ധർമ്മചിന്തയുടെ പ്രസക്തി

ധർമ്മനിഷ്‌ടയാണ്‌ ഒരു സമൂഹത്തിന്റെ വളർച്ചയുടെ അടിത്തറ. മനുഷ്യകുലം പരിചയിച്ചിട്ടുള്ള എല്ലാ വേദങ്ങളും ധർമ്മമെന്തെന്ന്‌ നിർവ്വചിക്കുകയും അവ ആചരിക്കുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്‌. യഥാർത്ഥവിശ്വാസത്തിന്റെ വെളിച്ചത്തിൽ ചിട്ടപ്പെടുത്തിയ ജീവിതമാണ്‌ പ്രയോഗവൽക്കരിക്കപ്പെടുന്ന ധർമ്മം!

സത്യം, ദയ, ധർമ്മം എന്നിവയിലധിഷ്‌ടിതമായിരിക്കണം നമ്മുടെ ജീവിതം. സത്യസന്ധതയാണ്‌ വ്യക്തിയുടെ വിശ്വസ്‌തത. സമൂഹത്തിലെ മറ്റുള്ളവർക്ക്‌ നമ്മളെ ബോദ്ധ്യപ്പെടേണ്ട കാര്യമാണ്‌ വിശ്വസ്‌തത. എന്നാൽ നാം അംഗീകരിക്കപ്പെടും. ഈ അംഗീകാരമാണ്‌ നമ്മുടെ ജീവിതത്തെ എളുപ്പമുള്ളതാക്കുന്നത്‌. “നീ വിട്ടുവീഴ്‌ച്ച സ്വീകരിക്കുക, ധർമ്മം കൽപ്പിക്കുക, അവിവേകികളെ വിട്ടുകളയുക” (ഖുർആൻ 7ഃ199) വ്യക്തിപരമായി ഓരോരുത്തരും തന്റെ ജീവിതത്തിൽ നിർവഹിക്കേണ്ട കർത്തവ്യമാണ്‌ ഈ നിർദ്ദേശം.

ധർമ്മം, വ്യക്തിയുടെ താൽപര്യങ്ങളോ ഇഷ്‌ടങ്ങളോ അനുസരിച്ച്‌ രൂപപ്പെടുന്നതല്ല. മറിച്ച്‌ സമൂഹതാൽപര്യങ്ങളാണ്‌ ഇവിടെ പരിഗണിക്കുന്നത്‌. അതായത്‌ തന്നിഷ്‌ടങ്ങളായ പ്രവർത്തികൾ അധർമ്മവും സമൂഹത്തിന്റെ ഇഷ്‌ടവും ആവശ്യവും അനുസരിക്കുമ്പോൾ അത്‌ ധർമ്മവുമായിത്തീരുന്നു. ഇത്‌ വ്യക്തമാകാൻ ഒരു ഉദാഹരണം ശ്രദ്ധിക്കുക.

പ്രായപൂർത്തിയായ ഒരു പുരുഷൻ അല്ലെങ്കിൽ സ്‌ത്രീ. അവരുടെ കലാലയ ജീവിതകാലത്തോ, യാത്രവേളകളിലോ, ജോലി ചെയ്യുന്ന സ്‌ഥാപനങ്ങളിലോ വച്ച്‌ പരസ്‌പരം കാണുകയും സംസാരിക്കുകയും തുടർന്ന്‌ അന്യോനം സ്‌നേഹം പ്രകടിപ്പിക്കുകയും മറ്റും ചെയ്‌തിരിക്കാം. തികച്ചും സ്വാഭാവികം മാത്രമാണിത്‌. എന്നാൽ അവർ പരസ്‌പരം തീരുമാനിക്കുകയും ഒരുമിച്ച്‌ ജീവിക്കാൻ തുടങ്ങുകയോ, രജിസ്‌റ്റർ വിവാഹം നടത്തുകയോ ചെയ്യുമ്പോൾ അത്‌ തന്നിഷ്‌ടവും അധർമ്മവും ആയി മാറുന്നു.

ഇവിടെ തന്റെ മാതാപിതാക്കൾ, സഹോദരീ സഹോദരങ്ങൾ, കുടുംബ ബന്ധുക്കൾ എന്നിവരുടെ അറിവോ, സമ്മതമോ, ചുരുങ്ങിയത്‌ ഇവരുടെ സാന്നിധ്യമോ ഉണ്ടായിട്ടില്ല. വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും അടുത്ത്‌ നിൽക്കുന്ന സമൂഹമാണ്‌ ഇവർ. ഇവരാണ്‌ തന്റെ മകൾക്ക്‌ അല്ലെങ്കിൽ മകന്‌ അനുയോജ്യ ഇണയെക്കണ്ടത്തേണ്ടതും അവരുടെ ജീവിതത്തിനാവശ്യമായ സഹകരണം നൽകേണ്ടതും. ഇവരെ അവഗണിച്ചതാണ്‌ ഇത്തരം പ്രവൃത്തികൾ അധർമ്മമാകാൻ കാരണം. സമൂഹത്തിന്റെ കെട്ടുറപ്പിനും കുടുംബങ്ങളുടെ ഭദ്രതയ്‌ക്കുമെതിരായി ഈ പ്രവണത സാരാമായി ബാധിക്കുമല്ലോ? വിശ്വാസപരമായി സംസ്‌ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ താല്‌പര്യത്തോട്‌ ചേർന്ന്‌ നിൽക്കുന്നതായി ധർമ്മത്തെ നമുക്ക്‌ കാണാം. അത്‌ തന്നെയാണ്‌ ദൈവഹിതവും!

