ഹർത്താലിലെ ശവകാമുകതയും എട്ടുകാലിമമ്മൂഞ്ഞിമാരും

ചങ്ങനാശ്ശേരി എൻ.എസ്‌.എസ്‌ കോളേജിലെ വിദ്യാർത്ഥി (?) സംഘട്ടനത്തിനിടയിൽ ദാരുണമായി മരിച്ച എ.എസ്‌.ഐ ഏലിയാസിന്റെ മൃതദേഹം കണ്ട്‌ ഭാര്യയും മകളും അലമുറയിട്ടു കരയുമ്പോൾ, പുറത്തു രാഷ്ര്ടീയപാർട്ടികൾ അവരുടെ പതിവു പണിയായ ഹർത്താൽ ആസൂത്രണം ചെയ്യുകയായിരുന്നുവെത്രെ! മുൻപൊക്കെ ഒരാൾ മരിച്ചാൽ ശവസംസ്‌കാരത്തിനുള്ള ഏർപ്പാടുകളും, അക്കാര്യം ബന്ധുമിത്രാദികളെ അറിയിക്കലുമായിരുന്നു മരണത്തോടനുബന്ധിച്ച പ്രധാന പണി. ഇന്നിപ്പോഴതൊക്കെ മാറി. പരേതന്റെ രാഷ്ര്ടീയരക്തം പരിശോധിക്കലും ഹർത്താലിനുള്ള ആസൂത്രണവും അക്കാര്യം പത്രമാഫീസുകളെ അറിയിക്കലുമായി തീർന്നിരിക്കുകയാണു ഇത്‌. ചില പ്രദേശങ്ങളിൽ മരണ അറിയിപ്പ്‌ കൊണ്ടുപോകാനുള്ള ചുമതലയും അവകാശവും ചില ജാതിക്കാരിൽ നിക്ഷിപ്തമായിരുന്നെങ്കിൽ ഹർത്താൽ ആഹ്വാനത്തിനും, ജഡത്തിന്റെ ‘പൊതു പ്രദർശന’ത്തിനുമുള്ള ചുമതല രാഷ്ര്ടീയപാർട്ടികൾ ഏറ്റെടുത്തിരിക്കുകയാണ്‌. ശവം കണ്ടാലും കണ്ടില്ലെങ്കിലും നിർബന്ധമായും കരഞ്ഞിരിക്കണമെന്നതാണു അടിച്ചേല്പിക്കുന്ന ഇപ്പോഴത്തെ ഹർത്താലുകളുടെ ഉള്ളടക്കം.

എഴുപതുകളുടെ അന്ത്യപാദത്തോടെ രാഷ്ര്ടീയം ദുഷിച്ചു തുടങ്ങി. ജനാധിപത്യത്തെ കശാപ്പുചെയ്ത ഇന്ദിരാഗാന്ധിയും മകൻ സഞ്ജയ്‌ഗാന്ധിയുമാണിതിനു തുടക്കമിട്ടത്‌. ഇന്ദിരാഗാന്ധി ജനാധിപത്യ സംവിധാനത്തെ തകർത്തപ്പോൾ സഞ്ജയ്‌ രാഷ്ര്ടീയരംഗത്തെ ക്രിമിനവൽക്കരിക്കുകയായിരുന്നു. പിന്നിട്‌ വന്ന രാജീവ്‌ഗാന്ധിയും ഏറെക്കുറെ ആ വഴിക്കാണ്‌ നീങ്ങിയത്‌.

