ഗാന്ധിജിയും രാഷ്ര്ടീയരാമനും

സേതുസമുദ്രം പദ്ധതി സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ സത്യവാങ്ങ്‌മൂലം “രാമരാജ്യം സ്വപ്നം കണ്ടിരുന്ന രാഷ്ര്ടപിതാവെന്ന്‌ ബഹുജനങ്ങൾ ആദരിക്കുന്ന മഹാത്മജിയെ നിരസിക്കുന്നതിനു തുല്യമാണെന്ന്‌” വരുത്തിതീർക്കാനായി ഗാന്ധിജിയെ വിവാദത്തിലേയ്‌ക്ക്‌ വലിച്ചിഴയ്‌ക്കാൻ ചിലരെങ്കിലും ശ്രമിച്ചു കാണുന്നുണ്ട്‌. ഇതു അങ്ങേയറ്റം ഗർഹണിയമാണെന്ന്‌ മാത്രമല്ല തെറ്റിദ്ധാരണ പരത്തുന്ന ദുരുപദിഷ്ട പരാമർശം കൂടിയാണ്‌.

രാമസേതുവും ഗാന്ധിജിയുടെ വിവക്ഷയിലുള്ള രാമനും തമ്മിൽ പുലബന്ധം പോലുമില്ലെന്നതാണ്‌ യഥാർത്ഥ്യം. ഗാന്ധിജിയുടെ റഹിം കൂടിയായ രാമൻ ജനനമരണങ്ങളുള്ള രാമായണത്തിലെ കഥാപുരുഷനായ രാമനല്ല. അതെക്കുറിച്ച്‌ ഗാന്ധിജി പറയുന്നത്‌ ഇങ്ങനെയാണ്‌. “എന്റെ രാമൻ, എന്റെ പ്രാർത്ഥന വിഷയമായ രാമൻ ദശരഥപുത്രനും അയോദ്ധ്യപതിയുമായ ചരിത്രപുരുഷനായ രാമനല്ല. അദ്ദേഹം അനശ്വരനാണ്‌, ജന്മരഹിതനാണ്‌, അദ്വിതിയനാണ്‌” (ഹരിജൻ 28.04.1946). മാത്രമല്ല അതു അദ്ദേഹത്തിനു സത്യത്തിന്റെ നാമധേയം കൂടിയാണ്‌. അതുകൊണ്ടാണു സത്യം ദൈവം എന്നിവയ്‌ക്കു പകരം സാധാരണക്കാർക്ക്‌ മനസ്സിലാകുന്ന ഭാഷയിൽ രാമൻ എന്ന സരളസംജ്ഞ അദ്ദേഹം സ്വീകരിച്ചത്‌. അക്കാര്യം വിശദീകരിച്ചുകൊണ്ട്‌ ഗാന്ധിജി ഇങ്ങനെ എഴുതി. “രാമൻ എന്ന പദം ഉച്ചരിച്ചാൽ അനേകകോടി ഹിന്ദുക്കളെ പെട്ടെന്ന്‌ ആ പദം സ്പർശിക്കും. ദൈവം എന്ന വാക്കിന്റെ അർത്ഥം അവർക്ക്‌ മനസ്സിലാകുമെങ്കിലും സ്പർശിക്കാതെ പോകും”(യങ്ങ്‌ ഇന്ത്യ 01.06.1926).

