ഡി സി എന്ന ഉപദേശി

വര്‍ഷം 1977 . എന്റെ നാടകങ്ങള്‍‍ക്കു നല്ല വില്‍പ്പനയുള്ള കാലം. അക്കാലത്തു കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയപ്പെടുന്ന നാ‍ടകങ്ങള്‍ എന്റേതായിരുന്നു. വര്‍ഷത്തില്‍ ഒരു നാടകമേ ഞാനെഴുതു. അതിനേ സമയം ലഭിച്ചിരുന്നുള്ളു.

ഞാന്‍ അക്കൌണ്ടന്റായി ജോലി ചെയ്തിരുന്ന കുറിക്കമ്പനിയിലെ ചിലരുടെ സഹകരണക്കുറവും വീര്‍പ്പുമുട്ടിക്കുന്ന ചില സാഹചര്യങ്ങളും നിമിത്തം എനിക്കു സന്തോഷത്തോടെ ജോലി ചെയ്യാന്‍ പറ്റാത്ത അവസരം വന്നു. നാടകരംഗത്തെ എന്റെ ഉയര്‍ച്ചയും വളര്‍ച്ചയും ചിലരിലുണ്ടാക്കിയ അസഹിഷ്ണുതയും അസൂയയുമാവാം അതിന്റെ മൂലകാരണം.

ഈ ‘ദഹനക്കേട്’ കുറേശ്ശെ രൂക്ഷമായപ്പോള്‍ ഉദ്യോഗത്തില്‍ നിന്ന് രാജി വച്ച് സ്വസ്ഥമായിരുന്ന് മുഴുവന്‍ സമയവും നാടകമെഴുതിയാലോ എന്ന ചിന്ത വന്നു. തീരുമാനമെടുക്കുന്നതിനു മുമ്പ് ആരുടെയെങ്കിലും ഒരുപദേശം തേടണം ആരോട് ചോദിക്കും? പറ്റിയ വ്യക്തിയാര്?.

അങ്ങനെയിരിക്കെ ഒരു ദിവസം തൃശൂരില്‍ വച്ച് ഡി സി കിഴക്കേമുറിയെ കണ്ടു. കോട്ടയം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ ജനറല്‍ മാനേജരായും പിന്നീട് സെക്രട്ടറിയായും ഡിസി പ്രവര്‍ത്തിച്ചിരുന്ന കാലത്താണ് മലയാള നാടക വില്‍പ്പനയില്‍ റിക്കാര്‍ഡ് സൃഷിച്ച എന്റെ ‘’ ഭൂമിയിലെ മാലാഖ’‘യടക്കം ഒട്ടേറെ നാടകങ്ങള്‍ സംഘത്തിലൂടെ പുറത്തു വന്നത്. അങ്ങനെ കുറെ ഏറെ വര്‍ഷങ്ങളായി എന്നെ ഇഷ്ടപ്പെടുന്ന , ഞാനിഷ്ടപ്പെടുന്ന ഡിസീ ഉപദേശം തേടാന്‍ യോഗ്യനും വിശ്വസ്തനുമായ വ്യക്തി. തൃശൂരിലെത്തിയാല്‍ പ്രിമീയര്‍ ലോഡ്ജാണ് അദ്ദേഹത്തിന്റെ താവളം.

ലോഡ്ജില്‍ വെച്ച് ഡീസിയുടെ മുമ്പില്‍ ഞാനെന്റെ വിഷയം അവതരിപ്പിച്ചു. രാജിവച്ചു ഇറങ്ങിപ്പോരാനുള്ള സാഹചര്യം വിവരിച്ചു.

