‘നാട്ടറിവുകൾ പങ്കുവെയ്‌ക്കുന്നു’

ഗ്രഹണം ചെയ്യപ്പെട്ട അരികുസത്യങ്ങളാണ്‌ നാട്ടറിവുകൾ. വരമൊഴി ചരിത്രകാരന്മാരും അഭിജാതസംസ്‌കാരവും അവഗണിച്ച ജൈവികപരിസരമാണ്‌ നാട്ടറിവിന്റെ ചരിത്രം. കഴിഞ്ഞ ഇരിനൂറ്‌ വർഷമായി തുടരുന്ന യൂറോപ്യൻ യുക്തിയുടേയും പടിഞ്ഞാറൻ ശാസ്‌ത്രസാങ്കേതിക ജ്ഞാനത്തിന്റേയും പതനത്തിൽനിന്നാണ്‌ നാട്ടറിവിന്റെ അന്വേഷണം ആരംഭിക്കുന്നത്‌. പടിഞ്ഞാറൻ വികസനരീതികളിൽനിന്ന്‌ വ്യത്യസ്‌തമായ, സന്തുലിതമായ വികസന രീതികളെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ നാട്ടറിവിന്‌ ഇന്ന്‌ ഏറെ പ്രാധാന്യമുണ്ട്‌. അധികാരത്തിന്റെ മുകൾത്തട്ടിൽനിന്നുളള വികസനത്തിനു പകരം ജനകീയ പരിസരം തേടുമ്പോൾ ഒരേയൊരുവഴി നാട്ടറിവിന്റെ സംയോജനമാണ്‌. സാർവ്വദേശീയമായ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ നിർവ്വചിക്കാനോ കണ്ടെത്താനോ കഴിയുന്നതല്ല നാട്ടറിവ്‌. പ്രാദേശികമായ യുക്തിയിൽനിന്നാണ്‌ അത്‌ ജന്മമെടുക്കുന്നത്‌. സ്ഥാപന ആശ്രിതത്വവും വ്യക്തിനിഷ്‌ഠവുമായ ഗവേഷണത്തിനു പകരം സമൂഹനിഷ്‌ഠമായ ഒരു തിരിച്ചറിവാണ്‌ നാട്ടറിവുപഠനം. കൂട്ടായ്‌മയുടെ സാംസ്‌കാരിക വിജ്ഞാനമാണത്‌. നാട്ടറിവുകൾ പങ്കുവെയ്‌ക്കുന്നു എന്നതാണ്‌ ഈ സാംസ്‌കാരിക പ്രവർത്തനത്തിന്റെ രീതിശാസ്‌ത്രം.

