വടക്കെ മലബാറിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ, തിളങ്ങുന്ന ഒരധ്യായമാണ്, വിദ്വാൻ പി.കേളുനായരുടെ ജീവിതം. ദേശാഭിമാനപ്രചോദിതവും, സമരോത്സുകവുമായിരുന്ന ആ ജീവിതം, മൂന്നു പതിറ്റാണ്ടുകൾ പൂർത്തിയാക്കുംമുമ്പേ അവസാനിപ്പിക്കുകയായിരുന്നു അദ്ദേഹം. കവി, നാടകകൃത്ത്, നടൻ, ഗായകൻ, രാഷ്‌ട്രീയപ്രവർത്തകൻ എന്നിങ്ങനെ ഒരു ബഹുമുഖ പ്രതിഭയായിരുന്നു, കേളുനായർ.
ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനം കോൺഗ്രസിന്റെ നേതൃത്വത്തിൽ സജീവമായിരുന്ന ഒരു പ്രദേശമായിരുന്നു കാഞ്ഞങ്ങാട്. എ.സി.കണ്ണൻനായർ, വിദ്വാൻ.പി.കേളുനായർ തുടങ്ങിയവരായിരുന്നു മുൻനിര പ്രവർത്തകർ. ഗാന്ധിയൻ ചിന്തയിലടിയുറച്ചു നിന്നുകൊണ്ട് വൈദേശികാധിപത്യത്തിനെതിരെ പോരാടുന്നതിനൊപ്പം, ജാതിചിന്തകൾക്കും, അയിത്താചാരങ്ങൾക്കുമെതിരായ സമരങ്ങൾക്കും ഇവർ നേതൃത്വം നൽകിയിരുന്നു. തന്റെ നാടകങ്ങളിലൂടെ കേളുനായർ ഈ പോരാട്ടങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുകയും ചെയ്‌തു.
“സ്‌മരിപ്പിൻ ഭാരതീയരെ
നമിപ്പിൻ മാതൃഭൂമിയെ
മുലപ്പാൽ തന്നൊരമ്മയെ
എന്നാളും! ഹാ മറക്കാമോ” – എന്ന വരികൾ കേളുനായരുടെ പാദുകപട്ടാഭിഷേകം എന്ന നാടകത്തിൽ നിന്നുളളതാണ്. ലങ്കാദഹനം, ധ്രുവചരിതം, ജനാർദ്ദനദാസചരിതം അഥവാ ശ്രീകൃഷ്‌ണലീല, കബീർദാസചരിതം, പാക്കനാർചരിതം, സമ്പൂർണ്ണ രാമായണം, വിവേകോദയം അഥവാ ജാനകീപരിണയം എന്നിവയും കേളുനായരുടെ ശ്രദ്ധേയങ്ങളായ നാടകങ്ങളാണ്. പുരാണകഥകളുടെ പരിമിതവൃത്തങ്ങളിൽ ഒതുങ്ങിനിൽക്കുന്നതല്ല, മറിച്ച് ‘നാടിന്നകം നാടക’മെന്നും, ‘നാടു നാകമാക്കുന്നതേ നാടക’മെന്നുമുളള ഉൾക്കാഴ്‌ചയോടെ, കാലിക പ്രശ്‌നങ്ങളെ സമർത്ഥമായി ഉൾക്കൊളളിച്ചുകൊണ്ടുളളവയായിരുന്നു, കേളുനായരുടെ നാടകങ്ങളെല്ലാം.
1901 ജൂൺ 27-ന് കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തായിരുന്നു കേളുനായരുടെ ജനനം. കാഞ്ഞങ്ങാട് ഗുരുകുലത്തിൽ സംസ്‌കൃതപഠനത്തിനുശേഷം പുന്നശ്ശേരി നമ്പിയുടെ കീഴിൽ പട്ടാമ്പി സംസ്‌കൃത കോളേജിൽ ഉപരിപഠനം നടത്തി വിദ്വാൻ പരീക്ഷ ജയിച്ചു. ഗാന്ധിജിയുടെ ദേശീയ വിദ്യാഭ്യാസ-അടിസ്ഥാന വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിനായി, ബെളളിക്കോത്ത് ‘വിജ്ഞാനദായിനി സംസ്‌കൃതപാഠശാല’ സ്ഥാപിച്ചു. വെളളക്കാരുടെ ആധിപത്യത്തിനെതിരായി ചിന്തിക്കുന്ന ഒരു തലമുറയെ വാർത്തടുക്കുക എന്നതിനൊപ്പം, രാജ്യസ്‌നേഹവും, ദേശാഭിമാനബോധവും, മതനിരപേക്ഷമനോഭാവവും, മനുഷ്യസ്‌നേഹവും കുട്ടികളിൽ വളർത്തുവാനും ഈ പാഠശാലയിലൂടെ ശ്രമിച്ചിരുന്നു.
സ്വതന്ത്രഭാരതത്തിൽ നിന്നും മാത്രമെ ശമ്പളം കൈപ്പറ്റൂ എന്ന് ശഠിച്ച കേളുനായർ, നിസ്വാർത്ഥ സേവനത്തിനിടയിൽ, കുടുംബം പുലർത്താൻ പോലും മാർഗ്ഗമില്ലാതെ കടുത്ത മാനസിക സംഘർഷങ്ങളോടെയാണ് ജീവിച്ചത്. നാടകം കളിക്കുന്നതിനായി പലരിൽ നിന്നും വാങ്ങിയ തുക തിരിച്ചുനൽകാനുളള വെപ്രാളത്തിനിടയിൽ, സ്വന്തം കുഞ്ഞിന്റെ മൂർച്ഛിച്ച രോഗാവസ്ഥയും, പ്രിയതമയുടെ തോരാത്ത കണ്ണീരും, ഭാര്യാപിതാവിന്റെ ഭർത്സനങ്ങളും കണ്ടില്ലെന്ന് നടിക്കേണ്ടിവന്ന നിമിഷങ്ങൾ കേളുനായരെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്.
അരങ്ങിലെ സാർത്ഥകമായ നാടകപരിശ്രമങ്ങളിൽ തിളങ്ങിനിന്ന കേളുനായർ, പിന്നരങ്ങിലെ ‘ജീവിതനാടക’രംഗങ്ങളിൽ പലപ്പോഴും തളർന്നു വീഴുകയായിരുന്നു. ‘ദേശാഭിമാന’ത്തെക്കാൾ ‘ആത്മാഭിമാനം’ വീർപ്പുമുട്ടിച്ച ഏതോ നിമിഷത്തിലായിരിക്കണം, ജീവിതമവസാനിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചത്.
Generated from archived content: essay1_oct19_05.html Author: cm_vinayachandran