ചൂഷിതവർഗ്ഗത്തോടും, ചൂഷണത്തിന് വിധേയമായിക്കൊണ്ടിരുന്ന പ്രകൃതിയോടും കാണിച്ച, അനന്യമായ ആത്മബന്ധത്തിന് പ്രതിഫലമായി നൈജീരിയൻ പട്ടാള ഭരണകൂടത്തിന്റെ കൊലക്കയർ ഏറ്റുവാങ്ങേണ്ടിവന്ന പ്രതിഭാധനനായ കവിയും, സാഹിത്യകാരനും, പരിസ്ഥിതി പ്രവർത്തകനും, പത്രപ്രവർത്തകനും, സാംസ്‌കാരിക പ്രവർത്തകനുമായിരുന്നു, കെൻ സാരോ വിവ.
നൈജീരിയയുടെ തെക്കേയറ്റത്ത് നൈജർ നദീതടത്തിൽ, ഏതാണ്ട് 450 ചതുരശ്രമൈലുകൾ വിസ്‌തൃതിയുളള ‘ഒഗോണിനാട്’ എന്ന പ്രദേശത്ത് ജീവിക്കുന്ന ന്യൂനപക്ഷ ഗോത്രവർഗ്ഗക്കാരാണത്രെ, ഒഗോണികൾ. അവരുടെ ജനസംഖ്യ അഞ്ചുലക്ഷത്തിലധികം വരും. പരമ്പരാഗതമായി കൃഷിപ്പണി ചെയ്‌തും, മത്സ്യബന്ധനം നടത്തിയും ജീവിക്കുന്നവരായിരുന്നു ഒഗോണികൾ. പെട്രോളിയം നിക്ഷേപങ്ങളാൽ സമ്പന്നമാണ് ഒഗോണിനാട്. നൈജീരിയയുടെ എണ്ണയുല്പാദനത്തിന്റെ 14 ശതമാനവും ഒഗോണിനാട്ടിൽ നിന്നാണ്. ഈ പ്രദേശത്തെ എണ്ണ ഖനനം ചെയ്‌തിരുന്നത് പ്രധാനമായും ‘റോയൽ ഡച്ച് ഷെൽ’ എന്ന രാഷ്‌ട്രാന്തര എണ്ണക്കമ്പനിയായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട എണ്ണ ഖനനത്തിലൂടെ ഒഗോണിപ്രദേശത്തെ മുച്ചൂടും നശിപ്പിച്ച എണ്ണക്കമ്പനികൾക്കും, അവർക്ക് തണലേകിയ ഭരണകൂടത്തിനുമെതിരെ ആഞ്ഞടിച്ച വിവയും കൂട്ടുകാരും MOSOP (Movement for the Survival of Ogoni People) എന്ന സംഘടനയിലൂടെ വർഷങ്ങളായി സമരരംഗത്ത് നിലകൊണ്ടു.
എണ്ണഖനനത്തിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു ചെറുവിഹിതമെങ്കിലും ഒഗോണികളുടെ ഉന്നമനത്തിനായി ലഭ്യമാക്കുക, എണ്ണഖനനം മൂലം ഒഗോണിനാടിനുണ്ടായ പരിസ്ഥിതിനാശത്തിന് പരിഹാരം കാണുക, ഒഗോണിജനതയ്്ക്ക് സ്വയം നിർണ്ണയാവകാശം നൽകുക എന്നീ ന്യായമായ ആവശ്യങ്ങളായിരുന്നു MOSOP ഉന്നയിച്ചിരുന്നത്. ഇവ ചെവിക്കൊളളാൻ തയ്യാറായില്ലെന്നു മാത്രമല്ല, പട്ടാള സ്വാധീനമുപയോഗിച്ച് സംഘടിതപ്രസ്ഥാനത്തെ അടിച്ചമർത്താനായിരുന്നു ഭരണകൂടം ശ്രമിച്ചത്. MOSOPനെ ഭീകരസംഘടനയായി ചിത്രീകരിച്ച് ഒഗോണികളിൽ വിഭാഗീയത വളർത്തി ആഭ്യന്തരയുദ്ധം വളർത്തുകയായിരുന്നു പട്ടാളഭരണകൂടം. അങ്ങനെയുണ്ടായ ആഭ്യന്തരയുദ്ധത്തിൽ മുപ്പതിനായിരത്തോളം ഒഗോണികൾ മരണപ്പെട്ടു. സർക്കാറിനെ പിന്താങ്ങിയിരുന്ന നാല് ഗ്രാമത്തലവൻമാർ കൊല ചെയ്യപ്പെട്ട കുറ്റം, വിവയുടെയും കൂട്ടുകാരുടെയും മേൽ കെട്ടിവച്ച് അവരെ അറസ്‌റ്റ് ചെയ്യാൻ കെണിയൊരുക്കുകയായിരുന്നു ഭരണകൂടം.