ആയിരക്കണക്കിനു വർഷങ്ങളായി ഒരു പ്രാദേശികജനത സ്വന്തം അധിവാസഭൂമികയിൽനിന്ന്‌ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ നേടിയെടുത്ത പ്രായോഗികമായ നാട്ടുജ്ഞാനങ്ങൾ കൈമാറുന്ന രീതിശാസ്‌ത്രമാണിത്‌. ‘കണ്ടും കേട്ടും ചെയ്‌തും’ കൈമാറിപ്പോരുന്ന ഒന്നാണിത്‌. കണ്ടറിവ്‌, കേട്ടറിവ്‌, നേരറിവ്‌ എന്നപേരിൽ അറിയപ്പെടുന്ന ഈ അറിവ്‌ കാലത്തിന്റെ പലതലങ്ങളിലാണ്‌ കിടക്കുന്നത്‌. പഴമനസ്സുകളോടു സംസാരിക്കുമ്പോൾ ഭൂതകാലത്തിന്റെ പല തലങ്ങളിൽ കിടക്കുന്ന അറിവാണ്‌ സമാഹരിക്കപ്പെടുന്നത്‌. പ്രകൃതിയുമായി അടുത്തിടപഴകിയ&മണ്ണിൽ ജീവിച്ച ഒരു ജനത അനവധി തലമുറകൾക്ക്‌ കൈമാറിയ ജ്ഞാനപരിസരമാണ്‌ നാട്ടറിവുപ്രവർത്തകർ സമാർജ്ജിക്കുന്നത്‌. നാട്ടറിവിൽ സ്വന്തം വർഗ്ഗീകരണ തത്ത്വങ്ങളുണ്ട്‌. പ്രകൃതിയെപ്പറ്റിയുളള യുക്തിനിഷ്‌ഠ നിരീക്ഷണമുണ്ട്‌. പരിസ്ഥിതിക്ക്‌ കോട്ടം തട്ടാത്തതും സുസ്ഥിരവുമായ വികസന തന്ത്രങ്ങളുണ്ട്‌. പ്രകൃതിവിഭവങ്ങളെ വിദഗ്‌ദ്ധമായുപയോഗിക്കുന്ന പ്രായോഗിക വഴക്കങ്ങളുണ്ട്‌. നാട്ടു സാങ്കേതികവിദ്യയിലൂടെ&നൈപുണ്യത്തിലൂടെ വിഭവത്തേയും വൈഭവത്തേയും ഒന്നിപ്പിക്കുന്നു. പഴമനസ്സുകളുടെ അനുഭവപരിസരത്തിൽ നിന്നും ഉടലെടുത്ത നിർമ്മിതികൾ അനവധിയാണ്‌. അന്യവൽക്കരിക്കപ്പെട്ട ഇന്നത്തെ സമൂഹത്തിൽ കൂട്ടായ്‌മകളുടെ പാരസ്‌പര്യവും ചരിത്രാവബോധവും വീണ്ടെടുക്കുന്നതിനും ഗ്രാമങ്ങളുടെ സ്വാശ്രയത്വം നിലനിർത്തുന്നതിനും നാട്ടറിവുകളുടെ വൈഭവം ആവശ്യമാണ്‌. ആദിവാസികളും ഗ്രാമീണരും മറ്റു തൊഴിൽക്കൂട്ടായ്‌മകളുമടങ്ങുന്ന സമൂഹത്തിന്‌ ഒട്ടനവധി നാടൻകലകളും നാട്ടറിവുകളുമുണ്ട്‌. ഇവയുടെ സജീവവാഹകരായ നാട്ടുനൈപുണികൾ&ആവേദകർ ഇല്ലാതാവുന്നതോടെ ആഴത്തിലുളള ആ വിജ്ഞാനം ഇല്ലാതാവുകയാണ്‌. രാജാക്കന്മാരുടെയും അധികാരദല്ലാൾമാരുടെയ്ം ചരിത്രത്തിന്‌ പുറത്തുളള ജനദേശീയതയുടെ നാട്ടുചരിത്രം നമുക്ക്‌ നഷ്‌ടമാവുകയാണ്‌. ഒരു പ്രദേശത്തിന്റെ വൈവിദ്ധ്യമാർന്ന കൃഷിരീതി, ജൈവവൈവിദ്ധ്യഭൂമിക നാട്ടുവഴക്കങ്ങൾ, ഗ്രാമചരിത്രത്തെ ഓർമ്മകളിൽ കെട്ടിയുണ്ടാക്കുന്ന രീതി തുടങ്ങിയവ നാട്ടറിവ്‌ ശേഖരത്തിലൂടെ നിർമ്മിക്കാനാവുന്നു. അതിനാൽ ജനതയുടെ ചരിത്രം നാട്ടറിവുകളിലൂടെയാണ്‌ പുനഃസൃഷ്‌ടിക്കാനാവുക. അതിന്‌ കേട്ടറിവുകളുടെ ശേഖരണവും പങ്കുവെയ്‌ക്കലും വളരെ പ്രധാനപ്പെട്ടതാണ്‌.

