യുദ്ധം- ഭീകരവാദം, സാമ്രാജ്യത്വം

സെപ്തംഃ11ന്‌ അമേരിക്കയിൽ നടന്ന സംഭവമോ അതിനുശേഷമുണ്ടായ യുദ്ധമോ അതിന്റെയൊക്കെ വിശദാംശങ്ങളോ ഇവിടെ സൂചിപ്പിക്കേണ്ട കാര്യമില്ല. ഏവർക്കും അതെല്ലാം അറിയാവുന്നതാണ്‌. അതിന്റെ വ്യത്യസ്ത നിലപാടുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുളളതുമാണ്‌. യുദ്ധം, ഭീകരവാദം, സാമ്രാജ്യത്വം എന്നീ മൂന്നു വിഷയങ്ങൾ തമ്മിൽ എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ഇവ ഒറ്റപ്പെട്ടവയാണോ അല്ലെങ്കിൽ ഇതിൽ ഏതാണ്‌ ഏറ്റവും പ്രാധാന്യമർഹിക്കുന്നത്‌ അതോ ഇവ ഒരേ പ്രാധാന്യമർഹിക്കുന്നവയാണോ എന്നുമാണ്‌ യഥാർത്ഥത്തിൽ ചർച്ചചെയ്യപ്പെടേണ്ട കാര്യം. സാമ്രാജ്യത്വവും അതിന്റെ ഫലമായി വന്ന ആഗോളവത്‌കരണവും അതുമായി ബന്ധപ്പെട്ട ലോകസാമ്പത്തിക രാഷ്‌ട്രീയഘടനയുമാണ്‌ ഭീകരവാദത്തിനും യുദ്ധത്തിനും അടിസ്ഥാനകാരണമാകുന്നത്‌ എന്ന നിലപാടിൽ നിന്നാണ്‌ ഞാനീ വിഷയങ്ങളെ കാണുന്നത്‌.

ലോകഭീകരവാദത്തെക്കുറിച്ച്‌ പല നിർവചനങ്ങളുണ്ടെങ്കിലും പലപ്പോഴും ഒരു സ്‌റ്റാൻഡേർഡ്‌ ആയി നാം കാണുന്നത്‌ അമേരിക്കൻ നിർവചനമാണ്‌. അപ്രകാരം രാഷ്‌ട്രീയമോ മതപരമോ ആശയപരമോ ആയ ലക്ഷ്യങ്ങൾ നേടുന്നതിന്‌ ഭീഷണി, സമ്മർദ്ദം, ഭീതിപരത്തൽ മുതലായവയിലൂടെ ഹിംസയോ ഹിംസാഭീഷണിയോ കണക്കുകൂട്ടി പ്രയോഗിക്കുന്നതാണ്‌ ഭീകരവാദം. ഈ രീതിയിൽ പറയുകയാണെങ്കിൽ ഇന്ന്‌ നാം ഭീകരവാദത്തിന്റെ ഉദാഹരണമായി കാണുന്നത്‌ സെപ്തംഃ11ന്‌ അമേരിക്കയിൽ നടന്ന സംഭവമായിരിക്കും. പക്ഷെ സാമ്പത്തിക ഭീകരവാദവും സാംസ്‌ക്കാരിക ഭീകരവാദവും കൂടി ഇതിനൊപ്പം കൂട്ടണമെന്നാണ്‌ എന്റെ വീക്ഷണം.

