പ്രായം ചെന്നവൾ ഭൂമി

ശരത്‌ക്കാലത്ത്‌

പർവ്വതവനങ്ങളിൽ

ഇലപൊഴിഞ്ഞു തുടങ്ങും

വസന്തത്തിന്റെ ഉച്ഛിഷ്‌ടങ്ങൾ

ചുടുകാറ്റിൽ അടിഞ്ഞുതുടങ്ങും

കാവല്‌ക്കാരുടെ രക്ഷാമടകളിൽ

ആളൊഴിഞ്ഞു തുടങ്ങും

മലഞ്ചെരിവുകളിൽ

നിഷാദന്മാരുടെ കാലൊച്ചകൾ

നിലച്ചു തുടങ്ങും

വേട്ടനായ്‌ക്കളുടെ കിതപ്പുകൾ

അകന്നുതുടങ്ങും

ഒറ്റയാൻ മഴകൾ.

ഭൂമിയെ പുണർന്നുതുടങ്ങും

ശുഭദർശനയായ ഭൂമി

പ്രപഞ്ചരാശികളിൽനിന്നൊളിച്ചുവെച്ച

രാക്ഷസദാഹങ്ങൾ

ശമിച്ചുതുടങ്ങും

വൻകരകൾ സമുദ്രങ്ങൾ

നദികൾ തടാകങ്ങൾ

മണൽക്കാടുകൾ മരുഭൂമികൾ

പിണഞ്ഞ്‌ പുളഞ്ഞ്‌

ഭൂമിയുടെ ലാസ്യഭാവങ്ങൾ

അഴിഞ്ഞാടിത്തുടങ്ങും

രഹസ്യങ്ങൾ സൂക്ഷിക്കാനറിയാത്ത

സുന്ദരിയുടെ

അഭിസാരകർമ്മങ്ങൾ

നീലച്ചിത്രത്തിലെന്നപോലെ

ഒഴുകിത്തുടങ്ങും

സ്‌തനങ്ങൾ മുറുകെപിടിച്ച്‌

പീഡനം നടത്തുന്ന

കാമുകരെക്കുറിച്ച്‌

ദുഃഖിച്ചു തുടങ്ങും.

ഹിമാലയം അരാവലി

ആന്റിസ്‌ ആൽപ്‌സ്‌

റോക്കി പിറനീസ്‌

ഭൂമിയുടെ മൂലകളിൽ

മഞ്ഞും ദേവതാരുവും

ഗുൽഗുലവും കന്മദവും

ചുരന്നു തുടങ്ങും

ശരത്‌ക്കാലമവാസിക്കുമ്പോൾ

എല്ലാം മണ്ണടിയുമ്പോൾ

സൗരോർജ്ജത്തിന്റെ ശേഷിയിൽ

ഉറന്നുണ്ടാവുന്ന

വജ്രവും കല്‌ക്കരിയും

എണ്ണയും തേടി

മനുഷ്യൻ ഭൂമിയിൽ

തുളകളുണ്ടാക്കും

അവിഹിതവേഴ്‌ചകളിൽ

പകർന്നുകിട്ടിയമഹാമാരികൾ

പൊട്ടിയൊഴുകിത്തുടങ്ങും

പ്രായം ചെന്ന ഈ പെണ്ണ്‌

പിന്നെയും കമിതാക്കളെ

കാത്തിരുന്നു തുടങ്ങും.

Generated from archived content: poem2_june30_06.html Author: cp_abubecker

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here