ധർമ്മാധർമ്മങ്ങളെ വേർതിരിക്കുന്ന ഉരകല്ല്‌ എപ്പോഴും വേദഗ്രന്ഥങ്ങളായിരിക്കും. അവിടെ ദൈവനിർദ്ദേശങ്ങൾ സ്വന്തം ജീവിതത്തിൽ നടപ്പാക്കപ്പെടണം. നന്മകൾ ചെയ്യണം തിന്മകൾ വെടിയണം. അതാണ്‌ യഥാർത്ഥ ധാർമ്മികതയുടെ, ഉറവിടം. “ദൈവ വിശ്വാസികളായ സ്‌ത്രീ പുരുഷന്മാർ പരസ്‌പരം സ്‌നേഹമുള്ളവരും വ്യക്തിജീവിതത്തിൽ നന്മകൾ, ഉണ്ടാകുവാൻ ഉപദേശിക്കുകയും തിന്മകൾ വെടിയുവാൻ പരസ്‌പരം ശ്രദ്ധിക്കുകയും ചെയ്യുന്നവരാണ്‌” എന്ന്‌ വിശുദ്ധ ഖുർആൻ പ്രസ്‌താവിക്കുന്നു.

നന്മതിന്മകളുടെ ഉരകല്ല്‌, വേദങ്ങൾ അല്ലാതെ വന്നാൽ ഒരു പ്രദേശത്തെ ധർമ്മാചരണം മറ്റു പ്രദേശങ്ങളിലെ അധർമ്മമായിത്തീരും. എണ്ണമറ്റ പ്രവാചകർ സമൂഹത്തോടാവശ്യപ്പെട്ടത്‌ ധർമ്മം സ്‌ഥാപിക്കുവാനാണ്‌. ചരിത്രത്തിൽ ക്രിസ്‌തുവും, കൃഷ്‌ണനും, നബിതിരുമേനിയും നിയോഗിക്കപ്പെട്ടതും ഇതേകാര്യത്തിന്‌ വേണ്ടിയാണ്‌.

വിശ്വാസപരമായി മനുഷ്യരാശിയുടെ മോക്ഷപ്രാപ്‌തി ഈശ്വര സാക്ഷാൽക്കാരത്തിലൂടെയാണ്‌ സിദ്ധിക്കുക. സാക്ഷാൽക്കരിക്കുക എന്നാൽ ദൈവകൽപനകൾ നിറവേറ്റുക എന്നത്രെ അർത്ഥം. ഓരോരുത്തരും വിദ്യാഭ്യാസവും വരുമാനവും ഉള്ളവരാണിന്ന്‌. എങ്ങിനെ ജീവിക്കണം? എന്ത്‌ ചെയ്യണം? എന്നെല്ലാം എനിക്കറിയാം. എനിക്ക്‌ ആരുടെയും സഹായം ആവശ്യമില്ല എന്നൊക്കെ തോന്നുകയും തന്നിഷ്‌ടം കാണിക്കുകയും ചെയ്യുന്ന ഒരു തലമുറയാണ്‌ നമ്മുടെ മുന്നിൽ വളർന്നു വരുന്നത്‌. സമൂഹത്തെ നിഷേധിക്കുകയോ, സമൂഹഘടനയിൽ നിന്ന്‌ മാറി നിൽക്കുകയോ ആണ്‌ അവർ! അവർ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ അവരിൽ പരിമിതമല്ല. അത്‌ സമൂഹത്തേയും ബാധിക്കുന്നു. “അവിവേകികളുളവാക്കുന്ന പ്രശ്‌നം അവരിൽ മാത്രം ഒതുങ്ങുന്നതല്ല, അത്‌ നിങ്ങളേയും ബാധിക്കുമെന്നതിനാൽ നിങ്ങൾ ശ്രദ്ധിക്കുകയും സൂക്ഷിക്കുകയും മുൻകരുതലെടുക്കുകയും ചെയ്യുക” (വി. ഖുർആൻ 8ഃ25) എന്ന്‌ അല്ലാഹു താക്കീത്‌ ചെയ്യുന്നു.

വളർന്നുവരുന്ന തലമുറകളിൽ ധർമ്മചിന്ത കരുപ്പിടിപ്പിക്കേണ്ട ചുമതല നമുക്കുണ്ട്‌. “ചെളിയിൽ തല്ലിയാൽ നീളത്തിൽ തെറിക്കും” എന്ന പഴമക്കാരുടെ ചൊല്ല്‌ എത്ര അർത്ഥവത്താണ്‌. അധാർമ്മികതയ്‌ക്കെതിരെ ഒന്നിച്ച്‌ പ്രവർത്തിക്കാൻ മതങ്ങൾക്കാകണം. അതിന്നായി നമുക്ക്‌ പ്രത്യാശിക്കാം.

(കടപ്പാട്‌ – മൂല്യശ്രുതി)

Generated from archived content: essay1_apr29_10.html Author: cm.moulavi_aluva

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here