അടുത്തതായി ഉയർന്നുവരുന്ന ചോദ്യം ആരാണ്‌ ഭീകരവാദി എന്നാണ്‌. ഒരാളുടെ ദേശിയവാദി മറ്റൊരാൾക്ക്‌ ഭീകരവാദിയാകാം. ബ്രീട്ടീഷുകാരുടെ ചരിത്രപുസ്‌തകത്തിൽ ഒന്നാംസ്വാതന്ത്ര്യ സമരം നടത്തിയവരും, ശിപായി ലഹളക്കാരും-ഭഗത്‌സിംഗുമൊക്കെ ഭീകരവാദികളാണ്‌; ഇന്ത്യക്കാർക്ക്‌ ഇവർ ദേശീയവാദികളാണെങ്കിലും. ഭീകരവാദം എന്തെന്ന നിർവചനം നാം ഭീകരവാദത്തെ എങ്ങിനെ നോക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഈ പ്രശ്‌നം ഇവിടെ മാത്രമല്ല; സി.ഐ.എ ഭീകരവാദികളുടെ ലിസ്‌റ്റ്‌ ഇടയ്‌ക്കിടെ പുറത്തു വിടാറുണ്ട്‌. കഴിഞ്ഞ അൻപതു വർഷത്തെ ലിസ്‌റ്റ്‌ പുറത്തുവിട്ടതിൽ പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്രു ഭീകരവാദിയാണ്‌, മാർഷൽ ടിറ്റോ ഭീകരവാദിയാണ്‌. ഇപ്പോൾ അതിൽ ഫിഡൽ കാസ്‌ട്രോയുണ്ട്‌, സദാംഹുസൈനുണ്ട്‌, ഒസാമ ബിൻലാദനുണ്ട്‌. അതിനെ പണ്ഡിറ്റ്‌ ജവഹർലാൽനെഹ്‌റു മുതൽ ഒസാമബിൻലാദൻവരെ സി.എ.എ.യുടെ കണ്ണിൽ ഭീകരരാണ്‌. അന്ന്‌ ഇടതുപക്ഷഭരണകൂടങ്ങൾക്കെതിരെ എന്തതിക്രമങ്ങൾ ചെയ്‌താലും; അവരൊക്കെയും അമേരിക്കയ്‌ക്ക്‌ ജനാധിപത്യവാദികളാണ്‌.

ഈ ഭീകരവാദ വിരുദ്ധയുദ്ധത്തിൽ അമേരിക്കയുടെ കൂടെ നില്‌ക്കുന്നത്‌ ടോണിബ്ലയറാണ്‌ (വാജ്‌പേയ്‌ക്ക്‌ ചില എതിർപ്പുകളുണ്ടെങ്കിലും) അരുന്ധതിറോയുടെ ഭാഷയിൽ പറഞ്ഞാൽ “ടോണി ബ്ലയർ ഇംഗ്ലണ്ടിലെ അമേരിക്കയുടെ അമ്പാസിഡറാണ്‌ (ഇംഗ്ലണ്ടിലെ പ്രധാനമന്ത്രികൂടിയാണ്‌ അദ്ദേഹം)”. ഈ ടോണി ബ്ലയറിന്റെ യു.കെയിൽ ജെറി ആഡംസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഭീകരവാദത്തിന്‌ ഏറ്റവും വലിയ സ്വീകരണം കൊടുക്കുന്നത്‌ അമേരിക്കയാണ്‌. ഇസ്രേയേലിലെ ഭീകരവാദികൾ അമേരിക്കയുടെ കണ്ണിൽ ഭീകരവാദികളല്ല. ദക്ഷിണാഫ്രിക്കൻ വർണ്ണവിവേചനകാലത്ത്‌ ഏറ്റവും വലിയ ക്രൂരഭരണം നടത്തിയ ഭരണകൂടത്തെ എല്ലാ രീതിയിലും പിൻതുണകൊടുത്ത അമേരിക്കയാണ്‌ ഇന്ന്‌ ഭീകരവാദത്തിനെതിരെ യുദ്ധം നടത്തുന്നത്‌. നെൽസൺ മണ്ഡേലയും അമേരിക്കൻ ലിസ്‌റ്റിൽ ഭീകരവാദിയായിരുന്നു എന്ന്‌ നാം ഓർക്കണം.

ഹിരോഷിമ-നാഗസാക്കിക്കുശേഷം അമേരിക്ക അക്രമിച്ച രാജ്യങ്ങളുടെ എണ്ണം ഇവിടെ കുറിക്കുന്നു. ചൈന, കൊറിയ, ഗ്വോട്ടിമാല, ഇൻഡോനേഷ്യ, ക്യൂബ, ബെൽജിയം, കോംഗോ, പെറു, ലവോസ്‌, വിയറ്റ്‌നാം, സുഡാൻ കമ്പോഡിയ, പനാമ, ഇറാഖ്‌, ഗ്രനഡ, യൂഗോസ്ലാവ്യ, നിക്കരാഗ്വ, ബോസ്നിയ…. അങ്ങിനെപോകുന്നു. രണ്ടാം ലോകമഹായുദ്ധംകഴിഞ്ഞ്‌ നടത്തിയ ന്യൂറൺ ബർഗ്‌ വിചാരണ മോഡലിൽ അമേരിക്കയിലെ ഭരണാധികാരികളെ വിചാരണ ചെയ്യുകയാണെങ്കിൽ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെടാത്ത ഒറ്റ പ്രസിഡന്റ്‌ പോലുമുണ്ടാവില്ല എന്ന്‌ നോം ചോസ്‌കി തന്റെ ഒരു കുറിപ്പിൽ പറയുന്നു.