എതിർവാദം പോലും നടത്താൻ അവസരം നൽകാതെ തന്റെ ഏഴ് കൂട്ടാളികളോടൊപ്പം 1995 നവംബർ 10-ന് കെൻ സാരോ വിവയെ വധശിക്ഷയ്്ക്ക് വിധേയനാക്കി. ലോകമെങ്ങുമുളള മനുഷ്യസ്‌നേഹികൾക്ക് സ്‌മരണയിൽ ഒരു നക്ഷത്രത്തെ ബാക്കി നിർത്തിക്കൊണ്ട്, സുസ്‌മേരവദനനായി കൊലമരത്തിലേക്ക് നടന്നു നീങ്ങിയ കെൻസാരോ വിവ!
വിവ ആരായിരുന്നു? “സോസബോയ്” എന്ന വിഖ്യാത നോവലിന്റെ കർത്താവ്, ആറു വർഷത്തോളം തുടർച്ചയായി സംപ്രേഷണം ചെയ്‌തിരുന്ന “ബാസി ആന്റ് കമ്പനി” എന്ന ടെലിവിഷൻ പരമ്പരയുടെ തിരക്കഥാകൃത്തും നിർമ്മാതാവും, “സൺഡേ ടൈംസ് ഓഫ് ലോഗോസി”ലെ കോളമിസ്‌റ്റ്, കവിതകളും ആക്ഷേപഹാസ്യരചനകളും എഴുതി അവതരിപ്പിച്ച ജനകീയ കലാകാരൻ, സർവ്വോപരി, ഒഗോണി ജനതയുടെ മനസ്സിൽ ചിരപ്രതിഷ്‌ഠ നേടിയ നേതാവ് എന്നിങ്ങനെ ഒരു ബഹുമുഖ പ്രതിഭയായിരുന്നു കെൻ സാരോ വിവ.
തന്റെ സാഹിത്യപ്രവർത്തനങ്ങളെക്കുറിച്ച് വിവയുടെ തന്നെ വാക്കുകൾ ശ്രദ്ധിക്കുക-
“എന്നെപ്പോലുളള ഒരു നൈജീരിയൻ എഴുത്തുകാരന് വായനക്കാരെ രസിപ്പിക്കുന്ന രചന നടത്തുവാൻ കഴിയില്ല. ഞങ്ങളുടെ സാഹിത്യം സമരോത്സുകമായെ തീരു. നൈജീരിയൻ സാഹിത്യത്തിൽ കല, കലയ്‌ക്കു വേണ്ടിയാവുക അസാധ്യം. ഒരു രാഷ്‌ട്രത്തിന്റെ, സമൂഹത്തിന്റെ ജീവിതം അടിമുടി മാറ്റാനായി കല, എന്തെങ്കിലും ചെയ്തേ മതിയാവൂ. അതിനാൽ ഞങ്ങളുടെ സമൂഹത്തിൽ സാഹിത്യത്തിന് യൂറോപ്യൻ സാഹിത്യകാരൻമാരുടേതിൽ നിന്നും തികച്ചും വ്യത്യസ്തമായ ലക്ഷ്യമാണുണ്ടാവുക. ഞാനടക്കമുളള നൈജീരിയൻ എഴുത്തുകാർ ദരിദ്രരാണ്. അതിലെനിക്ക് ഉത്‌കണ്‌ഠയില്ല. എന്റെ സാഹിത്യം കൊണ്ട് വളരെയേറെ ജനങ്ങളുടെ ജീവിതത്തിന് ഗുണമുണ്ടാകണം. അവകാശങ്ങൾക്കായി ശബ്‌ദമുയർത്തുമ്പോൾ കൊല്ലപ്പെടുമോ ജയിലിലടയ്‌ക്കപ്പെടുമോ എന്നൊന്നുമോർത്ത് സമയം കളയാനില്ല.” (ബിബിസി അഭിമുഖംഃ പരിഭാഷഃ എൻ.കെ.ശിവദാസൻ).
വിവയുടെ സാംസ്‌കാരിക പ്രവർത്തനം ദേശീയമായ അതിരുകൾ ഭേദിച്ച് സാർവ്വദേശീയമായ അംഗീകാരം നേടിയതിന്റെ തെളിവായിരുന്നു, അദ്ദേഹത്തിന്റെ വധശിക്ഷയിൽ പ്രതിഷേധിച്ച് ലോകമെങ്ങുമുളള പുരോഗമനാശയക്കാർ പ്രതിഷേധ ജാലകളുയർത്തിയത്. മണ്ണിനോടും മനുഷ്യനോടും പ്രകൃതിയോടുമുളള പ്രതിബദ്ധതയെന്നത് നിലനിൽപ്പിനുളള സൂത്രവാക്യമായി കാണാതെ, ആത്മാർത്ഥതയുടെ സമരരൂപമായി ജീവിച്ച കെൻസാരോ വിവയുടെ സ്‌മരണ നമുക്ക് ആവേശമേകുന്നു.
Generated from archived content: essay_nov23_05.html Author: cm_vinayachandran