അക്ഷയതൃതീയക്ക് ആധാരമായ ഗ്രന്ഥം വിഷ്‌ണുധർമ്മസൂത്രമാണ്. വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയ ദിവസമാണ് അക്ഷയതൃതീയ. കൃതയുഗാരംഭം അക്ഷയതൃതീയ തിഥി മുതലാണ്. വൈശാഖധർമ്മത്തെ കീർത്തിക്കുന്ന ഗ്രന്ഥങ്ങളെല്ലാം അക്ഷയതൃതീയക്ക് ഏറെ പ്രാധാന്യം കല്‌പിച്ചിരിക്കുന്നു. അക്ഷയതൃതീയ നാളിൽ നടത്തുന്ന ദാനാദി പുണ്യകർമ്മങ്ങളുടെ ഫലം ഒരിക്കലും നശിക്കില്ലെന്നാണ് വിശ്വാസം. ദാനത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ദാഹജലം, ഫലമൂലാദികൾ, പാദുകങ്ങൾ, വസ്‌ത്രം, ഛത്രം, യഥാശക്തി ദ്രവ്യങ്ങൾ എല്ലാം ദാനവസ്‌തുക്കളിൽപ്പെടുന്നു.
അക്ഷയതൃതീയ നാളിൽ വിഷ്‌ണുപൂജ നടത്തി അന്നം നിവേദിച്ച് അഗ്നിയെ പ്രീതിപ്പെടുത്തിയ ശേഷമാണ് ദാനധർമ്മാദികൾ നടത്തേണ്ടത്. ഇതിന്റെ പുണ്യം ഒരിക്കലും ക്ഷയിക്കുന്നില്ല. അക്ഷയമാണ്. ഫലം സഹസ്രമേനിയാണ്. സർവ്വപാപവിമോചനവും. ‘തഥാക്ഷയ തൃതീയോദേർ വിശേഷാത് പുണ്യകീർത്തനം’ സ്‌കന്ദപുരാണം ഘോഷിക്കുന്നു.
യുഗാദി തിഥികളിൽ നടത്തുന്ന പിതൃശ്രാദ്ധം പിതൃക്കൾക്ക് ഏറ്റം പ്രിയങ്കരം. യുഗാദി തിഥിയിലെ ശ്രാദ്ധത്തിന് പിണ്ഡം ആവശ്യമില്ലത്രേ.
തീർത്ഥസ്‌നാനം, ജപം, ഹോമം, സ്വാധ്യായം വിഷ്‌ണുവിന് അർച്ചന, ബ്രാഹ്‌മണർക്ക് യവദാനം, ശ്രീമഹാദേവൻ, ഗംഗാദേവി, കൈലാസപർവ്വതം, ഭഗീരഥൻ എന്നിവർക്കുള്ള മാനസ പൂജയും അക്ഷയതൃതീയയിലെ പുണ്യകർമ്മങ്ങളാണ്.
അക്ഷയതൃതീയയിലെ അവതാരങ്ങൾ
നരസിംഹജയന്തി. തൂണ് പിളർന്ന് പ്രഹ്ലാദനെ രക്ഷിക്കാനായി നരസിംഹമൂർത്തി അവതരിച്ചത് വൈശാഖമാസത്തിലെ വെളുത്തപക്ഷ ചതുർദശനാളിലാണ്. ആ ദിവസമാണ് നരസിംഹജയന്തിയായി ആഘോഷിക്കുന്നത്. അന്നേദിവസം ഭക്തജനങ്ങൾ വ്രതാചരണം നടത്തുക പതിവാണ്. മാദ്ധ്യാഹ്‌നത്തിൽ വേണം വേദമന്ത്രോച്ചാരണത്തോടെ സ്‌നാനം ചെയ്യുവാൻ. സാധാരണപോലെ വ്രതം അനുഷ്‌ഠിക്കുകയും വേണം. പൂജ ചെയ്യുന്ന സ്ഥലം ചാണകം കൊണ്ടു മെഴുകി ശുദ്ധിയാക്കണം. കലശത്തിൽ ചെമ്പ് മുതലായവ ഇട്ട് അഷ്‌ടദള താമര ഉണ്ടാക്കി വേണം നരസിംഹമൂർത്തിയെ പൂജിക്കുവാൻ. ദാനം ചെയ്യലാണ് പ്രധാന കർമ്മം. ശക്തിയുടെയും പരാക്രമത്തിന്റെയും അധിദേവതയായിട്ടാണ് നരസിംഹമൂർത്തിയെ പൂജിക്കേണ്ടത്.
നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു വൈശാഖമാസത്തിലെ വെളുത്തപഞ്ചമിയും പുണർതം നക്ഷത്രവും കൂടിയ ദിവസമാണ് അദ്വൈത വേദാന്താചാര്യനായ ശ്രീശങ്കരൻ ജനിച്ചത്. ശ്രീ. ശങ്കരന്റെ വിഖ്യാത കൃതിയാണ് കനകധാര സ്‌തോത്രം. ശ്രീമഹാലക്ഷ്‌മിയെ സ്‌തുതിച്ചുകൊണ്ടെഴുതിയ കൃതി. ഒരു അക്ഷയതൃതീയ തിഥിയിലാണ് കനകധാരാസ്‌തോത്രം കൊണ്ട് ലക്ഷ്‌മീദേവിയെ പ്രസാദിപ്പിച്ച് സ്വർണ്ണ നെല്ലിക്ക വർഷിച്ച് ഒരു ഭക്തയുടെ ദാരിദ്ര്യ ദുഃഖം ശ്രീശങ്കരൻ ശമിപ്പിച്ചത്. പരശുരാമജയന്തിയും അക്ഷയതൃതീയയിലാണ് ആഘോഷിക്കുന്നത്.
വൈശാഖമാഹാത്മ്യത്തിന്റെ കഥകൾ പുരാണങ്ങളിൽ നിരവധിയാണ്. മനുഷ്യനന്മയെ ലാക്കാക്കി ഭവക്ലേശങ്ങൾ നിശ്ശേഷം നശിപ്പിച്ച് ജന്മലക്ഷ്യം സഫലമാക്കുവാനുള്ള പ്രചോദനമാണ് ഇതിൽ നിന്നെല്ലാം നമുക്ക് ലഭിക്കുന്നത്.
Generated from archived content: essay1_jul1_10.html Author: cp_madhusoodanan
Click this button or press Ctrl+G to toggle between Malayalam and English