നിരൂപകാചാര്യനായ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ ജന്മശതാബ്ദി വര്‍ഷമാണല്ലോ ഇത്(2003).അദ്ദേഹത്തെക്കുറിച്ചുള്ള ഒരുപാട് ഓര്‍മ്മകളും അനുഭവങ്ങളും എന്റെ മനസ്സില്‍ ഇന്നും പച്ചവിടാതെ നില്‍ക്കുന്നു. അത്തരം സ്മരണകളില്‍ ചിലതുമാത്രം ഞാനിവിടെ കുറിക്കട്ടെ.
മുണ്ടശ്ശേരി മാസ്റ്ററുടെ വീട് തൃശൂരിന്റെ കിഴക്കുഭാഗത്തുള്ള കിഴക്കുമ്പാട്ടുകരയിലെ ലൂര്‍ദ്ദ് പുരത്തു തന്നെ. അദ്ദേഹത്തിന്റെ വീടിന്റെ മുമ്പിലെ വലതുവശത്തുള്ള നാലാമത്തെ വീടാണ് എന്റേത്. അതിനര്‍ത്ഥം,നൂറടിപോലും അകലമില്ല എന്റേയും മാഷുടേയും വീടുകള്‍ തമ്മില്‍ . ഒഴിവു കിട്ടുമ്പോഴൊക്കെ മാഷെ കാണാനും അനുഭവസമ്പത്ത് ഏറെയുള്ള മാഷില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാനും ഞാന്‍ ശ്രമിക്കാറുണ്ട്.വീടിനു സമീപത്തുകൂടി കടന്നു പോകുമ്പോള്‍ മാഷ്,അവിടെയിരിക്കയാണെങ്കില്‍ “ഒഴിവുണ്ടോ മാഷേ?” എന്നു ഞാന്‍ ചോദിക്കും. “ങാ,ജോസ് വാ! എന്നു പറഞ്ഞ് എന്നെ ക്ഷണിക്കും. എന്നിട്ടു ദീര്‍ഘമായി അദ്ദേഹം സംസാരിക്കും. ഞാനാവട്ടെ, രവീന്ദ്രനാഥടാഗോറിന്റെ കഥയില്‍ കാബൂളിവാല കഥ പറയുമ്പോള്‍ കൗതുകത്തോടെ കേട്ടുകൊണ്ടിരിക്കുന്ന മിനിയെപ്പോലെ ആ അനുഭവങ്ങള്‍ കേള്‍ക്കാന്‍ കാതു കൂര്‍പ്പിച്ചിരിക്കും.
ഇത്രയൊക്കെ പരിചയമുണ്ടെങ്കിലും എന്റെയൊരു നാടകം അദ്ദേഹം പത്രാധിപരായ മംഗളോദയം മാസികയില്‍ പ്രസിദ്ധീകരിക്കണമെന്നു പറയാനോ എന്റെയൊരു നാടകം വായിച്ചുനോക്കി അഭിപ്രായം പറയണമെന്ന് അഭ്യര്‍ത്ഥികാനോ എനിക്കു ധൈര്യം വന്നിട്ടില്ല. ബഹുമാനത്തേകാളേറെ ഭയമായിരുന്നു എനിക്കദ്ദേഹത്തെ.
സാഹിത്യരംഗത്ത് ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞുവീശിയിരുന്ന നിരൂപണരംഗത്തു തന്റെ എതിരാളികളെ വെട്ടിനിരത്തിയിരുന്ന അദ്ദേഹം എന്റെ ഒരു നാടകം കൈയില്‍ കിട്ടിയാല്‍ തകര്‍ത്തുതരിപ്പണമാക്കുമോ എന്നൊരു ഭയം. അയല്പക്കസ്നേഹം മുറിയേണ്ടാ എന്നു വിചാരിച്ച് എന്റെ കലാസൃഷ്ടികളൊന്നും അദ്ദേഹത്തെ കാണിക്കാറില്ല.
