സാഹിത്യം- ചില വിചാരണകൾ

ഒരു ജനപ്രിയ സംസ്‌കാരത്തിൽ, സാഹിത്യമെന്നത്‌ തികച്ചും അനാവശ്യമാണ്‌ എന്ന ചിന്ത ഏറെ ചർച്ചചെയ്യപ്പെടേണ്ടതാണ്‌. കൃത്യമായ വസ്‌തുതകളുടെ അടിസ്ഥാനത്തിൽ എഴുത്തു പാരമ്പര്യത്തിന്‌ മാനവരാശിയുടെ ചരിത്രവുമായി ബന്ധപ്പെടുത്തുമ്പോൾ വലിയ പഴക്കം ഇല്ല എന്നു നാം തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഇതിനൊക്കെ ഏറെമുമ്പുതന്നെ വാമൊഴിപാരമ്പര്യത്തിൽ കൊച്ചുകൊച്ചു സമൂഹങ്ങൾ സംസ്‌കാരത്തിന്റെ വൈവിധ്യമാർന്ന സങ്കൽപ്പങ്ങൾ ആവിഷ്‌ക്കരിച്ചിരുന്നു. അതായത്‌ എഴുത്തധികാരത്തിനുമുമ്പ്‌ പൊരുളധികാരം എന്നു പറയപ്പെട്ട ഒരു സങ്കൽപ്പം സംസ്‌കാരത്തിൽ ഉണ്ടായിരുന്നു. ഇതാണ്‌ വാമൊഴി പാരമ്പര്യം. ഇത്തരം വാമൊഴി പാരമ്പര്യത്തിലൂടെയാണ്‌ ഇതിഹാസങ്ങളും പുരാവൃത്തങ്ങളും നാടോടിക്കഥകളുമെല്ലാം സ്വതന്ത്രമായി കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്‌. എന്നാൽ ദേശീയത എന്ന ചിന്തയുമായി ബന്ധപ്പെട്ട അധികാരസങ്കല്പങ്ങൾ, രാഷ്‌ട്രസങ്കൽപ്പങ്ങൾ, നിയമാധിഷ്‌ഠിതമായ സങ്കൽപ്പങ്ങൾ എന്നിവ സമൂഹക്രമത്തിലേയ്‌ക്ക്‌ കടന്നുവന്നതോടെയാണ്‌ സ്‌ക്രിപ്‌റ്റ്‌ അഥവാ എഴുത്തിന്റെ ഉപയോഗം ആവശ്യമായത്‌. അതായത്‌ ദേശീയതയുടെ നിയമനിർമ്മാണത്തിനു വേണ്ടിയുളള ബ്രഹത്‌ ആഖ്യാനങ്ങൾ അടയാളപ്പെടുത്താനായി മാത്രമാണ്‌ ഇത്തരം എഴുത്തു പാരമ്പര്യങ്ങൾ രൂപപ്പെട്ടത്‌.

യഥാർത്ഥത്തിൽ സംസ്‌കാരത്തിന്റെ ആവിഷ്‌കാരങ്ങളിൽ ലഘുവായ ഒന്നുമാത്രമാണ്‌ എഴുത്ത്‌ എന്ന്‌ നമുക്ക്‌ തിരിച്ചറിയാൻ കഴിയും. ഇത്തരം എഴുത്തു പാരമ്പര്യത്തിന്‌ മുമ്പേ തന്നെ ഗുഹാചിത്രങ്ങളിലൂടെ മനുഷ്യൻ എഴുത്തിന്റെ മറ്റുചില മാതൃകകൾ വളരെ സജീവമായി ആവിഷ്‌ക്കരിച്ചിരുന്നു. ആസ്‌ട്രേലിയയിലെ അബോർജിൻസും ആഫ്രിക്കയിലെ കലാഹാരി നിവാസികളായ കാപ്പിരികളും അവർ മനസ്സിലാക്കിയ പ്രപഞ്ചത്തിന്റെ പൊരുളുകൾ ഗുഹാചിത്രങ്ങളിലൂടെ ആവിഷ്‌ക്കരിച്ചിരുന്നു. ഇതുപോലെതന്നെ ലോകത്തിലെ ഏതൊരു സമൂഹത്തിലും നൃത്തം, വാദ്യം, ശാരീരികമായ ആംഗികവ്യവസ്ഥ, വർണ്ണങ്ങൾ, ചമയങ്ങൾ തുടങ്ങിയ ഒരുപാട്‌ ആവിഷ്‌കൃത നിർമ്മിതികളിലൂടെ സംസ്‌കാരത്തിന്റെ ആശയങ്ങൾ ആവിഷ്‌കരിച്ചിരുന്നു. എന്നാൽ ഈ ആവിഷ്‌കൃത രൂപങ്ങളൊക്കെ പിൽക്കാലത്ത്‌ അരികുകളിലേക്ക്‌ തുടച്ചു മാറ്റപ്പെടുകയാണ്‌ ഉണ്ടായത്‌. കാരണം സ്‌റ്റേറ്റ്‌ വ്യവസ്ഥ വന്നതുമുതൽ, പിന്നീട്‌ പാശ്ചാത്യനവോത്ഥാന സങ്കൽപ്പങ്ങൾ ശക്തി പ്രാപിച്ചതോടെ എഴുതപ്പെട്ട സാഹിത്യത്തിന്‌ അമിത പ്രാധാന്യം വരികയുണ്ടായി. എഴുത്ത്‌ എന്നത്‌ ആഭിജാതമായ ഒന്നാണ്‌ എന്ന വിശ്വാസം നവോത്ഥാനം അരക്കെട്ടുറപ്പിച്ചു. യൂറോപ്പിലെ നവോത്ഥാനത്തിന്റെ ബാധയാണ്‌ പിൽക്കാലത്ത്‌ എല്ലാ സംസ്‌കാരങ്ങളിലും കടന്നുവന്നത്‌.