ഇനി അഫ്‌ഗാനിലേക്ക്‌ തിരിച്ചുവരാം. രണ്ടു മില്യൺ ഡോളറിന്റെ മിസൈൽകൊണ്ട്‌ രണ്ടുഡോളറിന്റെ നഷ്‌ടംപോലും ഉണ്ടാക്കാൻ കഴിയാതെ വേവലാതിപ്പെടുന്ന അമേരിക്കൻ പൈലറ്റുകളെക്കുറിച്ച്‌ നാം കേട്ടു. 45 ലക്ഷത്തോളം പട്ടിണിക്കാരുടെ രാജ്യത്ത്‌ രണ്ടു മില്യൺ ഡോളറിന്റെ മിസൈൽ വീണിട്ട്‌ എന്തുകാര്യം? അതുകൊണ്ട്‌ ഇതൊരു യുദ്ധമാണെന്ന്‌ ഞാൻ കരുതുന്നില്ല.

അമേരിക്ക നടത്തുന്ന ആക്രമണത്തിന്റെ ന്യായം സെപ്തംഃ11ന്‌ അമേരിക്കയിൽനടത്തിയ ആക്രമണത്തിന്റെ ഉത്തരവാദി ലാദനാണെന്നും അയാളെ വിട്ടയയ്‌ക്കണമെന്നുമായിരുന്നു. ആ ആക്രമണത്തിന്റെ ശില്പി ലാദനാണെന്ന്‌ വ്യക്തമായി യാതൊരു തെളിവുമില്ല. തെളിവുണ്ടെങ്കിൽ പുറത്താരോടും പറഞ്ഞിട്ടുമില്ല. അമേരിക്കയോട്‌ തെളിവു ചോദിക്കാൻ നമ്മളാരാ?

പതിനായിരക്കണക്കിന്‌ ജനങ്ങളെ കൊന്ന ഒരു പഴയ ഹെയ്‌തി പ്രസിഡന്റ്‌ ഇന്ന്‌ അമേരിക്കയിലുണ്ട്‌. യു.എന്നിന്റെ നേതൃത്വത്തിൽ ഈ പ്രസിഡന്റിന്റെ വിചാരണ ചെയ്‌ത്‌ ശിക്ഷ വിധിച്ചതാണ്‌. വ്യക്തമായ തെളിവുകളുണ്ടായിട്ടും അമേരിക്ക ഇയാളെ വിട്ടുകൊടുത്തില്ല. കാരണം അമേരിക്കയ്‌ക്ക്‌ എന്തെങ്കിലും ചെയ്യാൻ ഒരു തെളിവുകളുടേയും ആവശ്യമില്ല. അമേരിക്ക അമേരിക്കയും ഹെയ്തി ഹെയ്തിയുമാണ്‌ അത്രതന്നെ.

