തിരക്കുള്ളവയായി. ഞാൻ മെനഞ്ഞ കുറെ പരസ്യവാചകങ്ങൾ ഇന്ന്‌ പ്രസിദ്ധമാണ്‌. ആ വാചകങ്ങളിൽ ആകർഷിക്കപ്പെട്ട ചില വൻകിട കമ്പനികളുടെ പരസ്യ അക്കൗണ്ടുകൾ പിടിച്ചെടുക്കാനും ഹരാരെക്ക്‌ കഴിഞ്ഞിരുന്നു. അതിനാൽ തന്നെ. പാർടൈം ആയിട്ടാണെങ്കിലും എന്നെകൂടെ നിറുത്തുവാൻ അയാൾ ആഗ്രഹിച്ചതു സ്വാഭാവികം.

ഇടപാടുകാരൻ അവതരിപ്പിച്ച ഒരു ആവശ്യം എങ്ങനെ ഫ്രെഡ്‌ അല്ലൻ പറഞ്ഞുവെച്ച ആശയക്കുഴപ്പമാക്കാം എന്ന പര്യവേക്ഷണം ശ്രമകരമായിരുന്നെങ്കിലും ആസ്വദിക്കാൻ ഞാൻ ശീലിച്ചു കഴിഞ്ഞിരുന്നു. അധികമൊന്നും എഴുതിപ്പിടിപ്പിക്കേണ്ട കലയല്ല കോപ്പിയെഴുത്ത്‌. രണ്ടോ മൂന്നോ വാചകങ്ങൾകൊണ്ടാകാം ഒരു പരസ്യം രൂപപ്പെടുത്തുന്നത്‌. ഉപഭോക്‌തൃ ശ്രദ്ധ നേടുകയെന്നതാണ്‌ ജനപ്രിയ പരസ്യത്തിന്‌ കോപ്പിയെഴുതുമ്പോൾ ആദ്യം പരിഗണിക്കുന്നത്‌. ഉത്‌പന്നത്തെയൊന്ന്‌ പൊലിപ്പിച്ച്‌ പിന്നെ പരസ്യത്തിൽ കിടത്തും. എന്തുകൊണ്ട്‌ ഈ ഉത്‌പന്നം? – എന്ന സന്ദേശമാകാം അടുത്തത്‌.

മൂന്നോ നാലോ വാചകങ്ങളിൽ ഒതുങ്ങുന്ന ഒരു പരസ്യത്തിന്റെ കോപ്പിയെഴുത്ത്‌ പക്ഷേ, ഒരു നീണ്ട കവിത കുറിച്ചിടുന്നത്ര ശ്രമകരമാണെന്നത്‌ എന്റെ അനുഭവം. നാലു പരസ്യ വാചകം കിട്ടുന്നതിന്‌ നാൽപ്പതു പേജുകൾ എഴുതിയും വെട്ടിയും മാറ്റേണ്ടി വന്നിട്ടുണ്ട്‌. അതു പിന്നെ കുറുക്കി വേണ്ടപോലെ പ്രദർശനത്തിനൊരുക്കി കഴിയുമ്പോൾ, യുദ്ധം ജയിച്ചതുപോലെ ഒന്നഹങ്കരിച്ചുപോകും ആരും.

പുതിയ ഔഷധം മുപ്പതു ദിവസം രുചിച്ചിട്ടും ഒറ്റവരി കോപ്പിയെഴുതാനാകാതെ ഞാനെന്റെ കാബിനിൽ ക്രുദ്ധനായി നടന്നും ഇരുന്നും കഴിഞ്ഞത്‌ ഓർത്തുപോകുന്നു. എഴുതി കഴിഞ്ഞുവോ എന്ന ഹരാരെയുടെ ചോദ്യങ്ങൾക്ക്‌, എന്തൊക്കയോ മറുപടികൾ ഞാൻ നൽകി പോന്നു. ഔഷധത്തിന്റെ വീര്യം അനുഭവിക്കാനായെങ്കിലും അതേക്കുറിച്ച്‌ എഴുതാൻ കഴിയാത്തതിൽ ഞാൻ നിരാശനായിരുന്നു. രാവിലെ ഉറക്കം വിട്ടെണീക്കുമ്പോൾ വല്ലാത്ത ഒരാലസ്യം എന്നെ സ്വാധീനിച്ചും തുടങ്ങിയിരുന്നു. എഴുത്തിനോടല്ല ഔഷധത്തിനോടായിരുന്നു അഭിനിവേശം വർദ്ധിച്ചു വന്നത്‌.