കാലരഹിതനും രൂപരഹിതനും കളങ്കരഹിതനുമായ അദ്ദേഹത്തിന്റെ രാമനിൽ നിന്ന്‌ തികച്ചും വ്യത്യസ്തനാണ്‌ സംഘപരിവാറിന്റെ രാമനും ഗാന്ധിജിയുടെ രാമരാജ്യവിവക്ഷയും. “എന്റെ ഭാവനയിലുള്ള രാമരാജ്യം രാജാവിന്റെയും യാചകന്റെയും അവകാശങ്ങളെ ഒരുപോലെ സംരക്ഷിക്കുന്നു” എന്നു പ്രഖ്യാപിച്ച ഗാന്ധിജിയുടെ രാമരാജ്യസങ്കല്പവും ന്യൂനപക്ഷങ്ങൾക്ക്‌ ജീവിക്കാനുള്ള അവകാശംപോലും നിഷേധിക്കുന്ന ഗുജറാത്തു മോഡൽ രാമരാജ്യവും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധമാണുള്ളത്‌. ഭേദവിചാരം അസ്തമിക്കുമ്പോൾ അനുഭൂതമാകുന്ന സ്വാതന്ത്ര്യത്തിന്റെ പരമകാഷ്‌ഠയാണു ഗാന്ധിജിയുടെ രാമരാജ്യം അഥവാ ദൈവരാജ്യം. അതു വില്ലുകുലച്ച്‌ രൗദ്രഭാവത്തോടെ കവലകളിലെ ഫ്ലക്സ്‌ ബോർഡിൽ നിലയുറപ്പിച്ചിട്ടുള്ള സംഘപരിവാറിന്റെ ആക്രമണോത്സുകനായ നീലരാമനല്ലെന്ന്‌ തീർച്ച. അക്കാരണത്താൽ അവകാശപ്പെടുന്നതുപോലെ അവർക്ക്‌ രാമഭക്തരാകാനും കഴിയുകയില്ല. കാരണം അദ്ദേഹത്തിന്റെ “രാമഭക്തൻ ഗീതയിലെ സ്ഥിതപ്രജ്ഞനാണു” (ഹരിജൻ 26.9.47)

ഭഗവത്‌ഗീതയിലെ സ്ഥിതപ്രജ്ഞന്റെ ലക്ഷണം വിവരിച്ചുകൊണ്ട്‌ ഗാന്ധിജി എഴുതുന്നു. “സകല കാമങ്ങളും പരിത്യജിച്ച്‌ തന്റെ തന്നെ അന്തരാത്മാവിൽ സന്തുഷ്ടനായിരിക്കുന്നവനെ സ്ഥിരചിത്തനെന്നോ, സ്ഥിരബുദ്ധിയെന്നോ, സ്ഥിരപ്രജ്ഞനെന്നോ, സമാധിസ്ഥനെന്നോ പറയുന്നു”. ഇത്തരം സമാധിസ്ഥരല്ലല്ലോ ത്രിശൂലവും കുറുവടിയുമായി നടക്കുന്ന ആധുനാധുന രാമഭക്തന്മാർ.

രാമസേതു ഒരു ഭൂഗർഭ പ്രതിഭാസമാണ്‌. പ്രകൃതി പ്രതിഭാസങ്ങളെ അടിസ്ഥാനമാക്കി മിത്തുകൾ രൂപം കൊള്ളാറുണ്ട്‌. പക്ഷെ മിത്തുകൾ ചരിത്രമല്ല. ചരിത്രം മിത്തുമല്ല. അതുപോലെ വിശ്വാസം ചരിത്രവുമല്ല. വിശ്വാസത്തിനു ചരിത്രമാകാനും കഴിയില്ല. അച്ഛന്റെ നുണയാണ്‌ മകന്റെ വിശ്വാസം. പ്രസ്തുത വിശ്വാസത്തിനു വഴികാട്ടിയാവാൻ കഴിയുമെന്നതാണ്‌ മിത്തിന്റെ സവിശേഷത. ഇതാണ്‌ ശങ്കരാചാര്യരെക്കുറിച്ച്‌ പറയുമ്പോൾ പ്രസ്താവിക്കുന്ന ഒരൈതിഹ്യത്തിന്റെ സ്ഥിതി. അദ്ദേഹത്തിന്റെ അമ്മയ്‌ക്ക്‌ കുളിക്കാൻ സൗകര്യപ്പെടുമാറ്‌ പുഴ ഗതിമാറി ഒഴുകി എന്നതാണത്‌. ഇതെക്കുറിച്ച്‌ അന്വേഷിച്ചാൽ ചെന്നെത്തുന്നതു എട്ടാം നൂറ്റാണ്ടിൽ ചാലക്കുടി പുഴ ഗതി മാറി ഒഴുകി എന്ന മറ്റൊരു ഐതിഹ്യത്തിലാണ്‌. ഇതിൽ അല്പം യാഥാർത്ഥ്യമില്ലാതില്ല. വസ്തുതകളിൽ ഭാവനയും അതിശയോക്തിയും കടന്നുകൂടുമ്പോൾ അതു മിത്തായിമാറുന്നു. വിവിധ വിജ്ഞാനസരണികളുടെ അന്യൂനമായ തെളിവുകളുടെ പിൻബലമുള്ള രേഖാ സാകല്യമാണ്‌ ചരിത്രം. അതു വിശ്വാസത്തിനനുസൃതമായി രാഷ്ര്ടീയകളികൾക്കായി വളച്ചൊടിക്കുമ്പോൾ വികലമാക്കപ്പെടുന്നതു സത്യവും വസ്തുതകളുമാണ്‌. വിശ്വാസം വിശ്വാസവും, ചരിത്രം ചരിത്രവുമാണ്‌. “ഞാൻ ആരാധിക്കുന്ന രാമൻ, എന്റെ സങ്കല്പത്തിലുള്ള രാമൻ സമ്പൂർണ സത്തയാണ്‌ ചരിത്രപുരുഷനല്ല” എന്ന്‌ ഗാന്ധിജി പ്രഖ്യാപിച്ചതിലൂടെ സുവ്യക്തമാക്കപ്പെടുന്നതു ഈ വസ്തുതയാണ്‌.