ആഗോളവൽക്കരണത്തെത്തുടർന്ന്‌ പ്രാദേശിക സംസ്‌കാരങ്ങളുടെ ഹരിതപൈതൃകങ്ങൾ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. നാട്ടറിവിന്റെ യുക്തിയെ&ശാസ്‌ത്രബോധത്തെ പേറ്റന്റിന്റെ പേരിൽ കവർന്നെടുക്കുന്നതിനെതിരെ നാട്ടുനൈപുണികളുടെ പ്രതിരോധനിര ഉയരണം. ജൈവവൈവിദ്ധ്യവും അവയെ നിലനിർത്തുന്ന കാട്ടുവിത്തുകളും പ്രാദേശികജനതയുടെ സമ്പത്താണ്‌. നൂറ്റാണ്ടുകളായി മൺകലത്തിലും വല്ലോട്ടികളിലും ഭക്ഷ്യസുരക്ഷിതത്ത്വത്തിന്റെ വിത്തുകളെ&നാട്ടറിവുകളെ കാത്തുസൂക്ഷിച്ച കൂട്ടായ്‌മകളെ നാം സംരക്ഷിക്കേണ്ടിയിരിക്കുന്നു. ആദിമകലകളും കൈവേലകളും നാടൻകലകളും സമഗ്രമായ സൗന്ദര്യബോധത്തിന്റെ ഉടവിടങ്ങളാണെന്ന്‌ തിരിച്ചറിയണം. നാട്ടറിവിന്റെ ജൈവികയുക്തിയെ സമകാലീനസമൂഹത്തിൽ സജീവമായി ആവിഷ്‌കരിക്കണം. ഒരു നാട്ടറിവ്‌ രജിസ്‌റ്റർ ചെയ്യപ്പെടുന്നതിലൂടെ ആ ഗ്രാമത്തിന്റെ പരമ്പരാഗതവിജ്ഞാനത്തിന്റെ അവകാശപ്രഖ്യാപനം നടത്തുകയാണ്‌. ആസൂത്രണം ഒരു ഉത്സവമായി മാറുന്നത്‌ അപ്പോഴാണ്‌.

മണ്ണിനെപ്പറ്റിയുളള നാട്ടറിവ്‌, സസ്യങ്ങളെപ്പറ്റിയുളള നാട്ടറിവ്‌, പരിസ്ഥിതി സംരക്ഷണത്തിനായുളള നാട്ടുരീതി, ജലവിനിയോഗത്തിന്റെ നാട്ടറിവ്‌, പാരമ്പര്യ ജന്തുവിജ്ഞാനം, നാടൻതത്ത്വചിന്ത, നാട്ടുവിദ്യാഭ്യാസരീതി,നാടൻകളികൾ, ഗ്രാമീണപുരാവസ്‌തുക്കൾ, ചന്തകൾ, ഉത്സവങ്ങൾ, മത്സ്യബന്ധനം തുടങ്ങി ജീവിതത്തിന്റെ സമസ്‌ത മേഖലകളേയും നാട്ടറിവ്‌ സ്‌പർശിക്കുന്നു. എഴുത്ത്‌&രേഖയെ അടിസ്ഥാനമാക്കിയുളള അധികാരത്തിൽനിന്ന്‌ വ്യത്യസ്തമാണത്‌. വാമൊഴി പാരമ്പര്യത്തിലാണ്‌ ദേശത്തിന്റെ ചരിത്രം കിടക്കുന്നത്‌. പ്രയുക്തസന്ദർഭത്തിനുപകരം ജൈവികസന്ദർഭത്തിലാണ്‌ നാട്ടറിവ്‌ നിലകൊളളുന്നത്‌. പ്രായോഗികജ്ഞാനത്തിലൂടെ നേടിയെടുക്കുന്നതാണ്‌ നാട്ടറിവ്‌, ‘പഠിപ്പിക്കുന്നതല്ല’. സർവ്വ ചരാചരങ്ങളും ഉൾക്കൊളളുന്ന പ്രപഞ്ചവീക്ഷണം നാട്ടറിവിന്റെ ദർശനത്തിലുണ്ട്‌. ഇത്‌ ഉൾക്കൊളളുന്ന നരവംശകേന്ദ്രീകൃതമായ ഭാഗികവീക്ഷണമല്ല. എല്ലാ ജീവജാലങ്ങളും തമ്മിലുളള പരസ്‌പരാശ്രിതത്വവും ബന്ധുത്വചിന്തയും നാട്ടറിവിലുണ്ട്‌. പ്രകൃതിയെ നിയന്ത്രിക്കാനും ചൂഷണം ചെയ്യാനുമുളള ഉപാധിയായിക്കാണുന്നതാണ്‌ അധികാരജ്ഞാനം.

വരുംനൂറ്റാണ്ടിന്റെ പ്രതിരോധജ്ഞാനരീതി നിർമ്മിക്കുന്നതിന്‌ നാട്ടറിവ്‌ ശേഖരണത്തിന്റെ ഒരു രീതിശാസ്‌ത്രം തയ്യാറാക്കേണ്ടതുണ്ട്‌. ഇതൊരു പ്രക്രിയയാണ്‌.

1. നാട്ടറിവ്‌ പഠനസമിതികളുടെ രൂപീകരണം.