മുപ്പത്തിയൊന്നാം ദിവസം ഞാൻ ഔഷധം സേവിച്ചില്ല. ഉറക്കം നഷ്‌ടപ്പെട്ട്‌, അസ്വസ്‌ഥനായി അന്നു രാത്രി മുഴുവൻ ഞാൻ കഴിച്ചുകൂട്ടി. അതിനടുത്ത ദിവസങ്ങളിലും എന്നിൽ അസ്വസ്‌ഥത ഏറിവന്നു. നാലു നാൾ കഴിഞ്ഞു കാണും, ഉറങ്ങാൻ കഴിയാതെ ഒരു രാത്രിയിൽ കാരംസ്‌ പലകക്കരികെ ഇരിക്കുമ്പോഴാണ്‌ ഞാനതു ശ്രദ്ധിച്ചത്‌. കാരംസ്‌ കോയിൻ തെറിപ്പിക്കുവാൻ എന്റെ വിരലുകൾക്കാകുന്നില്ല. വീണ്ടും ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

ഉറക്കക്ഷീണമാകുമെന്നു വിചാരിച്ച്‌ ഞാൻ കണ്ണടച്ചു കിടന്നു. രാത്രിയുടെ ചുരം കയറുവാൻ എന്റെ ദേഹം അധ്വാനിക്കുന്നുണ്ടായിരുന്നു. ഒന്നാം വളവും രണ്ടാം വളവും മൂന്നാം വളവും പിന്നെ എണ്ണിയാലൊടുങ്ങാത്തത്ര ഹെയർ പിന്നുകളും ഓടികയറുന്നതിനിടെ വല്ലാതെ കിതച്ച്‌, നേരം വെളുപ്പിച്ച്‌ കണ്ണു തുറന്നപ്പോൾ മുതൽ ഞാൻ നിശ്ചലനാണ്‌. കൈകാലുകൾ ചലനരഹിതമായിരിക്കുന്നു. ദേഹത്തെ ഞരമ്പുകളും അയഞ്ഞ്‌, ഒരു പഞ്ഞികെട്ടു പോലെ ഞാൻ കിടന്നു.

ഏതു നിമിഷവും മൂർച്ഛിക്കാവുന്ന രോഗാവസ്‌ഥയാണ്‌ എന്റേത്‌. ഗുല്ലിയൻ ബരേ സിൻഡ്രോം എന്നാണ്‌ ഈ രോഗത്തിന്‌ പേരെന്ന്‌ എന്റെ ഡോക്‌ടർ പറഞ്ഞിരുന്നു. ജി.ബി. സിൻഡ്രോം എന്നത്രേ വിളിപ്പേര്‌. ഞരമ്പുകൾക്ക്‌ ബലക്ഷയവും കാലുകൾക്ക്‌ സ്‌പർശം അനുഭവപ്പെടായ്‌കയും ആദ്യ ലക്ഷണങ്ങൾ. പിന്നെയതു ശരീരത്തിന്റെ മേൽഭാഗത്തേക്കു വ്യാപിക്കും. ഒരു പത്രമെടുക്കാൻ പോലും കഴിയാതെ കൈകൾ മരവിച്ചേക്കാം. മുഖം കോടിപോകാനും ശരീരത്തിന്റെ സമ്പൂർണ തളർച്ചയ്‌ക്കും അധിക ദിവസങ്ങൾ വേണ്ടിവരില്ല.

കണ്ണുകളുടെയും മുഖത്തിന്റെയും ചലനം നഷ്‌ടപ്പെട്ടേക്കാം. ചവയ്‌ക്കാനും സംസാരിക്കുവാനും ക്രമേണ തടസ്സം നേരിട്ടേക്കാം. അരക്കെട്ടിനു തൊട്ടുമുകളിൽ കടുത്ത വേദന അനുഭവപ്പെട്ടേക്കാം. ശ്വാസതടസ്സം നേരിടാമെന്നതിനാൽ വെന്റിലേറ്റർ സൗകര്യം ഉള്ള മുറിയിൽ വേണം രോഗിയെ കിടത്തേണ്ടത്‌.

