മലയാളനാടകവേദിയിൽ മാറ്റത്തിന്റെ ശബ്ദമുഖരിതമായ സാന്നിദ്ധ്യമായിരുന്നു സി.എന്നിന്റെ നാടകങ്ങൾ. അദ്ദേഹത്തിന്റെ നാടക പരീക്ഷണങ്ങൾ നാടകപ്രേമികളെയും സാധാരണക്കാരേയും ഒരുപോലെ നാടകലോകവുമായി അടുപ്പിച്ചു. രാമായണത്തെ ആസ്പദമാക്കി സി.എൻ. രചിച്ച നാടകത്രയത്തിൽ (സാകേതം, ലങ്കാലക്ഷ്‌മി, കാഞ്ചനസീത) അമാനുഷരായ രാമന്റെയും രാവണന്റെയും ദശരഥന്റെയും രൂപങ്ങൾ ഉടച്ചുവാർത്ത് അവർക്ക് മാനുഷികമായ പരിസരം നല്‌കി ആ കഥാപാത്രങ്ങളെ അപഗ്രഥിക്കുകയാണ് ചെയ്യുന്നത്. ‘സാകേതം’ എന്ന നാടകം രാമന്റെ യാത്രയുടെ; രാമായണത്തിന്റെ ആരംഭമാണ്. ശാപപാപങ്ങൾ തലയിലേറ്റി, ജീവിതദുരിതങ്ങൾ മുന്നിൽകണ്ട്, ഒടുവിൽ സത്വികനായി ‘വിഷ്ണുപദത്തിലലിയുന്ന ദശരഥന്റെ കഥകൂടിയാണ്. പാപരൂപമായ കാമമാണ് ദശരഥനിൽ ഉണർന്നു പ്രവർത്തിക്കുന്നത് എന്നുകൂടി ഈ നാടകം വെളിവാക്കുന്നു. കാഞ്ചനസീത ഈ നാടകത്രയത്തിന്റെ അവസാനമാണ്. അമാനുഷത അഴിച്ചുവച്ച രാമന്റെ മാനുഷിക രൂപം ഇവിടെ ചർച്ചചെയ്യപ്പെടുന്നു. മദ്ധ്യഖണ്ഡമായ ലങ്കാലക്ഷ്‌മിയിലാകട്ടെ രാവണകഥയാണ് ഇതൾവിരിയുന്നത്. ഇതിൽ രാവണൻ അനിവാര്യമായ ദുരന്തത്തിലേക്ക് മാത്രം ഉയർന്നെത്താൻ കഴിയുന്ന അസാമാന്യ പ്രതിഭയുടെ ഉടമയാണ്. അങ്ങിനെ രാവണന്റെ മറ്റൊരു മുഖം നമുക്ക് ഈ നാടകത്തിൽ ദർശിക്കാം.
ആയിരത്തിത്തൊളളായിരത്തി ഇരുപത്തിയെട്ട് മാർച്ച് 31ന് സി.എൻ. തിരുവനന്തപുരത്ത് ജനിച്ചു. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. 1950 മുതൽ പത്രപ്രവർത്തകനായി. 1960 മുതൽ 63 വരെ കേരള പബ്ലിക് റിലേഷൻസ് വകുപ്പിൽ ഇൻഫർമേഷൻ ഓഫീസറായിരുന്നു. നാലു കഥാസമാഹാരങ്ങൾ, ഒൻപത് നാടകങ്ങൾ എന്നിവയടക്കം 15 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1976 ഡിസംബർ 17ന് എറണാകുളത്ത് വച്ച് അന്തരിച്ചു.
സി.എന്നിന്റെ നാടകത്രയത്തിൽ ഏറ്റവും ചർച്ചചെയ്യപ്പെട്ട ലങ്കാലക്ഷ്‌മിയാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
കഥാപാത്രങ്ങൾ
രാവണൻ
മാല്യവാൻ
വിരൂപാക്ഷൻ
സുപാർശ്വൻ
പ്രഹസ്‌തൻ
കുംഭകർണ്ണൻ
വിഭീഷണൻ
ഇന്ദ്രജിത്ത്
അതികായൻ
ശാർദ്ദൂലൻ
നികുംഭൻ
കുംഭൻ
ഹനുമാൻ
അംഗദൻ
മണ്ഡോദരി
സീത
ലങ്കാലക്ഷ്‌മി
സരമ
രാക്ഷസന്മാർ
രാക്ഷസസ്‌ത്രീകൾ
* * * * * * * * * * * * * * പൂർവ്വാങ്കം * * * * * * * * * * * *
(ലങ്കയുടെ പ്രവേശനഗോപുരം. രാത്രി. ഒരു രാക്ഷസസ്‌ത്രീരൂപം അവ്യക്‌തമായി കാണാം. ഇരുളിലൂടെ ഹനുമാൻ കടന്നുവന്ന് രാക്ഷസിയെ ഉഗ്രമായി അടിക്കുകയും രാക്ഷസി നിലംപതിക്കുകയും ചെയ്യുന്നു. രാക്ഷസി എഴുന്നേല്‌ക്കുമ്പോൾ കാണാറാകുന്ന രൂപം ദിവ്യവും സുന്ദരവുമാണ്. അപ്പോൾ അലൗകികതയെ ധ്വനിപ്പിക്കുന്ന സംഗീതം ഉയരുന്നു.)
ലങ്കാലക്ഷ്‌മിഃ ആഞ്ഞ്‌ജനേയാ! വത്സരങ്ങളായി നിന്റെ വരവും കാത്തിരിക്കുന്നു. ഞാൻ ലങ്കാലക്ഷ്‌മി. ശാപവശാൽ ലങ്കയ്‌ക്കു കാവലായി പലകാലം നിന്നു. ഒരുനാൾ വാനരന്റെ തല്ലേറ്റാൽ രക്ഷോരൂപം വെടിഞ്ഞു മടങ്ങിച്ചെല്ലാം എന്നു വിധാതാവു കല്‌പിച്ചിരുന്നു. പ്രത്യുപകാരം എന്താണു ചെയ്യുക?
ഹനുമാൻഃ അന്വേഷിച്ചു വന്നതാണു ഞാൻ. അച്‌ഛൻ ദശരഥന്റെ നിയോഗത്താൽ രാമനും പത്നി സീതയും അനുജൻ ലക്ഷ്‌മണനും ദണ്ഡകവനത്തിൽ പാർക്കുമ്പോൾ, ലങ്കേശനായ രാവണൻ സീതയെ കട്ടു. ദുഃഖിതനായ രാമനുമായി സഖ്യംചെയ്‌ത സുഗ്രീവരാജാവ് ഒരു ലക്ഷം കപികളെ പല ദിക്കിലും തിരയാൻ അയച്ചു. അങ്ങനെ കടൽ ശതയോജന താണ്ടി വന്നതാണ് ഞാൻ…. എനിക്ക് സീതയെ കണ്ടെത്തണം.
ലങ്കാലക്ഷ്‌മിഃ നീ കണ്ടെത്താൻ തുടങ്ങിയിരിക്കുന്നു. എന്റെ ഛായ നോക്കി തിരഞ്ഞുകൊളളൂ. പക്ഷേ, രാവണന്റെ ശയ്യാഗാരം കണ്ടു നടുങ്ങരുത്. മണ്ഡോദരിക്കും ഈ ഛായ തോന്നാം. സീത ബന്ധനസ്ഥയായി, ദുഃഖിതയായി ഉപവനത്തിൽ കഴിയുന്നു. തണലേകാൻ അശോകത്തിന്റെ മുറ്റിലകൾ മാത്രം.
ഹനുമാൻഃ ഉപവനം ഏതു ദിക്കിൽ?
ലങ്കാലക്ഷ്‌മിഃ ലങ്കയിൽ എവിടെനിന്നും കാണാം, ഒരു സ്വർണ്ണത്താഴികക്കുടം. കോവിലകത്തിന്റെ പാർശ്വത്തിൽ. അതിനു വടക്ക്, വിളിപ്പാട് അകലെ.
ഹനുമാൻഃ ദേവീ! ലളിതാംബികേ! ഇവനു വഴികാട്ടാൻ അവിടുന്നുതന്നെ വന്നല്ലോ.
ലങ്കാലക്ഷ്‌മിഃ ഞാൻ പിൻവാങ്ങുന്നു. നിനക്കിനി ലങ്കയിലേക്കു കടക്കാം. സൂക്ഷിച്ചു പോകൂ. രാവണൻ വംശോദ്ധാരകൻ. വിശ്വവിജയി. പക്ഷിനാഗയക്ഷദൈത്യദാനവരക്ഷോഗണങ്ങളാൽ മൃതിയില്ലെന്നു വരവും വിരിഞ്ചൻ നല്‌കി. സ്വന്തം പതനത്തിന് എന്നെ കാവലാക്കാൻ കഴിഞ്ഞവൻ. മകൻ, മേഘനാദൻ, മായാരണപടു. ഇന്ദ്രനെ വെന്ന്, ഇന്ദ്രജിത്തെന്ന നാമവും നേടി. അനുജൻ കുംഭകർണ്ണൻ എന്ന കറുമ്പൻ ഉണർന്നാൽ ഉലകു വിറകൊളളും. തുല്യബലമുളള രക്ഷോവീരന്മാർ സഹസ്രം… ഇവിടെ കടൽതാണ്ടിയ വിക്രമം പോരാ. കൂടുതലുണ്ടല്ലോ കൈയിൽ? കാറ്റിന്റെ മകനല്ലേ? ഞാൻ പോകുന്നു…. ഈ രാവിൽത്തന്നെ ഉളളിൽ കടക്കണം, കരുതലോടെ. നീ ഒരു യുഗസന്ധിക്കു നിമിത്തമെന്ന് ഓർമ്മിക്കുക. വിജയിച്ചുവരൂ….. (അപ്രത്യക്ഷയാകുന്നു)
(അലൗകികതയുടെ സംഗീതം നിലയ്‌ക്കുന്നു. ഭീകരശബ്‌ദങ്ങൾ! ഹനുമാൻ ഇരുളിലൂടെ സഞ്ചരിച്ചു മറയുന്നു.)
(യവനിക)
* * * * * * * * * * * * * അങ്കം ഒന്ന് * * * * * * * * * * * * * *
(രാവണന്റെ സഭാമണ്ഡപം. സാമാന്യം വൃദ്ധനായ വിരൂപാക്ഷൻ, മദ്ധ്യവയസ്‌കനായ സുപാർശ്വൻ, യുവത്വംമുറ്റിയ കുംഭകർണ്ണപുത്രൻ, നികുംഭൻ (മന്ത്രി), അതേ പ്രായമുളള ഇന്ദ്രജിത്ത്, യുവാവായ അതികായൻ. ഇന്ദ്രജിത്ത് (മേഘനാദൻ) അക്ഷമനാണ്)
ഇന്ദ്രജിത്ത്‌ഃ അനാദരം എന്നു ധരിക്കരുത്- അച്‌ഛന്റെ മാതുലന്മാർ എനിക്ക് ആരാധ്യരാണ്. എങ്കിലും പറയാതെ വയ്യ. ലങ്ക ഇന്നൊരു പടുകിഴവിയാണ്. രാവണരാജാവിന്റെ ചന്ദ്രഹാസം തുരുമ്പുപിടിച്ചിരിക്കുന്നു. വീര്യം പഴകി. വിജയങ്ങൾ മുത്തശ്ശിമാർ കിടാങ്ങളോടു പറയുന്ന കഥകളായി. കണ്ണിൽ ചത മൂടാത്തവർക്കു കാണാം. അതാ, ആ സ്വർണ്ണത്താഴികക്കുടം ഏതു നിമിഷവും ഒടിഞ്ഞുവീഴാം. ലങ്കയുടെ അടയാളമാണ് ആ താഴികക്കുടം. നിലിമ്പലോകത്തെയും നാലു ദിക്‌പാലകരെയും തച്ചുടച്ച രാവണന്റെ കൊടിക്കൂറയാണത്. ഏതു നിമിഷവും വീഴാം.
നികുംഭൻഃ ഒരു കുരങ്ങച്ചൻ അതിന്റെ കടയ്‌ക്കൽ തീവച്ചു എന്നാണ് കഥ.
അതികായൻഃ മൂവുലകത്തെയും മുട്ടുകുത്തിച്ച രാവണരാജാവിന്റെ കൊട്ടാരം ഒരു കാട്ടുകുരങ്ങു മാന്തിക്കീറിയത്രെ!
വിരൂപാക്ഷൻഃ ഉണ്ണിയുടെ ഉത്തമാംഗത്തിൽ ഒരു മത്തഭൃംഗം മൂളിപ്പറന്നാൽ? അത് അപഖ്യാതിയായി വരുമോ?
നികുംഭൻഃ ലങ്കാദഹനവും രാക്ഷസപ്പടയിൽ നാലിലൊന്നിന്റെ നാശവും അത്ര നിസ്സാരമല്ല.
ഇന്ദ്രജിത്ത്‌ഃ പടനായകന്റെ പുത്രൻ ജംബുമാലി കൊല്ലപ്പെട്ടു. എന്റെ അനുജൻ മരിച്ചു.
നികുംഭൻഃ അക്ഷനും പ്രഹസ്‌തപുത്രനും കുരങ്ങച്ചന്റെ കൈയൂക്കു കണക്കിലെടുത്തില്ല.
ഇന്ദ്രജിത്ത്‌ഃ അതുതന്നെയാണ് അമാത്യമുഖ്യനോടും ഗുരുജനങ്ങളോടും അറിയിക്കുവാനുളളത്. യമനെ തോല്‌പിച്ച രണവീരൻമാർ ആരെ ഭയക്കണം? ലങ്കയാണ് ഏവർക്കും ഭയം. എന്നാൽ ആ പെരുമയുടെ സുരാപാനത്തിൽ ഓർമ്മകെട്ടുറങ്ങിയാൽ തപസ്സു പതിനായിരത്താണ്ടു വീണ്ടും വേണ്ടിവരും.
വിരൂപാക്ഷൻഃ ഇന്ദ്രജിത്തിനെപ്പോലുളള വീരന്മാർ അത്ര ഗൗരവം ഇതിനൊന്നും കല്‌പിക്കരുത്. ഞങ്ങൾ പണ്ട് ദേവമാനവയക്ഷലോകങ്ങളെല്ലാം കീഴടക്കി ലങ്കയിൽ വന്നപ്പോൾ എന്താണു കേട്ട വൃത്താന്തം? അനന്തരവൾ കുംഭീനസിയെ കട്ടുകൊണ്ടുപോയിരിക്കുന്നു, മധുവെന്ന രാക്ഷസൻ. ദിഗ്വിജയം ചെയ്‌ത രാവണരാജാവിന്റെ ലങ്കയിൽനിന്ന്! അതും എതിർത്തവരെയെല്ലാം വീഴ്‌ത്തിയിട്ട്!
അതികായൻഃ ജ്യേഷ്‌ഠൻ കേവലം കുട്ടിയായിരുന്നോ?
വിരൂപാക്ഷൻഃ ഉണ്ണി തപസ്സിലായിരുന്നു. കുംഭകർണ്ണൻ അന്നും ഉറങ്ങുകയായിരുന്നു. വിഭീഷണൻ നീരാടുകയായിരുന്നത്രെ!
ഇന്ദ്രജിത്ത്‌ഃ അച്‌ഛൻ ഒരു നിമിഷവും വിശ്രമിക്കാതെ നേരേ മധുപുരിയിലേക്കാണു പോയത്. മധു ഒളിച്ചുകളഞ്ഞു.
വിരൂപാക്ഷൻഃ പക്ഷേ, രാജാവ് അവനു മാപ്പു നല്‌കി. മധുവിനെ വിളിച്ചു വരുത്തി അനുഗ്രഹിക്കുകയും ചെയ്‌തു. കുംഭീനസി കേണപേക്ഷിച്ചതുകൊണ്ടുമാത്രമല്ല. സാരമേര്, നിസ്സാരമേത് എന്ന് അരക്കരുടെ രാജാവിന് അറിയാമായിരുന്നു.
ഇന്ദ്രജിത്ത്‌ഃ അതിനു കാരണം വേറെയുമുണ്ട്. ഉറ്റവർക്കുവേണ്ടി എന്തും ഏതു വിട്ടുവീഴ്‌ചയും രാജാവു ചെയ്യും.
നികുംഭൻഃ ഇതത്ര നിസ്സാരമല്ല. അവൻ ലങ്ക ചുട്ടുപൊടിച്ചു. ഏറെ കൊല ചെയ്‌തു. രാജാവിന്റെ മുന്നിൽ ഞെളിഞ്ഞിരുന്നു. ദൂതന്റെ വിരുതുകൊണ്ടൂഹിക്കാം, ശത്രുവിന്റെ ബലം.
ഇന്ദ്രജിത്ത്‌ഃ ഈ ഗുരുസ്ഥിതി നികുംഭൻ രാജാവിനോട് ഉണർത്തിച്ചിട്ടുണ്ടോ?
വിരൂപാക്ഷൻഃ ഗുരുലഘുത്വം തിട്ടമുളളതുകൊണ്ടാവണമല്ലോ കുംഭകർണ്ണപുത്രൻ ഇളംപ്രായത്തിൽ അമാത്യമുഖ്യനായത്.
ഇന്ദ്രജിത്ത്‌ഃ പെരുംകടലിൽ പൊഴി വീണുകൊണ്ടിരിക്കുന്നു. ശ്രദ്ധ വേണം.
സുപാർശ്വൻഃ നാം ഉറ്റബന്ധുക്കൾ മാത്രമേ ഇപ്പോൾ സഭയിലുളളു. തുറന്നു പറയാൻ മടിക്കേണ്ടതില്ല. അശുഭത്തിന്റെ നിഴൽ വീശിയിട്ടില്ലേ എന്നു സംശയിക്കണം.
വിരൂപാക്ഷൻഃ എന്ത്? ലങ്കയ്‌ക്കോ അശുഭം? വീൺവാക്കു പറയരുത്. സുപാർശ്വന്റെ ഭാഷണം പലപ്പോഴും സീമ ലംഘിക്കുന്നു.
സുപാർശ്വൻഃ ജ്യേഷ്‌ഠന്റെ അക്ഷമ എനിക്കു മനസ്സിലാകും. ദേവരാക്ഷസയുദ്ധത്തിൽ തോറ്റ് ലങ്കയും വെടിഞ്ഞു പാതാളത്തിൽ ഒളിച്ച മാല്യവാന്റെ പുത്രനാണ് അങ്ങ്. മാല്യവാന്റെയും ശേഷിച്ച രക്ഷോഗണത്തിന്റെയും പ്രതികാരം ഉരുവംകൊണ്ടതാണ് രാവണൻ.
വിരൂപാക്ഷൻഃ ഒരു കണക്കിൽ, എന്റെ വളർത്തുപുത്രനാണ് രാവണൻ. എന്നും ഞാൻ രാജാവിനൊപ്പം ഉണ്ടായിരുന്നു. നെടുനാൾ പാതാളത്തിൽ പാർത്ത അച്‌ഛൻ ഏതുവിധേനയും ലങ്ക വീണ്ടെടുക്കാൻ ഇളയച്‌ഛൻ സുമാലിയെ ഭൂമിയിലേക്ക് അയച്ചു. ഞാനാണ് അന്നു നിന്റെ അച്‌ഛനു തുണയായി വന്നത്. നീയും അകമ്പനനും കുട്ടികളായിരുന്നു. പ്രഹസ്‌തൻ കുഞ്ഞായിരുന്നു. വൈശ്രവണൻ ആണ് അന്നു ലങ്കേശൻ. ഒരു നാൾ വൈശ്രവണൻ ആകാശവീഥിയിൽ പുഷ്‌പകത്തിൽ ചരിക്കുന്നതു കാണായി. ലങ്കയുടെ ഉടമകൾ പാതാളത്തിൽ നരകിക്കുമ്പോൾ ലങ്കയുടെ സൗഭാഗ്യം മറ്റൊരാൾ അനുഭവിക്കുക! ഞങ്ങൾ അന്തിയാവോളം അന്നു കരഞ്ഞു. ഇളയച്‌ഛന് ഒരു ഉപായം തോന്നി.
അതികായൻഃ അന്നല്ലേ, മഹർഷി വിശ്രവസ്സിനെത്തന്നെ വരിക്കാൻ മുത്തശ്ശിയെ നിയോഗിച്ചത്?
സുപാർശ്വൻഃ ജ്യേഷ്‌ഠത്തി കൈകസി കടന്നുചെല്ലുമ്പോൾ ഋഷികവാടം ചുവപ്പിൽ കുളിച്ചു നിലകൊണ്ടു.
വിരൂപാക്ഷൻഃ രണ്ടാം രാക്ഷസസാമ്രാജ്യത്തിന്റെ ബീജാവാപം ആ ചുവപ്പിൽ കുളിച്ച സന്ധ്യയ്‌ക്കായിരുന്നു. ഞാനാണ് അവളെ വിശ്രവസ്സിന്റെ ആശ്രമത്തിൽ കൊണ്ടാക്കിയത്. കൈകസിയുടെ പുത്രൻ ലങ്ക വീണ്ടെടുത്തു വംശത്തെ രക്ഷിച്ചപ്പോഴും, യക്ഷവരുണയമലോകങ്ങൾ കീഴടക്കിയപ്പോഴും ഇരുവശവും പോർ നടത്തിയത് ഞാനും നിന്റെ അച്‌ഛനുമായിരുന്നു. സുപാർശ്വനല്ല, രാജാവുതന്നെയായാലും ലങ്കയ്‌ക്ക് അശുഭം വന്നുവെന്നു പറഞ്ഞാൽ ഞാൻ സഹിക്കുകയില്ല.
സുപാർശ്വൻഃ പക്ഷേ, ലങ്ക അങ്ങോട്ട് ആക്രമിച്ചിട്ടേയുളളു. ആരും ലങ്കയെ ആക്രമിച്ചിട്ടില്ല, ഇന്നോളം. ദശരഥപുത്രൻ സാഗരത്തിൽ ചിറകെട്ടിയെന്നു കേട്ടില്ലേ?
അതികായൻഃ പടിയടച്ചു തളളപ്പെട്ട ഒരനാഥ രാജകുമാരന് എന്തു സാദ്ധ്യമാകും ലങ്കയിൽ? കോട്ടകളിൽ തലയറഞ്ഞ് അരിശം തീർക്കാം.
സുപാർശ്വൻഃ ഇഷ്‌ടപത്നിയെ വീണ്ടെടുക്കാൻ വെട്ടുന്ന പോരിൽ ഏതൊരുവനും ഇരട്ടിബലമുളളവനായിരിക്കും.
നികുംഭൻഃ ബാലിയെ കൊന്ന് അനുജൻ സുഗ്രീവനെ കിഷ്‌കിന്ധയുടെ രാജാവാക്കി വാനരപ്പടയുമായാണ് രാമൻ വരുന്നത്. വിശ്വജേതാക്കളായാലും ഉണർന്നുതന്നെയിരിക്കണം.
ഇന്ദ്രജിത്ത്‌ഃ യുദ്ധതന്ത്രം നവീകരിക്കുകയും വേണം.
(പ്രഹസ്‌തൻ അതു കേട്ടുകൊണ്ടു പ്രവേശിക്കുന്നു. ഇന്ദ്രജിത്ത്, നികുംഭൻ, അതികായൻ എന്നിവർ നമിക്കുന്നു)
പ്രഹസ്‌തൻഃ (സസ്‌മിതം) ഉണ്ണീ, അത് അച്‌ഛനോടു നേരിട്ടു പറയൂ.
ഇന്ദ്രജിത്ത്‌ഃ പടനായകനെ കുറ്റപ്പെടുത്തിയതല്ല. രാജാവിന്റെ യുദ്ധോപദേഷ്‌ടാക്കൾ അറിയാൻ പറഞ്ഞുവെന്നേ ഉളളു.
പ്രഹസ്‌തൻഃ ആയുധപ്പെരുമയാലോ വീര്യത്താലോ രാക്ഷസനെ വെല്ലാൻ ആരുമില്ല. നേരിടുന്ന പടയ്‌ക്ക് എണ്ണം ഏറുമെന്നു കേട്ടു. മൺചിറയ്‌ക്കു പകരം കൽച്ചിറ വേണ്ടിവരുമെന്നേയുളളു.
ഇന്ദ്രജിത്ത്‌ഃ അനുകൂലസ്ഥാനത്തു കെട്ടിയാൽ മൺചിറ മതിയാകും.
പ്രഹസ്‌തൻഃ അതെ, യുദ്ധതന്ത്രത്തെപ്പറ്റിയും നമുക്ക് ചിന്തിക്കാം.
സുപാർശ്വൻഃ ദേവമാനവയക്ഷവരുണലോകങ്ങളിൽ രാവണരാജാവിന്റെ പട നടത്തിയ നായകപ്പെരുമാളായ പ്രഹസ്‌തനോട് ഒന്നു ചോദിച്ചുകൊളളട്ടെ- കൂടെപ്പിറപ്പിനോട് പറയുമ്പോൾ പടയാളിയുടെ സ്വരം മാറ്റിവച്ചിട്ടു പറയണം-പോരാളികളുടെ ലക്ഷ്യശുദ്ധിയും യുദ്ധതന്ത്രംപോലെ പ്രധാനമല്ലേ?
പ്രഹസ്‌തൻഃ അതേ.
സുപാർശ്വൻഃ പരദാരങ്ങൾക്കുവേണ്ടിയുളള യുദ്ധം ലങ്കയ്‌ക്ക് എങ്ങനെ ശുദ്ധിയുളളതാവും?
(ഏവരും ഒന്നു പകച്ചു. എങ്കിലും പ്രതികരണം പിന്നീട് പലതായി മാറി.)
പ്രഹസ്‌തൻഃ (മുന്നോട്ടു നീങ്ങി) യുദ്ധത്തിന്റെ ശുദ്ധി എന്നാൽ സംഹാരശേഷി എന്നർത്ഥം. യുദ്ധം ഒരു ശീലം മാത്രം. കാരണം ഇല്ല. കാരണം ആവശ്യവും ഇല്ല. ഒരുപക്ഷേ, വിശ്വപ്രകൃതിയുടെ ഏറ്റവും ചോതോഹരമായ ഭാവം. (സസ്‌മിതം) പടയാളിയുടെ ഭാഷയിൽ പറയരുതെന്നു വിലക്കിയതിനാൽ, ജ്യേഷ്‌ഠന്റെതന്നെ ഭാഷയിൽ പറഞ്ഞുനോക്കുകയായിരുന്നു.
സുപാർശ്വൻഃ ഭാഷ നന്നായി. പക്ഷേ, പറഞ്ഞുവന്ന വിഷയം നീ തെറ്റിച്ചു. മനഃപൂർവ്വമായിരുന്നുവെന്നും അറിയാം. എങ്കിലും രക്ഷോവംശനായകന്മാരേ! നിങ്ങൾ ഒന്ന് ആലോചിക്കാനുണ്ട്. ഒരു സ്‌ത്രീക്കുവേണ്ടി ഒരു യുദ്ധം ലങ്ക നടത്തണോ?
അതികായൻഃ ഈ വഴിക്കു നാം ചിന്തിക്കണോ? വലിയ കാരണവന്മാർ, പേരക്കിടാങ്ങൾ. വിഷയം നന്നല്ല.
സുപാർശ്വൻഃ നന്നല്ലെന്ന് അറിയുന്നതുത്തമം.
വിരൂപാക്ഷൻഃ ഇവന്റെ അമ്മയും അപഹരിക്കപ്പെട്ടവളാണ്. രാക്ഷസിയല്ല. അപ്‌സരസ്സാണ്! ധന്യമാലി. ഇവനെന്താണു കുറവ്? മണ്ഡോദരിയുടെ മകൻ അക്ഷനും ഇവനും ഇരട്ടപെട്ട കുട്ടികളെപ്പോലെ വളർന്നു. ലങ്കയ്‌ക്ക് അഭിമാനം ചാർത്തി. മണ്ഡോദരിയെപ്പോലെ മാലിയും ലങ്കയ്‌ക്ക് അഴകുണ്ടാക്കുന്നു.