എങ്കിലും ഞാനെഴുതിയതും പലസ്ഥലത്ത് അവതരിപ്പിച്ചു സമ്മാനം നേടിയതുമായ ‘ഒരു ചിത്രം പൂര്‍ത്തിയായി’ എന്ന ഏകാങ്കം ഒരു ദിവസം അദ്ദേഹത്തെ ഏല്പിച്ചു. ഒന്നു വായിച്ചു നോക്കണമെന്നും യോഗ്യമാണെങ്കില്‍ മംഗളോദയത്തില്‍ പ്രസിദ്ധീകരിച്ചാല്‍ കൊള്ളാമെന്നും പറഞ്ഞു. ഏകാങ്കം വാങ്ങിയെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല.രണ്ടാഴ്ച കഴിഞ്ഞു. “വായിച്ചോ?” എന്നു ചോദിക്കാന്‍ ധൈര്യമില്ല. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അടുത്തലക്കം മംഗളോദയത്തില്‍ അതു പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.
ഞാന്‍ ചെന്നു നന്ദിയും സന്തോഷവും അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഏകാങ്കം കൊള്ളാം.നന്നായിട്ടുണ്ട്. ജോസ് ധാരാളം ഇംഗ്ലീഷ് നാടകങ്ങള്‍ വായിക്കണം. വായിച്ചിട്ട് അവ അനുകരിക്കാനോ അപഹരിക്കാനോ അല്ല. വിദേശത്തെ നാടകകൃത്തുക്കള്‍ അവിടത്തെ പ്രശ്നങ്ങള്‍ അവിടത്തെ പശ്ചാത്തലത്തില്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു. എന്തൊക്കെ ടെക്നിക്കുകളുപയോഗിക്കുന്നുവെന്നു പഠിക്കുക. എന്നിട്ട് ആ ടെക്നിക്കുകളും മോഡലുകളും പ്രയോജനപ്പെടുത്തി ഇവിടത്തെ പ്രശ്നങ്ങളേയും ഇവിടത്തെ മനുഷ്യരേയും വച്ച് നാടകമെഴുതുക. ചുരുക്കത്തില്‍ ആ രചനാകൗശലങ്ങളും ഭാവനാരീതികളും ആവിഷ്കരണസമ്പ്രദായങ്ങളും മനസ്സിലാക്കുക. അതു ജോസിന് ഏറെ ഗുണം ചെയ്യും. ആ ഉപദേശം എനിക്ക് ഏറെ വിലപ്പെട്ടതായിരുന്നു.
സമസ്ത കേരളസാഹിത്യപരിഷത്തിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം. ഞാന്‍ നിര്‍വാഹക സമിതിയംഗവും. പരിഷത്തിന്റെ മീറ്റിംഗിന് എറണാകുളത്തേയ്ക്കു പോകുമ്പോള്‍ പലപ്പോഴും ഞങ്ങളൊന്നിച്ചാണ് പോയിരുന്നത്. അങ്ങോട്ടുമിങ്ങോട്ടും കാറിലിരുന്നുള്ള ആ യാത്രയില്‍ പല അനുഭവങ്ങളും ഞങ്ങള്‍ പങ്കു വയ്ക്കും. നിരൂപകപ്രമുഖനായ അദ്ദേഹം പാറപ്പുറത്തു വിതച്ച വിത്ത് എന്ന നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. അതേക്കുറിച്ചുള്ള ചര്‍ച്ചയും എന്റെ തുറന്ന അഭിപ്രായങ്ങളും ആ കാറിലിരുന്നു ഞങ്ങള്‍ നടത്തിയിരുന്നു.
1965 ല്‍ എന്റെ വിഷക്കാറ്റ് നാടകം തൃശൂര്‍ ടൗണ്‍ഹാളില്‍ അരങ്ങേറുന്നു. ഒരു നഴ്സും രണ്ടു ഡോക്ടര്‍മാരുമാണ് മുഖ്യകഥാപാത്രങ്ങള്‍ . മുണ്ടശ്ശേരി മാഷ് നാടകം ഉദ്ഘാടനം ചെയ്താല്‍ കൊള്ളാമെന്ന് എനിക്കൊരു മോഹം. പറയാന്‍ ധൈര്യക്കുറവ്. ഇതിനകം ഞാന്‍ ആറേഴ് നാടകങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു. എന്തായാലും ഒരു ദിവസം ഞാനാവശ്യം ഉന്നയിച്ചു. അദ്ദേഹം സസന്തോഷം സമ്മതിക്കുകയും ചെയ്തു. ടൗണ്‍ഹാളീലെ തിങ്ങി നിറഞ്ഞ സദസ്സില്‍ വെച്ച് അദ്ദേഹം ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. ഡോക്ടര്‍മാരും പത്രപ്രവര്‍ത്തകരും നഴ്സിങ്ങ് സ്കൂളിലെ സകല വിദ്യാര്‍ത്ഥിനികളും ഒട്ടേറേ സഹൃദയരുമടങ്ങിയ അഭിജാതമായ സദസ്സ്. പ്രേക്ഷകരുടെ കൂട്ടത്തില്‍ തകഴി, എം.ആര്‍.ബി. കാവാലം നാരായണപ്പണിക്കര്‍ തുടങ്ങിയവരുണ്ടായിരുന്നു. കാവാലം അന്ന് സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയായിരുന്നു.