ഈ രീതിയിലാണ്‌ സാഹിത്യം സാഹിത്യകാരൻ എന്നു പറയുന്നവ ജനിക്കുന്നത്‌. ഇതിന്റെയൊക്കെ യഥാർത്ഥത്തിലുളള ഉറവയായ പതിത സംസ്‌കാരരൂപങ്ങളെ നാം സൗകര്യപൂർവ്വം മറക്കുകയാണ്‌ ചെയ്തത്‌. ഇതിനുപകരം വ്യക്തികേന്ദ്രീകൃതമായ സാഹിത്യസങ്കൽപ്പങ്ങളും, സാഹിത്യകാരന്‌ സമൂഹത്തിൽ എന്തെന്നില്ലാത്ത ഒരു അധികാര സങ്കൽപ്പവും നാം ഉണ്ടാക്കിക്കൊടുത്തു. ഈ രീതിയിലാണ്‌ സാഹിത്യകാരന്റെ കസേര, അധികാരം അങ്ങിനെയാണ്‌ രൂപപ്പെട്ടത്‌. നവോത്ഥാന സങ്കൽപ്പങ്ങൾ യൂറോപ്പിൽ കടന്നുവന്നപ്പോൾ, അതിനെതിരായ നീക്കം അവിടുത്തെ നാടോടി സംസ്‌കാരത്തിൽ ഉണ്ടായിരുന്നു. റൊമാന്റിസം പോലും കടന്നുവന്നത്‌ ഈ പ്രതിഷേധത്തിൽ നിന്നുമാണ്‌. ഈ രീതിയിൽ തന്നെയാണ്‌ ഫിൻലന്റിലെ ‘കാലോവാല’ എന്ന ഇതിഹാസവും അതിനെ തുടർന്നുണ്ടായ കാല്‌പനിക മൂവ്‌മെന്റും നവോത്ഥാനത്തിന്‌ എതിരായി രൂപാന്തരപ്പെട്ടത്‌. പക്ഷെ ഇതിനെയൊക്കെ, അതായത്‌ ഒരു ബ്രഹത്‌ പാരമ്പര്യത്തെ, ലഘുപാരമ്പര്യം അഥവാ ലിറ്റിൽ ട്രഡിഷൻ എന്നു പറഞ്ഞാണ്‌ സാഹിത്യലോകം അടിച്ചമർത്തിയത്‌.