2. നാട്ടറിവ്‌ ശേഖരിക്കുന്നതിനുളള രീതിശാസ്‌ത്രം തയ്യാറാക്കൽ

3. അറിവുകൾ സമാർജ്ജിക്കുന്നതിനുളള പരിശീലനം

4. സൂക്ഷ്‌മതലത്തിലുളള ചോദ്യാവലിയുടെ മാതൃക

5. ഫീൽഡ്‌ സർവ്വേ എന്ന സാംസ്‌ക്കാരിക പ്രവർത്തനം

6. ഫീൽഡ്‌ സർവ്വേയ്‌ക്കുളള ഉപകരണങ്ങൾ

7. ശേഖരിച്ചവ ഒത്തുനോക്കി ഓരോവിഷയത്തിന്റേയും നാട്ടറിവുരേഖ&രജിസ്‌റ്റർ തയ്യാറാക്കൽ

8. നാട്ടറിവു മ്യൂസിയം, ലൈബ്രറി, ഓഡിയോവീഡിയോ സംവിധാനം എന്നിങ്ങനെയുളള ഡോക്യുമെന്റേഷൻ

9. നാട്ടറിവു നിർമ്മിതികളുടെ പുനഃസൃഷ്‌ടിയും പ്രദർശനവും

10. നാട്ടറിവുകൾ പങ്കുവയ്‌ക്കുന്ന ചടങ്ങ്‌.

ഇത്‌ പ്രത്യേകരീതിയിൽ മുറ്റത്തോ മാവിൻചുവട്ടിലോ സജ്ജീകരിക്കാം. അധികാരഘടനയെ ഇല്ലാതാക്കിക്കൊണ്ടുളള ഒരു പ്രതിഘടനയാണിത്‌. നാട്ടറിവ്‌ ആശാന്മാൻ&നാട്ടറിവ്‌ ആശാത്തിമാർ എന്നിവരെ ആദരിക്കുന്ന രീതിശാസ്‌ത്രമാണിത്‌. അറിവുകൾ പങ്കുവെയ്‌ക്കുമ്പോൾ ഡോക്കുമെന്റ്‌ ചെയ്യുന്നതിനുളള സംവിധാനം ഉണ്ടാകണം. നാട്ടറിവുകൾ പങ്കുവെയ്‌ക്കുന്ന പരിപാടി ഒരു സംവാദവും ചർച്ചയുമാണ്‌. മറ്റു നാട്ടറിവാശാന്മാരുടെ അറിവുകൾ കൂടിച്ചേർന്ന്‌ ഇത്‌ സമഗ്രമാവുന്നു.

11. നാട്ടുമൊഴികളും നാട്ടുവാക്കുകളും പകർത്തുന്നതിന്‌ പ്രത്യേകപരിശീലനം നൽകണം.

12. നാട്ടറിവാശാന്മാരുടെ ആലകൾ, പണിസ്ഥലങ്ങൾ, വീടുകൾ എന്നിവ സന്ദർശിക്കുക.

13. കൈവേലക്കാരുടെ നേതൃത്വത്തിൽ പരിശീലനം.

14. അന്യം നിന്നുപോയ കൈവേലകൾ, നാട്ടുഭക്ഷണം, നാടൻകലകൾ എന്നിവയുടെ പുനഃസൃഷ്‌ടി, നാട്ടാചാരങ്ങളുടേയും ഉത്സവങ്ങളുടെയും കൃഷിയുടെയും പ്രാദേശിക കലണ്ടർ തയ്യാറാക്കൽ.

15. ഒരു ദേശത്തിന്റെ നാട്ടറിവുകളുടെ അവകാശപ്രഖ്യാപനം.

