സ്‌കാൻഡിനേവിയൻ നഗര വീഥിയിൽ
ജീവനറ്റ ദേശാടനക്കിളി
ദേശക്കൊടിയിട്ടു ജഡം പൊതിഞ്ഞില്ല.
ആചാര വെടി വച്ചു മരണം ഘോഷിച്ചില്ലേ.
പകർച്ചപ്പനി മൂലമല്ല മരണം.
കൊടും തണുപ്പാലും അല്ല,
മുറിപ്പാടൊന്നും ഇല്ല ദേഹത്ത്…. പക്ഷെ
മരണം അസ്വാഭാവികം.
മൂന്നാം ലോക പൗരനത്രെ പക്ഷി.
ജഡം അടക്കണം മാതൃദേശത്ത് തന്നെ.
റേഡിയേഷൻ കടക്കാത്തൊരു പിരിമിഡു
തീരത്ത് നൽകി ലോക രാഷ്‌ട്രങ്ങൾ.
ഇത്തിരി പോരും പക്ഷി-
സ്വസ്‌ഥമായ് കിടക്കുവാൻ
ബദ്ധ സാങ്കേതിക
തികവുള്ള വൻ പേടകം.
പേടകം നിർമിക്കുന്ന
ബഹു രാഷ്‌ട്ര കമ്പനിക്കു
നൂക്ലിയർ മാലിന്യങ്ങൾ
തള്ളുന്ന പണിയുണ്ട്.
പട്ടിണി മൂലം ചത്ത,
പ്രാവിനോടെന്തേ ഇത്ര-
ആദരവെന്നു ചോദ്യ-
മുതിർത്ത പത്രക്കാരൻ;
പെട്ടെന്ന് മരിച്ചതിൽ-
ഇല്ലത്രെ ദുരൂഹത.
പ്രകൃതിയെപ്പറ്റി ചിന്തിക്കാൻ ഉച്ചകോടി.
ലോക നേതാക്കൾ വന്നു, സൽക്കാരം ഏറ്റുവാങ്ങി.
ഭള്ളു ചൊല്ലുവാനായി മത്സരിക്കുന്നവരുടെ
ചിന്തകൾക്കെല്ലാം ഒരു ദുർഗന്ധമെന്നു ഞങ്ങൾ.
നൂക്ലിയർ പ്രസരത്താൽ കരിഞ്ഞ പ്രാവിൻ ഗന്ധം.
ദരിദ്രനെ കയ്യൊഴിഞ്ഞ ഹുങ്കുള്ള പണത്തിൻ ഗന്ധം.
പ്രാണൻ പോവുന്ന ഇരയുടെ-
അവസാനത്തെ ശ്വാസം മലീമസമാക്കുന്ന-
വേട്ടക്കാരന്റെ വിയർപ്പിന്റെ ഗന്ധം.
മാനവികതക്ക് വിഷ ഗന്ധമാവുന്നു,
നിങ്ങളുടെ ചിന്തകൾ.
പണ്ഡിത സഭക്ക് മുൻപിൽ ഏത്തമിടാൻ ശിക്ഷ.
“ചിന്തകൾക്ക് ഗന്ധമില്ല…..”
ആയിരം വട്ടം ചൊല്ലി.
പിന്നെ ഞങ്ങൾ പിറു പിറുത്തു.
മുൻപ് ഒരു ഗലീലിയൊയെ പോലെ.
കുറിപ്പ് – ഒന്ന്‌ഃ രണ്ടായിരത്തി ഒൻപതു ഡിസംബർ മാസത്തിൽ കോപ്പൻ ഹെഗനിൽ വച്ചു, കാലാവസ്‌ഥാ വ്യതിയാനത്തെപ്പറ്റി അന്താരാഷ്‌ട്ര ഉച്ചകോടി നടന്നു.
രണ്ട് ഃ ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നു എന്ന് പറഞ്ഞ ഗലീലിയോയെ കൊണ്ട് ഏത്തം ഇടീച്ച കാര്യം ഓർക്കുക.
Generated from archived content: poem1_april7_11.html Author: cp_krishnakumar