വൈശാഖ മാഹാത്മ്യം

പ്രപഞ്ചനാഥൻ കാലത്തിന്റെ കണക്കിൽ ആറ്‌ ഋതുക്കളെയും പെടുത്തിയിട്ടുണ്ട്‌. ശിശിരം, വസന്തം, ഗ്രീഷ്‌മം, വർഷം, ശരത്‌, ഹേമന്തം, ഋതുനാഥന്മാരായി ആറ്‌ ഗ്രഹങ്ങളുമുണ്ട്‌. ശിശിരത്തിന്‌ ശനി, വസന്തത്തിന്‌ ശുക്രൻ, ഗ്രീഷ്‌മത്തിന്‌ സൂര്യൻ, വർഷത്തിന്‌ ചന്ദ്രൻ, ശരത്തിന്‌ ബുധൻ, ഹേമന്തത്തിന്‌ വ്യാഴം. ഋതുക്കൾ കലാകാലങ്ങളിൽ സൃഷ്‌ടിയുടെ നിയമം അനുസരിച്ച്‌ ഋതം നിറവേറ്റിക്കൊണ്ടിരിക്കുന്നു. ഋതത്തിന്റെ അർത്ഥം സത്യമെന്നാണ്‌. ത്രികാലങ്ങളിലും മാറ്റമില്ലാതെ നടക്കുന്നത്‌. പ്രകൃതിയിലെന്നപോലെ മനുഷ്യജീവിതത്തിലും ഓരോ നിമിഷവും ഋതുപരിവർത്തനം നടന്നുകൊണ്ടിരിക്കുന്നു.

മാഘഫാൽഗുന മാസങ്ങളിൽ ശിശിരം വന്നണയുന്നു. ചൈത്ര വൈശാഖമാണ്‌ (മേടം-ഇടവം) വസന്തകാലം. ജ്യേഷ്‌ഠ ആഷാഢമാസങ്ങൾ ഗ്രീഷ്‌മം ശ്രാവണ ഭാദ്രപ മാസങ്ങൾ വർഷകാലം. ശരത്‌കാലം ആശ്വിന കാർത്തികങ്ങൾ. ഹേമന്തം മാർഗ്ഗശീർഷ പൗഷ മാസങ്ങളിലാണ്‌.

വൈശാഖത്തിന്റെ പ്രാധാന്യം ഇവിടെ തുടങ്ങുന്നു. കാലപ്രവാഹത്തിലെ കാലവും ഋതുക്കളിൽ വസന്ത ഋതുവും ഞാനാകുന്നു എന്ന്‌ ഭഗവാൻ ശ്രീകൃഷ്‌ണൻ ശ്രിമദ്‌ ഭഗവദ്‌ഗീതയിൽ വിഭൂതിയോഗത്തിൽ വ്യക്തമാക്കുന്നു. “ഋതുനാം കുസുമാകരഃ”

വൈശാഖമാസത്തിൽ വിശാഖം നാളിലാണ്‌ വെളുത്തവാവ്‌ വരിക. ഉത്തരായണത്തിനും വെളുത്ത പക്ഷത്തിനും ഭഗവദ്‌ഗീതയിൽ പ്രാധാന്യം നൽകിയിട്ടുണ്ട്‌. സ്‌കന്ദപുരാണം, മത്സ്യപുരാണം, നാരദീയ പുരാണം, ഭവിക്ഷ്യോത്തരം തുടങ്ങിയ നിരവധി പുണ്യപുരാണഗ്രന്ഥങ്ങളിലെല്ലാം വൈശാഖമാസത്തേയും അക്ഷയതൃതീയേയും പ്രകീർത്തിക്കുന്നുണ്ട്‌.

സ്‌കന്ദപുരാണത്തിൽ സൂതശൗനകാദി ഋഷികളുടെ സംവാദത്തിലാണ്‌ വൈശാഖ മാഹാത്മ്യം ഏറെ പ്രതിപാദിച്ചിരിക്കുന്നത്‌.