‘’ ജോസ് രാജി വെച്ചാല്‍ സ്ഥിരമായി ലഭിക്കുന്ന ശമ്പളം നഷ്ടപ്പെടില്ലേ?’‘

‘’ ഒരു നാടകം കൂടുതലെഴുതിയാല്‍ മതി. ഒരു വര്‍ഷത്തെ ശമ്പളത്തേക്കാള്‍ കൂടുതല്‍ സംഖ്യ റോയല്‍റ്റിയായി കിട്ടും. ഞാന്‍ ഓഫീസില്‍ ചിലവിടുന്ന, കാലത്തു പത്തു മുതല്‍ അഞ്ചു വരെയുള്ള ഏറ്റവും ഉണര്‍വുള്ള മണിക്കൂറുകള്‍ ഉപയോഗിച്ചാല്‍ ഇപ്പോള്‍ എഴുത്തിനു പുറമെ വര്‍ഷത്തില്‍ രണ്ടു നാടകങ്ങള്‍ കൂടി എനിക്കെഴുതാന്‍ കഴിയും. എന്റെ നാടകങ്ങള്‍ക്കാണെങ്കില്‍ പൊരിഞ്ഞ വില്‍പ്പനയുമുണ്ട്’‘

ഡീ സി ആലോചനാമഗ്നനായി കുറച്ചു നേരമിരുന്നു എന്നിട്ടു പറഞ്ഞു. ”കണക്കുകൂട്ടലുകള്‍ സംഗതി ശരിയാണ് പക്ഷെ ജോസ് ഉദ്ദേശിക്കുന്നതു പോലെ നാടകമെഴുതാന്‍ കഴിയുമെന്നു എനിക്കു വിശ്വാസമില്ല’‘

‘’ എന്താ ഡീസിക്ക് അങ്ങനെയൊരു സംശയം?’‘

‘’ പറയാം ഉദ്യോഗത്തിലിരിക്കെ ജോസ് അതിരാവിലെ മുതല്‍ കാലത്തു ഒമ്പതു മണിവരെ വീട്ടിലിരുന്നു എഴുതുന്നു. തുടര്‍ന്നു ഓഫീസില്‍ പോയി അഞ്ചുമണിക്കു ശേഷം തിരിച്ചു വന്നിട്ട് പാതിരാത്രി വരെ പിന്നെയും എഴുതുന്നു. രാജിവച്ചു കഴിഞ്ഞാല്‍ ദിവസത്തിന്റെ മുഴുവന്‍ സമയവും ജോസിന്റെ പിടിയിലാണ്. അങ്ങനെ വരുമ്പോള്‍ ജോസില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റം ഞാ‍ന്‍ മുന്‍‍കൂട്ടിപ്പറയാം. പതിവില്‍ വിട്ടു അല്‍പ്പം കൂടി വൈകിയേ രാവിലെ ഉണരു. ഉണര്‍ന്നു കഴിഞ്ഞാല്‍ പ്രഭാതകൃത്യങ്ങളും പത്രപാരായണവും പ്രാതലും കഴിഞ്ഞ് എഴുത്തു തുടങ്ങുമ്പോള്‍ ഒമ്പതു കഴിയും. ഉച്ചവരെ എഴുതും ഊണുകഴിഞ്ഞാല്‍ ഒന്നു വിശ്രമിക്കാമെന്നു കരുതും. ഉറങ്ങി എഴുന്നേറ്റു ചായ കുടിച്ച് ഉഷാറായിട്ടു എഴുതാമെന്നു വിചാരിക്കും. നടക്കില്ല വ്യായാമത്തിന്റെ പേരു പറഞ്ഞ് ഈവനിംഗ് വാക്കിനിറങ്ങാന്‍ തോന്നും. അതുകഴിഞ്ഞ് വന്ന് കുളി കഴിഞ്ഞു എഴുതാനിരിക്കുമ്പോള്‍ സന്ധ്യ കഴിയും. ജോസ് പറഞ്ഞതായ പകല്‍ സമയത്തെ ഉണര്‍വുള്ള മണിക്കൂറുകള്‍ എവിടെ പോയി? എത്ര ഉപയോഗിക്കാന്‍ കിട്ടി? അതുകൊണ്ടു എന്റെ അഭിപ്രായത്തില്‍ ജോസ് ഉദ്യോഗം രാജി വക്കുന്നതു ബുദ്ധിയല്ല ‘’

ഇതു കേട്ടു വീര്യം ചോര്‍ന്ന പോലെ ഞാന്‍ ചിന്താമൂകനായിട്ടിരിക്കുകയാണ്. ആ സമയത്തു ഡീസി കടലാസും പേനയുമെടുത്തിട്ടു എന്നോടു ചില വിവരങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ഞാന്‍ പറയുന്നതു ഡീസി കുറിക്കാനും തുടങ്ങി.