ജീവിതത്തെ അടിമുടി മാറ്റിപ്പണിയുന്നു ഈ പ്രതിരോധപ്രവർത്തനം. ഇനി നാട്ടറിവുപഠനകേന്ദ്രം ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട്‌ വിവിധ പഞ്ചായത്തുകളിലും സാംസ്‌കാരികസമിതികളിലും നാട്ടറിവു പങ്കുവെയ്‌ക്കുന്നതിനുവേണ്ടി തയ്യാറാക്കിയ ചോദ്യാവലിയുടെ രൂപമാതൃക താഴെ ചേർക്കുന്നു. (തൃശൂർ ജില്ലാപഞ്ചായത്ത്‌, ഒല്ലൂർ ഗ്രാമപഞ്ചായത്ത്‌, അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്‌, ചൊവ്വന്നൂർബ്ലോക്ക്‌ പഞ്ചായത്ത്‌, വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്ത്‌, പോർക്കുളം ഗ്രാമപഞ്ചായത്ത്‌, വെളളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത്‌, ചാലക്കുടി മുൻസിപ്പാലിറ്റി എന്നിവയിലും ഇടുക്കി ജില്ലയിലെ കൃഷിപ്പാട്ടുകൂട്ടങ്ങൾ, കേരളത്തിലെ മറ്റു പ്രാദേശിക നാട്ടറിവുസമിതികൾ, സാംസ്‌ക്കാരിക സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, പുഴസംരക്ഷണസമിതികൾ, പട്ടാമ്പി സംസ്‌കൃത കോളേജിലെ ഭാരതപ്പുഴ നദീതടസംസ്‌കാരപഠനം എന്നിവിടങ്ങളിൽ ഇത്തരം ചോദ്യാവലി ഉപയോഗിച്ചിട്ടുണ്ട്‌. പുഴപ്പൊലിമ, പൊലവി, നാട്ടുത്സവം, ഗ്രാമപ്പൊലിമ, നാടുപൊലിക, കൃഷിപ്പാട്ടുകൂട്ടം, മകരക്കാഴ്‌ച, നവര, തുടികൊട്ട്‌, കതിർക്കളം, കൺതുറപ്പ്‌, വന്യത, നാട്ടുനൈപുണികളുടെ കൂട്ടായ്‌മ, അരികുസത്യങ്ങൾ, മുത്തപ്പനാന, മുത്താളം, മഴക്കൂത്ത്‌, അമ്മൂമ്മ അറിവ്‌, കളം, കാവേറ്റം, ഏറുകൂട്ടം എന്നിങ്ങനെയാണ്‌ കൂട്ടായ്‌മകളുടെ പേരുകൾ. കേരളീയതയുടെ നാട്ടറിവ്‌ എന്ന ത്രൈമാസികയിലൂടെ കാട്ടറിവ്‌, കടലും സംസ്‌കാരവും, വിത്ത്‌, വടക്കൻ-തെക്കൻപാട്ടുകൾ, പെണ്ണറിവ്‌, മാപ്പിള ഫോക്‌ലോർ, പുര, പൊറാട്ട്‌, അന്നംകളം എന്നിങ്ങനെയുളള നാട്ടറിവുസമാഹാരങ്ങളും കൃഷിയുടെ നാട്ടറിവുകളടങ്ങിയ കൃഷിഗീത, തെങ്ങിന്റെ നാട്ടറിവുകൾ എന്നിവയും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. നാട്ടുവൈദ്യത്തിന്റെ അറിവുകൾ, മഴയുടെ നാട്ടറിവുകൾ, പുഴയുടെ നാട്ടറിവുകൾ എന്നീ പ്രോജക്‌ടുകളും ഏറ്റെടുത്ത്‌ നടത്തിയിട്ടുണ്ട്‌) സഹ്യന്റെ താളങ്ങൾ എന്ന പേരിൽ നാട്ടറിവിന്റെ വീക്ഷണത്തിലൂടെ ഒരു ഡോക്യുമെന്ററി ദൂരദർശനുവേണ്ടി ചെയ്‌തിട്ടുണ്ട്‌.