തൊണ്ണൂറുകൾക്കു മുമ്പുവരെ അമേരിക്കയുടെ യുദ്ധന്യായം കമ്യൂണിസമായിരുന്നു. റഷ്യയും കമ്യൂണിസ്‌റ്റ്‌ ചേരിയും തകർന്നതോടെ യുദ്ധങ്ങൾ അവസാനിച്ചു എന്നു കരുതിയവർക്കു തെറ്റി. സോവിയറ്റ്‌ യൂണിയൻ തകർന്ന്‌ ഒരു മാസത്തിനുളളിൽ അമേരിക്ക പനാമയെ ആക്രമിച്ചു. മയക്കു മരുന്നിന്റെ കച്ചവടമുണ്ട്‌ പനാമ പ്രസിഡന്റിന്‌ എന്നതായിരുന്നു കുറ്റപത്രം. മയക്കുമരുന്നിന്റെ വിൽപ്പനയുടേയും വിതരണത്തിന്റേയും നിയന്ത്രണം അമേരിക്കയിലെ ചില പ്രഭുക്കൻമാർക്കാണ്‌ എന്നറിയാത്ത ഒരു കുട്ടിയും ലോകത്തുണ്ടാവില്ല എന്നു തോന്നുന്നു. ഇതൊക്കും അമേരിക്കൻ ഭരണകൂടം കാണുന്നില്ല. കമ്യൂണിസം തകർന്നതിനുശേഷവും പ്രതിരോധശേഷി കൂട്ടാനാണ്‌ അമേരിക്കയുടെ പഴയ പ്രസിഡന്റ്‌ ബുഷ്‌ തീരുമാനിച്ചത്‌. ഇത്‌ മൂന്നാം ലോകങ്ങളുടെ സാങ്കേതിക വളർച്ച തടയാൻ മാത്രമായിരുന്നു.

തകർച്ചയ്‌ക്കുമുമ്പ്‌ സോവിയറ്റ്‌ യൂണിയൻ ചെയ്‌തിരുന്നതും ഇതൊക്കെ തന്നെയായിരുന്നു. അവരുടെ സർക്കിൾ ചെറുതായിരുന്നു എന്നുമാത്രം. എങ്ങിനെയൊക്കെ ആയാലും സോവിയറ്റ്‌ യൂണിയനും അമേരിക്കയും തമ്മിലുളള സമരത്തിന്റെ ദുരന്തം മുഴുവൻ പേറേണ്ടി വന്നത്‌ മൂന്നാംലോകരാജ്യങ്ങൾ മാത്രമായിരുന്നു.

ഇന്ന്‌ അമേരിക്കയുടെ ലക്ഷ്യം മൂന്നാംലോകരാജ്യങ്ങളുടെ നിയന്ത്രണം കൈയ്യടക്കുക എന്നതാണ്‌. അവിടത്തെ നിർമ്മാണ പ്രക്രിയകളും, വിപണനവും, അസംസ്‌കൃതവസ്‌തുക്കളും, രാഷ്‌ട്രീയനിലപാടുകളുമെല്ലാം നിയന്ത്രണത്തിലാക്കുക എന്നതുമാത്രമാണ്‌ അമേരിക്കയുടെ ഉന്നം.

പക്ഷെ ഇന്ന്‌ അമേരിക്കയിൽപോലും ആഗോളവത്‌​‍്‌ക്കരണത്തിന്റെ അസ്വസ്ഥത പടർന്നിരിക്കുന്നു. അവരുടെ സാമ്പത്തികനില ആകെ തകർന്നുകൊണ്ടിരിക്കുകയുമാണ്‌.

എന്നും യുദ്ധങ്ങളും ഭീകരവാദങ്ങളും സാമ്രാജ്യത്വപ്രവർത്തനങ്ങൾക്ക്‌ മുൻകരുതലായി തീർന്നിട്ടുണ്ട്‌. 1991ൽ മനുമോഹൻസിംഗിന്റെ ഗ്ലോബലൈസേഷൻ ബഡ്‌ജറ്റ്‌ വന്നു, 1992ൽ ബാബറിമസ്‌ജിദ്‌ തകർന്നു. ഇവരണ്ടും വളരെ അടുത്ത ബന്ധമുളള സംഭവങ്ങളാണ്‌. ബാബറി മസ്‌ജിദ്‌ സംഭവത്തിനുശേഷമുണ്ടായ ചർച്ചകളെല്ലാം മതതീവ്രവാദവും ഭീകരവാദവുമൊക്കെ ആയിരുന്നു. മറുവശത്ത്‌ ആരും ശ്രദ്ധിക്കാതെ ഗ്ലോബലൈസേഷൻ മുറയ്‌ക്ക്‌ നടക്കുകയും ചെയ്‌തു. ഖണ്ഡഹാറിലേക്ക്‌ ഇന്ത്യൻ വിമാനം റാഞ്ചിയതിനൊപ്പമായിരുന്നു അന്ന്‌ പത്രങ്ങളും ഇന്ത്യൻ സമൂഹവും. ഇതിനിടെ മറ്റൊരു റാഞ്ചൽ നടന്നത്‌ ഇന്ത്യക്കാരറിഞ്ഞില്ല. ഇന്ത്യയും അമേരിക്കയും ഉദ്യോഗസ്ഥതലത്തിൽ എല്ലാ അളവുപരമായ നിയന്ത്രണങ്ങളും നീക്കുന്ന ഒരു കരാറൊപ്പിട്ടു. ഇതൊന്നു കാരണമാണ്‌ ഇന്ത്യൻ കർഷകർ ഇന്നു കരയുന്നതും ആത്‌മഹത്യ ചെയ്യുന്നതും. ഈ ഒപ്പിടലിനുശേഷം ഇറക്കുമതി ഉത്‌പന്നങ്ങൾക്ക്‌ യാതൊരു ഇറക്കുമതി നിയന്ത്രണങ്ങളുമില്ലാതെയായി. ഇന്ത്യ മുഴുവൻ റാഞ്ചപ്പെട്ടപ്പോൾ നാം ഖണ്ഡഹാറിലെ റാഞ്ചലിനു പിറകെയായിരുന്നു. ഡബ്ല്യൂ.ടി.ഒ. ന്റെ ദോഹാ സമ്മേളനവും അഫ്‌ഗാൻ ആക്രമണവും വേണമെങ്കിൽ ഇതുപോലെ ബന്ധപ്പെടുത്താവുന്നതാണ്‌.