ഇത്രയൊന്നും ഡോക്‌ടർ എന്നോടു പറഞ്ഞിരുന്നില്ല, ഒരാഴ്‌ച കഴിഞ്ഞ്‌ വീട്ടിൽ പോകാം എന്ന സാന്ത്വനത്തോടെയാണ്‌ അദ്ദേഹം എന്നെ ക്ലിനിക്കിൽ കിടത്തിയത്‌. അറ്റൻഡറെ പണം കൊടുത്ത്‌ സ്വാധീനിച്ചായിരുന്നു ഞാനീ വിവരശേഖരണം നടത്തിയത്‌. ഇത്തരം കുറുക്കുവഴികൾ ഇന്നു സാധാരണമായതിനാൽ എനിക്കൊട്ടും ക്ലേശിക്കേണ്ടി വന്നില്ല. ഗൂഗിൾ സെർച്ച്‌ ചെയ്‌ത്‌ അയാളെനിക്ക്‌ ജി.ബി. സിൻഡ്രോമിനെ സംബന്ധിച്ച്‌ പ്രിന്റൗട്ട്‌ എടുത്തു തന്നു. ഗൂഗിൾ നൽകിയ വിവരങ്ങൾ, കൊലക്കത്തി കണ്ട പകപ്പോടെയാണ്‌ ഞാൻ വായിച്ചു തീർത്തത്‌.

ഇതൊരു അസാധാരണ രോഗമാണെന്ന അറിവ്‌, ഞാൻ മനസ്സിൽ സൂക്ഷിച്ച ഒരു സംശയം വെളിപ്പെടുത്തുവാൻ എന്നെ നിർബന്ധിക്കുന്നു. ശ്വസനത്തിനു സഹായിക്കുന്ന ഞരമ്പുകളെ പോലും ബാധിക്കാമെന്നതിനാൽ, അൽപ്പം തിടുക്കത്തോടെയാണ്‌ ഞാനെന്റെ അനുഭവം പറയുന്നത്‌.

ആശുപത്രിയിൽ എന്നെ കാണാൻ അവൾ വന്നതോടെയാണ്‌, ഞാനെന്റെ പതനം നിത്യതയിലേക്കാണെന്ന്‌ മനസ്സിലാക്കിയത്‌. ഡോക്‌ടർ തിരിച്ചറിഞ്ഞതുതന്നെയാണോ എന്നെ തളർത്തിയ രോഗമെന്ന്‌ ഞാനിപ്പോൾ സംശയിക്കുന്നു. സന്ദർശക വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ്‌ എന്നിൽ സംശയം മുളപ്പിച്ചത്‌. ഔഷധം കഴിച്ച്‌ ആവേശം കൊണ്ടപ്പോഴൊക്കെ എന്നെ തണുപ്പിച്ചിരുന്നവൾ, നിർവികാരയായാണ്‌ അതു പറഞ്ഞത്‌. ഗിനിപ്പന്നിയെ പോലെ ഞാനൊരു പരീക്ഷണ വസ്‌തുവായിരുന്നുവെന്ന്‌.

അനുഭവത്തിൽ നിന്നും കോപ്പിയെഴുതുവാൻ എന്നെ പ്രേരിപ്പിച്ചതും അതിന്റെ ഫലം ദിവസവും കമ്പനി നൽകിയ ചാർട്ടിൽ രേഖപ്പെടുത്തുവാൻ അവളെ ചട്ടം കെട്ടിയതും അവൾ എന്നെ അറിയിച്ചു. ഒറുമ്പു മറ്റൊന്നിനോടു പറയും പോലെ ഒരു മണ്ടൻ സ്വകാര്യം!

കല്ലെടുക്കുവാൻ ആരോ പറഞ്ഞു. കാലും കൊമ്പും തളരും വരെ പുളിയനുറുമ്പിനെ പോലെ ആവേശം കൊണ്ടു. സുരതങ്ങളുടെ ദൈർഘ്യം അളന്ന ചാർട്ടുമായി അവൾ വിമാനം കയറുകയാണ്‌. ഔഷധക്കൂട്ടിൽ മാറ്റം അനിവാര്യമാണെന്നത്രേ മിത്രന്റെ അനുഭവ വിവരണം കമ്പനി വിലയിരുത്തിയത്‌. ചേരുവകൾ മാറ്റി കൂട്ടി. അതു വിപണിയിലെത്തും. ഉത്‌പന്നത്തിന്റെ പെട്ടിയിൽ മിത്രന്റെ ഫോട്ടോ പതിക്കുന്നതിന്‌ കരാറൊപ്പിടുവാൻ അച്ഛന്റെ അടുത്തും അവരെത്തിയേക്കാം.