സാഹിത്യം ചെയ്യുന്നത്‌ ജനകീയഭാവനയെ അല്ലെങ്കിൽ പ്രാദേശികമായ അറിവുകളൈ കോളനൈസേഷൻ നടത്തുക എന്നതാണ്‌. ഇതിന്റെ മാനേജ്‌മെന്റ്‌ വളരെ വൈദഗ്‌ദ്ധ്യത്തോടെ ഇക്കാര്യം നിർവഹിക്കുന്നുണ്ട്‌. എഴുത്തുകാരന്റെ സോഴ്‌സ്‌ ഒരു നാടാണ്‌, അവിടുത്തെ നാട്ടുകാരാണ്‌ അവിടുത്തെ അറിവുകളാണ്‌. ഇതിനെയൊക്കെ കൃത്യമായി മാനേജ്‌ ചെയ്‌ത്‌ തന്റേതാക്കുക എന്നതു മാത്രമാണ്‌ ഒരു എഴുത്തുകാരൻ ചെയ്യുന്നത്‌. ഇതൊരു എഡിറ്റിംഗ്‌ വർക്കു മാത്രമാണ്‌. വേണമെങ്കിൽ ഒരു പകൽക്കൊളള എന്നുവരെ പറയാം. യഥാർത്ഥ ക്രിയേറ്റിവിറ്റി ഇവിടെ നമുക്ക്‌ കാണുവാൻ സാധ്യമല്ല. എന്നാൽ ഒട്ടും ആക്‌ടിവിസമില്ലാത്ത, പൊതുനിർമ്മിതി ആവശ്യപ്പെടാത്ത സാഹിത്യത്തിന്‌ ആഭിജാത സങ്കൽപ്പങ്ങൾ നല്‌കുകയും സാഹിത്യകാരന്‌ അക്കാദമിക്‌ അംഗീകാരങ്ങൾ നല്‌കുകയും ചെയ്യുന്നു. സമൂഹത്തിന്റെ ചില കേന്ദ്രങ്ങളിൽ മാത്രം വിഹരിക്കുന്ന സാഹിത്യരൂപങ്ങൾക്ക്‌ ഇത്തരം ആഭിജാത സ്വഭാവം വന്നത്‌ ഏറെ വൈരുദ്ധ്യമായി കാണാവുന്നതാണ്‌.

ജനകീയമായ ഒരു സംസ്‌കാരത്തിൽ സാഹിത്യകാരന്റെ സാന്നിധ്യം അനാവശ്യമായിരിക്കെ, പകരം വയ്‌ക്കേണ്ട, അതിനധികാരമുളള ഒന്ന്‌ ശരീരത്തിന്റെ സജീവകലയായ കൂട്ടായ്‌മയുടെ കലയായ പെർഫോമിംഗ്‌ ആർട്ടാണ്‌&രംഗാവതരണമാണ്‌. ഇന്നുവരെ ആവിഷ്‌ക്കരിക്കാത്ത പലതും പെർഫോമിങ്ങ്‌ ആർട്ടിലൂടെ നമുക്ക്‌ യാഥാർത്ഥ്യമാക്കാവുന്നതാണ്‌.

ഇന്ന്‌ സംഗീതവും വാദ്യവും രംഗാവതരണങ്ങളും വളരെ ശക്തമായി കടന്നുവന്നുകൊണ്ടിരിക്കുകയാണ്‌. എഴുത്തിൽ നിന്നും വ്യത്യസ്‌തമായി ശരീരത്തിന്റെ കലകൾ പുതിയ സംസ്‌കാരം സൃഷ്‌ടിക്കാൻ എന്നും പ്രാപ്‌തമാണ്‌. വീർപ്പിച്ചു കെട്ടിയ ആഭിജാത രൂപമായ സാഹിത്യത്തെ പൊളിച്ചു കളയാൻ വാമൊഴി പാരമ്പര്യത്തിനും, രംഗാവതരണങ്ങൾക്കും കഴിയും. കാരണം എഴുതപ്പെടുന്നതിൽ നിന്നും നഷ്‌ടപ്പെട്ടുപോകുന്നത്‌ ഏറെയാണ്‌. പക്ഷെ ജൈവീകമായ കലകളിൽ ഇത്തരം നഷ്‌ടപ്പെടലുകൾ ഇല്ല എന്നുതന്നെ പറയാം. യഥാർത്ഥ സംസ്‌കാരത്തിന്റെ ആവിഷ്‌ക്കാരത്തിന്‌, കലയുടെ പൂർണ്ണതയ്‌ക്ക്‌ വൈവിധ്യമായ സംസ്‌കാരരൂപങ്ങളിലേയ്‌ക്ക്‌ പോകുവാൻ ഏറ്റക്കുറവുകളുളള സാഹിത്യത്തിന്‌ കഴിയില്ല. എന്നാൽ ഇവിടെ സജീവധാരയായ വാമൊഴി&രംഗവതരണ&വാദ്യ രൂപങ്ങൾക്ക്‌ കഴിയും എന്നതാണ്‌ ശരി.

Generated from archived content: essay1_may11_07.html Author: cr-rajagopalan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here