‘’ ജോസിന് ഒരു വര്‍ഷത്തില്‍ എത്ര അവധി കിട്ടു?

‘’ ഇരുപത്താറ്’‘

‘’പല ഇനങ്ങളിലായി എത്ര ലീവ് കിട്ടും?’‘

’‘ മുപ്പത്താറ്’‘

‘’ വര്‍ഷത്തില്‍ ഞായാറാഴ്ചകള്‍ ?’‘

‘’ അമ്പത്തിരണ്ട് ‘’

‘’ ശനിയാഴ്ചകളില്‍ ഉച്ചക്കു ശേഷം ഒഴിവാണല്ലോ ആ വകയില്‍ വര്‍ഷത്തില്‍ എത്ര ദിവസം?‘’

‘’ ഇരുപത്താറ്’‘

ഡീസി ആകെ കൂട്ടി നോക്കി നൂറ്റിനാല്‍പ്പതു ദിവസം. എന്നിട്ടു വിശദീകരിച്ചു.

‘’ വര്‍ഷത്തില്‍ 365 ദിവസത്തില്‍ 140 ദിവസം ജോലിയിലിരിക്കെത്തന്നെ ജോസിന് സൗജന്യമായി ലഭിക്കുന്നു പിന്നെ ബാക്കിയുള്ള ദിവസങ്ങള്‍ക്കു വേണ്ടിയാണോ ഉള്ള ഉദ്യോഗം ഉപേക്ഷിക്കുന്നത്? ജോലി രാജി വച്ച് വീട്ടിലിരുന്നാലും ഇപ്പോള്‍ എഴുതുന്നതില്‍ കൂടുതല്‍ നാടകമൊന്നും ജോസെഴുതാന്‍ പോകുന്നില്ല ‘’

ഡീ സിയുടെ ഈ ദീര്‍ഘ ദൃഷ്ടിയും കണക്കു കൂട്ടലും വസ്തു നിഷ്ഠമായ വിലയിരുത്തലും എന്നെ അത്ഭുതപ്പെടുത്തി. അതെന്റെ കണ്ണു തുറപ്പിച്ചു എന്റെ നന്മയെക്കരുതിയുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു ജേഷ്ഠസഹോദരന്റെ ഉപദേശം പോലെ ഞാന്‍ സ്വീകരിച്ചു. രാജി ചിന്ത അതോടെ ചീന്തിയെറിഞ്ഞു.
പിന്നെ പതിനഞ്ചു വര്‍ഷക്കാലം കൂടി ഉദ്യോഗത്തില്‍ തുടര്‍ന്ന് അസി. മാനേജരായിരിക്കെ 1992 -ലാണ് ഞാനാ സ്ഥാപനത്തില്‍ നിന്ന് റിട്ടയര്‍ ചെയ്തത്.

ഡീ സി ബുക്സിന്റെ സ്ഥാപകനും പുസ്തകപ്രകാശനരംഗത്തെ കുലപതിയുമായ പത്മഭൂഷന്‍ ഡീ സി കിഴക്കേമുറി 1999 ജനുവരി 26- ന് റിപ്ലബ്ലിക്ക് ദിനത്തില്‍ അന്തരിച്ചു. മരിക്കുമ്പോള്‍ അദ്ദേഹത്തിന് എണ്‍പത്തഞ്ച് വയസ്സ്.

Generated from archived content: vayanayute51.html Author: cl-jose

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here