ശേഖരണത്തിന്റെ ചോദ്യാവലി

നാട്ടറിവുകൾ

1. വാമൊഴിപാരമ്പര്യംഃ നാവിൻതുമ്പിൽനിന്ന്‌ നാവിൻതുമ്പിലേയ്‌ക്ക്‌ വാമൊഴിയായി കൈമാറിയ പാട്ടുകളും കഥകളും ശേഖരിക്കുക. ഇതിൽ പല വിഭാഗങ്ങൾ വരാം. 1. പഴഞ്ചൊല്ലുകൾ 2. കടങ്കഥകൾ 3. നാട്ടുമൊഴികൾ 4. നാടോടിക്കഥകൾ. 5. നാടൻപാട്ടുകൾ എന്നിവ. നാടോടിക്കഥകളിൽ കുട്ടികൾക്കു പറഞ്ഞുകൊടുക്കുന്ന കഥകൾ, ഐതിഹ്യങ്ങൾ, പുരാവൃത്തങ്ങൾ, യക്ഷിക്കഥകൾ എന്നിങ്ങനെ വിഭാഗങ്ങളായിത്തിരിച്ച്‌ ശേഖരിക്കണം. നാടൻപാട്ടുകൾ, താരാട്ടുപാട്ടുകൾ, നാടൻകളികളുടെ പാട്ടുകൾ, അനുഷ്‌ഠാനഗാനങ്ങൾ, സ്‌ത്രീകളുടെ പാട്ടുകൾ, കൃഷിപ്പാട്ടുകൾ, തൊഴിൽപ്പാട്ടുകൾ, വടക്കൻപ്പാട്ടുകൾ, മതപരമായ ഉത്സവങ്ങളോടനുബന്ധിച്ച പാട്ടുകൾ, തിരിവാതിരപ്പാട്ടുകൾ (അനുഷ്‌ഠാനഗാനങ്ങളിൽ പുളളുവൻപാട്ട്‌, തന്തുണിപ്പാട്ട്‌, തുയിലുണർത്തുപാട്ട്‌, വേലൻപാട്ട്‌, മന്ത്രവാദപ്പാട്ടുകൾ എന്നിവ വരുന്നു.) എന്നിങ്ങനെ ശേഖരിക്കാവുന്നതാണ്‌.

2. നാടൻരംഗകലകൾഃ നാടോടി അരങ്ങിൽ അവതരിപ്പിക്കുന്ന രംഗകലകൾ ഈ വിഭാഗത്തിൽ വരുന്നു. ഓരോ ജാതിവിഭാഗങ്ങളുടെയും രംഗകലകൾ പ്രത്യേകം ശേഖരിക്കണം. ചിലത്‌ വീടുകളിലോ തറകളിലോ കളരികളിലോ അവതരിപ്പിക്കുന്നതാകാം. ചിലത്‌ കാവുകളിൽ അരങ്ങേറുന്നതാകാം. കുംഭം, മീനം, മേടം മാസങ്ങളിലെ അശ്വതി, ഭരണി, കാർത്തിക നാളുകളിൽ അവതരിപ്പിക്കുന്ന വേലയോടനുബന്ധിച്ച്‌ നാടൻകലകൾ അവതരിപ്പിക്കാറുണ്ട്‌. 1. പറയൻകളി 2. പൂതനും തിറയും 3. കാളകളി 4. കുതിരകളി 5. മുടിയാട്ടം 6. കുടവരവ്‌ 7. സർപ്പംതുളളൽ 8. കളമെഴുത്ത്‌ 9. കിണ്ണംകളി 10. കൈക്കൊട്ടിക്കളി 11. തിരുവാതിരക്കളി 12. കുറത്തിയാട്ടം. 13. ഓട്ടൻതുളളൽ 14. കരകാട്ടം 15. കോൽക്കളി 16. മുസ്ലീം ക്രിസ്‌ത്യൻ നൃത്തരൂപങ്ങൾ 17. കുമ്മാട്ടി 18. മറ്റുനാടൻകലകൾ നാടൻകളികൾ. ഓരോപ്രായത്തിലുംപെട്ട കുട്ടികളുടെ പഴയ കളിരൂപങ്ങൾ ശേഖരിക്കണം. 1. കവടിക്കളി 2. തായംകളി 3. ചുട്ടിക്കളി 4. കിളിമാസ്‌ 5. ടയംകളി 6. നാടൻപന്തുകളി 7. കബടി 8. ഓണത്തിനുളള വിനോദങ്ങൾ, കളികൾ 9. കല്ലുകളി 10. ഓടിപ്രാന്തി 11. കുഴിതപ്പിക്കളി 12. കൈത്തല്ല്‌ 13. പീച്ചാംകുഴൽ ഇങ്ങനെയുളള നാടൻകളികൾ.