സുപാർശ്വൻഃ മകാരത്തിൽ തുടങ്ങുന്ന അഴകുകൾ എണ്ണംകൊണ്ടെത്ര തോന്നും ജ്യേഷ്‌ഠന്? ഇതരവർണ്ണങ്ങൾ ഞാൻ ഓർമ്മിച്ചെടുക്കാം.
ഇന്ദ്രജിത്ത്‌ഃ കെട്ടിലമ്മമാരെപ്പറ്റിയുളള നർമ്മം കാരണവന്മാർക്കു പഥ്യമായിരിക്കാം. മക്കൾക്ക് ആ നിർല്ലേപം അനായാസമല്ല.
നികുംഭൻഃ അഴക് എവിടെ കണ്ടാലും, കരുത്താലോ അല്ലാതെയോ കൈക്കൊളളുന്നത്, രാക്ഷസധർമ്മം.
വിരൂപാക്ഷൻഃ വംശവികാസത്തിന്റെ ധർമ്മമാണത്.
സുപാർശ്വൻഃ വികാസത്തിന്റെയും വിനാശത്തിന്റെയും ബീജം ഒന്നുതന്നെയാണല്ലോ.
പ്രഹസ്‌തൻഃ അഴകുളള പുരുഷനെ തേടുകയായിരുന്നു ശൂർപ്പണഖ. ലക്ഷ്‌മണൻ അവളുടെ മുഖവും മാറും മുറിച്ചില്ലെങ്കിൽ ഖരദൂഷണത്രിശിരാക്കൾ രാമനോടു പൊരുതുകില്ലായിരുന്നു. അവർ കൊല്ലപ്പെട്ടില്ലെങ്കിൽ, രാജാവു രാമപത്നിയെ അപഹരിക്കുകയില്ലായിരുന്നു. ജ്യേഷ്‌ഠൻ ഇതല്ലേ ഉദ്ദേശിച്ചത്?
സുപാർശ്വൻഃ ഞാൻ പലതും ഉദ്ദേശിച്ചു. പടയാളിയായ നിനക്ക് അത്രയും മനസ്സിലായാൽ മതി.
പ്രഹസ്‌തൻഃ വംശസാങ്കര്യം രാക്ഷസവീര്യം കുറയ്‌ക്കും; അതു വികാസത്തിലേക്കോ വിനാശത്തിലേക്കോ വഴിതെളിക്കും എന്നായിരിക്കാം.
സുപാർശ്വൻഃ അപഹരിക്കപ്പെട്ട യക്ഷകിന്നരദേവമാനവജാതിക്കാരായ പെൺകിടാങ്ങൾ ലങ്കയിൽ പെരുകിയാൽ രക്ഷോവംശത്തിന്റെ വിനാശവും പുതിയൊരു വംശത്തിന്റെ വികാസവും സംഭവിക്കാം.
ഇന്ദ്രജിത്ത്‌ഃ വലിയ കാരണവന്മാരുടെ അമ്മമാർ- മാല്യവാദികളുടെ ധർമ്മദാരങ്ങൾ- ഗന്ധർവ്വസ്‌ത്രീകളായിരുന്നു. മാല്യവാൻ സുമാലി മാലിമാരുടെ അമ്മ- കുടുംബമുത്തശ്ശി, വേദവതി-ഗന്ധർവ്വപുത്രിയായിരുന്നു. എന്തിന്, അച്‌ഛൻപോലും സങ്കരമാണ്. വിനാശത്തിന്റെ ബീജം കാരണവർ ഉദ്ദേശിച്ചത്-രാജാവെന്നല്ലല്ലോ?
സുപാർശ്വൻഃ കുട്ടികളേ, എന്നെ രാജ്യദ്രോഹിയായി ധരിക്കണ്ട. പാതാളത്തിൽ നിങ്ങൾ രക്ഷോകുലത്തെ പ്രത്യുദ്ധരിച്ച് അവർക്ക് അവരുടെ പൂർവ്വനഗരവും സമ്പത്തും സാമ്രാജ്യവും പുഷ്‌പകവും ഉലകു മൂന്നും വെട്ടിപ്പിടിച്ച കീർത്തിയും സമ്മാനിച്ച എന്റെ സഹോദരീപുത്രൻ, ഞാനെന്ന സത്വം ആമൂലാഗ്രം ആരാധിക്കുന്ന അധിദേവതയാണ്. എന്റെ അച്‌ഛൻ ഇന്ദ്രലോകത്ത് അമ്പേറ്റു പതിച്ചപ്പോൾ എന്നെയും ഇവനെയും അരികിൽ ചേർത്തു പറഞ്ഞുഃ ’എന്റെ ജ്യേഷ്‌ഠനെ തോല്‌പിച്ച വിഷ്‌ണു, എന്റെ പേരക്കിടാവിനോടു തോല്‌ക്കണം. ശാസ്‌ത്രത്തിൽ നീയും ശസ്‌ത്രത്തിൽ ഇവനും അവനു തുണയായിരിക്കണം.‘ ഞാനും പ്രഹസ്‌തനും ആ ആജ്‌ഞ്ഞ ലംഘിച്ചിട്ടില്ല. ശാസ്‌ത്രം, ശസ്‌ത്രംപോലെ സ്‌ഥൂലമല്ലാത്തതിനാൽ ഞങ്ങളുടെ ഭാഷ രണ്ടാണെന്നു മാത്രം.
ഇന്ദ്രജിത്ത്‌ഃ ശസ്‌ത്രത്തിന്റെ ഭാഷ അശോകവനിയിൽ ചെന്ന് ആ സ്‌ത്രീയെ ഒരു വെട്ടിനു കൊല്ലുകയാണ്. ശാസ്‌ത്രത്തിന്റെ ഭാഷയോ?
(“മൂന്നുലകങ്ങൾക്കും നാഥനായ ലങ്കാധിപൻ” എന്ന് അണിയറയിൽ ഘോഷിക്കപ്പെടുന്നു. രാജാവിന്റെ ആഗമനം അറിഞ്ഞ് സഭാവാസികൾ നിശ്ശബ്‌ദരാവുന്നു. രാവണൻ കുംഭനാൽ അനുഗതനായി പ്രവേശിച്ച് രത്നസിംഹാസനത്തിൽ ഉപവിഷ്‌ടനാകുന്നു.)
രാവണൻഃ അറിഞ്ഞുവല്ലോ?
പ്രഹസ്‌തൻ} ഃ അറിഞ്ഞു
നികുംഭൻ } ഃ അറിഞ്ഞു
രാവണൻഃ പ്രതിവിധി?
പ്രഹസ്‌തൻഃ ഉപവനത്തിൽ പാർപ്പിച്ചിരിക്കുന്ന രാമപത്നിയെ-
രാവണൻഃ രാമന്റെ കാൽക്കൽവച്ചു മാപ്പിരക്കുക?
പ്രഹസ്‌തൻഃ നിർദ്ദേശം, കൊല്ലുക എന്നാണ്.
(അതിഭീകരമായ ശബ്‌ദം. രാവണനും ഇന്ദ്രജിത്തും ഒഴിച്ച് എല്ലാവരും വാൾ ഊരിപ്പിടിച്ച് ശബ്‌ദം കേട്ട ദിക്കിലേക്കു നോക്കുന്നു. രാവണൻ എന്തെന്നറിയാൻ നോക്കുന്നതേയുളളു.)
ഇന്ദ്രജിത്ത്‌ഃ താഴികക്കുടം ഒടിഞ്ഞുവീണു.
സുപാർശ്വൻഃ ലങ്കയിലെ ഏറ്റവും ഉയർന്ന താഴികക്കുടം!
രാവണൻഃ മയനെ വരുത്താൻ ദൂതനെ അയയ്‌ക്കൂ. അതിലും ഉയർന്ന താഴികക്കുടം സ്വർണ്ണത്തിൽ തന്നെ നിർമ്മിക്കട്ടെ. സ്‌ഥൂലനയനങ്ങൾ ഇന്നോളം കണ്ടിട്ടില്ലാത്ത രൂപം അതിനുണ്ടാവണം. വരുണന്റെ സിംഹാസനം ഉടച്ചെടുത്ത വലിയ രത്നങ്ങൾ ചുറ്റും പതിക്കണം. ദക്ഷിണസാഗരം കടന്നു പരക്കണം അതിന്റെ പ്രകാശം. അച്‌ഛനെക്കാണുന്ന സന്തോഷം മണ്ഡോദരിക്കും ഉണ്ടാകട്ടെ. ശബ്‌ദം കേട്ടു ഭയന്നുവോ?
നികുംഭൻഃ ഇത്ര വലിയ ശബ്‌ദം ലങ്കയിൽ കേട്ടിട്ടില്ല.
രാവണൻഃ ആരെയാണ് ഭയപ്പെട്ടത്?
(ഏവരും മൗനം.)
വിരൂപാക്ഷൻഃ വിഷ്‌ണുവിന്റെ അവതാരമാണ് രാമൻ എന്നു കഥ പ്രചരിക്കുന്നു.
രാവണൻഃ ഒരിക്കൽ മരുത്തൻ എന്ന രാജാവിന്റെ കോട്ട നാം വളഞ്ഞു… മാതുലന്മാർ നമ്മോടൊത്തുണ്ടായിരുന്നതാണല്ലൊ… നാം ഹിമാലയത്തിൽനിന്നും മടങ്ങുന്ന വഴി. മരുത്തൻ-പ്രതാപി, പരാക്രമി, യാഗം നടത്തുകയായിരുന്നു. ഇന്ദ്രൻ, യമൻ, വരുണൻ, വൈശ്രവണൻ എല്ലാവരും എത്തിയിട്ടുണ്ട് ഹവിസ്സുണ്ണാൻ. മുപ്പാരിന്നധീശന്മാർ കൂട്ടുണ്ടല്ലോ എന്നു മരുത്തൻ ആശ്വസിച്ചിരിക്കണം. പക്ഷേ, നാം എത്തി എന്ന് അറിഞ്ഞപ്പോൾ ഈ ദൈവങ്ങൾ എന്തു ചെയ്‌തുവെന്നോ? എന്തു ചെയ്‌തിരിക്കാം.?
അതികായൻഃ പ്രാണഭയത്താൽ ഓടിയിരിക്കാം.
രാവണൻഃ ഓടി എന്നതു ശരിയാണ്.
പ്രഹസ്‌തൻഃ ഇന്ദ്രൻ മയിലായി, വരുണൻ അരയന്നമായി, യമൻ കാക്കയായി.
രാവണൻഃ നമ്മുടെ അച്‌ഛൻ, മഹർഷിവര്യൻ, സർവ്വാനുഗ്രഹങ്ങളും വർഷിച്ചുയർത്തിയ സീമന്തപുത്രൻ വൈശ്രവണൻ…
പ്രഹസ്‌തൻഃ ഓന്തായി.
(എല്ലാവരും ചിരിക്കുന്നു.)
രാവണൻഃ മഹർഷി വിശ്രവസ്സിന്റെ പുത്രനാകയാൽ നാംതന്നെ നാണിച്ചുപോയി. നമ്മുടെ പ്രിയജ്യേഷ്‌ഠന് ആനയായിട്ടെങ്കിലും ഓടാമായിരുന്നു. വിഷ്‌ണുവിന്റെ കഥയും മറ്റൊന്നല്ല. നമ്മുടെ പട തളളിക്കയറിയപ്പോൾ ഇന്ദ്രൻ വിഷ്‌ണുവിന്റെ കാല്‌ക്കൽ വീണ് ഇരന്നതാണ്. മാലിയെ കൊല്ലാനും സുമാലിമാല്യവാന്മാരെ പാതാളത്തിലേക്കോടിക്കാനും ചക്രം ചുഴറ്റിയ വിഷ്‌ണു മൗനം ഭൂഷണമെന്നു കരുതി. മാല്യവാന്റെ പുത്രനു വിഷ്‌ണുവിനെ ഭയമാണ്, അല്ലേ?
വിരൂപാക്ഷൻഃ വിഷ്‌ണുവിനെപ്പോലും ഭയക്കാതിരിക്കാൻ രക്ഷോനായകനൊപ്പം ആയുസ്സിന്റെ നല്ല പങ്കും ഞാൻ പോർക്കളത്തിൽ നിന്നു.
രാവണൻഃ എങ്കിൽ ’വിഷ്‌ണു‘, ’വിഷ്‌ണു‘ എന്നു മുറവിളിച്ചു കുട്ടികളെ ഭയപ്പെടുത്താതിരിക്കൂ. അവർ വിജയത്തിന്റെയും വംശവൃദ്ധിയുടെയും വെളിച്ചം കണ്ടു വളരട്ടെ. ഈ ’വിഷ്‌ണു‘ എവിടംവരെ എത്തി എന്ന് അറിയണം. വിഭീഷണനെ വിളിക്കൂ.
പ്രഹസ്‌തൻഃ വാനരസൈന്യം കടൽച്ചിറകെട്ടി ഇക്കരെ എത്തി.
രാവണൻഃ കവാടങ്ങളിൽ കുറെനാൾ നില്‌ക്കട്ടെ. കയറി ആക്രമിക്കാൻ നമ്മുടെ അന്തസ്സ് അനുവദിക്കുന്നില്ല. ഇവറ്റയെ നേരിടാൻ ഉപായമില്ലാഞ്ഞിട്ടാണോ സീതയെ കൊല്ലാൻ വിധിച്ചത്? ആരാണു വിധികർത്താവ്?
ഇന്ദ്രജിത്ത്‌ഃ വിധിച്ചതല്ല. ശല്യം ഒഴിവാക്കരുതോ എന്ന് ആലോചിച്ചു.
രാവണൻഃ പൂമ്പാറ്റയെ കഴുത്തിറുക്കി കൊല്ലുകയാണല്ലോ കുട്ടികൾക്ക് കൗതുകം.
(ശാർദ്ദൂലൻ പ്രവേശിക്കുന്നു)
ശാർദ്ദൂലൻഃ പട വലുതാണ്.
രാവണൻഃ എത്ര?
ശാർദ്ദൂലൻഃ തിട്ടപ്പെടുത്താൻ അസാദ്ധ്യം. വിന്ധ്യാചലംതൊട്ട് തെക്കോട്ടുളള കപിസൈന്യം ആസകലം.
രാവണൻഃ നായകൻ?
ശാർദ്ദൂലൻഃ സുഗ്രീവൻ. ഉപനായകൻ, നീലൻ, പാർശ്വങ്ങളിൽ കുമുദൻ, ശരഭൻ, രംഭൻ, പനസൻ, വിനതൻ, ക്രഥൻ, ഗവയൻ.
രാവണൻഃ ഉം….?
ശാർദ്ദൂലൻഃ വീരയോദ്ധാക്കൾ, അംഗദൻ…
രാവണൻഃ ആ കാട്ടുമങ്ക താരയുടെ പുത്രനല്ലേ?
ശാർദ്ദൂലൻഃ ബാലിയുടെ പുത്രൻ
വിരൂപാക്ഷൻഃ അതോ, സുഗ്രീവപുത്രനോ?
രാവണൻഃ ഉം…?
ശാർദ്ദൂലൻഃ ജാംബവാൻ, ഹനുമാൻ.
രാവണൻഃ ആ മനുഷ്യക്കുട്ടികളോ?
ശാർദ്ദൂലൻഃ സുഗ്രീവരാജാവും അവരിൽനിന്ന് ആജ്‌ഞ്ഞകൾ സ്വീകരിക്കുന്നു. തിളങ്ങുന്ന പോർച്ചട്ടയും മിന്നലിളക്കുന്ന വില്ലും ധരിച്ച ആ കുമാരൻമാർ ഉച്ചസൂര്യനെപ്പോലെ കണ്ണഞ്ചിപ്പിക്കുന്നു.
രാവണൻഃ അവർക്കു ലങ്കയിൽ കാവൽജോലി കൊടുക്കാം. ഇന്ദ്രനെ കയറാൽ ബന്ധിച്ച് ഉണ്ണി ഇടനാഴികളിൽ വലിച്ചിഴച്ചപ്പോൾ നമുക്കുദിച്ച ആശയമാണത്.
ശാർദ്ദൂലൻഃ ചാരൻ സത്യം കഥിക്കേണ്ടതാണ്; രാമലക്ഷ്‌മണന്മാർ അത്ഭുതവിക്രമന്മാർ എന്നു കീർത്തിപ്പെട്ടവർ.
വിരൂപാക്ഷൻഃ ആരും തുണയില്ലാതെ വരിക്കാൻ ചെന്ന പെണ്ണിന്റെ മൂക്കും മുലയും വെട്ടുന്നതാണോ വിക്രമം?
രാവണൻഃ ഉം…. ആയുധങ്ങൾ?
ശാർദ്ദൂലൻഃ ഗദയും വാളും മുൾത്തടിയും. കപികൾ മല പറിച്ചും രണമാടും. അമ്പും വില്ലും രാമലക്ഷ്‌മണന്മാർക്കുമാത്രം. അവർക്കു ദിവ്യായുധങ്ങളും സ്വായത്തമത്രെ.
ഇന്ദ്രജിത്ത്‌ഃ എന്തെല്ലാം.
ശാർദ്ദൂലൻഃ ആഗ്നേയം, വരുണം, ഗരുഡം, നാഗം, മാഹേശ്വരം.
ഇന്ദ്രജിത്ത്‌ഃ ബ്രഹ്‌മാസ്‌ത്രമോ?
ശാർദ്ദൂലൻഃ അതും സ്വായത്തമാകാം. പ്രയോഗിച്ചതായി കേട്ടിട്ടില്ല.
രാവണൻഃ ബ്രഹ്‌മാസ്‌ത്രവും സ്വായത്തമോ?…ഉം… ശാർദ്ദൂലൻ! മൃതസഞ്ഞ്‌ജീവനീത്യാദി ദിവ്യോഷധികൾ നിശ്‌ചയമുളളവർ ആരാനുമുണ്ടോ വാനരപ്പടയിൽ?
ശാർദ്ദൂലൻഃ ജാംബവസുഷേണന്മാർ അറിഞ്ഞിരിക്കാൻ ഇടയുണ്ട്; ഒരുപക്ഷേ, രാമനും. കല്‌പിച്ചു ക്ഷമിക്കണം! ആരൻ ഉദിക്കുംമുമ്പ് അടിയൻ തിട്ടമായി ധരിപ്പിക്കാം.
പ്രഹസ്‌തൻഃ ചിറ കടന്നോ, മുഴുവൻ?
ശാർദ്ദൂലൻഃ ഇക്കരെയെത്തിക്കഴിഞ്ഞു.
രാവണൻഃ ശാർദ്ദൂലനു പോകാം.
(ശാർദ്ദൂലൻ പോകുന്നു)
ഇന്ദ്രജിത്ത്‌ഃ ചിറ കടക്കുംമുമ്പ് ആക്രമിക്കേണ്ടതായിരുന്നു.
രാവണൻഃ ചിറകടന്നുളളിലായിട്ടും ആക്രമിക്കാം.
ഇന്ദ്രജിത്ത്‌ഃ ചിറയിലാണെങ്കിൽ എണ്ണം കുറച്ചു മതി. കൗശലംകൊണ്ടു മാത്രം ശത്രുവിനെ നശിപ്പിക്കാം.
രാവണൻഃ മായായുദ്ധം ശീലിച്ചാൽ കൗശലങ്ങളിൽ പ്രിയമേറുക സ്വാഭാവികം.
പ്രഹസ്‌തൻഃ യുദ്ധതന്ത്രം നവീകരിക്കണമെന്ന് ഉണ്ണി അഭിപ്രായപ്പെടുന്നു.
രാവണൻഃ എങ്ങനെ?
വിരൂപാക്ഷൻഃ ലങ്കയുടെ പട നരച്ചുപോയെന്ന് ഉണ്ണി പറയാറുണ്ട്.
രാവണൻഃ വാസ്‌തവം. എന്നാൽ യമധർമ്മൻപോലും പേടിക്കുന്ന ഈ നരപാതാളത്തിൽ പതിച്ച ഒരു വംശത്തിന്റെ പുനരുദ്ധാനവും മൂന്നുലകങ്ങളുടെയുംമേൽ ആ വംശം നേടിയ നായകത്വവും വിളിച്ചറിയിക്കുന്ന നരയാണ്. ഇന്ദ്രനെ കെട്ടിവലിച്ചിഴയ്‌ക്കാം. പക്ഷേ, മുടിയിൽ നരചൂടാൻ കാലം കഴിയുകതന്നെ വേണം. തന്ത്രം, ഉണ്ണിയുടെ കാലത്തു മാറ്റാം. നമുക്ക് അതിനുളള ആവശ്യം നേരിട്ടിട്ടില്ല.
ഇന്ദ്രജിത്ത്‌ഃ ശക്‌തിയെക്കാൾ എളുപ്പം വിജയിക്കുക ബുദ്ധിയായിരിക്കും.
രാവണൻഃ മനസ്സാണ്… ഇച്‌ഛയാണ്…ഏതിനും ആധാരം… മറ്റെല്ലാം പര്യായങ്ങളോ പാഠഭേദങ്ങളോ ആയിരിക്കും. ഉണ്ണിയുടെ പുതിയ യുദ്ധതന്ത്രം എന്താണ്?
ഇന്ദ്രജിത്ത്‌ഃ സീതയെ ശിരശ്‌ഛേദം ചെയ്‌തു ശത്രുവിന്റെ ദൃഷ്‌ടിപഥത്തിൽ വയ്‌ക്കുക. രാമലക്ഷ്‌മണന്മാർ അസ്‌ഥവീര്യരായി പതിക്കും. യുദ്ധം അരക്ഷണംകൊണ്ട് അവസാനിക്കുകയും ചെയ്യും.
രാവണൻഃ പ്രഹസ്‌താദികളുടെ അഭിപ്രായം.
പ്രഹസ്‌തൻഃ അതു യുദ്ധതന്ത്രമല്ല. തന്ത്രയുദ്ധമാണ്. ഗത്യന്തരമില്ലെങ്കിൽ പ്രയോഗിക്കാം.
സുപാർശ്വൻഃ സീതാനിഗ്രഹം രാമലക്ഷ്‌മണൻമാരുടെ വീര്യം ഇരട്ടിക്കാനും സാദ്ധ്യതയുണ്ട്. ഉണ്ണിയുടെ തന്ത്രം ഫലിക്കണമെങ്കിൽ സീതയെ മടക്കി ഏൽപ്പിക്കുകയാണ് വേണ്ടത്.
രാവണൻഃ സീതയെ മടക്കി ഏൽപ്പിക്കുകതന്നെ വേണം?
സുപാർശ്വൻഃ ഇത്തരം ലക്ഷണമൊത്ത സ്‌ത്രീകൾക്ക് ഈ വിശ്വപ്രകൃതിയുടെ സംക്രമങ്ങളുമായി ബന്ധമുണ്ടെന്നു പറയപ്പെടുന്നു. വിട്ടുകളയുകയാണു ബുദ്ധി.
വിരൂപാക്ഷൻഃ സീതയെ കപ്പം കൊടുത്തു സാമന്തനാകണം രാവണൻ; അല്ലേ?
രാവണൻഃ നാം പരദാരങ്ങളെ കണ്ടു മോഹിച്ചു, അപഹരിച്ചു എന്നു വിചാരിക്കുന്നവർ നമ്മുടെ അന്തഃപുരത്തിൽതന്നെയുണ്ട്. നമ്മുടെ സാമാജികരും ഉറ്റബന്ധുക്കളുമായ നിങ്ങളും അങ്ങനെ കരുതുന്നുണ്ടാവാം. മോഹിച്ചതും അപഹരിച്ചതും ശരിയാണ്. എന്നാൽ അധർമ്മം ചെയ്‌തു എന്ന ശങ്ക നമുക്കില്ല. മൂവുലകത്തിലും നാം സുന്ദരിമാരെ കണ്ടിട്ടുണ്ട്. അപ്‌സരസ്സുന്ദരിമാർ, യക്ഷത്തരുണിമാർ, വരുണലോകവിലാസിനിമാർ… അവരിൽ ചിലർ നമ്മുടെ അന്തഃപുരത്തിൽ പാർക്കുകയും ചെയ്യുന്നു. ചിലർ നമ്മുടെ മാനം കാക്കുന്ന കിടാങ്ങൾക്ക് അമ്മമാരുമായി. രംഭയുടെ ദിവ്യലാവണ്യം അരക്കന് അപ്രാപ്യമല്ലെന്ന് നാം തെളിയിച്ചു. അവൾ ശപിച്ചിരിക്കാം. അതിലും ഉഗ്രമായി ശപിച്ചിട്ടാണ് ഒരുവൾ അഗ്നിയിൽ സ്വയം ഹോമിച്ചത്. ഹിമാലയത്തിന്റെ ജഘനതലത്തിൽ, നെടുവീർപ്പിടുന്ന ലാവണ്യത്തിന്റെ ലഹരിയിൽ, അഗ്നിപ്രവേശം ചെയ്‌ത ആ തരുണിയെ നാം ഇന്നും മറന്നിട്ടില്ല. അവളുടെ ശാപവചസ്സുകൾ പർവ്വതവക്ഷോജങ്ങളിൽ അശരീരിപോലെ മാറ്റൊലിക്കൊണ്ടു. അവളെ മോഹിക്കാതിരിക്കുന്നവൻ പുരുഷജാതിയിൽ പെടുന്നില്ല. അവൾക്കു സമാനയായി ഒരുവളെ മാത്രമേ നാം പിന്നീടു കണ്ടതുളളൂ… അവളാണു സീത… ലക്ഷണമൊത്തവൾ. അവളെ വേട്ടത് ആരുമായിക്കൊളളട്ടെ. ആ കൗസ്‌തുഭം ലങ്കയ്‌ക്കുമാത്രം ചേരുന്നതാണ്. മൂവുലകങ്ങളിൽ അമൂല്യമായി ഏതൊന്നുണ്ടോ, അത് ലങ്കയിലുണ്ടാവണം. ജ്യേഷ്‌ഠൻ വൈശ്രവണന്റെ പുഷ്‌പകം നാം ഹരിച്ചത്, ആ ദിവ്യവാഹനം ലങ്കയുടേതാവാനാണ്. ബ്രഹ്‌മാവിന്റെ പോർച്ചട്ട ലങ്കാധിപനുളളതാണ്. സദാശിവന്റെ ചന്ദ്രഹാസം ലങ്കയുടെ ആയുധപ്പുരകൾക്ക് അലങ്കാരം.
ഒന്നേ ലങ്കയ്‌ക്കില്ലാതുളളു- കാമധേനു… വരുണലോകത്തുവച്ചു നാം കണ്ടു, വിളിച്ചു, വന്നില്ല. സമ്മതമില്ലാതെ വന്നാലും ഫലം ഇല്ലാത്തതിനാൽ നാം ബലാൽ കൊണ്ടു വന്നില്ല… മറ്റെല്ലാം ലങ്കയ്‌ക്കുണ്ട്. സമസ്‌തസൗന്ദര്യങ്ങളും സൗഭാഗ്യങ്ങളും സമ്പൽപ്രൗഢികളും. സീതയും ലങ്കയ്‌ക്കുതന്നെ വേണം. സ്‌ത്രീജിതനല്ല, ശ്രീജിതനാണ് രാവണൻ. ശ്രീത്വം വിളങ്ങുന്ന എല്ലാം രാവണൻ നേടും. ലങ്കയ്‌ക്ക് അത് അലങ്കാരമായിരിക്കും; രാക്ഷസവംശത്തിന് ഈടുവയ്‌പായിരിക്കും.
(വിഭീഷണൻ പ്രവേശിക്കുന്നു)
സീതയെപ്പറ്റിയുളള സംവാദം ഇവിടെ അവസാനിപ്പിക്കാം.
വിഭീഷണൻഃ പ്രഭോ, ആ സംവാദം സംഗരമായി തുടരുകല്ലേ?
രാവണൻഃ അതെ. സംഗരവും ക്ഷണത്തിൽ അവസാനിപ്പിക്കാൻ നാം ശീലിച്ചിട്ടുണ്ട്. ലങ്ക നരച്ചുപോയി എന്നു കുട്ടികൾക്ക് ഒരാക്ഷേപം. നമ്മെയും മാതുലന്മാരെയും ഉദ്ദേശിച്ചാവണം. ഇക്കുറി നാം നിനക്കു വിട്ടുതരുന്നു. കുട്ടികളുടെ നോട്ടത്തിൽ നീയും നരച്ചിരിക്കാം. എങ്കിലും നമുക്കു നീ കുട്ടിയാണല്ലോ. കോട്ടയ്‌ക്കു വെളിയിൽ താവളമടിച്ച വാനരപ്പടയെ തുരത്തുന്ന ഭാരം നിനക്ക്.