ഇന്ന്‌ ഇന്ത്യ അമേരിയ്‌ക്കക്കൊപ്പം ഇസ്ലാമിക തീവ്രവാദത്തിനെതിരെ പ്രവർത്തിക്കുകയാണ്‌ പുതിയൊരു സിവിലൈസേഷനുവേണ്ടി. പ്രധാനകൂട്ടാളികൾ- സൗദി അറേബ്യ. അവർ ഇസ്ലാമല്ലേ? പിന്നെ പാകിസ്ഥാൻ ഇതൊക്കെ കഴിഞ്ഞേയുളളൂ ഇന്ത്യയുടെ സ്ഥാനം.

ഈ തീരുമാനമൊക്കെ എടുക്കുന്നവർ ബുദ്ധിയില്ലാത്തവരാണെന്ന്‌ ഞാൻ കരുതുന്നില്ല. ഇതിനു പിറകിൽ ചില താത്‌പര്യങ്ങളുണ്ട്‌. ഇതൊരു റാക്കറ്റാണ്‌. നമ്മെ പറ്റിക്കുന്ന റാക്കറ്റ്‌.

ഇത്തരത്തിൽ സാമ്രാജ്യത്വത്തിന്റെ, ആഗോളവത്‌കരണത്തിന്റെ കൊളോണിയലിസത്തിന്റെ ഒരു പ്രൊജക്‌റ്റിന്റെ ഭാഗമായി മാത്രമാണ്‌ ഈ വസ്‌തുതകളെ നാം കാണേണ്ടത്‌. ആഗോളവത്‌ക്കരണത്തിന്റെ നട്ടെല്ല്‌ ഇന്ന്‌ തകർച്ചയിലാണ്‌. അതിനാലാണ്‌ തദ്ദേശിയമായ ഭരണകൂടങ്ങളെ അധികാരപ്പെടുത്തുകയും; ആ അധികാരംവഴി ആഗോളവത്‌ക്കരണത്തിനെതിരായ ഏതു ചെറുത്തു നില്‌പിനേയും അടിച്ചമർത്തുന്ന മിനിമം ജനാധിപത്യംപോലും നിഷേധിക്കുന്നതരത്തിലുളള ഒരു പ്രൊജക്‌റ്റ്‌ ഇവിടെ നടക്കുന്നത്‌. അരുന്ധതി റോയ്‌യുടെ വാക്കുകൾ സ്‌മരിച്ച്‌ ഞാനിത്‌ അവസാനിപ്പിക്കുന്നു. “ഒരു യുദ്ധത്തിലും ജനങ്ങൾ ജയിക്കുന്നില്ല. ഒരു യുദ്ധത്തിലും ഒരു ഭരണാധികാരിയും തോൽക്കുന്നുമില്ല.”

Generated from archived content: yudham.html Author: cr_neelakandanambuthiri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English