ഇനി താനതിനു കൂട്ടുനിൽക്കില്ലെന്ന്‌ ഹരാരെ കരഞ്ഞു കൊണ്ടു എന്നോടു പറഞ്ഞിരുന്നു. പരീക്ഷണമായിരുന്നുവെന്ന്‌ താൻ അറിഞ്ഞിരുന്നില്ലെന്നും അയാൾ വിലപിച്ചു. അയാളോടു തോന്നിയ പക എന്നിൽ നിന്നും ആ സമയത്ത്‌ കാറ്റെടുത്തു പോയി. ഹരാരെയുടെ സ്വപ്‌ന അക്കൗണ്ടാണ്‌ ഔഷധ കമ്പനിയുടേത്‌. അതു കൈവിടേണ്ടതില്ലെന്ന്‌ അയാളെ അറിയിക്കുവാൻ മാത്രം മനസ്സാന്നിധ്യം എനിക്കപ്പോൾ ലഭിച്ചിരുന്നു. ഇതൊരു പൊലിപ്പിക്കൽ ലോകമാണെല്ലോയെന്നും ഹരാരെയെ ഞാൻ സാന്ത്വനിപ്പിച്ചു.

ഞാനയാളോട്‌ മറ്റെന്തു പറയാനാണ്‌? ഔഷധ കമ്പനിയുടെ അക്കൗണ്ട്‌ ഹരാരെ കൈവിടില്ലെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. ദേഷ്യമൊതുക്കാൻ ഞാനയാളെ പുലഭ്യം പറഞ്ഞാലും അയാൾ നിന്നു തരും. അയാളോട്‌ എനിക്കിപ്പോൾ അനുകമ്പ തോന്നുന്നുണ്ട്‌. ഔഷധ കമ്പനിയുടെ നാടകം അയാൾ അറിഞ്ഞുകൊണ്ടാകില്ലെന്നു ഞാൻ മനസ്സിലാക്കുന്നു. വ്യത്യസ്‌തനായ തന്റെ കോപ്പിറൈറ്ററെ ബലികൊടുക്കുവാൻ ഹരാരെ കൂട്ടുനിൽക്കില്ല. അയാൾ എനിക്കു മുന്നിൽ ഏറെ കരഞ്ഞു. തുടരെ ക്ഷമ യാചിച്ചും കൊണ്ടായിരുന്നു കരച്ചിൽ.

കോപ്പിയെഴുതുവാൻ മലയാളം എം.എ.ക്കാരെ ഇനിയും കിട്ടുമെന്ന്‌ ഞാനയാളോടു പറഞ്ഞു. അവർക്കു കച്ചവടം ചെയ്യാനോ പെൺവാണിഭം നടത്താനോ ഗുണ്ടാ പിരിവുകാരനാകാനോ സാധിച്ചേക്കില്ല. അതുകൊണ്ട്‌ കോപ്പിറൈറ്ററെ കിട്ടാൻ പ്രയാസമുണ്ടാകില്ലെന്ന്‌ ഞാനയാളെ ധരിപ്പിച്ചു. ‘എങ്കിലെന്റെ പൊന്നുമിത്രാ’ – എന്റെ കൈയിൽ പിടിച്ച്‌ ഹരാരെ ഹിന്ദിയിൽ പറഞ്ഞു. ‘ഇനി വരുന്നയാൾക്ക്‌ ഉത്‌പ്പന്നം രുചിക്കാതെ തന്നെ കോപ്പിയെഴുതാൻ സഹായിക്കണം. ഇതേക്കുറിച്ചെഴുതാൻ മിത്രനേക്കാൾ യോഗ്യനാരുണ്ട്‌?’ – കുറുക്കനെപ്പോലെ ചുണ്ടു കൂർപ്പിച്ചും കൊണ്ട്‌ ഹരാരെ ആവശ്യപ്പെട്ടു.

അത്ഭുതം പൂണ്ട്‌ ഞാനയാളെ തുറിച്ചു നോക്കി. ഹരാരെ കരഞ്ഞതും ക്ഷമ യാചിച്ചതും എന്റെ അവസാന കോപ്പി എഴുതി കിട്ടുന്നതിനായിരുന്നുവോ എന്നു ഞാൻ സംശയിച്ചു. കച്ചവടത്തിന്റെ സ്വഭാവം അങ്ങനെയാണല്ലോ. വിപണി ആവശ്യപ്പെടുന്നതു നൽകുക. പുറന്തള്ളപ്പെടുന്നവയെക്കുറിച്ച്‌ ഖേദമെന്തിന്‌?