3. ആചാരങ്ങൾഃ ജനനം മുതൽ മരണംവരെ ഓരോ ഘട്ടങ്ങളിലുമുളള ആചാരങ്ങൾ, വിശ്വാസങ്ങൾ, അനുഷ്‌ഠാനങ്ങൾ ഈ വിഭാഗത്തിൽ വരുന്നു. കൂടാതെ കൃഷി, തൊഴിൽ, വീട്ടിലെ ചടങ്ങുകൾ ഇവയുമായി ബന്ധപ്പെട്ട ആചാരങ്ങൾ പ്രത്യോകമായി ശേഖരിക്കണം. ഇരുപത്തെട്ട്‌, അമ്പത്താറ്‌, കാതുകുത്ത്‌ കല്യാണം, അരങ്ങേറ്റച്ചടങ്ങുകൾ, പ്രസവവുമായി ബന്ധപ്പെട്ട ആചാരങ്ങൾ, കണ്ണോക്ക്‌, നാല്‌പത്തിയൊന്ന്‌, ചാത്തം ഇവയുടെ ആചാരങ്ങൾ വിശ്വാസങ്ങൾ, വഴക്കങ്ങൾ എന്നിവ പ്രത്യേകം ശേഖരിക്കണം. മകം പൂജ, കൃഷിയുമായി ബന്ധപ്പെട്ട വിത്തുപൂജ, പുത്തരി, പത്താമുദയം, ഇല്ലംനിറ, ഇരുപത്തെട്ടുച്ചാൽ, ഉച്ചാറൽ, പത്തായപൂജ, ശകുനം, നിമിത്തങ്ങൾ, മാന്ത്രികവിശ്വാസങ്ങൾ, കണ്ണേറ്‌, പാല്‌, നെല്ല്‌ തുടങ്ങിയവ കൈമാറ്റം ചെയ്യുമ്പോഴുളള വിശ്വാസ ആചാരങ്ങൾ, മന്ത്രവാദരീതികൾ ഉണ്ടെങ്കിൽ അവയുടെ മന്ത്രങ്ങൾ, ചിത്രങ്ങൾ, അനുഷ്‌ഠാനരീതികൾ എന്നിവ ശേഖരിക്കണം. ഓരോ വിശേഷ ദിവസങ്ങളിലേയും ആചാരങ്ങൾ, മഴ വരുന്നതിന്റെ സൂചനകൾ, നിമിത്തങ്ങൾ, പക്ഷികളെ സംബന്ധിച്ച ആചാരവിശ്വാസങ്ങൾ, മൃഗങ്ങളെ സംബന്ധിച്ച്‌ ആചാരവിശ്വാസങ്ങൾ, അദൃശ്യശക്തികളെ സംബന്ധിച്ച ആചാരവിശ്വാസങ്ങൾ.

നാടോടി ഭക്ഷണരീതികൾഃ പണ്ടുപയോഗിച്ചിരുന്ന ഭക്ഷണരീതികളും ഇനങ്ങളും ക്രമങ്ങളും കൂട്ടുകളും വിശ്വാസങ്ങളും ആചാരങ്ങളും. ഇന്ന്‌ അപൂർവ്വമായിപ്പോയ നാട്ടുഭക്ഷണങ്ങൾ, മരുന്നുകഞ്ഞി, ഉലുവക്കഞ്ഞി, നവരക്കിഴി എന്നിവ. ഇലക്കറികൾ, ആവിയിൽ വേവിച്ച ഭക്ഷണങ്ങൾ, കുട്ടികൾക്കു വേണ്ട ഭക്ഷണങ്ങൾ, പ്രസവശുശ്രൂഷ, കന്നുകാലികളുടെ വീട്ടുമൃഗങ്ങളുടെ ഭക്ഷണക്രമം, ചക്ക, മാങ്ങ, കായ തുടങ്ങിയവ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾ, സദ്യവട്ടം, വിശേഷ ഭക്ഷണരീതികൾ എന്നിവ ഈ വിഭാഗത്തിൽ വരുന്നു. അടുക്കള അറിവുകൾ.

നാട്ടുവൈദ്യംഃ അമ്മൂമ്മവൈദ്യം, ഒറ്റമൂലികൾ, വീട്ടിൽക്കാച്ചുന്ന എണ്ണകൾ, മരുന്നുകൾ, നാട്ടുവൈദ്യസമ്പ്രദായങ്ങൾ എന്നിവ ഈ വിഭാഗത്തിൽ വരുന്നു. ഒടിവു ചികിത്സ, സർപ്പചികിത്സ, വിഷചികിത്സ, കണ്ണുവൈദ്യം, വാതം എന്നിങ്ങനെ ഇനം തിരിച്ച്‌ അന്വേഷിക്കണം. വൈദ്യവുമായി ബന്ധപ്പെട്ട ആചാരങ്ങളും വിശ്വാസങ്ങളും കഥകളും ചേർക്കാവുന്നതാണ്‌.