വിഭീഷണൻഃ ആ ഭാരം ലഘുവല്ല. നേരിടാൻ അശക്യമാണ് പടയുടെ പെരുപ്പം എന്ന് ചാരന്മാർ ഉണർത്തിക്കുന്നു.
രാവണൻഃ അനുജന്റെ തൂണീരത്തിൽ ദിവ്യാസ്‌ത്രങ്ങൾ എത്രയുണ്ട്?
വിഭീഷണൻഃ അതിലും അധികം രാമന്റെ തൂണീരത്തിൽ ഉണ്ടത്രെ. സുഗ്രീവൻ ബാലിയുടെ അനുജനാണ്. അംഗദൻ എന്ന സാഹസികൻ ബാലിയുടെ പുത്രൻ. ഹനുമാന് അഷ്‌ടൈശ്വര്യസിദ്ധി ഉണ്ടെന്നു കേൾക്കുന്നു. ദൂതിനു വന്നപ്പോൾ ഇവിടെ കാട്ടിയ വിരുതു നാം കണ്ടതുമാണ്. രണപടുക്കൾ അനേകം വേറെയുമുണ്ട്. ശത്രു നിസ്സാരനല്ല. കരുതൽ നന്ന്. ഒരുപക്ഷേ, ലങ്കയുടെ ബലം….
രാവണൻഃ ലങ്കയുടെ ബലം?
വിഭീഷണൻഃ പോരാതെ വരും.
(രാവണൻ അക്ഷമൻ. മറ്റെല്ലാവരും ചിരിച്ചുപോകുന്നു.)
രാവണൻഃ ഇതാരുടെ കഥ?
വിഭീഷണൻഃ ശുകസാരണന്മാർ വിവരിച്ചതാണ്. ഒന്നുകൂടി ഉറപ്പുവരുത്തി അങ്ങയെ മുഖം കാണിക്കാം എന്നു കരുതി അവർ വീണ്ടും വേഷം മാറി ശത്രു സൈന്യത്തിനുളളിൽ കടന്നിരിക്കുന്നു.
രാവണൻഃ ലങ്കയുടെ ബലം… പോരാതെവരുമെന്നോ? ലങ്കയെന്നാൽ കുംഭകർണ്ണൻ, മേഘനാദൻ, പ്രഹസ്‌തൻ, വിരൂപാക്ഷൻ, തൊട്ടിങ്ങോട്ടുളള മറ്റു മാതുലൻമാർ, നികുംഭാദികളായ യുവാക്കൾ, കോടിക്കണക്കിന് അരക്കപ്പട, ആർക്കും ഗമ്യമല്ലാത്ത കോട്ടകൾ, കിടങ്ങുകൾ, ദിവ്യാസ്‌ത്രങ്ങൾ, മായായുദ്ധമുറകൾ… മൂന്നു ലോകത്തെയും വെന്ന ശീലജ്‌ഞ്ഞാനം… രാക്ഷസൻ വീണ്ടും ദിക്കുകൾ വാഴുന്ന ആഹ്ലാദത്തിൽ ആയുസ്സറാതെ ഇന്നും ജീവിച്ചിരിക്കുന്ന വൃദ്ധമാല്യവാന്റെ അനുഗ്രഹം… ആ ലങ്കയുടെ ബലം…
ഇന്ദ്രജിത്ത്‌ഃ ലങ്കയെ വിടുക. ഈ പടയെ തുരത്തുന്ന ഭാരം ഞാൻ ഒറ്റയ്്ക്ക് ഏൽക്കാം.
രാവണൻഃ വരട്ടെ… വിഭീഷണന്റെ ബുദ്ധി ഭ്രമിച്ചതായി തോന്നുന്നു.
വിഭീഷണൻഃ ഇന്നു മുഴുവൻ ഞാൻ ചാരവൃത്താന്തം കേൾക്കുകയായിരുന്നു. ഖരദൂഷണത്രിശിരാക്കളേയും പതിന്നാലായിരം രാക്ഷസപ്പടയേയും അരക്ഷണത്തിൽ രാമൻ ഒറ്റയ്‌ക്കു കൊന്നുമുടിച്ചു. സേതു ബന്ധിച്ച് ഇക്കരെയെത്തി, കോടിക്കണക്കിനു വാനരപ്പട. രാമൻ നിസ്സാരനെന്നു കരുതരുത്. കാഴ്‌ചയിൽ ഉജ്ജ്വലതേജസ്വി. അക്ഷയമായ വീര്യത്തിന്റെ വഹ്‌നിയിൽ ഉരുവംകൊണ്ട ലോഹശരീരം. നിഗൂഢങ്ങളായ ദിവ്യാസ്‌ത്രങ്ങൾ നിരവധി സ്വായത്തമെന്നു കേൾക്കുന്നു. അജയ്യതയുടെ അദൃശ്യമായ പരിവേഷം രാമനിൽ ദർശിക്കാം.
രാവണൻഃ വീര്യം ഒന്ന്, അജയ്യത മറ്റൊന്ന്. കൂട്ടിക്കലർത്തണ്ട. വീര്യമില്ലാത്തവരോട് രാവണൻ ഇന്നോളം പൊരുതിയിട്ടില്ല. നിന്റെ വിവരണം കേട്ടപ്പോൾ രാമനെ നേരിടാൻ നമുക്കു കൊതിയാവുന്നു. പക്ഷേ, അജയ്യതയുടെ പരിവേഷം നമുക്കു വ്യക്തമാകുന്നില്ല. അത് ഇന്ദ്രിയഗോചരമോ അതോ, അന്യ കല്‌പനയോ?
വിഭീഷണൻഃ അപൂർവ്വശക്‌തിയും തീക്ഷ്‌ണസത്യവും ചേരുമ്പോൾ അനുഭവപ്പെടുന്നതാകും.
രാവണൻഃ എന്താണാവോ ആ തീക്ഷ്‌ണസത്യം?
വിഭീഷണൻഃ അപഹൃതയായ ധർമ്മദാരങ്ങളെ മോചിപ്പിക്കുക എന്ന സത്യം, ഏതു ദിവ്യാസ്‌ത്രത്തെക്കാളും നിശിതമാണ്.
രാവണൻഃ ആ മനുഷ്യക്കുട്ടിയെ സംബന്ധിച്ചിടത്തോളം നീ പറയുന്നതിൽ കുറെ നേരുണ്ട്.. എങ്കിലും അജയ്യത ഇപ്പോഴും നമുക്കു വ്യക്‌തമല്ല… ഈ കാരണവന്മാരുടെ മുഖം സൂക്ഷിച്ചുനോക്ക്. വിരൂപാക്ഷൻ, രാക്ഷസചക്രവർത്തി മാല്യവാന്റെ പുത്രൻ. നാം നേടിയ നേട്ടങ്ങളുടെ വഴിയിൽ, നമ്മുടെ ജനനത്തിനും മുമ്പു നടന്നുതുടങ്ങിയ വീരവയോവൃദ്ധൻ, അമ്മയുടെ ഏറ്റവും ഇളയ അനുജൻ, പ്രഹസ്‌തൻ. യക്ഷവരുണയമലോകങ്ങളിൽ നമ്മുടെ പാർശ്വങ്ങളിൽ പടവെട്ടിയവൻ, അജയ്യനെന്നു കീർത്തിപ്പെട്ട ഇന്ദ്രനെ അമ്പാൽ ബന്ധിച്ച് ഈ ലങ്കയുടെ വീഥികളിൽ വലിച്ചിഴച്ച കുമാരൻ, മേഘനാദൻ… ഇവർക്കൊന്നും ഇല്ലാത്ത ഏതോ അജയ്യതയും അതിന്റെ പരിവേഷ വലയവും രാമനിൽ നീ ദർശിക്കുന്നു, അല്ലേ?
പ്രഹസ്‌തൻഃ ആർക്കും ജയിക്കാനാവാത്തവൻ എന്നാണ് അർത്ഥമെങ്കിൽ, അങ്ങനെ ഒരാൾ മാത്രമേ ഈ ത്രിഭുവനത്തിലുളളു.
രാവണൻഃ നമ്മുടെ കാര്യം വിടൂ. നാം ഒരു സഹോദരൻ. പോരെങ്കിൽ രാജ്യാധികാരിയും. രണ്ടു വേഷങ്ങൾക്കും പരിവേഷം നന്നേ കുറയും.
വിഭീഷണൻഃ ജ്യേഷ്‌ഠന്റെ ഈ പരിഹാസത്തിന് ഒരുകണക്കിലും ഞാൻ അർഹനല്ല. പതിനായിരത്താണ്ടു തപം ചെയ്‌ത അങ്ങേയ്‌ക്കുപോലും ബ്രഹ്‌മാവ് അമരത്വം നൽകിയില്ല. നിത്യമല്ലാത്ത ജന്മത്തിൽ അജയ്യത അതിനും അനിത്യം. അനുക്ഷണവിനശ്യം. എന്നാൽ അജയ്യതയുടെ യോഗം ചിലപ്പോൾ ചിലർക്ക് ഉണ്ടാകും. അതിലധികം എന്റെ വാക്കിന് അർത്ഥം കല്‌പിക്കരുത്. എനിക്ക് എന്റെ കടമ നിറവേറ്റാനുളള ചുമതലയുണ്ട്. ശത്രുകവാടത്തിൽ മുട്ടുമ്പോൾ സത്യധർമ്മങ്ങളാണ് ആദ്യം ചത്തടിയുക. ഭീതിയിൽ പിറന്ന കലിയുടെ കബന്ധങ്ങൾ താണ്ഡവം തുടങ്ങുകയായി. അതിനുമുമ്പ്, വൈകുംമുമ്പ്, ബുദ്ധിയും ധർമ്മവും ഭ്രമിക്കാതെ രാജ്യമന്ത്രം മൊഴിയേണ്ടത് എന്റെ കടമയാണ്. എല്ലാ പരിഹാസവും ഏറ്റുകൊണ്ട് ആ കടമ ഞാൻ നിർവ്വഹിക്കുന്നു.
രാവണൻഃ കേൾക്കട്ടെ.
വിഭീഷണൻഃ സീതയെ വിട്ടുകൊടുക്കുക. യുദ്ധമോ, സന്ധിയോ എന്ന തീരുമാനം രാമനു വിടുക. യുദ്ധമെങ്കിൽ അതിനു നാം മടിക്കേണ്ടതില്ലല്ലോ
വിരൂപാക്ഷൻഃ പുഷ്‌പകവിമാനം വീണ്ടെടുക്കാൻ വൈശ്രവണൻ വന്നാൽ വിഭീഷണൻ കൊടുക്കുമോ?
വിഭീഷണൻഃ ഞാനോ? ഞാനാണെങ്കിൽ കൊടുക്കും.
രാവണൻഃ കുമാരന്റെ നീതിവാക്യം നമ്മുടെ സഹൃദയചിത്തം ആവോളം ആസ്വദിക്കുന്നു. എന്നാൽ നാം പുതയുന്ന താഴ്‌വാരങ്ങളിൽനിന്നു കുന്നിൻമുകളിലേക്ക് നടന്നവനാണ്. മലയിടിച്ചും പാറപൊട്ടിച്ചും വഴിയുണ്ടാക്കി കയറുകയായിരുന്നു. ഓരോ നേട്ടത്തിലും ചവിട്ടിക്കയറി മുകളിലെത്തിയപ്പോൾ കയറാൻ ദൂരം പിന്നെയും കണ്ടു. നക്ഷത്രങ്ങളിൽ പിടിച്ചു ഗോളങ്ങളിൽ ചവിട്ടി മേല്‌പോട്ടു കയറി… ഈ കയറ്റത്തിൽ, നാശത്തിലാണ്ട ഒരു വംശത്തെയും നാം പിടിച്ചു കയറ്റി… നാം നേടി, ഇനി ഒന്നും നേടാനില്ലാത്തവണ്ണം. നമ്മുടെ കാരണവന്മാർ, ഒരു കാലത്ത് ലങ്കയുടെ ചെങ്കോലാണ്ടിരുന്നവർ, പാതാളത്തിൽ പിടയുകയായിരുന്നു. ആ വംശത്തെ നാം ഉദ്ധരിച്ചു. ലങ്ക വീണ്ടെടുത്തു. ലങ്കയ്‌ക്കുളള എല്ലാ അലങ്കാരവും കൈയാണ്ടു. രാക്ഷസജാതിയെ വിസ്‌മരിച്ച ലോകം ഇന്നു രാക്ഷസരെ പൂജിക്കുന്നു… നേടിയതൊന്നും വിട്ടുകൊടുക്കാനുളളതല്ല.
വിഭീഷണൻഃ അങ്ങേയ്‌ക്കു നേടാനേ കഴിഞ്ഞിട്ടുളളു. കൈവിടാൻ കഴിഞ്ഞിട്ടില്ല. അവകാശപ്പെട്ട ലങ്ക അങ്ങു കീഴടക്കി, അവകാശപ്പെട്ട സാകേതം രാമൻ കൈവെടിഞ്ഞു.
(എല്ലാവരും ചിരിക്കുന്നു.)
വിരൂപാക്ഷൻഃ ഈ താരതമ്യത്തിന് ഇവിടെ പ്രസക്‌തി?
വിഭീഷണൻഃ ബലാബലം അതുകൊണ്ട് അളക്കുന്നവരുമുണ്ടാകും.
പ്രഹസ്‌തൻഃ അഭ്യാസശക്‌തിയും ആയുധബലവും സൈന്യശേഷിയുമാണ് ഇവിടെ പ്രസക്‌തി.
വിഭീഷണൻഃ നായകന്റെ ചിത്തശുദ്ധി അനുയായികളുടെ ശക്‌തിയാണ്.
ഇന്ദ്രജിത്ത്‌ഃ ഇളയച്‌ഛന്റെ സ്വരം പതിവിലേറെ പരുഷമായിരിക്കുന്നു.
രാവണൻഃ നിന്റെ ജ്യേഷ്‌ഠൻ, രക്ഷോനായകൻ, നേടുകതന്നെയാണു ചെയ്‌തിട്ടുളളത്. ആ നേട്ടങ്ങൾ ഇതിഹാസങ്ങളാണ്. ലങ്കയുടെ പുഷ്‌പകം ചരിക്കുന്ന വീഥിയിൽ ഗോളങ്ങൾ ഒഴിഞ്ഞുമാറുമ്പോൾ കവികൾ ആ പൊലിമയെ കീർത്തിച്ചു പാടുന്നു…ഏതോ മുനിവാടത്തിൽ തളളപ്പെട്ട പാവം രാക്ഷസക്കിടാത്തിയുടെ കണ്ടാലറപ്പുണ്ടാക്കുന്ന കറുത്ത കുട്ടി വിഷ്‌ണുവിനെപ്പോലും വിനയവാനാക്കി…. ആ കുട്ടിക്കു കൈവിടാൻ കാട്ടുമുരിക്കിന്റെ മാലപോലും ഉണ്ടായിരുന്നില്ല. പൂക്കൾ പൊട്ടിച്ച് ഇളയവനായ നിന്റെ കഴുത്തിലാണ് അമ്മ അണിയിച്ചത്. കൃഷ്‌ണപ്പരുന്തിനെ കല്ലെറിഞ്ഞിട്ടു ഭക്ഷിച്ചും കാട്ടുപുഴയിലെ വെളളം കുടിച്ചും ആ കുട്ടി വളർന്നു. താലവൃന്തം വീശാനും നുളളി ഇക്കിളിയിടാനും അന്തഃപുരനാരികളുണ്ടായിരുന്നില്ല. കൊല്ലുന്ന വിദ്യ ശീലിപ്പിക്കാൻ താടിക്കാരുണ്ടായിരുന്നില്ല. ഒരു കൈയിൽ പെണ്ണിനെയും മറുകൈയിൽ മഹേശന്റെ ചാപത്തെയും സമ്മാനിച്ചു സത്‌കരിക്കാൻ രാജാക്കന്മാരും ഉണ്ടായില്ല. ഇഷ്‌ടപത്നി മണ്ഡോദരിയെപ്പോലും മയാസുരന്റെ രഥവലയം ഭേദിച്ചു കൈയടക്കിയതാണ്. മഹേശന്റെ ഗിരിശൃംഗങ്ങൾ കൈയാൽ ഇളക്കിമറിച്ചാണ് നാം ചന്ദ്രഹാസം നേടിയത്. കൊന്നും വെന്നും ത്രിഭുവനങ്ങളുടെ നായകപ്പട്ടം നാം നേടി. നിനക്ക് അതിൽ അഭിമാനമില്ലെങ്കിൽ… എന്തു നേടിയാലും ഒരു വ്യഥയുടെയെങ്കിലും നിഴൽ ഒഴിയാതെയിരിക്കുക ജന്മപ്രകൃതിയാണല്ലോ…. നീ തത്ത്വവേദിയാണ്. പക്ഷേ, ഉണ്ണി പറഞ്ഞതു നാം ശ്രദ്ധിച്ചു. നിന്റെ സ്വരം ഇന്നു പരുഷമായിരിക്കുന്നു.
വിഭീഷണൻഃ അപ്രിയസത്യമാവുമ്പോൾ, സ്വരവും പരുഷമായി തോന്നുന്നു.
രാവണൻഃ വാദപ്രതിവാദത്തിനുളള സന്ദർഭം ഇതല്ല. നിരകൾ ഉറപ്പിച്ച് ഉടൻതന്നെ രോധം ഏർപ്പെടുത്തിക്കൊളളുക. പടനായകനുളള നിർദ്ദേശങ്ങൾ വിഭീഷണൻ നൽകും. നമുക്കൊന്നു വിശ്രമിക്കണം. വീണമീട്ടിയിട്ടും പലനാളായി. ഇവന്റെ പ്രഭാഷണം മറക്കണമെങ്കിൽ കാണിനേരം സ്വരങ്ങളിൽ ലയിക്കണം.
(ഏവരും ചിരിക്കുന്നു. രാവണൻ പോകാൻ ആയുന്നു)
വിഭീഷണൻഃ പ്രഭോ, ക്ഷമിക്കണം! രാമനെ നേരിടാൻ എനിക്കു ശക്‌തിയില്ല.
രാവണൻഃ ഭീരൂ!… സ്വന്തം അനുജനെ ഇങ്ങനെ വിളിക്കാൻ രാവണന് ഇമ്പമുണ്ടെന്ന് നീ കരുതുന്നുണ്ടോ?… ശക്‌തിയില്ലെങ്കിൽ പൊരുതി മരിക്കണം. നീ മരിച്ചാൽ, നിരയുറപ്പിക്കാൻ ലങ്കയിൽ വേറെയുമുണ്ട് യോദ്ധാക്കൾ.
വിഭീഷണൻഃ സീതയെ വിട്ടുകൊടുത്താൽ ഞാൻ ഏതാജ്‌ഞ്ഞയും സ്വീകരിക്കാം.
രാവണൻഃ ഇല്ലെങ്കിൽ? ഇല്ലെങ്കിൽ ലങ്കയ്‌ക്കുവേണ്ടി, രാക്ഷസരക്ഷയ്‌ക്കുവേണ്ടി നീ പൊരുതുകയില്ലേ?
വിഭീഷണൻഃ ധർമ്മം കൈവിട്ട ലങ്കയും സത്യത്തെക്കണ്ടാൽ ഇളിക്കുന്ന രാക്ഷസക്കൂട്ടവും പൊരുതിമരിക്കാനുളള ആദർശങ്ങളായി എനിക്കു തോന്നുന്നില്ല.
രാവണൻഃ എന്താണാവോ നിന്നെ ഉത്തേജിപ്പിക്കാവുന്ന ആദർശം?
വിഭീഷണൻഃ ജീവിക്കാൻ മാത്രമല്ല മരിക്കാനും ഒരു മൂല്യമുണ്ടാവണം.
രാവണൻഃ രാജ്യവും വംശവും ആത്‌മബന്ധങ്ങളുമൊന്നും നിനക്കു മൂല്യങ്ങളല്ല?
വിഭീഷണൻഃ സുസ്‌ഥിരമായ രാജ്യനീതിയാണ് വംശരക്ഷയ്‌ക്കാവശ്യം. ധർമ്മനിരതമായ നീതിപാലനവും. ലങ്കയോ സാകേതമോ ഏതൊന്നായാലും എന്റെ മാനദണ്ഡം പലതല്ല. രാജ്യാതിർത്തിയിൽ അതവസാനിക്കുന്നുമില്ല. എന്റെ മാനദണ്ഡം ഞാൻ ലാളിക്കുന്ന തത്ത്വങ്ങളാണ്. അതാണെന്റെ മൂല്യവും….
രാവണൻഃ ഇന്ദ്രലോകത്തിൽ നടന്ന യുദ്ധത്തിൽ ശരവർഷം സഹിയാഞ്ഞ് നാം തേർത്തട്ടിൽ നിൽക്കുമ്പോൾ, നമ്മുടെ അമ്മയുടെ അച്‌ഛൻ, യശസ്സാണ്ട സുമാലി, നമ്മുടെ എല്ലാ ശ്രേയസ്സിനും കാരണഭൂതൻ, ഇന്ദ്രനോട് നേരിട്ടേറ്റ് അല്‌പം നമുക്ക് ഇളവുനല്‌കി. ആ ഏറ്റുമുട്ടലിൽ മാതാമഹൻ മരിച്ചു വീണു… നിനക്കതു സാധിക്കുമോ? അതോ, നീ തത്ത്വത്തിന്റെ കോലെടുത്ത് ആ പടനിലം അളക്കുമോ?
വിഭീഷണൻഃ പ്രഭോ! അങ്ങു പൊരുതിയ കളങ്ങൾ എന്നും എനിക്ക് അപരിചിതമായിരുന്നു.
രാവണൻഃ നാം ഓർമ്മിക്കുന്നു.
വിഭീഷണൻഃ ഞാൻ പൊരുതുന്ന കളത്തിൽ രാജ്യാതിർത്തി മാന്തുന്ന ഹുഡവും പട്ടസവും ഇല്ല. അമ്പും ശതഘ്‌നിയുമില്ല.
രാവണൻഃ ആശയങ്ങളുണ്ട്…
വിഭീഷണൻഃ അതെ…
രാവണൻഃ നിന്റെ ആശയങ്ങൾ?
വിഭീഷണൻഃ അതെ…
രാവണൻഃ അതായത് നീതന്നെ; നീമാത്രം.
വിഭീഷണൻഃ ഞാൻ മാത്രമല്ല. ഞാനും എന്റെ വംശവും ഉണ്ടാവും. പക്ഷേ, മാർഗ്ഗം അങ്ങയുടേതായിരിക്കുകയില്ല.
രാവണൻഃ നിന്റേതുമാത്രമായ മാർഗ്ഗം.
വിഭീഷണൻഃ അതെ.
രാവണൻഃ വിഭീഷണമാർഗ്ഗം! നിന്നെ പെറ്റിട്ടപ്പോൾ പുഷ്‌പവൃഷ്‌ടി ഉണ്ടായി എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്!
വിഭീഷണൻഃ അങ്ങു ജനിച്ചപ്പോൾ ചോരമഴപെയ്‌തു എന്നും കേട്ടിട്ടുണ്ട്. ഒരു പക്ഷേ, രണ്ടും ശരിയാവാം. അച്‌ഛനും അമ്മയും ഒന്നാണെങ്കിലും ഞാൻ അച്‌ഛന്റെ വഴിയും ജ്യേഷ്‌ഠൻ അമ്മയുടെ വഴിയും സഞ്ചരിക്കുന്നു. പൂജാപുഷ്‌പം എനിക്കും കൊലച്ചോര അങ്ങേയ്‌ക്കും കൂടുതൽ ഇണങ്ങും. പ്രഭോ! എന്നോട് ക്ഷമിച്ചാലും! ലങ്ക ആദ്യമായി ആക്രമിക്കപ്പെടുന്നു. മലർമങ്ക ലങ്കയിൽനിന്നു വാങ്ങി എന്നാണർത്ഥം. നില്‌ക്കാവുന്നിടത്തോളം ഞാനും ലങ്കയിൽ നിന്നു. എന്നെ പോകാൻ അനുവദിച്ചാലും!…
രാവണൻഃ എവിടെ?
വിരൂപാക്ഷൻഃ എവിടെയെന്നു വ്യക്‌തമല്ലേ?
വിഭീഷണൻഃ ഇവിടെ നിന്നാൽ പ്രിയമല്ലാത്ത ആജ്‌ഞ്ഞകൾ ഞാൻ സ്വീകരിക്കേണ്ടി വരും. പഥ്യമല്ലാത്ത യുദ്ധമുറകൾ ഞാൻ ചെയ്യേണ്ടിവരും. ഞാൻ പിരിയുന്നു.
രാവണൻഃ ആരെ പിരിയുന്നു? നിന്റെ കൂടപ്പിറപ്പിനെ, പ്രകൃതം വേറെയെങ്കിലും നിനക്കു കീർത്തിനേടിത്തന്ന കൂടെപ്പിറപ്പിനെ, ഉറ്റവരായ നിന്റെ ജനത്തെ, നിന്റെ വംശത്തെ, നിന്റെ രാജ്യത്തെ. നിന്റെ അഭിമതം അതാണെങ്കിൽ, നാം അനുവദിച്ചിരിക്കുന്നു. നീ ജീവനോടെ പൊയ്‌ക്കൊളളാൻ നാം അനുവദിച്ചിരിക്കുന്നു. ഇത്രയും ധരിച്ചാൽ നന്ന്. നമ്മുടെ സ്ഥാനത്ത് നീ ആയിരുന്നെങ്കിൽ ഇങ്ങനെയല്ല സംഭവിക്കുക.
(വിഭീഷണൻ വണങ്ങുന്നു)
പ്രഹസ്‌തൻഃ രാജ്യമോഹമാണ് വിഭീഷണന്റെ മൂല്യം എന്ന് രാജാവു ധരിക്കണം. വംശവൃദ്ധിക്ക് അത് പ്രതിബന്ധമാണ്. വിഭീഷണന് കാരാഗൃഹമാണ് നൽകേണ്ടത്.
രാവണൻഃ പ്രഹസ്‌തൻ ഇത്ര സരളചിത്തനോ? അങ്ങനെയെങ്കിൽ കൂടപ്പിറപ്പിനെ വഞ്ചിച്ചു എന്ന കീർത്തി അവനിരിക്കട്ടെ. നാം സ്വജനങ്ങളുടെ രക്ഷകനാണ്. അവരെ ശിക്ഷിക്കാനുളള കരുത്ത് ഇതുവരെയും നാം നേടിയില്ല… ഒരു വിഭീഷണൻ പോയാൽ പതറുമോ ലങ്ക? നിനക്കു പോകാം.
ഇന്ദ്രജിത്ത്‌ഃ അച്‌ഛാ! ശത്രു കോട്ടയ്‌ക്കു വെളിയിൽ നിൽക്കുമ്പോൾ ഉറ്റവർ പിരിയുന്നതു സൂക്ഷിക്കണം.
വിരൂപാക്ഷൻഃ ആപത്തിൽ പിരിയുന്നവർ ശത്രുവാണ്. വധ്യനുമാണ്.
(കുംഭൻ ഝടുതിയിൽ വിഭീഷണനെ സമീപിക്കുന്നു. മറ്റുളളവർ-പ്രഹസ്‌തൻ, ഇന്ദ്രജിത്ത്, വിരൂപാക്ഷൻ-വിഭീഷണന്റെ മാർഗ്ഗം തടഞ്ഞുനിൽക്കുന്നു.)
രാവണൻഃ (രുഷ്‌ടനായി) നീ എന്തിനു നിൽക്കുന്നു? പോകാനല്ലേ നാം കല്‌പിച്ചത്? നിന്നാൽ ഇവർ നിന്നെ തുണ്ടുതുണ്ടായി നുറുക്കുന്നത് നാം കാണേണ്ടിവരും. പൊയ്‌ക്കൊളളൂ.