ഐതിഹ്യങ്ങളും പുരാണങ്ങളും കല്പിതകഥകളാണ്‌. ഓണത്തെ സംബന്ധിച്ച കഥകൾ പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടുന്നതാണ്‌. വാമനന്റെ (തൃക്കാക്കരപ്പൻ) തൃക്കാക്കരയും മഹാബലിയുടെ പാതാളവും എറണാകുളത്തിനടുത്ത ചില സ്ഥലങ്ങളാണ്‌. പരശുരാമൻ മഴുവെറിഞ്ഞ്‌ സൃഷ്ടിച്ചതാണു കേരളം എന്നാണ്‌ കേരളപ്പഴമ പ്രഘോഷിക്കുന്നത്‌. എന്നാൽ വാമനാവതാരം അതിനു മുൻപാണു എന്നതാണ്‌ മറ്റൊരു കൗതുകം. അതായതു കേരളസൃഷ്ടിക്ക്‌ മുൻപായി ഓണം കേരളീയർ ആഘോഷിച്ചിരുന്നുവെന്ന്‌ നാം കരുതണമെന്ന്‌ സാരം! പുരാതന കാലത്തെ ചില സംഭവങ്ങളെ ധർമ്മോപദേശാർത്ഥം ഭാവന കലർത്തി വികസിപ്പിച്ചെടുത്തതാണ്‌ ഐതിഹ്യങ്ങളും പുരാണങ്ങളും. അതെല്ലാം സത്യാംശം തീരെ കുറഞ്ഞ തികഞ്ഞ കല്പിതകഥകളാണ്‌. അതുതന്നെയാണ്‌ അതിലെ കഥാപാത്രങ്ങളുടെ സ്ഥിതിയും. അക്കാര്യം സുവ്യക്തമാക്കുന്നതാണ്‌ ഭാരതമെഴുതിയിട്ടും തൃപ്തിപോരാതെ വന്നതിനെതുടർന്ന്‌ പൂർണ്ണസംതൃപ്തിക്കായി ഭാഗവതം രചിച്ച വ്യാസന്റെ ഈ സാക്ഷ്യമൊഴികൾ.

കഥാ ഇമസ്തേ കഥിതാ മഹീയസാം

വിതായ ലോകാഷ്‌ഠയശഃ പരേയുഷാം

വിജ്ഞാന വൈരാ ഗവിവശയം വിഭോ

വിചോവിഭ്രൂതിൾ നതു പരമാർത്ഥം (ഭാഗവതം 12-3-14)

(ലോകത്തിൽ പേരു കേൾപ്പിച്ച ഈ മഹാന്മാരുടെ കഥകൾ അങ്ങേക്ക്‌ ജ്ഞാനവും വൈരാഗ്യവും ഉണ്ടാകുന്നതിനുവേണ്ടി കെട്ടിച്ചമച്ചതാണ്‌. ഒന്നും സത്യമല്ല).

ഇതു തന്നെയാണു രാമായണകഥകളുടെ നിജസ്ഥിതിയും. പക്ഷെ കാര്യങ്ങൾ നന്നായി അറിയാവുന്ന രാമരാഷ്ര്ടീയ ഭക്തന്മാർ രാഷ്ര്ടീയലക്ഷ്യത്തെ മുൻനിറുത്തി “ഒന്നും സത്യമല്ലാത്തതിനെ ചരിത്രമാക്കാനാണ്‌ ശ്രമിക്കുന്നത്‌.

Generated from archived content: politics1_oct3_07.html Author: ck_sasi_kodungallur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English