കരയുകയാണിവൾ…
ഇരുട്ടിന്റെ കൂട്ടിൽ തനിച്ചിരുന്ന്…
കണ്ണീരു വീഴാതെ…
മണ്ണിൻ ഞരക്കമായ്…
വിണ്ണിൻ മുഴക്കമായ്…
വേപഥുപൂണ്ട്, കിനാവിന്റെ കൂട് തകർത്ത്…
കനിവിന്റെ തണൽതേടി തളരുകയാണിവൾ…!
മഴ…
മഴയവൾക്കന്നത്തെ കൂട്ടുകാരി…!
കണ്ണീരും വിയർപ്പുമലിയിച്ച്…
വേദനകൾ കളിത്തോണികളിലാക്കിത്തുഴഞ്ഞ്…
അങ്ങേത്തലക്കൽ സാഗരത്തിരകളിലൊഴുക്കും…
മഴയവൾക്കന്നത്തെ കൂട്ടുകാരി….!
കാറ്റ്…
കാറ്റവൾക്കന്നത്തെ കൂട്ടുകാരി…!
നെഞ്ചിലെത്തീക്കനലൂതിക്കെടുത്തിയും…
കണ്ണിലെക്കണ്ണാടി വീശിത്തുടച്ചും…
കവിളിലെ സിന്ദൂരവർണം വിടർത്തിയും…
ചുണ്ടിലെ സ്മേരാഭ വീണ്ടും പടർത്തിയും..
കാറ്റവൾക്കന്നത്തെ കൂട്ടുകാരി…!
നിലാവ്…
നിലാവവൾക്കന്ന് പ്രിയസോദരി…!
കരിഞ്ചായക്കോപ്പയിൽ പാലായി…
കരിഞ്ചാണകനിലങ്ങളിൽ പൂമെത്തയായ്…
കനിവിന്റെ സൗമ്യസാന്നിധ്യമായ്…
രാവിന്നേകാന്ത മൗനയാമങ്ങളിൽ തുണയായി…
തഴുകിത്തലോടിയുറക്കിയ സോദരി….!
ഇന്ന്…
ഇരുട്ടിൻ കറുപ്പുമാത്രമവൾക്കിന്ന് കൂട്ട്…!
മഴയെ… കാറ്റിനെ… നിലാവിനെ…
തോല്പിച്ചുവന്നവർ…!
നിഴലായി കൂടെ നിന്നുയിരൂറ്റിയെടുത്തവർ…!
അവളിലെക്കിളികളെക്കൊന്നവർ…!
അവളിലെപ്പൂക്കളിറുത്തു ഞെരിച്ചവർ…!
അവളുടെ നെഞ്ചിലേറിപ്പുളച്ചവർ…!
വിളക്കുകളെല്ലാം കെടുത്തി,യിരുട്ടിന്റെ കൂട്ടിൽ
തളച്ചിട്ടവൾ…!
ഇവർക്കെല്ലാം കൂട്ടായിരുന്നിരുട്ടിൻ കറുപ്പ്…!!
അവളിന്ന്…
ഇനിയെന്നും…
ഇരുട്ടിന്റെ… കറുപ്പിന്റെ… കൂട്ടുകാരി…!!
Generated from archived content: poem1_june29_07.html Author: cm_vinayachandran