(വിഭീഷണൻ പോകുന്നു)
നിങ്ങളെല്ലാം പറഞ്ഞതു ശരിയാണ്. പക്ഷേ, രാവണന്റെ കരവാളം ശത്രുക്കളുടെ രക്‌തമേ ഒഴുക്കിയിട്ടുളളു… കൈകസി എന്ന കറമ്പിത്തളളയുടെ വയറ്റിൽ പിറന്നവനാണ് അവനും…ഒരുപക്ഷെ, രാമന്റെ വലയിൽപ്പെട്ടിരിക്കാം. സാരമില്ല, ബാലിയല്ല രാവണൻ എന്ന് അറിഞ്ഞുകൊളളും. ചതി ഏതും നേരിടാൻ നമുക്ക് കരുത്തുണ്ട്… ലങ്കയിൽ കൊടിക്കൂറകൾ പാറട്ടെ. രോധം തുടങ്ങാം. കോട്ട ഭദ്രമായിരിക്കണം. വടക്കേ കോട്ടവാതിലിൽ മകരാക്ഷൻ. കിഴക്കും പടിഞ്ഞാറും ശുകസാരണന്മാർ. തെക്ക് നികുംഭൻ. അകമ്പനൻ മുന്നണിയിൽ പടനീക്കട്ടെ. പ്രഹസ്‌തൻ പിൻനിരകാത്ത് യുദ്ധഗതി നിയന്ത്രിക്കും. ധൂമ്രാക്ഷൻ ശത്രുവിന്റെ പിൻനിര മുറിക്കണം. വലതുപാർശ്വം മഹാപാർശ്വൻ. ഇടത് മഹോദരൻ. ആന ആയിരം. രഥം അയുതം. അശ്വം രണ്ട് അയുതം. പട ഒരു കോടി. (പോകുന്നു.)
(യവനിക)
* * * * * * * * * * * അങ്കം രണ്ട് * * * * * * * * * * * * *
(രാവണന്റെ സഭാമണ്ഡപം. സുപാർശ്വൻ ദുഃഖിതനായിരിക്കുന്നു. വിരൂപാക്ഷൻ അക്ഷമനായി ഉലാത്തുന്നു.)
വിരൂപാക്ഷൻഃ രാജാജ്‌ഞ്ഞ ധിക്കരിച്ചും ഞാൻ ഇന്നു പടയ്‌ക്കിറങ്ങും. വൃദ്ധനെങ്കിലും രാജാവു കരുതുംപോലെ ഞാൻ ശേഷികെട്ടവനായിട്ടില്ല.
(സുപാർശ്വൻ മൗനം).
അത്ഭുതമെന്നേ പറയാനുളളു. ധൂമ്രാക്ഷൻ ഏതു പിൻനിരയും മുറിക്കുമായിരുന്നു. വാനരപ്പടയുടെ പാരശ്വങ്ങൾ ഇത്രയ്‌ക്കു ശക്‌തമോ? ധൂമ്രാക്ഷനെ രക്ഷിക്കാനാണ് അകമ്പനൻ തളളിക്കയറിയത്. പ്രഹസ്‌തൻ- എന്നും ലങ്കയുടെ പടനയിച്ചിട്ടുളള പ്രഹസ്‌തൻ- എനിക്കതു വിശ്വസിക്കാൻ കഴിയുന്നില്ല… നീ എന്താണു മൗനം ഭജിക്കുന്നത്?.. ഉറ്റവർ പടയിൽ ചത്താൽ രാക്ഷസൻ ദുഃഖിക്കാറില്ലല്ലോ! ഈ യുദ്ധത്തിനു നീ അനുകൂലമായിരുന്നില്ല?
സുപാർശ്വൻഃ ആയിരുന്നില്ല. യുദ്ധം ചെയ്‌തില്ലെങ്കിലും എല്ലാ യുദ്ധരംഗത്തും ഞാനുണ്ടായിരുന്നു. ഞാൻ ഉത്തേജിപ്പിച്ചിരുന്നു… പക്ഷേ, യുദ്ധം ഇന്ന് എനിക്ക് ദുഃഖമാണുണ്ടാക്കുന്നത്. എന്റെ കൂടപ്പിറപ്പുകൾ മൂവരും മരിച്ചതു കൊണ്ടല്ല.. മരണത്തിന്റെ ഗ്രീഷ്‌മം ലങ്കയിൽ വീശിക്കഴിഞ്ഞിരിക്കുന്നു. അങ്ങ് കാലത്തിന്റെ മാറ്റം കണ്ടിട്ടുളളതാണല്ലോ. കാലം ചിലപ്പോൾ മരണത്തിന്റെ ഗന്ധവുമായി വരും. പല പകലുകളുടെയും അറുതി ഏതോ രാത്രിയിൽ തുടങ്ങുന്നു. അതുവരെ കേട്ടിട്ടില്ലാത്ത വികൃതശബ്‌ദങ്ങൾ കേൾക്കും. അപ്പോൾ ശ്രദ്ധിക്കണം. രാവിനെയും പകലിനെയും ഭയന്ന് അന്തിയിൽ പാർത്ത എനിക്കു കൂടുതൽ കാണുകമാത്രം കഴിഞ്ഞിരിക്കുന്നു.
വിരൂപാക്ഷൻഃ അനുജാ, ഇളയച്‌ഛന്റെ മക്കളിൽ നീ മാത്രമേ ശേഷിക്കുന്നുളളു. പലതും പറഞ്ഞു നിന്റെ ദുഃഖമാറ്റാൻ എനിക്കു കൊതിയുണ്ട്. പക്ഷേ, നിനക്കറിയാം. വാക്കുകൾ എനിക്കു വശമില്ല. പടയിൽ ചാടി ഞാൻ ആവുന്നത്ര കൊല്ലാം. നിന്നെ ആശ്വസിപ്പിക്കാൻ വേറെ ഉപായം എനിക്കില്ല.
(ശരീരത്തിൽ ചില്ലറ മുറിവുകളോടുകൂടി അതികായൻ പ്രവേശിക്കുന്നു. കൈയിൽ ഒരു വില്ലും തുണീരവും)
അതികായൻഃ പടനായകന്റെ വില്ലും തൂണീരവും.
സുപാർശ്വൻഃ (ആദരപൂർവ്വം എഴുന്നേറ്റ്) പ്രഹസ്‌തന്റെ മരണം നീ കണ്ടുവോ?
അതികായൻഃ ഞാൻ അരികിലുണ്ടായിരുന്നു. മരിക്കുംമുമ്പ് എന്നോട് ഇങ്ങനെ പറഞ്ഞു. “ഈ വില്ലും തൂണീരവും മരണസമയത്ത് അച്‌ഛൻ എന്നെ ഏൽപ്പിച്ചതാണ്. ഇതു ജ്യേഷ്‌ഠനു കൊടുക്കണം.” (വില്ലും തൂണീരവും സുപാർശ്വനെ ഏൽപ്പിക്കുന്നു.)
(സുപാർശ്വൻ തൂണീരം ധരിക്കുകയും വില്ല് തോളിൽ ചേർത്തിടുകയും ചെയ്യുന്നു. പിന്നീട് അല്‌പസമയം ധ്യാനനിരതനായി നിലകൊളളുന്നു.)
വിരൂപാക്ഷൻഃ അധൃഷ്യനായ പ്രഹസ്‌തൻ എങ്ങനെ പതിച്ചു?
അതികായൻഃ ധൂമ്രാക്ഷനും അകമ്പനനും പതിച്ചപ്പോൾ മുന്നോട്ടു കുതിച്ചു. അപ്പോഴേക്കും നമ്മുടെ പാർശ്വങ്ങൾ മുറിഞ്ഞുകഴിഞ്ഞിരുന്നു. നിശ്ശേഷം വലയം ചെയ്യപ്പെട്ട പടനായകൻ രാമനോടു നേരിട്ടേറ്റു പൊരുതി. നായകൻ വീണെങ്കിലും രാക്ഷസപ്പട മുന്നേറി. അപ്പോഴേക്കും രാജാവ് എത്തി.
(വിരൂപാക്ഷൻ സുപാർശ്വനെ സമീപിച്ച് തലോടുന്നു.)
വിരൂപാക്ഷൻഃ ഈ വില്ലു നീ കുലച്ചാൽ ശരം പിഴയ്‌ക്കുകയില്ല. ആയുധങ്ങൾക്കും കയ്യാളുന്നവരെ തിരിച്ചറിയാം.
സുപാർശ്വൻഃ ഞാൻ പോരിൽ പ്രഗൽഭനല്ല. ജ്യേഷ്‌ഠൻ വൃദ്ധനുമായി. രാജാവിന്റെ പാർശ്വങ്ങളിൽ പൊരുതിയിരുന്ന തലമുറ അവസാനിച്ചു. മെല്ലെയുരുളുന്ന കാലചക്രം ചിലപ്പോൾ കുതിച്ചു പായുന്നു. അപ്പോൾ കാറ്റിൽ ഇലകളെപ്പോലെ പതനം ഒരുമിച്ചാണ്… ലങ്കയിൽ കാറ്റിരമ്പിത്തുടങ്ങി.
അതികായൻഃ ഈ അശുഭചിന്ത നന്നല്ല. നമ്മുടെ പട മുന്നേറുന്നു. രാമലക്ഷ്‌മണൻമാർ വീഴാൻ ഇനി അധികസമയമില്ല.
സുപാർശ്വൻഃ നീ അന്തഃപുരത്തിൽ ചെന്നു തൈലം പുരട്ടൂ. നിന്റെ ഉടലാകെ ചോര പൊടിയുന്നു…
അതികായൻഃ പൊടിയട്ടെ ചോര… എനിക്കിന്നു സുദിനമാണ്. ഞാൻ ആദ്യമായി യുദ്ധം വെട്ടി.. പക്ഷേ, രാജാവെത്തിയപ്പോൾ എല്ലാ രസവും തീർന്നു; സർവ്വത്ര ശരവർഷം. ആകാശം കാണാനാവാത്ത കാട്ടിൽ നില്‌ക്കുന്നുവെന്നു തോന്നും. നോക്കിനിൽക്കാനല്ലാതെ മറ്റൊന്നും ചെയ്യാനില്ല. അച്‌ഛൻ എത്തുംവരെ ഞാൻ പാഞ്ഞുകയറുകയായിരുന്നു. അച്‌ഛൻ അല്‌പം വൈകിയെങ്കിൽ, ഇളയച്‌ഛനെ ഞാൻ വെട്ടി വീഴ്‌ത്തുമായിരുന്നു.
വിരൂപാക്ഷൻഃ വിഭീഷണനോ?
അതികായൻഃ അല്ല, വിബീഭത്സൻ. അച്‌ഛന്റെ നേർക്ക് അയാൾ പട്ടസം ചുഴറ്റി.
വിരൂപാക്ഷൻഃ രാക്ഷസൻ രാക്ഷസനെ വഞ്ചിച്ചു; അല്ലേ?
അതികായൻഃ രാമന്റെ അരികിൽ എപ്പോഴും കാണാം, ആ രാജ്യമോഹിയെ പല തുണ്ടായി ചീന്തി കടലിൽ എറിയേണ്ടതായിരുന്നു.
(ഇന്ദ്രജിത്ത് പ്രവേശിക്കുന്നു.)
ഇന്ദ്രജിത്ത്‌ഃ അച്‌ഛൻ എന്തിനു പടയ്‌ക്കിറങ്ങി? നിങ്ങൾക്കു വിലക്കാമായിരുന്നു.
വിരൂപാക്ഷൻഃ പ്രഹസ്‌തവധം കേട്ട് അത്യന്തം രുഷ്‌ടനായി കുതിക്കുകയായിരുന്നു. വിലക്കാൻ അവസരം കിട്ടിയില്ല.
അതികായൻഃ പക്ഷേ, അച്‌ഛൻ വന്നപ്പോൾ- ആ കാഴ്‌ച കാണേണ്ടതായിരുന്നു. വാനരപ്പട ചിറയും കടന്നു മണ്ടി. കുറെ കടലിൽ ചാടി മുങ്ങിച്ചത്തു.
ഇന്ദ്രജിത്ത്‌ഃ പൊരുതാൻ യുവാക്കളുണ്ട് ലങ്കയിൽ. കുംഭൻ, നികുംഭൻ, മകരാക്ഷൻ.
അതികായൻഃ ഞാനുണ്ട്…
ഇന്ദ്രജിത്ത്‌ഃ അങ്ങനെ എത്ര! മക്കളെ യുദ്ധത്തിനയയ്‌ക്കാൻ ഭയമാണ്. അച്‌ഛന്റെ വാത്സല്യം കുറെ കടന്നുപോകുന്നു.
അതികായൻഃ ജ്യേഷ്‌ഠൻ ഒറ്റയ്‌ക്കു മതി.
വിരൂപാക്ഷൻഃ ഏവരും ഇന്നലെ അതു കണ്ടതല്ലേ? എട്ടു ദിക്കും നിറഞ്ഞ് ഉണ്ണി പൊരുതിയപ്പോൾ, രാമലക്ഷ്‌മണന്മാർ മണ്ണിരപോലെ പിടഞ്ഞു. ശരപ്രളയത്തിന്റെ ഉറവിടം അറിയാതെ വീര്യംകെട്ട വാനരപ്പട നായകപ്പെരുമാളിനൊപ്പം ചത്തു മലച്ചുവീണു.
അതികായൻഃ ചത്താലും ചാവാത്ത കൂട്ടം!
വിരൂപാക്ഷൻഃ അതെ. അത്ഭുതമെന്നേ പറയാനുളളു. ഉണ്ണിയുടെ ബ്രഹ്‌മാസ്‌ത്രമേറ്റ് ഇന്നലെ ചത്ത രാമലക്ഷ്‌മണൻമാരും പടയും ഇന്ന് ഉണർന്നു യുദ്ധം ചെയ്യുന്നു.!
ഇന്ദ്രജിത്ത്‌ഃ അടരിൽ ചത്ത ശത്രു ഇളിച്ചുകൊണ്ട് എഴുന്നേറ്റുവരിക എത്ര അപഹാസ്യം! യുദ്ധത്തിലുളള കൗതുകംതന്നെ കുറഞ്ഞുപോകുന്നു… ചത്തവർ ജീവിക്കുന്നതിന്റെ രഹസ്യം ചാരൻമാർ അറിഞ്ഞുവോ?
വിരൂപാക്ഷൻഃ ദിവ്യൗഷധങ്ങൾ നിശ്‌ചയമുളള വൈദ്യരുണ്ട് വാനരപ്പടയിൽ- സുഷേണൻ. ദൂതിനു വന്ന വാനരൻ മരുന്നുമല മൂടോടെ പറിച്ചുകൊണ്ടു വന്നു.
ഇന്ദ്രജിത്ത്‌ഃ ലങ്കയിലില്ലേ ഈ ഔഷധങ്ങൾ?
സുപാർശ്വൻഃ ലങ്കയിൽ മറ്റെല്ലാമുണ്ട്.. പുഷ്‌പകം, ചന്ദ്രഹാസം, ബ്രഹ്‌മന്റെ കൂർപ്പാസം, ലോകൈകസുന്ദരി സീത…
ഇന്ദ്രജിത്ത്‌ഃ പുഷ്‌പകത്തിൽ പോയി കൊണ്ടുവരാമല്ലോ.
സുപാർശ്വൻഃ ഔഷധം തിരിച്ചറിയുന്ന വൈദ്യൻമാരും ലങ്കയിൽ ഇല്ല.
ഇന്ദ്രജിത്ത്‌ഃ അച്‌ഛൻ പോകണം.
സുപാർശ്വൻഃ രക്ഷോമാനവയക്ഷവാനരജാതിയിൽപ്പെട്ട ഏതൊരാൾ അവയെ സമീപിച്ചാലും അവ ഭൂമിക്കടിയിൽ ഒളിക്കും. ഒളിച്ചതുകൊണ്ടാവാം, വാനരൻ മലതന്നെ പിഴുതെടുത്തത്. ഉണ്ണിയുടെ അച്‌ഛനെ കണ്ടാൽ ആ ദിവ്യ്ഷധികൾ ആത്മനാശം വരിച്ചെന്നും വരും. അങ്ങനെ ഈ കല്‌പമൂലിക നാലും കാമധേനുസമാനം രാജാവിന്റെ ദാക്ഷിണ്യത്തിനു പാത്രമായിരിക്കണം.
വിരൂപാക്ഷൻഃ (അക്ഷമനായി) ഔഷധസഹായത്താലല്ല മുപ്പാരും രാവണൻ വെട്ടിപ്പിടിച്ചത്. നിസ്സാരതകളെ ചൊല്ലി പാഴാക്കാൻ സമയം ഇതല്ല. ഉണ്ണി അറിഞ്ഞുവോ? വിഭീഷണൻ രാജാവിന്റെ നേർക്ക് പട്ടസം ചുഴറ്റിയത്രെ! രാമനുമായി സഖ്യംചെയ്‌തുവെന്നും കേൾക്കുന്നു.
ഇന്ദ്രജിത്ത്‌ഃ ഇല്ലെങ്കിലല്ലേ അത്ഭുതമുളളു?
അതികായൻഃ ആത്മനാശത്തിനുളള ആയുധം അറിഞ്ഞുകൊണ്ട് അച്‌ഛൻ ശത്രുവിനു സമ്മാനിച്ചതാണ്.
ഇന്ദ്രജിത്ത്‌ഃ ഇളയച്‌ഛൻ ചതിച്ചതാണെന്നു വ്യക്‌തം. അനുജനോടു സഖ്യം ചെയ്‌ത് ജ്യേഷ്‌ഠനോടു പൊരുതുക രാമന്റെ തന്ത്രമാണ്. ദുർബ്ബലനായ അനുജൻ ദാസനും സാമന്തനുമായി വണങ്ങിക്കൊളളും. ബാലിയെക്കൊന്ന് സുഗ്രീവനെ കിഷ്‌കിന്ധയിൽ രാജാവാക്കി. അതേ തന്ത്രം ലങ്കയിലും പ്രയോഗിച്ചതാവാം.
വിരൂപാക്ഷൻഃ എങ്കിൽ ശിരച്‌ഛേദമായിരുന്നു കരണീയം. എന്തുകൊണ്ട് ഇക്കാര്യം ഉണ്ണി പറഞ്ഞില്ല?
ഇന്ദ്രജിത്ത്‌ഃ ഞാൻ പറയാതെ രാജാവിനറിയാം. പക്ഷേ, രാജ്യതന്ത്രവും ബന്ധുവാത്സല്യവും രണ്ടാണെന്ന് അറിയേണ്ടിയിരിക്കുന്നു. പ്രതിവിധി ഇല്ലാതില്ല. ഇളയച്‌ഛന്റെ ധർമ്മദാരങ്ങളുണ്ടല്ലോ.. സരമ. രാജ്‌ഞ്ഞിപ്പട്ടം കിനാവുകണ്ട് ഇഴഞ്ഞുനടക്കുകയാണ് അന്തഃപുരത്തിൽ ആ വിഷപ്പാമ്പ്! ഇന്നലെ ഈ മണ്ഡപത്തിന്റെ ഇടനാഴികളിൽ ചെവിയോർത്തു നടക്കുന്നുണ്ടായിരുന്നു. രാവണൻ രാജാവായി തുടർന്നാൽ രാക്ഷസവംശം അസ്‌തമിക്കുമെന്ന് അവർ ത്രിജടയോടു പറഞ്ഞു. കിരീടം കൊതിക്കുന്ന ആ തലയാണു പ്രതിവിധി.
സുപാർശ്വൻഃ രാജാവിന് അതു രുചിക്കാനിടയില്ല. അവളുടെ മൂക്കുത്തിയിൽ വരുണാനി അണിഞ്ഞിരുന്ന പുഷ്യരാഗമാണുളളത്.
ഇന്ദ്രജിത്ത്‌ഃ സ്‌ത്രീയാണ് ഇപ്പോൾ ലങ്കയ്‌ക്ക് ആപത്ത്….
സുപാർശ്വൻഃ വേദവതിയുടെ ശാപവും അതായിരുന്നു. സ്‌ത്രീമൂലം ആപത്തുണ്ടാകും എന്ന്.
ഇന്ദ്രജിത്ത്‌ഃ പ്രായസ്‌ഥർക്കു പറഞ്ഞു രസിക്കാം. എന്നാൽ ഏതുവിധവും ഞാൻ ലങ്കയെ രക്ഷിക്കും എന്നു ധരിച്ചുകൊൾക. രക്ഷ വേണ്ടത് അച്‌ഛനാണെങ്കിൽ അതിനുളള കരുത്തും എനിക്കുണ്ട്. (അരിശത്തോടെ പോകുന്നു)
വിരൂപാക്ഷൻഃ ഇത്തരം കുട്ടികളുണ്ടെങ്കിൽ, എത്ര വിഭീഷണൻമാർ പോയാലെന്ത്? അവന്റെ ഊഴം വരട്ടെ. കാണാം ഏഴാഴികളും തിളയ്‌ക്കുന്നത്. ഞാൻ പ്രാകാരത്തിലിരുന്ന് യുദ്ധം നിരീക്ഷിക്കാം. രാവണരാജാവിന്റെ യുദ്ധവിരുന്ന് ഒന്നുകൂടി കാണണം. യമധർമ്മനെ തോല്‌പിച്ച ആ കൈകൾ തടിൽശൂലംപോലെ തുടിക്കുന്ന കാഴ്‌ച എന്റെ പ്രായം പകുതി കുറയ്‌ക്കും. ഇനി എനിക്ക് അതു കാണുവാൻ കഴിഞ്ഞില്ലെന്നു വരും. (അതികായനോട്) നീ തൈലം പുരട്ടിയിട്ട് അടരിൽ മടങ്ങിച്ചെന്നാൽ മതി…
(വിരൂപാക്ഷൻ ഒരുവശത്തേക്കും അതികായൻ മറുവശത്തേക്കും നടന്നുതുടങ്ങുമ്പോൾ ശാർദ്ദൂലൻ പ്രവേശിക്കുന്നു.)
ശാർദ്ദൂലൻഃ രാജാവ് തേർത്തട്ടിൽ തളർന്നുനില്‌ക്കുന്നു.
എല്ലാവരുംഃ എന്ത്?
ശാർദ്ദൂലൻഃ വിഭീഷണൻ ഓർക്കാപ്പുറത്ത് പട്ടസം എറിഞ്ഞു. പട്ടസം പല തുണ്ടായി തെറിച്ചെങ്കിലും, രാജാവ് ഒരു ക്ഷണം ചിന്തയിലാണ്ടു നിലകൊണ്ടു. അപ്പോഴേക്കും രാമശരവർഷപാതം രാജാവിനെ ഗ്രഹിച്ചു. പ്രതിരോധിച്ചു. ഒന്നും ഉന്നത്തിൽ തറച്ചതുമില്ല. പക്ഷേ, രാജാവ് ആയുധമെടുക്കാതെ നിർന്നിമേഷനായി നില്‌ക്കുന്നു.
(അതികായൻ യുദ്ധരംഗത്തേക്ക് ഓടിപ്പോകുന്നു.)
സുപാർശ്വൻഃ ഇന്ദ്രജിത്തിനെ വിവരം ധരിപ്പിക്കൂ.
(ശാർദ്ദൂലൻ മറുവഴിക്ക് ഓടുന്നു.)
യുദ്ധഗതി ആശാവഹമല്ല. പൊരുതിയാൽ നേടാത്ത ജയം പിൻവാങ്ങി നേടിക്കൊളളണം. വീരമരണം ജയമല്ല. പരാജയത്തെ മൂടുന്ന മനോഹരമായ ശവമഞ്ചം മാത്രം.
(“മൂന്നുലകങ്ങൾക്കും നാഥനായ ലങ്കാധിപൻ” എന്ന് അണിയറയിൽ ഘോഷിക്കപ്പെടുന്നു. രാവണൻ ശരീരത്തിൽ ചില മുറിവുകളോടെ, കിരീടമില്ലാതെ കടന്നുവന്ന് സിംഹാസനത്തിൽ ഉപവിഷ്‌ടനാകുന്നു. കുംഭനും നികുംഭനും ഒരുവശത്തുകൂടെയും ഇന്ദ്രജിത്ത് മറുവശത്തുകൂടെയും പ്രവേശിക്കുന്നു.)
രാവണൻഃ ഒരു വംശത്തെ നശിപ്പിക്കാൻ ആ വംശത്തിനേ കഴിയൂ. അന്യന് അത് അശക്യം. നമ്മിലൊരുത്തൻ തുണയ്‌ക്കുന്നു എന്നതാണ് രാമന്റെ ശക്‌തി… രാക്ഷസന്റെ വീര്യമില്ലാത്ത കൃകലാസം! അങ്ങാടിപ്പേട്ടയിലെ തെണ്ടിപ്പട്ടിയെപ്പോടെ നടക്കുന്നു, വാലുമാട്ടി രാമന്റെ ചുറ്റും. ആണത്തമുണ്ടെങ്കിൽ അവനു നേരിട്ടു നമ്മോടേല്‌ക്കാമായിരുന്നു. വംശദ്രോഹി! കൈകസിയുടെ വയറ്റിൽ ഈ പുഴുത്ത ഇറച്ചിക്കഷണം എങ്ങനെ പിറന്നു?… സഹോദരൻ! നമ്മുടെ ആത്മസഹോദരൻ!.. സാഹോദര്യം കണ്ടുപഠിക്കട്ടെ, അവന്റെ പുതിയ യജമാനൻമാരിൽനിന്ന്. ഹായ്! നാം അതു കണ്ടു. നമുക്ക് അസൂയ തോന്നുന്നു…. ഉണർത്തൂ കുംഭകർണ്ണനെ.. എത്ര ശ്രമപ്പെട്ടാലും ഉണർത്തുകതന്നെ വേണം.
(കുംഭനും നികുംഭനും ഓടിപ്പോകുന്നു)
എല്ലാവർക്കും പോകാം. നമുക്കു വിശ്രമിക്കണം. നമ്മുടെ ആത്മാവ് നീചത്തിലേക്കു താഴുന്നു. നാം അത് അനുവദിക്കുകയില്ല. ഉയരട്ടെ. വീണാക്വണിതം ശങ്കരാഭരണത്തിൽ.
(എല്ലാവരും പോകുന്നു. ഒന്നിലധികം വീണകൾ മീട്ടപ്പെടുന്നു. രാഗം ശങ്കരാഭരണം. രാവണൻ രാഗലഹരിയിൽ ലയിച്ചിരിക്കുമ്പോൾ മണ്ഡോദരി ഒരു സ്വർണ്ണക്കിണ്ണവുമായി വരുന്നു; ഭക്‌തിപൂർവ്വം രാവണന്റെ മുറിവേറ്റ ശരീരഭാഗങ്ങളിൽ തൈലം പുരട്ടുന്നു. അല്‌പനിമിഷം കഴിഞ്ഞ് ശാന്തനായ രാവണൻ മണ്ഡോദരിയെ പ്രേമപൂർവ്വം നോക്കുന്നു.)
നാം നടത്തിയ യുദ്ധങ്ങൾക്കു കണക്കില്ല. എന്നാൽ ഒരു യുദ്ധത്തിലും ഹൃദ്യമായ ഈ അനുഭവം ഉണ്ടായിട്ടില്ല.
മണ്ഡോദരിഃ ഏതനുഭവം?
രാവണൻഃ പ്രിയപത്നിയുടെ ശുശ്രൂഷ. ലങ്കയിൽ ഒരു യുദ്ധമെങ്കിലും നടക്കാനിടയായത് എത്ര നന്നായി!
മണ്ഡോദരിഃ നമുക്ക് അന്തഃപുരത്തിൽ പോയി വിശ്രമിക്കാം. എനിക്കു മീട്ടുവാൻ അച്‌ഛൻ കുറെനാൾ മുമ്പ് ഒരു വിശേഷപ്പെട്ട വീണ നിർമ്മിച്ചയച്ചു. കേൾക്കേണ്ടയാളെ കിട്ടാത്തതിനാൽ ഞാൻ ഇതുവരെ മീട്ടിയില്ല. തന്തികൾ നൂറുളള വീണ. ഞാൻ ആ വീണ മീട്ടി പാടാം.