ഉദ്ഘാടകനായ മുണ്ടശ്ശേരി മാഷ് നാടകം തീര്‍ന്ന ശേഷം ചെറിയൊരു ആസ്വാദന പ്രസംഗം നടത്തി. അദ്ദേഹം പറഞ്ഞു……..“ജോസ് ഇവിടെ ഒരു ജീവിതം അവതരിപ്പിച്ചിരിക്കയാണ്. നമ്മടെ ആസ്പത്രി ലോകത്ത് എന്തൊക്കെ നടക്കുന്നു. എന്നതിന്റെ ഒരു യഥാര്‍ത്ഥ ചിത്രം ഇതില്‍ കാണാം. ഈ ടൗണ്‍ഹാളില്‍ തടിച്ചുകൂടിയിട്ടുള്ള സദസ്സ് അതെങ്ങനെ ആസ്വദിക്കുന്നുവെന്ന് ഞാന്‍ നോക്കിയിരിക്കുകയായിരുന്നു. അവസാനരംഗം വരെ സദസ്സ് ഈ നാടകം സന്തുഷ്ടമനോഭാവത്തൊടെ ദര്‍ശിച്ചത് ഈ നാടകത്തിന്റെ വിജയത്തിന്റെ തെളിവാണ്. ജോസും സഹപ്രവര്‍ത്തകരും ഈ നാടകം ഏറെക്കുറെ ആസ്വാദനീയമായി പ്രദര്‍ശിപ്പിച്ചിരുന്നു.”
ഒരു മാസം കഴിഞ്ഞാപ്പോള്‍ കോട്ടയത്തെ എസ്.പി.സി.എസ്.ഈ നാടകം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം ഞാന്‍ മാഷെ സമീപിച്ചിട്ട് ഒരഭ്യര്‍ത്ഥന നടത്തി.“മാഷ് എന്റെ വിഷക്കാറ്റിന് ഒരവതാരിക എഴുതിത്തരണം.”
“നോക്കാം.ജോസ് നാടകത്തിന്റെ സ്ക്രിപ്റ്റ് കൊണ്ടു വരൂ. അതൊന്നു വായിക്കണം.”
സ്ക്രിപ്റ്റ് കൊണ്ടുപോയി കൊടുത്തു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു. “അവതാരിക എഴുതിയോ മാഷേ?”
“ഇല്ല. സ്ക്രിപ്റ്റ് ഒരു വട്ടം വായിച്ചു. ഇനി ഒന്നുകൂടി വായിക്കനം.”
ഞാന്‍ അദ്ഭുതപ്പെട്ടുപോയി. ദൈവമേ! നാടകം കണ്ടു. കൈയെഴുത്തുപ്രതി ഒരു പ്രാവശ്യം വായിച്ചു. ഇനി വീണ്ടും വായിക്കണമത്രേ.ഒരു അവതാരിക എഴുതാന്‍ ഇത്ര വലിയ പഠനമോ?
അതാണ് മുണ്ടശ്ശേരിയുടെ വ്യക്തിത്വം. അദ്ദേഹം എന്തെഴുതുന്നതും വളരെ ശ്രദ്ധിച്ചും സൂക്ഷിച്ചും ചിലതൊക്കെ സ്ഥാപിച്ചുമാണ്. പിന്നെയും ദിവസങ്ങള്‍ കടന്നുപോയി.അവതാരിക ആയില്ല. ഇതിനിടയ്ക്ക് കോട്ടയത്തുനിന്ന് എസ്.പി.സി.എസ്സിന്റെ സെക്രട്ടറി കാരൂര്‍ നീലകണ്ഠപ്പിള്ളയും ഡി.സി. കിഴക്കെമുറിയും അറിയിച്ചു. “പുസ്തകം അച്ചടി തീരാറായി. അവതാരിക ലഭിച്ചാല്‍ ഉടനെ പുസ്തകമിറക്കാം.”