ശ്രീമഹാവിഷ്‌ണു ഐശ്വര്യദേവതയായ രമാദേവീ സമേതനായി ഭൂദർശനത്തിനെത്തുന്നു. പ്രജാക്ഷേമങ്ങൾക്ക്‌ സാക്ഷീഭൂതനായി എല്ലാ ഐശ്വര്യങ്ങളും പ്രജകൾക്ക്‌ പ്രദാനം ചെയ്യുന്നു. ഇതിന്‌ ശ്രീഭഗവാൻ തെരഞ്ഞെടുത്തത്‌ വൈശാഖമാസം. വൈശാഖമാസം മുഴുവൻ ദേവീയൊടൊപ്പം ശ്രീമഹാവിഷ്‌ണു ഭൂലോകവൈകുണ്‌ഠത്തിൽ കഴിയുന്നു എന്നു വിശ്വാസം.

വൈശാഖ വ്രതാനുഷ്‌ഠാനവും വൈശാഖത്തിലെ പുണ്യകർമ്മങ്ങളുമാണ്‌ ഏറെ പ്രകീർത്തിതം. രാത്രി ഭക്ഷണം, അഭ്യംഗ സ്‌നാനം, ആസുരിക ഭക്ഷണം, ഇവയെല്ലാം വ്രതകാലത്ത്‌ നിഷിദ്ധങ്ങളാണ്‌. വൈശാഖവ്രതം ഏറെ ശ്രദ്ധാപൂർവ്വമാണ്‌ അനുഷ്‌ഠിക്കേണ്ടത്‌. വ്രതാനുഷ്‌ഠാനം എല്ലാം മതസ്‌ഥരും ആചരിക്കുന്നതാണ്‌. ഇന്ദ്രിയ മനോനിയന്ത്രണം മൂലം രാഗദ്വേഷാദികളെ അകറ്റി മനസ്സ്‌ ഏകാഗ്രമാക്കി ഈശ്വരസ്‌മരണയോടെ വേണം വ്രതാനുഷ്‌ഠാനം നടത്താൻ. വ്രതം കൊണ്ട്‌ വിശുദ്ധമാക്കാൻ കഴിയാത്തതൊന്നുമില്ല. മനോ-വാക്‌-കർമ്മങ്ങൾ കൊണ്ടുപോലും ദുശ്ചിന്തകളോ, ദുർഭാഷിതങ്ങളോ, ദുഷ്‌കർമ്മങ്ങളോ ഉണ്ടാകരുത്‌.

വേദാധിഷ്‌ഠീതമായ യാഗങ്ങൾ നടത്തുന്ന കാലവും വസന്തമാണ്‌. മരങ്ങൾ പൂത്തുലയുന്ന കാലം. മഞ്ഞും മഴയുമില്ലാത്ത കാലം. കനത്ത വെയിലും കാറ്റുമില്ലാത്ത കാലം. എല്ലാം കൊണ്ടും വൈശാഖകാലം സുഖപ്രദം. ഈ പുണ്യകാലത്താണ്‌ പ്രഭാതസ്‌നാനവും, ജീവകാരുണ്യ പ്രവർത്തനങ്ങളും, തീർത്ഥാടനങ്ങളും, ക്ഷേത്രദർശനങ്ങളും പ്രദക്ഷിണ നമസ്‌കാരങ്ങളും, ദാനങ്ങളും, ദാഹജല വിതരണവും ഒക്കെ നടത്തേണ്ടത്‌. ഈ സത്‌കർമ്മങ്ങളെ ആശ്രയിച്ചാണ്‌ നാം പുണ്യ പാപച്ചുമടുകൾ വഹിക്കുന്നത്‌. വൈശാഖകാലത്ത്‌ നടത്തുന്ന എല്ലാ പുണ്യകർമ്മങ്ങൾക്കും പതിന്മടങ്ങ്‌ ഫലമാണ്‌ ലഭിക്കുക.

Generated from archived content: essay1_jun8_10.html Author: cp_madhusoodanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here