രാവണൻഃ നാമതറിഞ്ഞില്ലല്ലോ അറിയാഞ്ഞത് ആരുടെ തെറ്റ്? മഹാരാജ്‌ഞ്ഞി മണ്ഡോദരി കടുത്ത തെറ്റു ചെയ്‌തിരിക്കുന്നു. എന്താണതിനു ശിക്ഷ?
മണ്ഡോദരിഃ അന്തഃപുരത്തിൽ വന്ന് ഒന്നു സുഖമായി ഉറങ്ങണം. ഉണരുന്നതുവരെ ഞാൻ വീണമീട്ടിപ്പാടാം. ശിക്ഷ മതിയോ?
രാവണൻഃ ശിക്ഷ പോരാതെയില്ല. എന്നാൽ ഈ യുദ്ധം തീരാതെ അന്തഃപുരത്തേക്കില്ല. നമ്മുടെ ഇഷ്‌ടതോഴി പാടുമ്പോൾ നാം ഉറങ്ങുകയുമില്ല. ആ നാദരൂപങ്ങളുടെ സാമഞ്ഞ്‌ജസ്യത്തിൽ നാം കണ്ണും കാതും തുറന്ന് ലയിച്ചിരിക്കും…
മണ്ഡോദരിഃ അങ്ങ് ഉറങ്ങിയിട്ടു പല നാളായി. അന്തഃപുരഭിത്തിയിലെ വൈഡൂര്യങ്ങൾ അങ്ങയുടെ ബിംബം ആവാഹിച്ച നാൾ മറന്നു. എന്റെ വീണക്കമ്പികൾ തുരുമ്പാർന്നു.
രാവണൻഃ ഉറങ്ങണം. ഇതെല്ലാം ഒന്നു പൂർത്തിയാക്കി, നമുക്കു യാത്ര പുറപ്പെടാം. വിന്ധ്യന്റെ വിസ്‌തരമായ ശാദ്വലവനികളിൽ, നിന്റെ മടിയിൽ തലവെച്ച് ഉറങ്ങണം.
മണ്ഡോദരിഃ എന്നിൽനിന്ന് ഒന്നും അങ്ങ് ഒളിച്ചിട്ടില്ല. എല്ലാം എന്നോടു തുറന്നു പറയുമായിരുന്നു. അന്തഃപുരത്തിലെ ഗൂഢവേഴ്‌ചകൾപോലും!
രാവണൻഃ എപ്പോഴും നമ്മുടെ ചാപല്യം നീ പൊറുക്കുകയും ചെയ്‌തിരുന്നു.
മണ്ഡോദരിഃ പക്ഷേ, സീതയെപ്പറ്റി ഒന്നും എന്നോടു പറഞ്ഞിട്ടില്ല. അവൾമൂലം എന്റെ സ്വസ്‌ഥതയും നശിക്കുമോ? അഴകാലോ കുലത്താലോ വിദ്യയാലോ സീത എനിക്കു മീതെയല്ല. അങ്ങേയ്‌ക്കാണെങ്കിൽ ആ പെൺകുട്ടി തുല്യയുമല്ല. ഇന്നോളം അങ്ങയുടെ വേഴ്‌ചകളിൽ പരിഭവിച്ചിട്ടില്ലാത്ത മണ്ഡോദരിക്ക്, ഒരു കുറിയെങ്കിലും ആ സ്വാതന്ത്ര്യം അനുവദിച്ചുകൂടെ?
രാവണൻഃ ലങ്കയ്‌ക്ക് ലക്ഷ്‌മിയില്ലാഞ്ഞിട്ടല്ല. ലക്ഷ്‌മിക്ക് ലങ്കയും വേണ്ടതല്ലേ? കാഴ്‌ചയിൽ ലേശം നിന്റെ ഛായയുളളതും നമ്മെ ഭ്രമിപ്പിച്ചില്ലേ എന്നു സംശയം.
മണ്ഡോദരിഃ അതു ഛായാസാമ്യമല്ല. എനിക്കും അവൾക്കുമുളള സമാനതയുടെ പരിവേഷമാണത്. എന്നെപ്പോലെ, സീതയും പതിവ്രതയാണ്… എന്റെ അപേക്ഷ അങ്ങു സ്വീകരിക്കുമോ?
രാവണൻഃ നമ്മെ നിയന്ത്രിക്കാൻ ഒരു കുറിയെങ്കിലും സ്വാതന്ത്ര്യം വേണമെന്നല്ലേ?
മണ്ഡോദരിഃ അതെ.
രാവണൻഃ എന്നും ആ സ്വാതന്ത്ര്യം നിനക്കുണ്ടായിരിക്കും, ഇക്കുറിയൊഴിച്ച്. നിന്റെ കമിതാവ് ആടിയിട്ടുളള പ്രേമനാടകങ്ങളിൽ ഒന്നാണിതും എന്ന ധാരണയും മാറ്റണം. സൗന്ദര്യാരാധകനായ ഒരു രാജാവിന്റെ ചാപല്യം മാത്രമല്ല, ഈ നാടകത്തിന്റെ ഇതിവൃത്തം. സീതോദന്തം സരളമേയല്ല. യുദ്ധവും രാജ്യതന്ത്രവും, വംശസംഘർഷവും മൂല്യങ്ങളുടെ പതനാഭ്യുദയവും അതിൽ അന്തർഭവിച്ചിരിക്കുന്നു. ശൂർപ്പണഖയുടെ മുറിച്ച മുലയിൽ നിന്നു വാർന്ന ചോരയിൽ ആ കഥ തുടങ്ങുന്നു. ആ ചോരപ്പുഴ ആർത്തലച്ച് ഒഴുകിക്കൊണ്ടിരിക്കുന്നു. ചതിയും ദ്രോഹവും നാശവും മരണവും ദിക്കുകൾ നാലിന്റെ വാഴ്‌ച കൈയാണ്ടു. ഇനി ഇതിന് ഒരു നിർവ്വഹണസന്ധി മാത്രമേ ശേഷിക്കുന്നുളളു…. നമ്മുടെ പട്ടമഹിഷി എന്നും മിതഭാഷിയായിരുന്നു…. പറയുന്നതിൽ കൂടുതൽ ഉണ്ടെന്ന് നമുക്ക് അറിയാം. പറയൂ, നാം കേൾക്കട്ടെ.
മണ്ഡോദരിഃ പതിവ്രതയാണ് സീത. എനിക്കു ഭയമാകുന്നു.
രാവണൻഃ ഭയമോ?
മണ്ഡോദരിഃ അമ്മയ്‌ക്കും ആ ഭയമുണ്ടായിരുന്നു. തീപ്പൊളളലേറ്റു പിടയുമ്പോഴും ബോധം നിശ്ശേഷം തീരുംമുമ്പ് എന്നോട് പലവുരു പറഞ്ഞു.
രാവണൻഃ എന്തു പറഞ്ഞു?
മണ്ഡോദരിഃ ’ആരു പറഞ്ഞാലും അവൻ കേൾക്കുകയില്ല. എങ്കിലും നീ പറയണം, ആ പെണ്ണിനെ കളയാൻ. അവൾ ആപത്തുണ്ടാക്കും. പതിവ്രതയാണവൾ…‘.
രാവണൻഃ നിന്നെപ്പോലെയാണ് അമ്മയും. ഒരിക്കലും ഒന്നിനും നമ്മെ വിലക്കിയില്ല. ഉത്തേജിപ്പിച്ചിരുന്നു. ഒരുനാൾ വൈശ്രവണൻ അച്‌ഛനെ കാണാൻ ആശ്രമത്തിൽ വന്നു. ഞങ്ങൾ കുട്ടികൾ നാൽവരെയും അകലെ വിളിച്ച് അമ്മ പറഞ്ഞു-’നോക്ക്, നിങ്ങളുടെ ജ്യേഷ്‌ഠൻ ധനാധിപൻ പുഷ്‌പകവിമാനത്തിൽ വന്നിരിക്കുന്നു. നമുക്ക് അവകാശപ്പെട്ട ലങ്ക ഇന്ന് അയാൾക്ക് അധീനം. തപോബലംകൊണ്ടാണ് ഇതെല്ലാം കുബേരൻ നേടിയത്. അച്‌ഛനിൽനിന്നുപദേശം വാങ്ങി തപസ്സാംഭിക്കൂ. നിങ്ങൾക്കു നേടാൻ വളരെയുണ്ട്.‘ ഞങ്ങൾ പതിനായിരം വത്സരം ഗോകർണ്ണത്തിൽ തപസ്സു ചെയ്‌തു. അന്ന് ആരംഭിച്ചതാണ് അരക്കന്റെ ദിഗ്വിജയചരിത്രം…. കേൾക്കാം കാതിൽ ഇപ്പോഴും ആ മന്ത്രം! വർഷങ്ങൾക്കുമുമ്പ് അച്‌ഛന്റെ ആശ്രമം വിട്ടശേഷം മറ്റൊരു വാക്യവും നാവിൽ ഉയർന്നു നാം കേട്ടിട്ടില്ല
മണ്ഡോദരിഃ ലങ്ക വെന്തെരിഞ്ഞതും തനിക്കു പൊളളലേറ്റതും ദുശ്ശകുനമല്ലേ എന്ന് അമ്മ സംശയിച്ചു. അക്ഷന്റെ മരണം അറിഞ്ഞപ്പോൾ തന്നെ അമ്മ അസ്വസ്ഥയായിരുന്നു. സാന്ത്വനം കേൾക്കേണ്ട ഞാൻ സാന്ത്വനപ്പെടുത്തേണ്ടി വന്നു. ആ വീരവനിത അന്നു കരഞ്ഞു.
രാവണൻഃ പ്രിയപ്പെട്ട സഖീ, ’അവൻ ആരു പറഞ്ഞാലും കേൾക്കുകയില്ല‘ എന്ന് അമ്മ പറഞ്ഞതു ശരിയാണ്. അമ്മയുടെ വാക്കുകൾ, അമ്മയെപ്പോലെ നാം ആദരിക്കുന്ന നിന്നിൽനിന്നു കേൾക്കുമ്പോൾ, അനുസരിക്കേണ്ടതാണ്. മോഹമുണ്ട്… പക്ഷെ, നാം സാഹചര്യങ്ങളുടെ തടവറയിലാണ്. ഇനി നാം സീതയെ വിട്ടയച്ചാൽ പടയിൽ തോറ്റു എന്നാണർത്ഥം.
മണ്ഡോദരിഃ ഈ യുദ്ധം അവസാനിപ്പിക്കാൻ ഒരു പഴുതുമില്ലേ?
രാവണൻഃ ശത്രു പരാജയപ്പെട്ടാൽ യുദ്ധം തീരും. നീ എന്തിന് അധൈര്യപ്പെടുന്നു?
മണ്ഡോദരിഃ അധൈര്യം തെല്ലുമില്ല. അങ്ങയുടെ ഇച്‌ഛ ഏതോ അതു നിർവ്വഹിച്ചാൽ മതി. പക്ഷേ, അങ്ങ് അസ്വസ്ഥനാകരുത്. എന്നെ ശകാരിക്കുകയില്ലെങ്കിൽ…
രാവണൻഃ നിന്നെയല്ലാതെ നാം ആരെ ശകാരിക്കും?
മണ്ഡോദരിഃ ശകാരിക്കരുത്… അങ്ങേയ്‌ക്കും സീതയെ ഭയമാണോ?
രാവണൻഃ രംഭയുടെ ശാപം ഫലിക്കുമോ എന്നല്ലേ? നമ്മെ ശപിച്ച പെണ്ണുങ്ങളുടെ നാക്കു ഫലിക്കുമായിരുന്നെങ്കിൽ എന്നേ നാം കബന്ധനായി നടക്കുമായിരുന്നു!
മണ്ഡോദരിഃ ഒരുവളുടെ മനഃശക്‌തി അങ്ങേയ്‌ക്കു കാവലുണ്ടായിരുന്നു… എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. അങ്ങു തേരിൽ തളർന്നുനിന്നു, അല്ലേ?
രാവണൻഃ തളർന്നതല്ല. വിഭീഷണൻ പട്ടസമെറിഞ്ഞപ്പോൾ, നാം തെല്ലിട ദുഃഖിച്ചുനിന്നു… ആ തളർച്ച നിന്റെ കരസ്‌പർശത്താൽ നിശ്ശേഷം മാറി. മനം പതറിയാലേ പരാജയം വരൂ. ഇനി വിജയമാണ്….
(സുപാർശ്വൻ പ്രവേശിക്കുന്നു.)
സുപാർശ്വൻഃ അതികായൻ പതിച്ചു.
രാവണൻഃ ഒരു വ്യഥ മാറുമ്പോൾ മറ്റൊന്നു വരുന്നു. കുട്ടികൾ സാഹസം കാട്ടരുതെന്ന് എത്രതവണ നാം വിലക്കി! ഉഗ്രയോദ്ധാക്കൾ ഇരുവശവും പൊരുതുന്ന യുദ്ധമാണ്. കുട്ടിക്കളിയല്ല. കുംഭകർണ്ണൻ ഉണർന്നില്ലേ?
സുപാർശ്വൻഃ ഉണരുന്നു.
മണ്ഡോദരിഃ ഞാൻ ധന്യമാലിയെ ആശ്വസിപ്പിക്കാം.
(മണ്ഡോദരി ധൃതിയിൽ പോകുന്നു)
സുപാർശ്വൻഃ വിരൂപാക്ഷൻ വിവരമെല്ലാം ധരിപ്പിച്ചു. നേരേ പടയ്‌ക്കു പോകാൻ ഒരുങ്ങിയതാണ്. രാജാവിനെ കണ്ടിട്ടുപോകാൻ ഞങ്ങൾ ഉപദേശിച്ചു. നേരത്തെ ഉണർത്താത്തതിൽ രുഷ്‌ടനാണ്.
(വിരൂപാക്ഷൻ, കുംഭൻ, നികുംഭൻ എന്നിവരാൽ അനുഗതനായി കുംഭകർണ്ണൻ പ്രവേശിക്കുന്നു. കറുകറുമ്പൻ, ഉഗ്രശരീരി. ഉറക്കം പൂർണ്ണമായി ഉണർന്നിട്ടില്ലെന്നു തോന്നും. ജ്യേഷ്‌ഠനെ നമസ്‌കരിക്കുന്നു. അവർ ഇരുവരും ആശ്ലേഷിക്കുന്നു. രാവണന്റെ ശരീരം പരിശോധിച്ചിട്ട് അത്ഭുതവും രോഷവും.)
കുംഭകർണ്ണൻഃ ഈ ക്ഷതങ്ങൾ ആരുണ്ടാക്കി.?
രാവണൻഃ അനുജാ, നീ നമ്മെ സ്‌നേഹത്താൽ പരവശനാക്കുന്നു. വിഭീഷണൻ ശത്രുവുമായി സഖ്യം ചെയ്‌തു….
കുംഭകർണ്ണൻഃ അവനെപ്പറ്റി കൂടുതൽ കേട്ടാൽ എന്റെ സമനില തെറ്റും. യുദ്ധഗതി എങ്ങനെ?
രാവണൻഃ ശത്രുസൈന്യം നിസ്സാരമല്ല. രാമൻ അക്ഷീണബലവാൻ. സംഗരം തുല്യനിലയിൽ തുടരുന്നു. മരണം നമ്മുടെ പക്ഷത്ത് അധികം. കൊന്നാൽ പോര, ശകലീകരിക്കണം. ചത്താലും ജീവിപ്പിക്കുന്ന ഔഷധികൾ അവർക്കുണ്ട്.
കുംഭകർണ്ണൻഃ എന്തുകൊണ്ട് എന്നെ നേരത്തെ ഉണർത്തിയില്ല? ഖരദൂഷണൻമാർ കൊല്ലപ്പെട്ടപ്പോൾ അറിയണമായിരുന്നു ദണ്ഡകവനവും ജനസ്‌ഥാനവും മാത്രമല്ല ലങ്കയും ലക്ഷ്യമാണെന്ന്. പ്രഹസ്‌തൻ പതിച്ചപ്പോൾ എങ്കിലും ഗൗരവം അറിയേണ്ടതായിരുന്നു. എന്റെ ജ്യേഷ്‌ഠൻ തേർത്തട്ടിൽ തളർന്നു നിന്നുവത്രെ. ലജ്ജാകരം! ഇക്കണക്കിന് ജ്യേഷ്‌ഠൻ കൊല്ലപ്പെട്ടിരുന്നെങ്കിൽ ആരറിയും? ലങ്ക ഇത്രയ്‌ക്ക് അനാഥമോ? കാര്യമേതും അറിയിക്കേണ്ടവരെ അതാതിന്റെ നേരത്തു വിളിച്ചറിയിക്കണം.
രാവണൻഃ മാന്യഗുരുവിനെപ്പോലെ നമ്മെ ഉപദേശിക്കാനാണോ ഭാവം? കഴിഞ്ഞതു കഴിഞ്ഞു. കഴിഞ്ഞതോർത്തു നാം മാഴ്‌കാറില്ല.
കുംഭകർണ്ണൻഃ എന്റെ ജ്യേഷ്‌ഠനാണ് എനിക്ക് എല്ലാറ്റിലും വലുത്. വംശവും രാജ്യവും ഞാൻ വിലമതിച്ചിട്ടില്ല. ജ്യേഷ്‌ഠനുവേണ്ടി ഞാൻ എന്തും ചെയ്യും. തെറ്റായാലും ശരിയായാലും. പക്ഷേ, മുപ്പാരും ജയിച്ച രാക്ഷസേന്ദ്രൻ ഒരു മനുഷ്യപ്പെണ്ണിനോടു തോൽക്കുക! മനുഷ്യപ്പറ്റം ലങ്കയുടെ കവാടത്തിൽ വന്ന് ഒച്ചയെടുക്കുക! എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. ഉറക്കം തെളിയാത്തതുകൊണ്ടാണോ? ഞാൻ ഈ സഭയിൽ ഉറപ്പുനൽകുന്നു, കുംഭകർണ്ണൻ ജീവിച്ചിരിക്കുമ്പോൾ ജ്യേഷ്‌ഠൻ ആരെയും ഭയക്കേണ്ടതില്ല. ഞാൻ ഒറ്റയ്‌ക്കുമതി. സൈന്യമേ വേണ്ട. എന്നോടൊത്ത് ആരും വരികയും വേണ്ട. (ശിരസ്സു കുനിച്ചു നിൽക്കുന്നു.)
(രാവണൻ കുംഭകർണ്ണനെ ആശ്ലേഷിക്കുന്നു. (ജയിച്ചുവാ’ എന്ന് ആശംസിക്കുന്നു. കുംഭകർണ്ണൻ രണത്തിനു പുറപ്പെടുന്നു. രാവണനും സഭാവാസികളും നിർന്നിമേഷം നോക്കിനിൽക്കുന്നു, വായ്‌ക്കുരവകൾ മുഴങ്ങുന്നു.)
രാവണൻഃ പട അനുഗമിച്ചുകൊളളട്ടെ. കുംഭനും നികുംഭനും അച്‌ഛന്റെ പാർശ്വങ്ങളിൽ നിലയുറപ്പിച്ചു പടനയിച്ചുകൊളളൂ…
(നികുംഭൻ പോകുന്നു. കുംഭൻ അറച്ചുനിൽക്കുന്നു.)
ഇപ്പോൾ അംഗരക്ഷ രാജാവിനല്ല ആവശ്യം. പൊയ്‌ക്കൊളളൂ.
(കുംഭൻ പോകുന്നു)
അച്‌ഛൻ നടുവിലും പാർശ്വങ്ങളിൽ മക്കളും പൊരുതുന്ന കാഴ്‌ച രമണീയമായിരിക്കും… നമ്മുടെ തളർച്ച നിശ്ശേഷം മാറി. ലങ്കയ്‌ക്ക് ഒരു നവോന്മേഷം വിടർന്നതായി തോന്നുന്നു. പൂക്കൾ വിരിയുമ്പോൾ തൊടികൾക്കുളള തുടിപ്പുപോലെ. പോയ വസന്തത്തിലെ പൂക്കൾ ചുവട്ടിൽ അലിയുന്നുണ്ടാവാം. പുതുപൂക്കൾ അവയ്‌ക്കുമീതെ വിടർന്ന്, ചന്തം പകർന്ന് അസ്‌ഥിരയായ ഈശ്വരിയുടെ കുളിർമാറിൽ നിറക്കൂട്ടുകൾ തടവുന്നു.
സുപാർശ്വൻഃ അസ്‌ഥിരയാണോ, ഈശ്വരി?
രാവണൻഃ നാം കല്‌പിച്ച അർത്ഥത്തിലേറെ ആ ചോദ്യത്തിൽ അന്തർഹിതമല്ലേ?
സുപാർശ്വൻഃ ഈശ്വരിക്കു ഭാവങ്ങൾ പലതാണ്. രക്ഷിച്ചു നിൽക്കുകയും ഉപേക്ഷിച്ചുവാങ്ങുകയും ചെയ്യും. ബന്ധിതയായും കണ്ടെന്നുവരാം.
(വിഭീഷണപത്നി സരമ പ്രവേശിക്കുന്നു. രാക്ഷസി, സുന്ദരി)
സരമഃ പ്രഭോ! ഞാൻ ഒരു തെറ്റും ചെയ്‌തില്ല. ഭർത്താവു ചെയ്‌ത തെറ്റിനു ഭാര്യയാണോ ശിക്ഷിക്കപ്പെടേണ്ടത്?
രാവണൻഃ നിന്നെ ആര്, എങ്ങനെ ശിക്ഷിച്ചു?
സരമഃ ഭടൻമാർ എന്റെ മുടിക്കു ചുറ്റിപ്പിടിച്ചു വലിച്ചിഴച്ചു… എന്നെ അധിക്ഷേപിച്ചു… ഉണ്ണിയുടെ ആജ്‌ഞ്ഞ അനുസരിച്ചാണത്രെ..
രാവണൻഃ നാം എന്താണ് ഈ കേൾക്കുന്നത്? അന്തഃപുരത്തിലും നമുക്കു സ്വൈരമില്ലെന്നോ?
വിരൂപാക്ഷൻഃ ഇന്നലെ രാത്രി എന്തിനു നീ പ്രാകാരത്തിൽ പോയി?
സരമഃ എന്റെ ഭർത്താവു ശത്രുപക്ഷം ചേർന്നുവെന്നു കേട്ടുന്ന പ്രാകാരത്തിൽ ചെന്നു നോക്കിയാൽ അകലെ കാണാമത്രെ! സത്യസ്‌ഥിതി അറിയുവാൻ പോയതാണ്.
വിരൂപാക്ഷൻഃ രാത്രിയിൽ എന്തു കാണും? നീ പന്തം കത്തിച്ചു പിടിച്ചിരുന്നോ? അന്യർക്ക് അഗമ്യമായ ഇടനാഴികളിൽകൂടി പന്തം ഉയർത്തി നടന്നുവോ?
സരമഃ ഇതൊന്നും സത്യമല്ല.
വിരൂപാക്ഷൻഃ കൈയിൽ പന്തമുണ്ടായിരുന്നോ?
സരമഃ ഉണ്ടായിരുന്നു. ഇടുങ്ങിയ കൽക്കെട്ടുകൾ കണ്ടു നടക്കാൻ പന്തം കത്തിച്ചതാണ്.
വിരൂപാക്ഷൻഃ ഒറ്റയ്‌ക്കാണോ പോയത്?
സരമഃ സംഭ്രമംകൊണ്ട് ആരെയും കൂട്ടിനു വിളിച്ചില്ല. (രാവണന്റെ കാൽക്കൽ വീണ്) പ്രഭോ! രക്ഷിക്കണം!
വിരൂപാക്ഷൻഃ വിഭീഷണപത്നി ചാരവൃത്തി നടത്തിയെന്നാണ് ഉണ്ണിയുടെ സംശയം. ശത്രുസൈന്യം രാത്രിയിൽ കടന്നുവരാൻ ഇവൾ വഴികാട്ടുകയായിരുന്നു. അവൾക്കുമാത്രമേ രക്ഷോവംശത്തെ രക്ഷിക്കാനാവൂ എന്ന് അവൾ പലരോടും പറഞ്ഞു.
രാവണൻഃ ഈ കേൾക്കുന്നതെല്ലാം സത്യമാണോ സരമേ?
സരമഃ അങ്ങെങ്കിലും അതൊന്നും വിശ്വസിക്കരുത്. ഞാൻ ഒരിക്കലും സ്വജനദ്രോഹം ചെയ്യുകയില്ല. രക്ഷോവംശത്തിന്റെ രക്‌തമാണ് എന്റെയും രക്‌തം. എന്റെ വാക്കും കർമ്മവും തെറ്റിപ്പോയെങ്കിൽ അത് ആ രക്‌തത്തിൽ മാത്രം ചരിക്കുന്ന ചിന്തയുടെ അമരപ്പിഴവാണ്. മാപ്പ്. മാപ്പ്, ഇവൾക്കു മാപ്പ്! എവിടെത്തിരിഞ്ഞാലും ഭടൻമാർ എന്നെ വലയം ചെയ്യുന്നു. എന്നെ രക്ഷിക്കണം!
വിരൂപാക്ഷൻഃ രാജാവിന്റെ ദാക്ഷിണ്യം ഇവൾ അർഹിക്കുന്നില്ല.
രാവണൻഃ നീ മണ്ഡോദരിയുടെ അന്തഃപുരത്തിൽ പാർത്തുകൊളളൂ. അവിടെ ഉണ്ണിയുടെ ശല്യമുണ്ടാവുകയില്ല. മണ്ഡോദരിയുടെ അനുമതി കൂടാതെ നീ പുറത്തുപോകരുതെന്നു മാത്രം. അവൾ നിന്നെ രക്ഷിക്കും. നാം ഇങ്ങനെ ആജ്‌ഞ്ഞാപിച്ചെന്നു പറയണം.
(സരമ പോകുമ്പോൾ രാവണൻ നിരുത്സാഹനായി നോക്കിയിരിക്കുന്നു.)
വിരൂപാക്ഷൻഃ മഹാകൗശലക്കാരി! രാജ്‌ഞ്ഞിപ്പട്ടത്തിനുളള പുതിയ ശ്രമമാണ്. അവൾ എന്നും മണ്ഡോദരിയെക്കാൾ മേന്മ നടിച്ചിരുന്നു.
രാവണൻഃ നമ്മുടെ സ്വസ്‌ഥത വീണ്ടും നഷ്‌ടപ്പെട്ടു. നമുക്കിതിനു സ്‌ഥായിയായ പോംവഴി കണ്ടെത്തണം.
സുപാർശ്വൻഃ ഭൗതികസുഖജാലങ്ങൾ അസ്വസ്‌ഥതയിലേക്ക് ഒഴുകിച്ചേരുന്നു.
രാവണൻഃ നാം അദ്ധ്യാത്മബലം നേടിയില്ലെന്നോ?
സുപാർശ്വൻഃ നേടി, കുറച്ചൊന്നുമല്ല നേടിയതും. നേടിയതെല്ലാം സാമ്രാജ്യവും സമ്പത്തും സുഖവും സ്വരൂപിക്കാൻ ചെലവാക്കി. അതൊരു പാഴ്‌ചെലവാണെന്നറിയുമ്പോൾ അസ്വസ്‌ഥതയുടെ വരവായി.
രാവണൻഃ സുപാർശ്വൻ ഉളളിൽ തട്ടുമാറ് സംസാരിക്കുന്നു. നമ്മുടെ ജീവിതം പാഴ്‌ചെലവായിരുന്നോ? കാരണവർ പറയട്ടെ..
വിരൂപാക്ഷൻഃ അറിവ് ഏറിവരുമ്പോഴാണ് വിഡ്‌ഢി കിരീടം ചൂടുന്നതെന്ന് തോന്നുന്നു. സുപാർശ്വന്റെ വീര്യംകെട്ട ഭാഷണം എന്നെ അക്ഷമനാക്കുന്നു… ഞാൻ യുദ്ധവൃത്താന്തം അറിഞ്ഞുവരാം. (പോകുന്നു)
രാവണൻഃ മാതൃസഹോദരനായ ചങ്ങാതീ… ശങ്കകൂടാതെ സത്യം പറയൂ… കേൾക്കാൻ മറ്റാരുമില്ല. നമ്മുടെ ജീവിതം പാഴ്‌ചെലവായിരുന്നോ?