അപൂർവ്വമരുന്നുകൾ, ഔഷധസസ്യങ്ങൾ ഇവയുടെ അറിവുകൾ ശേഖരിക്കണം. ഔഷധസസ്യങ്ങളെപ്പറ്റിയുളള വിശദീകരണങ്ങൾ ചോദിച്ചുവാങ്ങേണ്ടതാണ്‌. പേറ്റച്ചിമാരുടെ നാട്ടറിവുകൾ പ്രത്യേകം ശേഖരിക്കണം. കന്നുകാലി ചികിത്സ അറിയാവന്നവരെ കണ്ടെത്തി അതിന്റെ എല്ലാ ആചാര, ചികിത്സാരീതികളും കണ്ടെത്തണം. നാട്ടിനങ്ങളിൽപ്പെട്ട കാള, പശു, ആട്‌ ഇവയുടെ വിവരങ്ങൾ ശേഖരിക്കാവുന്നതാണ്‌.

നാട്ടുചന്തകൾഃ പണ്ടുണ്ടായിരുന്നതോ ഇപ്പോൾ ഉളളതോ ആയ ചന്തകളുടെ സവിശേഷമായ പഠനം ആവശ്യമാണ്‌. ആഴ്‌ചച്ചന്ത, വിഷുച്ചന്ത, ഓണച്ചന്ത, കാലിച്ചന്ത, വഴിവാണിഭം എന്നിവ. ഇവിടെ വരുന്ന വിഭവങ്ങൾ, കൈമാറ്റരീതി, ആചാരങ്ങൾ എന്നിവ ഉൾക്കൊളളണം.

കിണറിന്റെ സ്ഥാനം കണ്ടെത്തുന്ന രീതികൾ. വെളളം ഉണ്ടെന്ന്‌ തിരിച്ചറിയുന്ന രീതികൾ. നാട്ടുഗണിതം.

4. ഭൗതികസംസ്‌കാരംഃ കളിപ്പാട്ടം മുതൽ ഗൃഹനിർമ്മാണം വരെയുളള ഭൗതികസംസ്‌കാരം ഈ വിഭാഗത്തിൽ വരുന്നു. 1. കളിപ്പാട്ടങ്ങൾ 2. അടുക്കളോപകരണങ്ങൾ 3. കാർഷികോപകരണങ്ങൾ 4. കാർഷിക ജലസേചനരീതികൾ 5. വീട്ടുപകരണങ്ങൾ 6. പുരനിർമ്മാണം 7. ഓലപ്പുര 8. തൊഴുത്തുകൾ 9. പത്തായപ്പുര 10. നാലുകെട്ട്‌, എട്ടുകെട്ട്‌ 11. കാവുകൾ 12. പളളികൾ 13. ക്ഷേത്രങ്ങൾ 14. കുളം നിർമ്മാണം 15. കിണർനിർമ്മാണം 16. പഴയപീടികകൾ ഐങ്കുടികമ്മാളരുടെ നാട്ടറിവുകൾ. 1. ആശാരി. മരാശാരി കല്ലാശാരി – നിർമ്മാണരീതികൾ, നാട്ടുകണക്കുകൾ, ഗണിതങ്ങൾ, പണിയായുധങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ, മരത്തെസംബന്ധിച്ച ആചാരവിശ്വാസങ്ങൾ, അവകാശങ്ങൾ 2. മൂശാരി- പാത്രനിർമ്മാണം, ആലയുടെ നിർമ്മാണം, കണക്കുകൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ, അവകാശങ്ങൾ. 3. തട്ടാൻ- ആഭരണനിർമ്മാണരീതികൾ, പഴയ ആഭരണങ്ങൾ, വിശ്വാസങ്ങൾ, അവകാശങ്ങൾ 4. കരുവാൻ- ഇരുമ്പുപണിയായുധങ്ങൾ, നിർമ്മാണരീതികൾ, വിശ്വാസങ്ങൾ, ആലയുടെ സവിശേഷതകൾ. കൂടാതെ സാംബവ വിഭാഗത്തിന്റെ മുളപ്പണികൾ, കൊട്ട, മുറം എന്നിവയുടെ നിർമ്മാണരീതികൾ, വസ്‌ത്രം നെയ്യുന്നവരുടെ രീതികൾ, കുശവന്മാർ, പാത്രനിർമ്മാണം, ചൂള തയ്യാറാക്കൽ വിശ്വാസങ്ങൾ ആചാരങ്ങൾ എന്നിവ.

Generated from archived content: essay2_nov3.html Author: cr-rajagopalan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English