എനിക്കിപ്പോൾ എല്ലാം തമാശയായി തോന്നുകയാണ്‌. ജീവൻ ബലി കൊടുത്ത്‌ നിർവഹിച്ച രചന എന്നൊക്ക വിശേഷിപ്പിക്കാവുന്ന ഒരു കോപ്പിയെഴുത്തിനു സമയമായിരിക്കുന്നു. രോഗം സമ്മാനിച്ച അതേ ഉത്‌പന്നത്തെക്കുറിച്ചാണ്‌ ഞാൻ എഴുതേണ്ടത്‌. ഡോക്‌ടർ എനിക്കു നിശ്ചയിച്ച ചികിത്സ പോലെ തന്നെ എന്റെ രചനയും സങ്കീർണ്ണമാകുന്നു. തുടയിൽ നിന്നും രക്തം പുറത്തെടുത്ത്‌ അരിച്ച്‌ പ്‌ളാസ്‌മ നീക്കം ചെയ്‌ത്‌ പുതിയതു കയറ്റുന്ന ചികിത്സയാണ്‌ എനിക്കു ചെയ്‌തുവരുന്നത്‌. പ്‌ളാസ്‌മോ ഫെരസിസ്‌ എന്ന ഈ ചികിത്സ എങ്ങനെയാണ്‌ ഫലം ചെയ്യുന്നതെന്ന്‌ ഇനിയും ശാസ്‌ത്രലോകം മനസ്സിലാക്കിയിട്ടില്ല. ‘ബട്ട്‌ ഇറ്റ്‌ വർക്ക്‌സ്‌’ എന്നാണ്‌ ഗൂഗിൾ എന്നോട്‌ പറഞ്ഞത്‌. അടിസ്‌ഥാനമെന്തെന്ന്‌ അറിയാതെയും ഒരു ചികിത്സ എങ്ങനെയാണ്‌ ഫലം ചെയ്യുന്നതെന്ന്‌ ഇനിയും ശാസ്‌ത്രലോകം മനസ്സിലാക്കിയിട്ടില്ല. ‘ബട്ട്‌ ഇറ്റ്‌ വർക്ക്‌സ്‌’ എന്നാണ്‌ ഗൂഗിൾ എന്നോട്‌ പറഞ്ഞത്‌. അടിസ്‌ഥാനമെന്തെന്ന്‌ അറിയാതെയും ഒരു ചികിത്സ. പക്ഷേ അതു ഫലം ചെയ്യുന്നു.

ആശയക്കുഴപ്പക്കാരൻ പരസ്യത്തെക്കുറിച്ചെഴുതിയ ഫ്രെഡ്‌ അല്ലൻ – അങ്ങയെ ഞാൻ നമിച്ചു പോകുന്നു. മനസ്സിലാകായ്‌ക ഫലം ചെയ്യുമെന്ന്‌ ഞാനുമിപ്പോൾ അറിയുന്നു. രോഗം സമ്മാനിച്ച അതേ ഉത്‌പന്നത്തെക്കുറിച്ച്‌ കോപ്പിയെഴുതുമ്പോൾ, ആഗോള വിപണിക്കു ഞാൻ സ്വീകാര്യനാകുകയാണ്‌. എന്റെ ചിത്രം പതിച്ച്‌, സാക്ഷ്യം രേഖപ്പെടുത്തിയാകും ഷോപ്പിംഗ്‌ മാളിൽ നിന്നും നിങ്ങൾക്ക്‌ ഈ ഉത്‌പന്നം ലഭിക്കുക. അതിനുള്ള അനുമതി പത്രവും ഹരാരെക്ക്‌ ഞാൻ ഒപ്പിട്ടു നൽകുകയാണ്‌.

കച്ചവടം തടസ്സമില്ലാതെ നടക്കട്ടെ!

 

(ഫ്രെഡ്‌ അല്ലൻ (1894-1956)ഃ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, റേഡിയോയുടെ വസന്തകാലത്ത്‌ അമേരിക്കൻ റേഡിയോയിൽ നിറഞ്ഞു നിന്ന പ്രതിഭ. ഹാസ്യ പരിപാടികളിലൂടെ പ്രസിദ്ധനായി. നിരവധി പുസ്‌തകങ്ങളുടെ കർത്താവ്‌. ഫ്രെഡ്‌ അല്ലൻ രചനകളെയും റേഡിയോ പരിപാടികളെയും ആസ്‌പദമാക്കിയും പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌.)

Generated from archived content: story_competition1_sep30_10.html Author: cr_rajan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English