സുപാർശ്വൻഃ ഐശ്വര്യമായ ശക്‌തിയുടെ പരിരക്ഷ അങ്ങേയ്‌ക്കു നഷ്‌ടപ്പെട്ടോ എന്നാണ് എന്റെ സംശയം.
രാവണൻഃ നാം ശിവഭക്‌തൻ. ശിവനാണ് രാവണൻ എന്ന നാമം നമുക്കു നല്‌കിയത്. ബ്രഹ്‌മാവുപദേശിച്ച ശിവാഷ്‌ടോത്തരശതം നാം ഉപാസിച്ചു സിദ്ധി വരുത്തി. ദിവ്യമായ ശിവലിംഗം സദാ സൂക്ഷിക്കുന്നു. നാം വിരചിച്ച പഞ്ചചാമരം പാടുമ്പോൾ താണ്ഡവത്തിന്റെ മുറുകിയ താളം ഉയർന്നുകേൾക്കാം. സുപാർശ്വൻ, ഐശ്വരമായ ആ ചൈതന്യം നമുക്കു നഷ്‌ടപ്പെട്ടെങ്കിൽ, സീതയെ മോചിപ്പിച്ചാൽ അതു വീണ്ടുകിട്ടുമോ?
സുപാർശ്വൻഃ പ്രിയപ്പെട്ട രാജാവേ! സംശയിക്കാനും ചോദിക്കാനും മാത്രമേ എനിക്കും കഴിഞ്ഞിട്ടുളളു. ഉത്തരം ഒന്നും എന്റെ പക്കലില്ല. സീതയാണ് ആദികാരണം എന്നതു സാധാരണയുക്‌തി. പക്ഷേ, ഇനി മോചിപ്പിക്കണോ, മോചിപ്പിച്ചാൽ ഫലമുണ്ടോ എന്ന് എനിക്ക് നിശ്‌ചയമില്ല. മൂപ്പാരും ജയിച്ച നിന്നോട് ഉറപ്പിച്ചുരയ്‌ക്കാൻ ഞാൻ ഋഷിയല്ലല്ലോ? ഒന്നുമാത്രം എനിക്കു തോന്നുന്നു. യമധർമ്മൻ നിന്റെ മുന്നിൽ മുട്ടുകുത്തിയപ്പോൾ നിനക്കുണ്ടായിരുന്ന ശക്‌തി, ആ ശക്‌തിയാണ് എല്ലാ വിജയങ്ങൾക്കും ആധാരമായിരുന്നതെന്ന് ഓർത്തുകൊളളുക. അതു വീണ്ടെടുക്കണം.
രാവണൻഃ നാം ആ താഴികക്കുടംപോലെ താഴ്‌ന്നുവെന്നോ? നമ്മുടെ ശക്‌തി നഷ്‌ടപ്പെട്ടിട്ടില്ല.
(അന്തഃപുരത്തിൽ ദീനരോദനങ്ങൾ ഉയരവേ, വിരൂപാക്ഷൻ പ്രവേശിച്ച് അവനമ്രമുഖനായി നിൽക്കുന്നു.)
(സംഭ്രമം സ്‌ഫുരിക്കുന്ന മുഖഭാവത്തോടെ എഴുന്നേറ്റ്) എന്ത്? ദുഃഖവൃത്താന്തമാണോ പറയാനുളളത്?… പറയൂ… നമ്മുടെ സമനില നഷ്‌ടപ്പെടുന്നു…
വിരൂപാക്ഷൻഃ കുംഭകർണ്ണൻ കൊല്ലപ്പെട്ടു.
(രാവണൻ ദുഃഖിതനായി നടന്ന് സിംഹാസനത്തെ സമീപിക്കുന്നു. ഇന്ദ്രജിത്ത് മെല്ലെ പ്രവേശിച്ച് തലകുനിച്ച് നിൽക്കുന്നു.)
ഇന്ദ്രജിത്ത്‌ഃ അച്‌ഛൻ വ്യസനിക്കാതിരിക്കണം.
രാവണൻഃ ഇല്ല. നാം വ്യസനിക്കാൻ പാടില്ല… പക്ഷേ, എല്ലാറ്റിനും ഒരു കാലമുണ്ടെന്നു തോന്നിപ്പോകുന്നു… വിശ്വജേതാവായ രാവണന്റെ പകുതിയാണ് അടർന്നു പതിച്ചത്… എന്താണിതിന്റെയെല്ലാം അർത്ഥം…?
ഇന്ദ്രജിത്ത്‌ഃ വാനരപ്പടയിൽ ഒന്നു പാതിയെ ഛേദിച്ചുകൊണ്ട് അദ്ദേഹം ലക്ഷ്‌മണനോട് ഏറ്റ് അല്‌പനേരം പൊരുതി. “നീ മിടുക്കൻ, പക്ഷേ, നിൽക്കാൻ എനിക്കു നേരമില്ല” എന്നു വിളിച്ചുപറഞ്ഞിട്ട്, എല്ലാ അണിയും മുറിച്ച് ഇളയച്‌ഛൻ രാമനോട് ഏറ്റു. ആ സംഗരം ഉഗ്രമായിരുന്നത്രെ….
രാവണൻഃ ബലത്തിൽ നാം രണ്ടാമനായിരുന്നു. പോയപ്പോൾ നല്ലവാക്കു പറഞ്ഞയയ്‌ക്കാൻപോലും നമുക്കു കഴിഞ്ഞില്ല.
ഇന്ദ്രജിത്ത്‌ഃ ഇളയച്‌ഛൻ പൂർണ്ണമായി ഉണർന്നിരുന്നില്ലെന്നു നിരീക്ഷകർ പറയുന്നു.
രാവണൻഃ നാം ഒരിക്കലും അവനെ പൂർണ്ണമായി ഉണർത്താറില്ലായിരുന്നു. ഒരു കാലഘട്ടം മറയുകയാണ്, അതിവേഗം… നാം ഏകനായി… പക്ഷേ, നമ്മുടെ ഓജസ്സും കരുത്തും ഒട്ടും ക്ഷയിച്ചിട്ടില്ല. ശകലീകരിക്കണം. ലങ്കയുടെ കിടങ്ങുകൾ മനുഷ്യമാംസംകൊണ്ടു നിറയട്ടെ.
ഇന്ദ്രജിത്ത്‌ഃ അച്‌ഛാ ഞാൻ പട നയിച്ച് ജയിച്ചുവരാം.
രാവണൻഃ നീയല്ലെങ്കിൽ നാം പടനയിക്കണം. പക്ഷേ, നീ ഭവനൈകശക്‌തനായി ലങ്കയിൽ നിൽക്കുമ്പോൾ യുദ്ധക്കളം നമുക്കു നൃത്തക്കളമായിരിക്കും. നാംതന്നെ പട നയിക്കാം.
ഇന്ദ്രജിത്ത്‌ഃ അച്‌ഛന്റെ കീർത്തി നിലനിർത്തേണ്ട കർത്തവ്യം പുത്രന്റേതാണ്. പുത്രന്റെ മാർഗ്ഗവും ചര്യയും മോക്ഷംതന്നെയും മറ്റൊന്നല്ല. അച്‌ഛാ! വിധി എനിക്കൊരുക്കുന്ന വീരന്മാർക്കുളള തുറയിലേക്ക് എന്നെ നയിച്ചാലും.
രാവണൻഃ (ഇന്ദ്രജിത്തിനെ സമീപിച്ച്) മകനേ! രാവണൻ ഒരല്‌പായുസ്സിൽ അറ്റുപോകുന്ന പൂമ്പാറ്റയല്ല. രാവണൻ പരമ്പരയാണ്. ഇന്നലെയും ഇന്നും നാളെയും ഉളളതാണ്. ഹേതിപുത്രൻ, വിദ്യുൽകേശൻ, തൽപുത്രൻ, സുകേശൻ, സുകേശന്റെ പുത്രൻ സുമാലി, സുമാലിയുടെ പൗത്രൻ രാവണൻ, രാവണപുത്രൻ മേഘനാദൻ…
വിരൂപാക്ഷൻഃ ആ വംശപ്പൊലിമ വിംശതിഹസ്‌തങ്ങളും പംക്‌തികന്ധരങ്ങളുമായി കാലഭൂമികയിൽ തിളങ്ങും.
ഇന്ദ്രജിത്ത്‌ഃ അച്‌ഛാ! ഹേതി പ്രജാപതിയുടെ വംശപ്രാകാശ്യം രാവണരാജാവിൽ ഒടുങ്ങരുതല്ലോ. തനതായ വിജയങ്ങളുടെ കിരീടം മേഘനാദനും ചൂടിക്കൊളളട്ടെ. ഞാൻ ജയിച്ചുവരും.(വാളൂരുന്നു)
വിരൂപാക്ഷൻഃ (വാളൂരിക്കൊണ്ട്) ഉണ്ണി ജയിച്ചുവരും.
(സഭാവാസികൾ വാളൂരി നിൽക്കുന്നു.)
രാവണൻഃ നിന്റെ അഭിമതംപോലെ ആയിക്കൊളളൂ. ഭേരികൾ മുഴങ്ങി ദിക്കുകൾ പിളരട്ടെ. ഹേതി പ്രജാപതിയുടെ കുഞ്ഞിക്കിടാവു പടയ്‌ക്കിറങ്ങി എന്ന് ദേവയക്ഷവരുണലോകങ്ങൾ അറിയണം.
(ഭേരികൾ മുഴങ്ങുമ്പോൾ മണ്ഡോദരി പ്രവേശിക്കുന്നു.)
മുഹൂർത്തത്തിനു നീയും വന്നെത്തി. ഉണ്ണിയെ അനുഗ്രഹിച്ചയയ്‌ക്കൂ.
(അഷ്‌ടമംഗല്യ ദീപവുമായി ചേടി പ്രവേശിക്കുകയും മണ്ഡോദരി മകനെ ദീപംകൊണ്ട് ഉഴിയുകയും ചെയ്യുന്നു. ഇന്ദ്രജിത്ത് അമ്മയെ നമസ്‌കരിക്കുന്നു; തുടർന്ന് അച്‌ഛനെയും. ഇരുവരും ഇന്ദ്രജിത്തിനെ ആശീർവദിക്കുന്നു.)
ഉണ്ണീ! നമ്മുടെ പാർശ്വങ്ങൾ നിശ്ശേഷം തകർന്നിരിക്കുന്നു. മുന്നും പിന്നും ഇടവും വലവും നോക്കി പൊരുതണം. രണസാഗരം ഏതും നിനക്കു ചെറുതുറകൾ മാത്രം. അണ്ഡകടാഹത്തെ ഒന്നു വിസ്‌മയിപ്പിക്കൂ. നമ്മുടെ മേഘന്റെ യുദ്ധകലാചാതുരി ഏവരും ഒന്നു കാണട്ടെ.
(ഭേരികൾ ഉച്ചത്തിലാകുന്നു. രാവണനും വാളൂരി നിൽക്കുന്നു. ഇന്ദ്രജിത്ത് യാത്ര പുറപ്പെടുന്നു. രാവണൻ ഏതാനും ചുവട് അനുഗമിച്ചിട്ട് ഉറ്റുനോക്കിനിൽക്കുന്നു.)
(യവനിക)
* * * * * * * * * * * അങ്കം രണ്ട് * * * * * * * * * * * * *
(രാവണന്റെ സഭാമണ്ഡപം. സുപാർശ്വൻ ദുഃഖിതനായിരിക്കുന്നു. വിരൂപാക്ഷൻ അക്ഷമനായി ഉലാത്തുന്നു.)
വിരൂപാക്ഷൻഃ രാജാജ്‌ഞ്ഞ ധിക്കരിച്ചും ഞാൻ ഇന്നു പടയ്‌ക്കിറങ്ങും. വൃദ്ധനെങ്കിലും രാജാവു കരുതുംപോലെ ഞാൻ ശേഷികെട്ടവനായിട്ടില്ല.
(സുപാർശ്വൻ മൗനം).
അത്ഭുതമെന്നേ പറയാനുളളു. ധൂമ്രാക്ഷൻ ഏതു പിൻനിരയും മുറിക്കുമായിരുന്നു. വാനരപ്പടയുടെ പാരശ്വങ്ങൾ ഇത്രയ്‌ക്കു ശക്‌തമോ? ധൂമ്രാക്ഷനെ രക്ഷിക്കാനാണ് അകമ്പനൻ തളളിക്കയറിയത്. പ്രഹസ്‌തൻ- എന്നും ലങ്കയുടെ പടനയിച്ചിട്ടുളള പ്രഹസ്‌തൻ- എനിക്കതു വിശ്വസിക്കാൻ കഴിയുന്നില്ല… നീ എന്താണു മൗനം ഭജിക്കുന്നത്?.. ഉറ്റവർ പടയിൽ ചത്താൽ രാക്ഷസൻ ദുഃഖിക്കാറില്ലല്ലോ! ഈ യുദ്ധത്തിനു നീ അനുകൂലമായിരുന്നില്ല?
സുപാർശ്വൻഃ ആയിരുന്നില്ല. യുദ്ധം ചെയ്‌തില്ലെങ്കിലും എല്ലാ യുദ്ധരംഗത്തും ഞാനുണ്ടായിരുന്നു. ഞാൻ ഉത്തേജിപ്പിച്ചിരുന്നു… പക്ഷേ, യുദ്ധം ഇന്ന് എനിക്ക് ദുഃഖമാണുണ്ടാക്കുന്നത്. എന്റെ കൂടപ്പിറപ്പുകൾ മൂവരും മരിച്ചതു കൊണ്ടല്ല.. മരണത്തിന്റെ ഗ്രീഷ്‌മം ലങ്കയിൽ വീശിക്കഴിഞ്ഞിരിക്കുന്നു. അങ്ങ് കാലത്തിന്റെ മാറ്റം കണ്ടിട്ടുളളതാണല്ലോ. കാലം ചിലപ്പോൾ മരണത്തിന്റെ ഗന്ധവുമായി വരും. പല പകലുകളുടെയും അറുതി ഏതോ രാത്രിയിൽ തുടങ്ങുന്നു. അതുവരെ കേട്ടിട്ടില്ലാത്ത വികൃതശബ്‌ദങ്ങൾ കേൾക്കും. അപ്പോൾ ശ്രദ്ധിക്കണം. രാവിനെയും പകലിനെയും ഭയന്ന് അന്തിയിൽ പാർത്ത എനിക്കു കൂടുതൽ കാണുകമാത്രം കഴിഞ്ഞിരിക്കുന്നു.
വിരൂപാക്ഷൻഃ അനുജാ, ഇളയച്‌ഛന്റെ മക്കളിൽ നീ മാത്രമേ ശേഷിക്കുന്നുളളു. പലതും പറഞ്ഞു നിന്റെ ദുഃഖമാറ്റാൻ എനിക്കു കൊതിയുണ്ട്. പക്ഷേ, നിനക്കറിയാം. വാക്കുകൾ എനിക്കു വശമില്ല. പടയിൽ ചാടി ഞാൻ ആവുന്നത്ര കൊല്ലാം. നിന്നെ ആശ്വസിപ്പിക്കാൻ വേറെ ഉപായം എനിക്കില്ല.
(ശരീരത്തിൽ ചില്ലറ മുറിവുകളോടുകൂടി അതികായൻ പ്രവേശിക്കുന്നു. കൈയിൽ ഒരു വില്ലും തുണീരവും)
അതികായൻഃ പടനായകന്റെ വില്ലും തൂണീരവും.
സുപാർശ്വൻഃ (ആദരപൂർവ്വം എഴുന്നേറ്റ്) പ്രഹസ്‌തന്റെ മരണം നീ കണ്ടുവോ?
അതികായൻഃ ഞാൻ അരികിലുണ്ടായിരുന്നു. മരിക്കുംമുമ്പ് എന്നോട് ഇങ്ങനെ പറഞ്ഞു. “ഈ വില്ലും തൂണീരവും മരണസമയത്ത് അച്‌ഛൻ എന്നെ ഏൽപ്പിച്ചതാണ്. ഇതു ജ്യേഷ്‌ഠനു കൊടുക്കണം.” (വില്ലും തൂണീരവും സുപാർശ്വനെ ഏൽപ്പിക്കുന്നു.)
(സുപാർശ്വൻ തൂണീരം ധരിക്കുകയും വില്ല് തോളിൽ ചേർത്തിടുകയും ചെയ്യുന്നു. പിന്നീട് അല്‌പസമയം ധ്യാനനിരതനായി നിലകൊളളുന്നു.)
വിരൂപാക്ഷൻഃ അധൃഷ്യനായ പ്രഹസ്‌തൻ എങ്ങനെ പതിച്ചു?
അതികായൻഃ ധൂമ്രാക്ഷനും അകമ്പനനും പതിച്ചപ്പോൾ മുന്നോട്ടു കുതിച്ചു. അപ്പോഴേക്കും നമ്മുടെ പാർശ്വങ്ങൾ മുറിഞ്ഞുകഴിഞ്ഞിരുന്നു. നിശ്ശേഷം വലയം ചെയ്യപ്പെട്ട പടനായകൻ രാമനോടു നേരിട്ടേറ്റു പൊരുതി. നായകൻ വീണെങ്കിലും രാക്ഷസപ്പട മുന്നേറി. അപ്പോഴേക്കും രാജാവ് എത്തി.
(വിരൂപാക്ഷൻ സുപാർശ്വനെ സമീപിച്ച് തലോടുന്നു.)
വിരൂപാക്ഷൻഃ ഈ വില്ലു നീ കുലച്ചാൽ ശരം പിഴയ്‌ക്കുകയില്ല. ആയുധങ്ങൾക്കും കയ്യാളുന്നവരെ തിരിച്ചറിയാം.
സുപാർശ്വൻഃ ഞാൻ പോരിൽ പ്രഗൽഭനല്ല. ജ്യേഷ്‌ഠൻ വൃദ്ധനുമായി. രാജാവിന്റെ പാർശ്വങ്ങളിൽ പൊരുതിയിരുന്ന തലമുറ അവസാനിച്ചു. മെല്ലെയുരുളുന്ന കാലചക്രം ചിലപ്പോൾ കുതിച്ചു പായുന്നു. അപ്പോൾ കാറ്റിൽ ഇലകളെപ്പോലെ പതനം ഒരുമിച്ചാണ്… ലങ്കയിൽ കാറ്റിരമ്പിത്തുടങ്ങി.
അതികായൻഃ ഈ അശുഭചിന്ത നന്നല്ല. നമ്മുടെ പട മുന്നേറുന്നു. രാമലക്ഷ്‌മണൻമാർ വീഴാൻ ഇനി അധികസമയമില്ല.
സുപാർശ്വൻഃ നീ അന്തഃപുരത്തിൽ ചെന്നു തൈലം പുരട്ടൂ. നിന്റെ ഉടലാകെ ചോര പൊടിയുന്നു…
അതികായൻഃ പൊടിയട്ടെ ചോര… എനിക്കിന്നു സുദിനമാണ്. ഞാൻ ആദ്യമായി യുദ്ധം വെട്ടി.. പക്ഷേ, രാജാവെത്തിയപ്പോൾ എല്ലാ രസവും തീർന്നു; സർവ്വത്ര ശരവർഷം. ആകാശം കാണാനാവാത്ത കാട്ടിൽ നില്‌ക്കുന്നുവെന്നു തോന്നും. നോക്കിനിൽക്കാനല്ലാതെ മറ്റൊന്നും ചെയ്യാനില്ല. അച്‌ഛൻ എത്തുംവരെ ഞാൻ പാഞ്ഞുകയറുകയായിരുന്നു. അച്‌ഛൻ അല്‌പം വൈകിയെങ്കിൽ, ഇളയച്‌ഛനെ ഞാൻ വെട്ടി വീഴ്‌ത്തുമായിരുന്നു.
വിരൂപാക്ഷൻഃ വിഭീഷണനോ?
അതികായൻഃ അല്ല, വിബീഭത്സൻ. അച്‌ഛന്റെ നേർക്ക് അയാൾ പട്ടസം ചുഴറ്റി.
വിരൂപാക്ഷൻഃ രാക്ഷസൻ രാക്ഷസനെ വഞ്ചിച്ചു; അല്ലേ?
അതികായൻഃ രാമന്റെ അരികിൽ എപ്പോഴും കാണാം, ആ രാജ്യമോഹിയെ പല തുണ്ടായി ചീന്തി കടലിൽ എറിയേണ്ടതായിരുന്നു.
(ഇന്ദ്രജിത്ത് പ്രവേശിക്കുന്നു.)
ഇന്ദ്രജിത്ത്‌ഃ അച്‌ഛൻ എന്തിനു പടയ്‌ക്കിറങ്ങി? നിങ്ങൾക്കു വിലക്കാമായിരുന്നു.
വിരൂപാക്ഷൻഃ പ്രഹസ്‌തവധം കേട്ട് അത്യന്തം രുഷ്‌ടനായി കുതിക്കുകയായിരുന്നു. വിലക്കാൻ അവസരം കിട്ടിയില്ല.
അതികായൻഃ പക്ഷേ, അച്‌ഛൻ വന്നപ്പോൾ- ആ കാഴ്‌ച കാണേണ്ടതായിരുന്നു. വാനരപ്പട ചിറയും കടന്നു മണ്ടി. കുറെ കടലിൽ ചാടി മുങ്ങിച്ചത്തു.
ഇന്ദ്രജിത്ത്‌ഃ പൊരുതാൻ യുവാക്കളുണ്ട് ലങ്കയിൽ. കുംഭൻ, നികുംഭൻ, മകരാക്ഷൻ.
അതികായൻഃ ഞാനുണ്ട്…
ഇന്ദ്രജിത്ത്‌ഃ അങ്ങനെ എത്ര! മക്കളെ യുദ്ധത്തിനയയ്‌ക്കാൻ ഭയമാണ്. അച്‌ഛന്റെ വാത്സല്യം കുറെ കടന്നുപോകുന്നു.
അതികായൻഃ ജ്യേഷ്‌ഠൻ ഒറ്റയ്‌ക്കു മതി.
വിരൂപാക്ഷൻഃ ഏവരും ഇന്നലെ അതു കണ്ടതല്ലേ? എട്ടു ദിക്കും നിറഞ്ഞ് ഉണ്ണി പൊരുതിയപ്പോൾ, രാമലക്ഷ്‌മണന്മാർ മണ്ണിരപോലെ പിടഞ്ഞു. ശരപ്രളയത്തിന്റെ ഉറവിടം അറിയാതെ വീര്യംകെട്ട വാനരപ്പട നായകപ്പെരുമാളിനൊപ്പം ചത്തു മലച്ചുവീണു.
അതികായൻഃ ചത്താലും ചാവാത്ത കൂട്ടം!
വിരൂപാക്ഷൻഃ അതെ. അത്ഭുതമെന്നേ പറയാനുളളു. ഉണ്ണിയുടെ ബ്രഹ്‌മാസ്‌ത്രമേറ്റ് ഇന്നലെ ചത്ത രാമലക്ഷ്‌മണൻമാരും പടയും ഇന്ന് ഉണർന്നു യുദ്ധം ചെയ്യുന്നു.!
ഇന്ദ്രജിത്ത്‌ഃ അടരിൽ ചത്ത ശത്രു ഇളിച്ചുകൊണ്ട് എഴുന്നേറ്റുവരിക എത്ര അപഹാസ്യം! യുദ്ധത്തിലുളള കൗതുകംതന്നെ കുറഞ്ഞുപോകുന്നു… ചത്തവർ ജീവിക്കുന്നതിന്റെ രഹസ്യം ചാരൻമാർ അറിഞ്ഞുവോ?
വിരൂപാക്ഷൻഃ ദിവ്യൗഷധങ്ങൾ നിശ്‌ചയമുളള വൈദ്യരുണ്ട് വാനരപ്പടയിൽ- സുഷേണൻ. ദൂതിനു വന്ന വാനരൻ മരുന്നുമല മൂടോടെ പറിച്ചുകൊണ്ടു വന്നു.
ഇന്ദ്രജിത്ത്‌ഃ ലങ്കയിലില്ലേ ഈ ഔഷധങ്ങൾ?
സുപാർശ്വൻഃ ലങ്കയിൽ മറ്റെല്ലാമുണ്ട്.. പുഷ്‌പകം, ചന്ദ്രഹാസം, ബ്രഹ്‌മന്റെ കൂർപ്പാസം, ലോകൈകസുന്ദരി സീത…
ഇന്ദ്രജിത്ത്‌ഃ പുഷ്‌പകത്തിൽ പോയി കൊണ്ടുവരാമല്ലോ.
സുപാർശ്വൻഃ ഔഷധം തിരിച്ചറിയുന്ന വൈദ്യൻമാരും ലങ്കയിൽ ഇല്ല.
ഇന്ദ്രജിത്ത്‌ഃ അച്‌ഛൻ പോകണം.
സുപാർശ്വൻഃ രക്ഷോമാനവയക്ഷവാനരജാതിയിൽപ്പെട്ട ഏതൊരാൾ അവയെ സമീപിച്ചാലും അവ ഭൂമിക്കടിയിൽ ഒളിക്കും. ഒളിച്ചതുകൊണ്ടാവാം, വാനരൻ മലതന്നെ പിഴുതെടുത്തത്. ഉണ്ണിയുടെ അച്‌ഛനെ കണ്ടാൽ ആ ദിവ്യ്ഷധികൾ ആത്മനാശം വരിച്ചെന്നും വരും. അങ്ങനെ ഈ കല്‌പമൂലിക നാലും കാമധേനുസമാനം രാജാവിന്റെ ദാക്ഷിണ്യത്തിനു പാത്രമായിരിക്കണം.
വിരൂപാക്ഷൻഃ (അക്ഷമനായി) ഔഷധസഹായത്താലല്ല മുപ്പാരും രാവണൻ വെട്ടിപ്പിടിച്ചത്. നിസ്സാരതകളെ ചൊല്ലി പാഴാക്കാൻ സമയം ഇതല്ല. ഉണ്ണി അറിഞ്ഞുവോ? വിഭീഷണൻ രാജാവിന്റെ നേർക്ക് പട്ടസം ചുഴറ്റിയത്രെ! രാമനുമായി സഖ്യംചെയ്‌തുവെന്നും കേൾക്കുന്നു.
ഇന്ദ്രജിത്ത്‌ഃ ഇല്ലെങ്കിലല്ലേ അത്ഭുതമുളളു?
അതികായൻഃ ആത്മനാശത്തിനുളള ആയുധം അറിഞ്ഞുകൊണ്ട് അച്‌ഛൻ ശത്രുവിനു സമ്മാനിച്ചതാണ്.
ഇന്ദ്രജിത്ത്‌ഃ ഇളയച്‌ഛൻ ചതിച്ചതാണെന്നു വ്യക്‌തം. അനുജനോടു സഖ്യം ചെയ്‌ത് ജ്യേഷ്‌ഠനോടു പൊരുതുക രാമന്റെ തന്ത്രമാണ്. ദുർബ്ബലനായ അനുജൻ ദാസനും സാമന്തനുമായി വണങ്ങിക്കൊളളും. ബാലിയെക്കൊന്ന് സുഗ്രീവനെ കിഷ്‌കിന്ധയിൽ രാജാവാക്കി. അതേ തന്ത്രം ലങ്കയിലും പ്രയോഗിച്ചതാവാം.
വിരൂപാക്ഷൻഃ എങ്കിൽ ശിരച്‌ഛേദമായിരുന്നു കരണീയം. എന്തുകൊണ്ട് ഇക്കാര്യം ഉണ്ണി പറഞ്ഞില്ല?
ഇന്ദ്രജിത്ത്‌ഃ ഞാൻ പറയാതെ രാജാവിനറിയാം. പക്ഷേ, രാജ്യതന്ത്രവും ബന്ധുവാത്സല്യവും രണ്ടാണെന്ന് അറിയേണ്ടിയിരിക്കുന്നു. പ്രതിവിധി ഇല്ലാതില്ല. ഇളയച്‌ഛന്റെ ധർമ്മദാരങ്ങളുണ്ടല്ലോ.. സരമ. രാജ്‌ഞ്ഞിപ്പട്ടം കിനാവുകണ്ട് ഇഴഞ്ഞുനടക്കുകയാണ് അന്തഃപുരത്തിൽ ആ വിഷപ്പാമ്പ്! ഇന്നലെ ഈ മണ്ഡപത്തിന്റെ ഇടനാഴികളിൽ ചെവിയോർത്തു നടക്കുന്നുണ്ടായിരുന്നു. രാവണൻ രാജാവായി തുടർന്നാൽ രാക്ഷസവംശം അസ്‌തമിക്കുമെന്ന് അവർ ത്രിജടയോടു പറഞ്ഞു. കിരീടം കൊതിക്കുന്ന ആ തലയാണു പ്രതിവിധി.