ഞാനീ വിവരം മാഷോട് പറഞ്ഞു.
“ജോസ് നാളെ ഓഫീസു വിട്ടാല്‍ മംഗളോദയത്തിലേക്ക് വന്നോളൂ. അവതാരിക തരാം.”
ആശ്വാസമായി പിറ്റേന്ന് അഞ്ചര മണിയ്യോടെ ഞാന്‍ മംഗളോദയത്തിലേക്കു ചെന്നു. അപ്പോള്‍ തകഴി അവിടെ മുറ്റത്തു നില്‍ക്കുന്നു. മറ്റെന്തോ കാര്യത്തിനു തൃശൂര്‍ക്കു വന്നതാണ്.
“ജോസേ, നീ എന്തു പണിയാണീ ചെയ്യുന്നത്. നീ കാരണം എനിക്കു മാഷേ കാണാന്‍ പറ്റുന്നില്ലല്ലോ.”
“അയ്യോ ഞാനെന്തു പിഴച്ചു?”
“നിനക്കെന്തോ അവതാരിക എഴുതുകയാണെന്നും ഇപ്പോള്‍ കാണാന്‍ പറ്റില്ലെന്നും പരഞ്ഞു. എന്നോട് താഴെ നില്‍ക്കാന്‍ പരഞ്ഞിരിക്ക്യാ . മാഷ് പറഞ്ഞുകൊടുക്കുന്നത് പ്രേംജിയാണ് എഴുതുന്നത്.”
മാഷ് ടെ രചനാരീതി അങ്ങനെയാണ് . അദ്ദേഹത്തിന്റെ എല്ലാകൃതികളും അദ്ദേഹം ഡിക്റ്റേറ്റ് ചെയ്ത് മറ്റു ചില സഹൃദയര്‍ എഴുതിയവയാണ്. സ്വന്തം കൈയ്യക്ഷരത്തില്‍ അദ്ദേഹം എഴുതാറില്ല. പ്രസിദ്ധനായ പ്രേംജി അന്ന് മംഗളോദയത്തിലെ പ്രൂഫ് റീഡറായിരുന്നു.
അന്ന് എനിക്കു തന്ന പ്രൗഢമായ അവതാരികയില്‍ നാടകത്തെ നന്നായി പ്രശംസിച്ച കൂട്ടത്തില്‍ എന്നെ ശരിക്കും അളന്നും വിലയിരുത്തിയും എന്റെ അദ്ധ്വാനശീലത്തെ പുകഴ്ത്തിയും ചില വരികള്‍ മാഷ് കുറിക്കുകയുമുണ്ടായി. ആ വരികള്‍ ഈ പുസ്തകത്തില്‍ മറ്റൊരിടത്തു കൊടുത്തിട്ടുണ്ടെങ്കിലും വീണ്ടും അതിവിടെ എടുത്തു ചേര്‍ക്കുന്നു.
“എനിക്കു ശ്രീ.ജോസിനെ നേരിട്ടറിയാം. അന്യഥാ ജോലി ചെയ്തു ഭാരിച്ചൊരു കുടുംബജീവിതത്തിന്റെ പ്രാരാബ്ധങ്ങളുമായി മല്ലിടുന്നതിനിടയിലാണ് സാഹിത്യസേവനവും നടത്തിപ്പോരുന്നത് അദ്ദേഹം. നിരന്തരമായ പരിശ്രമം കൊണ്ടാണദ്ദേഹം ഒരെഴുത്തുകാരനായത്. ക്ലേശകര്‍ശിതമായ ജീവിതത്തിന്റെ ഒത്തനടുവില്‍ നിന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ തളരാത്ത പരിശ്രമശീലത്തെ ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിച്ചുകൊള്ളുന്നു.”
ശ്രീ സി എല്‍ ജോസിന്റെ ഓര്‍മ്മകള്‍ക്ക് ഉറക്കമില്ല എന്ന പുസ്തകത്തില്‍നിന്നും എടുത്ത ഒരു അധ്യായമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.
published by : madia house delhi
price :125.00
Generated from archived content: ormakal1.html Author: cl-jose