സുപാർശ്വൻഃ രാജാവിന് അതു രുചിക്കാനിടയില്ല. അവളുടെ മൂക്കുത്തിയിൽ വരുണാനി അണിഞ്ഞിരുന്ന പുഷ്യരാഗമാണുളളത്.
ഇന്ദ്രജിത്ത്‌ഃ സ്‌ത്രീയാണ് ഇപ്പോൾ ലങ്കയ്‌ക്ക് ആപത്ത്….
സുപാർശ്വൻഃ വേദവതിയുടെ ശാപവും അതായിരുന്നു. സ്‌ത്രീമൂലം ആപത്തുണ്ടാകും എന്ന്.
ഇന്ദ്രജിത്ത്‌ഃ പ്രായസ്‌ഥർക്കു പറഞ്ഞു രസിക്കാം. എന്നാൽ ഏതുവിധവും ഞാൻ ലങ്കയെ രക്ഷിക്കും എന്നു ധരിച്ചുകൊൾക. രക്ഷ വേണ്ടത് അച്‌ഛനാണെങ്കിൽ അതിനുളള കരുത്തും എനിക്കുണ്ട്. (അരിശത്തോടെ പോകുന്നു)
വിരൂപാക്ഷൻഃ ഇത്തരം കുട്ടികളുണ്ടെങ്കിൽ, എത്ര വിഭീഷണൻമാർ പോയാലെന്ത്? അവന്റെ ഊഴം വരട്ടെ. കാണാം ഏഴാഴികളും തിളയ്‌ക്കുന്നത്. ഞാൻ പ്രാകാരത്തിലിരുന്ന് യുദ്ധം നിരീക്ഷിക്കാം. രാവണരാജാവിന്റെ യുദ്ധവിരുന്ന് ഒന്നുകൂടി കാണണം. യമധർമ്മനെ തോല്‌പിച്ച ആ കൈകൾ തടിൽശൂലംപോലെ തുടിക്കുന്ന കാഴ്‌ച എന്റെ പ്രായം പകുതി കുറയ്‌ക്കും. ഇനി എനിക്ക് അതു കാണുവാൻ കഴിഞ്ഞില്ലെന്നു വരും. (അതികായനോട്) നീ തൈലം പുരട്ടിയിട്ട് അടരിൽ മടങ്ങിച്ചെന്നാൽ മതി…
(വിരൂപാക്ഷൻ ഒരുവശത്തേക്കും അതികായൻ മറുവശത്തേക്കും നടന്നുതുടങ്ങുമ്പോൾ ശാർദ്ദൂലൻ പ്രവേശിക്കുന്നു.)
ശാർദ്ദൂലൻഃ രാജാവ് തേർത്തട്ടിൽ തളർന്നുനില്‌ക്കുന്നു.
എല്ലാവരുംഃ എന്ത്?
ശാർദ്ദൂലൻഃ വിഭീഷണൻ ഓർക്കാപ്പുറത്ത് പട്ടസം എറിഞ്ഞു. പട്ടസം പല തുണ്ടായി തെറിച്ചെങ്കിലും, രാജാവ് ഒരു ക്ഷണം ചിന്തയിലാണ്ടു നിലകൊണ്ടു. അപ്പോഴേക്കും രാമശരവർഷപാതം രാജാവിനെ ഗ്രഹിച്ചു. പ്രതിരോധിച്ചു. ഒന്നും ഉന്നത്തിൽ തറച്ചതുമില്ല. പക്ഷേ, രാജാവ് ആയുധമെടുക്കാതെ നിർന്നിമേഷനായി നില്‌ക്കുന്നു.
(അതികായൻ യുദ്ധരംഗത്തേക്ക് ഓടിപ്പോകുന്നു.)
സുപാർശ്വൻഃ ഇന്ദ്രജിത്തിനെ വിവരം ധരിപ്പിക്കൂ.
(ശാർദ്ദൂലൻ മറുവഴിക്ക് ഓടുന്നു.)
യുദ്ധഗതി ആശാവഹമല്ല. പൊരുതിയാൽ നേടാത്ത ജയം പിൻവാങ്ങി നേടിക്കൊളളണം. വീരമരണം ജയമല്ല. പരാജയത്തെ മൂടുന്ന മനോഹരമായ ശവമഞ്ചം മാത്രം.
(“മൂന്നുലകങ്ങൾക്കും നാഥനായ ലങ്കാധിപൻ” എന്ന് അണിയറയിൽ ഘോഷിക്കപ്പെടുന്നു. രാവണൻ ശരീരത്തിൽ ചില മുറിവുകളോടെ, കിരീടമില്ലാതെ കടന്നുവന്ന് സിംഹാസനത്തിൽ ഉപവിഷ്‌ടനാകുന്നു. കുംഭനും നികുംഭനും ഒരുവശത്തുകൂടെയും ഇന്ദ്രജിത്ത് മറുവശത്തുകൂടെയും പ്രവേശിക്കുന്നു.)
രാവണൻഃ ഒരു വംശത്തെ നശിപ്പിക്കാൻ ആ വംശത്തിനേ കഴിയൂ. അന്യന് അത് അശക്യം. നമ്മിലൊരുത്തൻ തുണയ്‌ക്കുന്നു എന്നതാണ് രാമന്റെ ശക്‌തി… രാക്ഷസന്റെ വീര്യമില്ലാത്ത കൃകലാസം! അങ്ങാടിപ്പേട്ടയിലെ തെണ്ടിപ്പട്ടിയെപ്പോടെ നടക്കുന്നു, വാലുമാട്ടി രാമന്റെ ചുറ്റും. ആണത്തമുണ്ടെങ്കിൽ അവനു നേരിട്ടു നമ്മോടേല്‌ക്കാമായിരുന്നു. വംശദ്രോഹി! കൈകസിയുടെ വയറ്റിൽ ഈ പുഴുത്ത ഇറച്ചിക്കഷണം എങ്ങനെ പിറന്നു?… സഹോദരൻ! നമ്മുടെ ആത്മസഹോദരൻ!.. സാഹോദര്യം കണ്ടുപഠിക്കട്ടെ, അവന്റെ പുതിയ യജമാനൻമാരിൽനിന്ന്. ഹായ്! നാം അതു കണ്ടു. നമുക്ക് അസൂയ തോന്നുന്നു…. ഉണർത്തൂ കുംഭകർണ്ണനെ.. എത്ര ശ്രമപ്പെട്ടാലും ഉണർത്തുകതന്നെ വേണം.
(കുംഭനും നികുംഭനും ഓടിപ്പോകുന്നു)
എല്ലാവർക്കും പോകാം. നമുക്കു വിശ്രമിക്കണം. നമ്മുടെ ആത്മാവ് നീചത്തിലേക്കു താഴുന്നു. നാം അത് അനുവദിക്കുകയില്ല. ഉയരട്ടെ. വീണാക്വണിതം ശങ്കരാഭരണത്തിൽ.
(എല്ലാവരും പോകുന്നു. ഒന്നിലധികം വീണകൾ മീട്ടപ്പെടുന്നു. രാഗം ശങ്കരാഭരണം. രാവണൻ രാഗലഹരിയിൽ ലയിച്ചിരിക്കുമ്പോൾ മണ്ഡോദരി ഒരു സ്വർണ്ണക്കിണ്ണവുമായി വരുന്നു; ഭക്‌തിപൂർവ്വം രാവണന്റെ മുറിവേറ്റ ശരീരഭാഗങ്ങളിൽ തൈലം പുരട്ടുന്നു. അല്‌പനിമിഷം കഴിഞ്ഞ് ശാന്തനായ രാവണൻ മണ്ഡോദരിയെ പ്രേമപൂർവ്വം നോക്കുന്നു.)
നാം നടത്തിയ യുദ്ധങ്ങൾക്കു കണക്കില്ല. എന്നാൽ ഒരു യുദ്ധത്തിലും ഹൃദ്യമായ ഈ അനുഭവം ഉണ്ടായിട്ടില്ല.
മണ്ഡോദരിഃ ഏതനുഭവം?
രാവണൻഃ പ്രിയപത്നിയുടെ ശുശ്രൂഷ. ലങ്കയിൽ ഒരു യുദ്ധമെങ്കിലും നടക്കാനിടയായത് എത്ര നന്നായി!
മണ്ഡോദരിഃ നമുക്ക് അന്തഃപുരത്തിൽ പോയി വിശ്രമിക്കാം. എനിക്കു മീട്ടുവാൻ അച്‌ഛൻ കുറെനാൾ മുമ്പ് ഒരു വിശേഷപ്പെട്ട വീണ നിർമ്മിച്ചയച്ചു. കേൾക്കേണ്ടയാളെ കിട്ടാത്തതിനാൽ ഞാൻ ഇതുവരെ മീട്ടിയില്ല. തന്തികൾ നൂറുളള വീണ. ഞാൻ ആ വീണ മീട്ടി പാടാം.
രാവണൻഃ നാമതറിഞ്ഞില്ലല്ലോ അറിയാഞ്ഞത് ആരുടെ തെറ്റ്? മഹാരാജ്‌ഞ്ഞി മണ്ഡോദരി കടുത്ത തെറ്റു ചെയ്‌തിരിക്കുന്നു. എന്താണതിനു ശിക്ഷ?
മണ്ഡോദരിഃ അന്തഃപുരത്തിൽ വന്ന് ഒന്നു സുഖമായി ഉറങ്ങണം. ഉണരുന്നതുവരെ ഞാൻ വീണമീട്ടിപ്പാടാം. ശിക്ഷ മതിയോ?
രാവണൻഃ ശിക്ഷ പോരാതെയില്ല. എന്നാൽ ഈ യുദ്ധം തീരാതെ അന്തഃപുരത്തേക്കില്ല. നമ്മുടെ ഇഷ്‌ടതോഴി പാടുമ്പോൾ നാം ഉറങ്ങുകയുമില്ല. ആ നാദരൂപങ്ങളുടെ സാമഞ്ഞ്‌ജസ്യത്തിൽ നാം കണ്ണും കാതും തുറന്ന് ലയിച്ചിരിക്കും…
മണ്ഡോദരിഃ അങ്ങ് ഉറങ്ങിയിട്ടു പല നാളായി. അന്തഃപുരഭിത്തിയിലെ വൈഡൂര്യങ്ങൾ അങ്ങയുടെ ബിംബം ആവാഹിച്ച നാൾ മറന്നു. എന്റെ വീണക്കമ്പികൾ തുരുമ്പാർന്നു.
രാവണൻഃ ഉറങ്ങണം. ഇതെല്ലാം ഒന്നു പൂർത്തിയാക്കി, നമുക്കു യാത്ര പുറപ്പെടാം. വിന്ധ്യന്റെ വിസ്‌തരമായ ശാദ്വലവനികളിൽ, നിന്റെ മടിയിൽ തലവെച്ച് ഉറങ്ങണം.
മണ്ഡോദരിഃ എന്നിൽനിന്ന് ഒന്നും അങ്ങ് ഒളിച്ചിട്ടില്ല. എല്ലാം എന്നോടു തുറന്നു പറയുമായിരുന്നു. അന്തഃപുരത്തിലെ ഗൂഢവേഴ്‌ചകൾപോലും!
രാവണൻഃ എപ്പോഴും നമ്മുടെ ചാപല്യം നീ പൊറുക്കുകയും ചെയ്‌തിരുന്നു.
മണ്ഡോദരിഃ പക്ഷേ, സീതയെപ്പറ്റി ഒന്നും എന്നോടു പറഞ്ഞിട്ടില്ല. അവൾമൂലം എന്റെ സ്വസ്‌ഥതയും നശിക്കുമോ? അഴകാലോ കുലത്താലോ വിദ്യയാലോ സീത എനിക്കു മീതെയല്ല. അങ്ങേയ്‌ക്കാണെങ്കിൽ ആ പെൺകുട്ടി തുല്യയുമല്ല. ഇന്നോളം അങ്ങയുടെ വേഴ്‌ചകളിൽ പരിഭവിച്ചിട്ടില്ലാത്ത മണ്ഡോദരിക്ക്, ഒരു കുറിയെങ്കിലും ആ സ്വാതന്ത്ര്യം അനുവദിച്ചുകൂടെ?
രാവണൻഃ ലങ്കയ്‌ക്ക് ലക്ഷ്‌മിയില്ലാഞ്ഞിട്ടല്ല. ലക്ഷ്‌മിക്ക് ലങ്കയും വേണ്ടതല്ലേ? കാഴ്‌ചയിൽ ലേശം നിന്റെ ഛായയുളളതും നമ്മെ ഭ്രമിപ്പിച്ചില്ലേ എന്നു സംശയം.
മണ്ഡോദരിഃ അതു ഛായാസാമ്യമല്ല. എനിക്കും അവൾക്കുമുളള സമാനതയുടെ പരിവേഷമാണത്. എന്നെപ്പോലെ, സീതയും പതിവ്രതയാണ്… എന്റെ അപേക്ഷ അങ്ങു സ്വീകരിക്കുമോ?
രാവണൻഃ നമ്മെ നിയന്ത്രിക്കാൻ ഒരു കുറിയെങ്കിലും സ്വാതന്ത്ര്യം വേണമെന്നല്ലേ?
മണ്ഡോദരിഃ അതെ.
രാവണൻഃ എന്നും ആ സ്വാതന്ത്ര്യം നിനക്കുണ്ടായിരിക്കും, ഇക്കുറിയൊഴിച്ച്. നിന്റെ കമിതാവ് ആടിയിട്ടുളള പ്രേമനാടകങ്ങളിൽ ഒന്നാണിതും എന്ന ധാരണയും മാറ്റണം. സൗന്ദര്യാരാധകനായ ഒരു രാജാവിന്റെ ചാപല്യം മാത്രമല്ല, ഈ നാടകത്തിന്റെ ഇതിവൃത്തം. സീതോദന്തം സരളമേയല്ല. യുദ്ധവും രാജ്യതന്ത്രവും, വംശസംഘർഷവും മൂല്യങ്ങളുടെ പതനാഭ്യുദയവും അതിൽ അന്തർഭവിച്ചിരിക്കുന്നു. ശൂർപ്പണഖയുടെ മുറിച്ച മുലയിൽ നിന്നു വാർന്ന ചോരയിൽ ആ കഥ തുടങ്ങുന്നു. ആ ചോരപ്പുഴ ആർത്തലച്ച് ഒഴുകിക്കൊണ്ടിരിക്കുന്നു. ചതിയും ദ്രോഹവും നാശവും മരണവും ദിക്കുകൾ നാലിന്റെ വാഴ്‌ച കൈയാണ്ടു. ഇനി ഇതിന് ഒരു നിർവ്വഹണസന്ധി മാത്രമേ ശേഷിക്കുന്നുളളു…. നമ്മുടെ പട്ടമഹിഷി എന്നും മിതഭാഷിയായിരുന്നു…. പറയുന്നതിൽ കൂടുതൽ ഉണ്ടെന്ന് നമുക്ക് അറിയാം. പറയൂ, നാം കേൾക്കട്ടെ.
മണ്ഡോദരിഃ പതിവ്രതയാണ് സീത. എനിക്കു ഭയമാകുന്നു.
രാവണൻഃ ഭയമോ?
മണ്ഡോദരിഃ അമ്മയ്‌ക്കും ആ ഭയമുണ്ടായിരുന്നു. തീപ്പൊളളലേറ്റു പിടയുമ്പോഴും ബോധം നിശ്ശേഷം തീരുംമുമ്പ് എന്നോട് പലവുരു പറഞ്ഞു.
രാവണൻഃ എന്തു പറഞ്ഞു?
മണ്ഡോദരിഃ ‘ആരു പറഞ്ഞാലും അവൻ കേൾക്കുകയില്ല. എങ്കിലും നീ പറയണം, ആ പെണ്ണിനെ കളയാൻ. അവൾ ആപത്തുണ്ടാക്കും. പതിവ്രതയാണവൾ…’.
രാവണൻഃ നിന്നെപ്പോലെയാണ് അമ്മയും. ഒരിക്കലും ഒന്നിനും നമ്മെ വിലക്കിയില്ല. ഉത്തേജിപ്പിച്ചിരുന്നു. ഒരുനാൾ വൈശ്രവണൻ അച്‌ഛനെ കാണാൻ ആശ്രമത്തിൽ വന്നു. ഞങ്ങൾ കുട്ടികൾ നാൽവരെയും അകലെ വിളിച്ച് അമ്മ പറഞ്ഞു-‘നോക്ക്, നിങ്ങളുടെ ജ്യേഷ്‌ഠൻ ധനാധിപൻ പുഷ്‌പകവിമാനത്തിൽ വന്നിരിക്കുന്നു. നമുക്ക് അവകാശപ്പെട്ട ലങ്ക ഇന്ന് അയാൾക്ക് അധീനം. തപോബലംകൊണ്ടാണ് ഇതെല്ലാം കുബേരൻ നേടിയത്. അച്‌ഛനിൽനിന്നുപദേശം വാങ്ങി തപസ്സാംഭിക്കൂ. നിങ്ങൾക്കു നേടാൻ വളരെയുണ്ട്.’ ഞങ്ങൾ പതിനായിരം വത്സരം ഗോകർണ്ണത്തിൽ തപസ്സു ചെയ്‌തു. അന്ന് ആരംഭിച്ചതാണ് അരക്കന്റെ ദിഗ്വിജയചരിത്രം…. കേൾക്കാം കാതിൽ ഇപ്പോഴും ആ മന്ത്രം! വർഷങ്ങൾക്കുമുമ്പ് അച്‌ഛന്റെ ആശ്രമം വിട്ടശേഷം മറ്റൊരു വാക്യവും നാവിൽ ഉയർന്നു നാം കേട്ടിട്ടില്ല
മണ്ഡോദരിഃ ലങ്ക വെന്തെരിഞ്ഞതും തനിക്കു പൊളളലേറ്റതും ദുശ്ശകുനമല്ലേ എന്ന് അമ്മ സംശയിച്ചു. അക്ഷന്റെ മരണം അറിഞ്ഞപ്പോൾ തന്നെ അമ്മ അസ്വസ്ഥയായിരുന്നു. സാന്ത്വനം കേൾക്കേണ്ട ഞാൻ സാന്ത്വനപ്പെടുത്തേണ്ടി വന്നു. ആ വീരവനിത അന്നു കരഞ്ഞു.
രാവണൻഃ പ്രിയപ്പെട്ട സഖീ, ‘അവൻ ആരു പറഞ്ഞാലും കേൾക്കുകയില്ല’ എന്ന് അമ്മ പറഞ്ഞതു ശരിയാണ്. അമ്മയുടെ വാക്കുകൾ, അമ്മയെപ്പോലെ നാം ആദരിക്കുന്ന നിന്നിൽനിന്നു കേൾക്കുമ്പോൾ, അനുസരിക്കേണ്ടതാണ്. മോഹമുണ്ട്… പക്ഷെ, നാം സാഹചര്യങ്ങളുടെ തടവറയിലാണ്. ഇനി നാം സീതയെ വിട്ടയച്ചാൽ പടയിൽ തോറ്റു എന്നാണർത്ഥം.
മണ്ഡോദരിഃ ഈ യുദ്ധം അവസാനിപ്പിക്കാൻ ഒരു പഴുതുമില്ലേ?
രാവണൻഃ ശത്രു പരാജയപ്പെട്ടാൽ യുദ്ധം തീരും. നീ എന്തിന് അധൈര്യപ്പെടുന്നു?
മണ്ഡോദരിഃ അധൈര്യം തെല്ലുമില്ല. അങ്ങയുടെ ഇച്‌ഛ ഏതോ അതു നിർവ്വഹിച്ചാൽ മതി. പക്ഷേ, അങ്ങ് അസ്വസ്ഥനാകരുത്. എന്നെ ശകാരിക്കുകയില്ലെങ്കിൽ…
രാവണൻഃ നിന്നെയല്ലാതെ നാം ആരെ ശകാരിക്കും?
മണ്ഡോദരിഃ ശകാരിക്കരുത്… അങ്ങേയ്‌ക്കും സീതയെ ഭയമാണോ?
രാവണൻഃ രംഭയുടെ ശാപം ഫലിക്കുമോ എന്നല്ലേ? നമ്മെ ശപിച്ച പെണ്ണുങ്ങളുടെ നാക്കു ഫലിക്കുമായിരുന്നെങ്കിൽ എന്നേ നാം കബന്ധനായി നടക്കുമായിരുന്നു!
മണ്ഡോദരിഃ ഒരുവളുടെ മനഃശക്‌തി അങ്ങേയ്‌ക്കു കാവലുണ്ടായിരുന്നു… എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. അങ്ങു തേരിൽ തളർന്നുനിന്നു, അല്ലേ?
രാവണൻഃ തളർന്നതല്ല. വിഭീഷണൻ പട്ടസമെറിഞ്ഞപ്പോൾ, നാം തെല്ലിട ദുഃഖിച്ചുനിന്നു… ആ തളർച്ച നിന്റെ കരസ്‌പർശത്താൽ നിശ്ശേഷം മാറി. മനം പതറിയാലേ പരാജയം വരൂ. ഇനി വിജയമാണ്….
(സുപാർശ്വൻ പ്രവേശിക്കുന്നു.)
സുപാർശ്വൻഃ അതികായൻ പതിച്ചു.
രാവണൻഃ ഒരു വ്യഥ മാറുമ്പോൾ മറ്റൊന്നു വരുന്നു. കുട്ടികൾ സാഹസം കാട്ടരുതെന്ന് എത്രതവണ നാം വിലക്കി! ഉഗ്രയോദ്ധാക്കൾ ഇരുവശവും പൊരുതുന്ന യുദ്ധമാണ്. കുട്ടിക്കളിയല്ല. കുംഭകർണ്ണൻ ഉണർന്നില്ലേ?
സുപാർശ്വൻഃ ഉണരുന്നു.
മണ്ഡോദരിഃ ഞാൻ ധന്യമാലിയെ ആശ്വസിപ്പിക്കാം.
(മണ്ഡോദരി ധൃതിയിൽ പോകുന്നു)
സുപാർശ്വൻഃ വിരൂപാക്ഷൻ വിവരമെല്ലാം ധരിപ്പിച്ചു. നേരേ പടയ്‌ക്കു പോകാൻ ഒരുങ്ങിയതാണ്. രാജാവിനെ കണ്ടിട്ടുപോകാൻ ഞങ്ങൾ ഉപദേശിച്ചു. നേരത്തെ ഉണർത്താത്തതിൽ രുഷ്‌ടനാണ്.
(വിരൂപാക്ഷൻ, കുംഭൻ, നികുംഭൻ എന്നിവരാൽ അനുഗതനായി കുംഭകർണ്ണൻ പ്രവേശിക്കുന്നു. കറുകറുമ്പൻ, ഉഗ്രശരീരി. ഉറക്കം പൂർണ്ണമായി ഉണർന്നിട്ടില്ലെന്നു തോന്നും. ജ്യേഷ്‌ഠനെ നമസ്‌കരിക്കുന്നു. അവർ ഇരുവരും ആശ്ലേഷിക്കുന്നു. രാവണന്റെ ശരീരം പരിശോധിച്ചിട്ട് അത്ഭുതവും രോഷവും.)
കുംഭകർണ്ണൻഃ ഈ ക്ഷതങ്ങൾ ആരുണ്ടാക്കി.?
രാവണൻഃ അനുജാ, നീ നമ്മെ സ്‌നേഹത്താൽ പരവശനാക്കുന്നു. വിഭീഷണൻ ശത്രുവുമായി സഖ്യം ചെയ്‌തു….
കുംഭകർണ്ണൻഃ അവനെപ്പറ്റി കൂടുതൽ കേട്ടാൽ എന്റെ സമനില തെറ്റും. യുദ്ധഗതി എങ്ങനെ?
രാവണൻഃ ശത്രുസൈന്യം നിസ്സാരമല്ല. രാമൻ അക്ഷീണബലവാൻ. സംഗരം തുല്യനിലയിൽ തുടരുന്നു. മരണം നമ്മുടെ പക്ഷത്ത് അധികം. കൊന്നാൽ പോര, ശകലീകരിക്കണം. ചത്താലും ജീവിപ്പിക്കുന്ന ഔഷധികൾ അവർക്കുണ്ട്.
കുംഭകർണ്ണൻഃ എന്തുകൊണ്ട് എന്നെ നേരത്തെ ഉണർത്തിയില്ല? ഖരദൂഷണൻമാർ കൊല്ലപ്പെട്ടപ്പോൾ അറിയണമായിരുന്നു ദണ്ഡകവനവും ജനസ്‌ഥാനവും മാത്രമല്ല ലങ്കയും ലക്ഷ്യമാണെന്ന്. പ്രഹസ്‌തൻ പതിച്ചപ്പോൾ എങ്കിലും ഗൗരവം അറിയേണ്ടതായിരുന്നു. എന്റെ ജ്യേഷ്‌ഠൻ തേർത്തട്ടിൽ തളർന്നു നിന്നുവത്രെ. ലജ്ജാകരം! ഇക്കണക്കിന് ജ്യേഷ്‌ഠൻ കൊല്ലപ്പെട്ടിരുന്നെങ്കിൽ ആരറിയും? ലങ്ക ഇത്രയ്‌ക്ക് അനാഥമോ? കാര്യമേതും അറിയിക്കേണ്ടവരെ അതാതിന്റെ നേരത്തു വിളിച്ചറിയിക്കണം.
രാവണൻഃ മാന്യഗുരുവിനെപ്പോലെ നമ്മെ ഉപദേശിക്കാനാണോ ഭാവം? കഴിഞ്ഞതു കഴിഞ്ഞു. കഴിഞ്ഞതോർത്തു നാം മാഴ്‌കാറില്ല.
കുംഭകർണ്ണൻഃ എന്റെ ജ്യേഷ്‌ഠനാണ് എനിക്ക് എല്ലാറ്റിലും വലുത്. വംശവും രാജ്യവും ഞാൻ വിലമതിച്ചിട്ടില്ല. ജ്യേഷ്‌ഠനുവേണ്ടി ഞാൻ എന്തും ചെയ്യും. തെറ്റായാലും ശരിയായാലും. പക്ഷേ, മുപ്പാരും ജയിച്ച രാക്ഷസേന്ദ്രൻ ഒരു മനുഷ്യപ്പെണ്ണിനോടു തോൽക്കുക! മനുഷ്യപ്പറ്റം ലങ്കയുടെ കവാടത്തിൽ വന്ന് ഒച്ചയെടുക്കുക! എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. ഉറക്കം തെളിയാത്തതുകൊണ്ടാണോ? ഞാൻ ഈ സഭയിൽ ഉറപ്പുനൽകുന്നു, കുംഭകർണ്ണൻ ജീവിച്ചിരിക്കുമ്പോൾ ജ്യേഷ്‌ഠൻ ആരെയും ഭയക്കേണ്ടതില്ല. ഞാൻ ഒറ്റയ്‌ക്കുമതി. സൈന്യമേ വേണ്ട. എന്നോടൊത്ത് ആരും വരികയും വേണ്ട. (ശിരസ്സു കുനിച്ചു നിൽക്കുന്നു.)
(രാവണൻ കുംഭകർണ്ണനെ ആശ്ലേഷിക്കുന്നു. (ജയിച്ചുവാ‘ എന്ന് ആശംസിക്കുന്നു. കുംഭകർണ്ണൻ രണത്തിനു പുറപ്പെടുന്നു. രാവണനും സഭാവാസികളും നിർന്നിമേഷം നോക്കിനിൽക്കുന്നു, വായ്‌ക്കുരവകൾ മുഴങ്ങുന്നു.)
രാവണൻഃ പട അനുഗമിച്ചുകൊളളട്ടെ. കുംഭനും നികുംഭനും അച്‌ഛന്റെ പാർശ്വങ്ങളിൽ നിലയുറപ്പിച്ചു പടനയിച്ചുകൊളളൂ…
(നികുംഭൻ പോകുന്നു. കുംഭൻ അറച്ചുനിൽക്കുന്നു.)
ഇപ്പോൾ അംഗരക്ഷ രാജാവിനല്ല ആവശ്യം. പൊയ്‌ക്കൊളളൂ.
(കുംഭൻ പോകുന്നു)
അച്‌ഛൻ നടുവിലും പാർശ്വങ്ങളിൽ മക്കളും പൊരുതുന്ന കാഴ്‌ച രമണീയമായിരിക്കും… നമ്മുടെ തളർച്ച നിശ്ശേഷം മാറി. ലങ്കയ്‌ക്ക് ഒരു നവോന്മേഷം വിടർന്നതായി തോന്നുന്നു. പൂക്കൾ വിരിയുമ്പോൾ തൊടികൾക്കുളള തുടിപ്പുപോലെ. പോയ വസന്തത്തിലെ പൂക്കൾ ചുവട്ടിൽ അലിയുന്നുണ്ടാവാം. പുതുപൂക്കൾ അവയ്‌ക്കുമീതെ വിടർന്ന്, ചന്തം പകർന്ന് അസ്‌ഥിരയായ ഈശ്വരിയുടെ കുളിർമാറിൽ നിറക്കൂട്ടുകൾ തടവുന്നു.
സുപാർശ്വൻഃ അസ്‌ഥിരയാണോ, ഈശ്വരി?
രാവണൻഃ നാം കല്‌പിച്ച അർത്ഥത്തിലേറെ ആ ചോദ്യത്തിൽ അന്തർഹിതമല്ലേ?
സുപാർശ്വൻഃ ഈശ്വരിക്കു ഭാവങ്ങൾ പലതാണ്. രക്ഷിച്ചു നിൽക്കുകയും ഉപേക്ഷിച്ചുവാങ്ങുകയും ചെയ്യും. ബന്ധിതയായും കണ്ടെന്നുവരാം.
(വിഭീഷണപത്നി സരമ പ്രവേശിക്കുന്നു. രാക്ഷസി, സുന്ദരി)
സരമഃ പ്രഭോ! ഞാൻ ഒരു തെറ്റും ചെയ്‌തില്ല. ഭർത്താവു ചെയ്‌ത തെറ്റിനു ഭാര്യയാണോ ശിക്ഷിക്കപ്പെടേണ്ടത്?
രാവണൻഃ നിന്നെ ആര്, എങ്ങനെ ശിക്ഷിച്ചു?
സരമഃ ഭടൻമാർ എന്റെ മുടിക്കു ചുറ്റിപ്പിടിച്ചു വലിച്ചിഴച്ചു… എന്നെ അധിക്ഷേപിച്ചു… ഉണ്ണിയുടെ ആജ്‌ഞ്ഞ അനുസരിച്ചാണത്രെ..
രാവണൻഃ നാം എന്താണ് ഈ കേൾക്കുന്നത്? അന്തഃപുരത്തിലും നമുക്കു സ്വൈരമില്ലെന്നോ?
വിരൂപാക്ഷൻഃ ഇന്നലെ രാത്രി എന്തിനു നീ പ്രാകാരത്തിൽ പോയി?
സരമഃ എന്റെ ഭർത്താവു ശത്രുപക്ഷം ചേർന്നുവെന്നു കേട്ടുന്ന പ്രാകാരത്തിൽ ചെന്നു നോക്കിയാൽ അകലെ കാണാമത്രെ! സത്യസ്‌ഥിതി അറിയുവാൻ പോയതാണ്.
വിരൂപാക്ഷൻഃ രാത്രിയിൽ എന്തു കാണും? നീ പന്തം കത്തിച്ചു പിടിച്ചിരുന്നോ? അന്യർക്ക് അഗമ്യമായ ഇടനാഴികളിൽകൂടി പന്തം ഉയർത്തി നടന്നുവോ?
സരമഃ ഇതൊന്നും സത്യമല്ല.
വിരൂപാക്ഷൻഃ കൈയിൽ പന്തമുണ്ടായിരുന്നോ?
സരമഃ ഉണ്ടായിരുന്നു. ഇടുങ്ങിയ കൽക്കെട്ടുകൾ കണ്ടു നടക്കാൻ പന്തം കത്തിച്ചതാണ്.
വിരൂപാക്ഷൻഃ ഒറ്റയ്‌ക്കാണോ പോയത്?
സരമഃ സംഭ്രമംകൊണ്ട് ആരെയും കൂട്ടിനു വിളിച്ചില്ല. (രാവണന്റെ കാൽക്കൽ വീണ്) പ്രഭോ! രക്ഷിക്കണം!
വിരൂപാക്ഷൻഃ വിഭീഷണപത്നി ചാരവൃത്തി നടത്തിയെന്നാണ് ഉണ്ണിയുടെ സംശയം. ശത്രുസൈന്യം രാത്രിയിൽ കടന്നുവരാൻ ഇവൾ വഴികാട്ടുകയായിരുന്നു. അവൾക്കുമാത്രമേ രക്ഷോവംശത്തെ രക്ഷിക്കാനാവൂ എന്ന് അവൾ പലരോടും പറഞ്ഞു.
രാവണൻഃ ഈ കേൾക്കുന്നതെല്ലാം സത്യമാണോ സരമേ?
സരമഃ അങ്ങെങ്കിലും അതൊന്നും വിശ്വസിക്കരുത്. ഞാൻ ഒരിക്കലും സ്വജനദ്രോഹം ചെയ്യുകയില്ല. രക്ഷോവംശത്തിന്റെ രക്‌തമാണ് എന്റെയും രക്‌തം. എന്റെ വാക്കും കർമ്മവും തെറ്റിപ്പോയെങ്കിൽ അത് ആ രക്‌തത്തിൽ മാത്രം ചരിക്കുന്ന ചിന്തയുടെ അമരപ്പിഴവാണ്. മാപ്പ്. മാപ്പ്, ഇവൾക്കു മാപ്പ്! എവിടെത്തിരിഞ്ഞാലും ഭടൻമാർ എന്നെ വലയം ചെയ്യുന്നു. എന്നെ രക്ഷിക്കണം!
വിരൂപാക്ഷൻഃ രാജാവിന്റെ ദാക്ഷിണ്യം ഇവൾ അർഹിക്കുന്നില്ല.
രാവണൻഃ നീ മണ്ഡോദരിയുടെ അന്തഃപുരത്തിൽ പാർത്തുകൊളളൂ. അവിടെ ഉണ്ണിയുടെ ശല്യമുണ്ടാവുകയില്ല. മണ്ഡോദരിയുടെ അനുമതി കൂടാതെ നീ പുറത്തുപോകരുതെന്നു മാത്രം. അവൾ നിന്നെ രക്ഷിക്കും. നാം ഇങ്ങനെ ആജ്‌ഞ്ഞാപിച്ചെന്നു പറയണം.
(സരമ പോകുമ്പോൾ രാവണൻ നിരുത്സാഹനായി നോക്കിയിരിക്കുന്നു.)
വിരൂപാക്ഷൻഃ മഹാകൗശലക്കാരി! രാജ്‌ഞ്ഞിപ്പട്ടത്തിനുളള പുതിയ ശ്രമമാണ്. അവൾ എന്നും മണ്ഡോദരിയെക്കാൾ മേന്മ നടിച്ചിരുന്നു.
രാവണൻഃ നമ്മുടെ സ്വസ്‌ഥത വീണ്ടും നഷ്‌ടപ്പെട്ടു. നമുക്കിതിനു സ്‌ഥായിയായ പോംവഴി കണ്ടെത്തണം.
സുപാർശ്വൻഃ ഭൗതികസുഖജാലങ്ങൾ അസ്വസ്‌ഥതയിലേക്ക് ഒഴുകിച്ചേരുന്നു.
രാവണൻഃ നാം അദ്ധ്യാത്മബലം നേടിയില്ലെന്നോ?
സുപാർശ്വൻഃ നേടി, കുറച്ചൊന്നുമല്ല നേടിയതും. നേടിയതെല്ലാം സാമ്രാജ്യവും സമ്പത്തും സുഖവും സ്വരൂപിക്കാൻ ചെലവാക്കി. അതൊരു പാഴ്‌ചെലവാണെന്നറിയുമ്പോൾ അസ്വസ്‌ഥതയുടെ വരവായി.
രാവണൻഃ സുപാർശ്വൻ ഉളളിൽ തട്ടുമാറ് സംസാരിക്കുന്നു. നമ്മുടെ ജീവിതം പാഴ്‌ചെലവായിരുന്നോ? കാരണവർ പറയട്ടെ..
വിരൂപാക്ഷൻഃ അറിവ് ഏറിവരുമ്പോഴാണ് വിഡ്‌ഢി കിരീടം ചൂടുന്നതെന്ന് തോന്നുന്നു. സുപാർശ്വന്റെ വീര്യംകെട്ട ഭാഷണം എന്നെ അക്ഷമനാക്കുന്നു… ഞാൻ യുദ്ധവൃത്താന്തം അറിഞ്ഞുവരാം. (പോകുന്നു)
രാവണൻഃ മാതൃസഹോദരനായ ചങ്ങാതീ… ശങ്കകൂടാതെ സത്യം പറയൂ… കേൾക്കാൻ മറ്റാരുമില്ല. നമ്മുടെ ജീവിതം പാഴ്‌ചെലവായിരുന്നോ?
സുപാർശ്വൻഃ ഐശ്വര്യമായ ശക്‌തിയുടെ പരിരക്ഷ അങ്ങേയ്‌ക്കു നഷ്‌ടപ്പെട്ടോ എന്നാണ് എന്റെ സംശയം.
രാവണൻഃ നാം ശിവഭക്‌തൻ. ശിവനാണ് രാവണൻ എന്ന നാമം നമുക്കു നല്‌കിയത്. ബ്രഹ്‌മാവുപദേശിച്ച ശിവാഷ്‌ടോത്തരശതം നാം ഉപാസിച്ചു സിദ്ധി വരുത്തി. ദിവ്യമായ ശിവലിംഗം സദാ സൂക്ഷിക്കുന്നു. നാം വിരചിച്ച പഞ്ചചാമരം പാടുമ്പോൾ താണ്ഡവത്തിന്റെ മുറുകിയ താളം ഉയർന്നുകേൾക്കാം. സുപാർശ്വൻ, ഐശ്വരമായ ആ ചൈതന്യം നമുക്കു നഷ്‌ടപ്പെട്ടെങ്കിൽ, സീതയെ മോചിപ്പിച്ചാൽ അതു വീണ്ടുകിട്ടുമോ?
സുപാർശ്വൻഃ പ്രിയപ്പെട്ട രാജാവേ! സംശയിക്കാനും ചോദിക്കാനും മാത്രമേ എനിക്കും കഴിഞ്ഞിട്ടുളളു. ഉത്തരം ഒന്നും എന്റെ പക്കലില്ല. സീതയാണ് ആദികാരണം എന്നതു സാധാരണയുക്‌തി. പക്ഷേ, ഇനി മോചിപ്പിക്കണോ, മോചിപ്പിച്ചാൽ ഫലമുണ്ടോ എന്ന് എനിക്ക് നിശ്‌ചയമില്ല. മൂപ്പാരും ജയിച്ച നിന്നോട് ഉറപ്പിച്ചുരയ്‌ക്കാൻ ഞാൻ ഋഷിയല്ലല്ലോ? ഒന്നുമാത്രം എനിക്കു തോന്നുന്നു. യമധർമ്മൻ നിന്റെ മുന്നിൽ മുട്ടുകുത്തിയപ്പോൾ നിനക്കുണ്ടായിരുന്ന ശക്‌തി, ആ ശക്‌തിയാണ് എല്ലാ വിജയങ്ങൾക്കും ആധാരമായിരുന്നതെന്ന് ഓർത്തുകൊളളുക. അതു വീണ്ടെടുക്കണം.
രാവണൻഃ നാം ആ താഴികക്കുടംപോലെ താഴ്‌ന്നുവെന്നോ? നമ്മുടെ ശക്‌തി നഷ്‌ടപ്പെട്ടിട്ടില്ല.
(അന്തഃപുരത്തിൽ ദീനരോദനങ്ങൾ ഉയരവേ, വിരൂപാക്ഷൻ പ്രവേശിച്ച് അവനമ്രമുഖനായി നിൽക്കുന്നു.)
(സംഭ്രമം സ്‌ഫുരിക്കുന്ന മുഖഭാവത്തോടെ എഴുന്നേറ്റ്) എന്ത്? ദുഃഖവൃത്താന്തമാണോ പറയാനുളളത്?… പറയൂ… നമ്മുടെ സമനില നഷ്‌ടപ്പെടുന്നു…
വിരൂപാക്ഷൻഃ കുംഭകർണ്ണൻ കൊല്ലപ്പെട്ടു.
(രാവണൻ ദുഃഖിതനായി നടന്ന് സിംഹാസനത്തെ സമീപിക്കുന്നു. ഇന്ദ്രജിത്ത് മെല്ലെ പ്രവേശിച്ച് തലകുനിച്ച് നിൽക്കുന്നു.)
ഇന്ദ്രജിത്ത്‌ഃ അച്‌ഛൻ വ്യസനിക്കാതിരിക്കണം.
രാവണൻഃ ഇല്ല. നാം വ്യസനിക്കാൻ പാടില്ല… പക്ഷേ, എല്ലാറ്റിനും ഒരു കാലമുണ്ടെന്നു തോന്നിപ്പോകുന്നു… വിശ്വജേതാവായ രാവണന്റെ പകുതിയാണ് അടർന്നു പതിച്ചത്… എന്താണിതിന്റെയെല്ലാം അർത്ഥം…?
ഇന്ദ്രജിത്ത്‌ഃ വാനരപ്പടയിൽ ഒന്നു പാതിയെ ഛേദിച്ചുകൊണ്ട് അദ്ദേഹം ലക്ഷ്‌മണനോട് ഏറ്റ് അല്‌പനേരം പൊരുതി. “നീ മിടുക്കൻ, പക്ഷേ, നിൽക്കാൻ എനിക്കു നേരമില്ല” എന്നു വിളിച്ചുപറഞ്ഞിട്ട്, എല്ലാ അണിയും മുറിച്ച് ഇളയച്‌ഛൻ രാമനോട് ഏറ്റു. ആ സംഗരം ഉഗ്രമായിരുന്നത്രെ….
രാവണൻഃ ബലത്തിൽ നാം രണ്ടാമനായിരുന്നു. പോയപ്പോൾ നല്ലവാക്കു പറഞ്ഞയയ്‌ക്കാൻപോലും നമുക്കു കഴിഞ്ഞില്ല.
ഇന്ദ്രജിത്ത്‌ഃ ഇളയച്‌ഛൻ പൂർണ്ണമായി ഉണർന്നിരുന്നില്ലെന്നു നിരീക്ഷകർ പറയുന്നു.
രാവണൻഃ നാം ഒരിക്കലും അവനെ പൂർണ്ണമായി ഉണർത്താറില്ലായിരുന്നു. ഒരു കാലഘട്ടം മറയുകയാണ്, അതിവേഗം… നാം ഏകനായി… പക്ഷേ, നമ്മുടെ ഓജസ്സും കരുത്തും ഒട്ടും ക്ഷയിച്ചിട്ടില്ല. ശകലീകരിക്കണം. ലങ്കയുടെ കിടങ്ങുകൾ മനുഷ്യമാംസംകൊണ്ടു നിറയട്ടെ.
ഇന്ദ്രജിത്ത്‌ഃ അച്‌ഛാ ഞാൻ പട നയിച്ച് ജയിച്ചുവരാം.
രാവണൻഃ നീയല്ലെങ്കിൽ നാം പടനയിക്കണം. പക്ഷേ, നീ ഭവനൈകശക്‌തനായി ലങ്കയിൽ നിൽക്കുമ്പോൾ യുദ്ധക്കളം നമുക്കു നൃത്തക്കളമായിരിക്കും. നാംതന്നെ പട നയിക്കാം.
ഇന്ദ്രജിത്ത്‌ഃ അച്‌ഛന്റെ കീർത്തി നിലനിർത്തേണ്ട കർത്തവ്യം പുത്രന്റേതാണ്. പുത്രന്റെ മാർഗ്ഗവും ചര്യയും മോക്ഷംതന്നെയും മറ്റൊന്നല്ല. അച്‌ഛാ! വിധി എനിക്കൊരുക്കുന്ന വീരന്മാർക്കുളള തുറയിലേക്ക് എന്നെ നയിച്ചാലും.
രാവണൻഃ (ഇന്ദ്രജിത്തിനെ സമീപിച്ച്) മകനേ! രാവണൻ ഒരല്‌പായുസ്സിൽ അറ്റുപോകുന്ന പൂമ്പാറ്റയല്ല. രാവണൻ പരമ്പരയാണ്. ഇന്നലെയും ഇന്നും നാളെയും ഉളളതാണ്. ഹേതിപുത്രൻ, വിദ്യുൽകേശൻ, തൽപുത്രൻ, സുകേശൻ, സുകേശന്റെ പുത്രൻ സുമാലി, സുമാലിയുടെ പൗത്രൻ രാവണൻ, രാവണപുത്രൻ മേഘനാദൻ…
വിരൂപാക്ഷൻഃ ആ വംശപ്പൊലിമ വിംശതിഹസ്‌തങ്ങളും പംക്‌തികന്ധരങ്ങളുമായി കാലഭൂമികയിൽ തിളങ്ങും.
ഇന്ദ്രജിത്ത്‌ഃ അച്‌ഛാ! ഹേതി പ്രജാപതിയുടെ വംശപ്രാകാശ്യം രാവണരാജാവിൽ ഒടുങ്ങരുതല്ലോ. തനതായ വിജയങ്ങളുടെ കിരീടം മേഘനാദനും ചൂടിക്കൊളളട്ടെ. ഞാൻ ജയിച്ചുവരും.(വാളൂരുന്നു)
വിരൂപാക്ഷൻഃ (വാളൂരിക്കൊണ്ട്) ഉണ്ണി ജയിച്ചുവരും.
(സഭാവാസികൾ വാളൂരി നിൽക്കുന്നു.)
രാവണൻഃ നിന്റെ അഭിമതംപോലെ ആയിക്കൊളളൂ. ഭേരികൾ മുഴങ്ങി ദിക്കുകൾ പിളരട്ടെ. ഹേതി പ്രജാപതിയുടെ കുഞ്ഞിക്കിടാവു പടയ്‌ക്കിറങ്ങി എന്ന് ദേവയക്ഷവരുണലോകങ്ങൾ അറിയണം.
(ഭേരികൾ മുഴങ്ങുമ്പോൾ മണ്ഡോദരി പ്രവേശിക്കുന്നു.)
മുഹൂർത്തത്തിനു നീയും വന്നെത്തി. ഉണ്ണിയെ അനുഗ്രഹിച്ചയയ്‌ക്കൂ.
(അഷ്‌ടമംഗല്യ ദീപവുമായി ചേടി പ്രവേശിക്കുകയും മണ്ഡോദരി മകനെ ദീപംകൊണ്ട് ഉഴിയുകയും ചെയ്യുന്നു. ഇന്ദ്രജിത്ത് അമ്മയെ നമസ്‌കരിക്കുന്നു; തുടർന്ന് അച്‌ഛനെയും. ഇരുവരും ഇന്ദ്രജിത്തിനെ ആശീർവദിക്കുന്നു.)
ഉണ്ണീ! നമ്മുടെ പാർശ്വങ്ങൾ നിശ്ശേഷം തകർന്നിരിക്കുന്നു. മുന്നും പിന്നും ഇടവും വലവും നോക്കി പൊരുതണം. രണസാഗരം ഏതും നിനക്കു ചെറുതുറകൾ മാത്രം. അണ്ഡകടാഹത്തെ ഒന്നു വിസ്‌മയിപ്പിക്കൂ. നമ്മുടെ മേഘന്റെ യുദ്ധകലാചാതുരി ഏവരും ഒന്നു കാണട്ടെ.
(ഭേരികൾ ഉച്ചത്തിലാകുന്നു. രാവണനും വാളൂരി നിൽക്കുന്നു. ഇന്ദ്രജിത്ത് യാത്ര പുറപ്പെടുന്നു. രാവണൻ ഏതാനും ചുവട് അനുഗമിച്ചിട്ട് ഉറ്റുനോക്കിനിൽക്കുന്നു.)
(യവനിക)
* * * * * * * * * * * * * ഉത്തരാങ്കം * * * * * * * * * * * * * *
(അശോകവനിക. രാക്ഷസസ്‌ത്രീകളാൽ ചൂഴപ്പെട്ട് സീത വൃക്ഷച്ചുവട്ടിൽ ഇരിക്കുന്നു. ഹനുമാൻ തൊഴുകൈയോടെ പ്രവേശിക്കുകയും ശംഖാരവം ഉയരുകയും ഉദയത്തിൽ മഞ്ഞെന്നപോലെ രാക്ഷസസ്‌ത്രീകൾ നിശ്ശബ്‌ദമായി പിൻവാങ്ങുകയും ചെയ്യുന്നു. ഹനുമാൻ നമ്രശിരസ്‌കനായി ദേവിയെ വണങ്ങുന്നു. സീത മന്ദസ്‌മേരവദനനായി എഴുന്നേറ്റ് ഉപചാരം കാട്ടുന്നു. അലൗകികതയെ ധ്വനിപ്പിക്കുന്ന വാദ്യസംഗീതം)
സീതഃ ആഞ്ഞ്‌ജനേയൻ വീണ്ടും വന്നു. ചലനവുമായാണ് ആദ്യം വന്നത്.. ആ ചലനം കഴിഞ്ഞു. എല്ലാം മാറി, അല്ലേ? ഈ വനികയും ലങ്കയും കാലവും ഒരുപക്ഷേ, നാംപോലും.
ഹനുമാൻഃ അടിയൻ, വൃത്താന്തം അറിഞ്ഞുചെല്ലാൻ രാമചന്ദ്രമഹാരാജാവു കല്‌പിച്ചു.
സീതഃ ആഞ്ഞ്‌ജനേയാ! ശൈത്യം കടന്നാലും കാണിനേരംകൂടി മെയ് കിടുങ്ങുംപോലെ, വാതിൽക്കൽ വിറപൂണ്ടുനിൽക്കുകയാണു ഞാൻ.
ഹനുമാൻഃ എല്ലാ തമസ്സും മാറി. ഉദയം എത്തിക്കഴിഞ്ഞു.
സീതഃ വെട്ടിത്തിളങ്ങുന്ന ഉദയത്തിലും ഏതോ നീലിമ ശേഷിക്കുന്നു. തമസ്സായാലും അത് എന്നെ വലയം ചെയ്‌ത തമസ്സായിരുന്നു. തമസ്സിന്റെ സമാപ്‌തിക്കും അതിന്റേതായ ദുഃഖമുണ്ടല്ലോ. ഒരു യുഗം എന്റെ കൺമുമ്പിൽ പൊരുതി മരിക്കുകയായിരുന്നു. ഞാൻ സാക്ഷിയായിരുന്നു. കാരണവുമായിരുന്നു.
ഹനുമാൻഃ ഉപനിഷദ്‌സാരമാണ് അടിയൻ കേൾക്കുന്നത്! പാപിക്കുപോലും അങ്ങ് അരുളുന്ന കാരുണ്യം ആ വാക്യങ്ങളിൽ മുഴങ്ങുന്നു. ദേവീ! പാപിയായ ലങ്ക ചോരപ്പുഴയിൽ ആ പാപം കഴുകിയിരിക്കുന്നു. ലങ്കയ്‌ക്ക് മാപ്പു നല്‌കിയാലും!
സീതഃ രാവണനുപോലും ഞാൻ മാപ്പു നൽകിക്കഴിഞ്ഞു. പാപത്തിൽനിന്ന് ഒഴിയുക ജന്മപ്രകൃതിയാണ്. രാവണൻ ആ വിധിക്കു കീഴ്‌പ്പെട്ടു. ഒരുപക്ഷേ, വിധി എന്നെയും എവിടേക്കോ കൊണ്ടുപോവുകയാവണം. അങ്ങനെ ലങ്കയും എന്റെ അംശമായതുപോലെ തോന്നുന്നു; ഞാൻ ലങ്കയുടേതും. ഇടിഞ്ഞും വെന്തും പാതിയായ എടുപ്പുകൾ കാണുമ്പോൾ, ഇന്നില്ലാത്ത ആ സ്വർണ്ണത്താഴികക്കുടം മനസ്സിൽ തെളിയുന്നു. വന്ന നാളിൽ അതൊന്നും കണ്ണിൽ പതിഞ്ഞിരുന്നില്ല. നീ കൊളുത്തിയ തീ ആളിയപ്പോൾ, ആ ചുവപ്പു ഞാൻ കണ്ടു. ഇപ്പോൾ എല്ലാം ഓർമ്മവരുന്നു. ചുട്ടുകരിച്ചാണ് അഗ്നിശുദ്ധി വരുത്തുന്നത്.
ഹനുമാൻഃ അമ്മേ! സർവ്വേശ്വരീ! ദേവിയിൽ യുഗങ്ങളുടെ പതനാഭ്യുദയങ്ങൾ അടിയൻ ദർശിക്കുന്നു. യുദ്ധം വലിയ അനുഭവം ആയിരുന്നു. എന്നാൽ ഈ ദർശനം പരമമായ ദർശനമാണെന്ന് അടിയൻ കരുതുന്നു. ദേവിയെ പല ഭാവത്തിൽ അടിയൻ കണ്ടു… ഇപ്പോൾ പൂർണ്ണമായി കണ്ടെത്തുകയാണ്.
(“ലങ്കേശാധിപൻ വിഭീഷണൻ” എന്ന് അണിയറയിൽ, അകലെ ഘോഷിക്കപ്പെടുന്നു. വാദ്യഘോഷവും കേൾക്കാം.)
വിഭീഷണരാജാവു വരവായി… മുങ്ങിക്കുളിച്ച് ദിവ്യാംഗരാഗം ചാർത്തി ദിവ്യഭൂഷയും അണിഞ്ഞ സീതയെ ആനയിക്കുക എന്ന് രാമചന്ദ്രമഹാരാജാവു കല്‌പിച്ചു. ലങ്കാധിപൻ ദേവിയെ കൂട്ടിക്കൊണ്ടുപോകാൻ എഴുന്നളളുകയാവണം.
സീതഃ ഒടിഞ്ഞ മരങ്ങൾ വർഷർത്തുവിൽ കുളിച്ചു ശുദ്ധമായി ഇന്നു രാവിലെ പൂവിട്ടിരിക്കുന്നു. ഋതുപ്പകർച്ചയെ വിളിച്ചറിയിക്കുന്ന മധുപസംഗീതവും ഉയരുന്നു. കണ്ടില്ലേ ഈ അശോകപ്പൂക്കൾ? വസന്തം കത്തിച്ചതാണ്. അത് അഗ്നിജ്വാലപോലെ ഭൂമിയെ പുല്‌കും… പ്രകൃതി അങ്ങനെയാണ്. വൈയാകരണനല്ലേ? എല്ലാം കാണാൻ കഴിയണം.
ഹനുമാൻഃ ദേവീ! അടിയൻ എല്ലാം കാണുന്നുവെന്നു തോന്നുന്നു. ഈ തൃപ്പാദങ്ങളെ ധ്യാനിച്ച് അതിശാന്തമായ ജീവിതം നയിക്കാൻ മാത്രമാണ് ഇനി അടിയന്റെ ആഗ്രഹം.
സീതഃ ഈ പൂക്കളോടു വിടചോദിച്ച് ഞാൻ ഒരുങ്ങിനില്‌ക്കാം.
(സീത പുഞ്ചിരിയോടെ അനുഗ്രഹകടാക്ഷം നല്‌കുന്നു. ’ലങ്കേശാധിപൻ വിഭീക്ഷണൻ‘ എന്ന് അണിയറയിൽ ഘോഷിക്കപ്പെടുന്നു. ഹനുമാൻ ഭക്‌ത്യാദരപൂർവ്വം പിൻവാങ്ങുന്നു.)
(യവനിക)
Generated from archived content: lankalaxmi.html Author: cn_sreekandannair