പാർലമെന്റിലെ പ്രതിപക്ഷനിരകളെ കൂകി വിളിച്ചും വിമർശനങ്ങളെ ഓരിയിട്ടും നിർവീര്യമാക്കാൻ അമ്മ നിയോഗിക്കപ്പെട്ട ‘ഷൗട്ടിംങ്ങ്‌ ബ്രിഗേഡി’ന്റെ തലവനായിരുന്നു നവാഗതനായിരുന്ന രാജീവ്‌. അതിനുശേഷം അദ്വാനിയുടെ രാമരഥം ഭാരതഭൂവിൽ ഉരുളാൻ തുടങ്ങിയതോടെ രാഷ്ര്ടീയരംഗം പൂർണ്ണമായും പേശിബലത്തിനു വഴിമാറി. അയോദ്ധ്യയിലെ ക്ഷേത്രനിർമ്മാണത്തിന്റെ പേരിൽ ഡൽഹിയിൽ അധികാരത്തിലെത്താൻ വേണ്ടി ന്യൂനപക്ഷങ്ങൾക്കെതിരെ പോർവിളി നടത്തി സാമാന്യ ജനസമൂഹത്തെ ക്രിമിനവൽക്കരിക്കുന്ന കർസേവയായിരുന്നു, രാമൻ നടന്നും രാവണൻ തേരിലേറിയും അദ്വാനി നടത്തിയ രഥയാത്ര. സഞ്ജയ്‌ഗാന്ധി തുടക്കം കുറിച്ച രാഷ്ര്ടീയത്തിലെ ക്രിമിനവൽക്കരണം അതിന്റെ പാരമ്യതയിലെത്തിയതു ബാബ്‌റി മസ്‌ജിദ്‌ ധ്വംസനത്തോടെയാണ്‌. ഇന്ദിരാഗാന്ധി ജനാധിപത്യത്തെ സ്വേച്ഛാനുസരണം കശാപ്പു ചെയ്തപ്പോൾ, രാജീവ്‌ഗാന്ധി പാർലിമെന്റിനെ കൂക്കി വിളിച്ച്‌ നിർവീര്യമാക്കിയപ്പോൾ, സഞ്ജയ്‌ഗാന്ധി തുടക്കം കുറിച്ച ക്രിമിനവൽക്കരണത്തിന്‌ ആക്കം കൂട്ടുകയായിരുന്നു കോൺഗ്രസ്സിനു ബദലായി വളർന്ന ബി.ജെ.പി. പിന്നീട്‌ അവർ അധികാരത്തിൽ വന്നപ്പോൾ പെട്രോൾ ബങ്കിൽ നിന്ന്‌ പുറത്തേക്ക്‌ ഒഴുകിയതു പെട്രോളായിരുന്നില്ല, അഴിമതിയുടെ ദുർഗന്ധം പുരണ്ട കോടികളായിരുന്നു – ഏകദേശം 2500 കോടിരൂപ. അങ്ങനെ മസിൽപവ്വറും മണിപവ്വറും ഇന്ത്യൻ രാഷ്ര്ടീയത്തിന്റെ അവിഭാജ്യഘടകമായി. അതിനു മകുടം ചാർത്തുന്നതായിരുന്നു ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയായ ഗുജറാത്തിൽ സുപ്രീം കോടതിയുടെ ഭാഷയിൽ പറഞ്ഞാൽ ‘അഭിനവ നീറോ’വിന്റെ നേതൃത്വത്തിൽ നടന്ന ഏകദേശം 2000 പേർ കൊല്ലപ്പെട്ട ന്യൂനപക്ഷ നരവേട്ട. അങ്ങനെ ദുഷിച്ചുനാറിയ രാഷ്ര്ടീയമണ്ഡലത്തിൽ മസിൽപവ്വറും മണിപവ്വറും മാത്രമല്ല കൊലപാതകവും പ്രവർത്തനഘടകമായി സ്ഥാനം പിടിച്ചു.

ഈ പശ്ചാത്തലത്തിൽ വേണം കയ്യൂക്കിന്റെ പ്രതീകമായി രാഷ്ര്ടീയത്തിൽ സ്ഥാനം പിടിച്ച ഹർത്താലിനെ വിലയിരുത്താൻ. ആരംഭത്തിൽ ഹർത്താൽ പ്രതിഷേധത്തിനുള്ള ഉപാധിയായിരുന്നു. ഇന്നിപ്പോളതു ഏതാനും മുഷ്‌ക്കന്മാർ ചേർന്ന്‌ ജനങ്ങളെ വെല്ലുവിളിക്കുന്ന തെമ്മാടിത്തത്തിന്റെ ശക്തിപ്രകടനമായി മാറിയിരിക്കുന്നു. ഭീകരവാദികളിൽ നിന്നു വ്യത്യസ്തമായി നാട്ടിൽ നടക്കുന്ന കൊലപാതകങ്ങളുടെ കർത്തൃത്വം ഏറ്റെടുക്കാൻ ആളുകളില്ലെങ്കിലും, ആര്‌ കൊല്ലപ്പെട്ടാലും ഇരകളുടെ രാഷ്ര്ടീയപിതൃത്വം ഏറ്റെടുക്കാൻ രാഷ്ര്ടീയ പാർട്ടികളുണ്ടെന്നതാണ്‌ മറ്റൊരു ദുരന്തം. മരിച്ചവർക്ക്‌ രാഷ്ര്ടീയമില്ലെങ്കിലും അവരെ രാഷ്ര്ടീയപ്രവർത്തകനാക്കി മാമോദീസ മുക്കാനും രക്തസാക്ഷിയാക്കാനും രാഷ്ര്ടീയകക്ഷികൾക്ക്‌ പത്രപ്രസ്താവന എന്ന ഒരു തുണ്ടുകടലാസേ വേണ്ടൂ. നാട്ടിലെ ഏതു സ്ര്തീ ഗർഭിണിയായാലും ‘അതു ഞമ്മളാണ്‌’ എന്ന്‌ വീരസ്യം പറഞ്ഞ്‌ മേനി നടിച്ച്‌ പിതൃത്വം ഏറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞിയുടെ റോളിലേക്ക്‌ രാഷ്ര്ടീയപാർട്ടികൾ അധഃപതിച്ചുകഴിഞ്ഞു. മൃഗങ്ങൾ രോഗംമൂലമോ, അപകടം മൂലമോ മൃതപ്രായരാകുമ്പോൾ അക്കാര്യം മണത്തറിഞ്ഞ്‌ കുറുനരികളും കഴുകന്മാരും ഇരയ്‌ക്ക്‌ സമീപം വട്ടമിടുന്നത്‌ ഡിസ്‌ക്കവറി, അനിമൽ പ്ലാനറ്റ്‌ ചാനലുകളിലെ ഒരു സാധാരദൃശ്യമാണ്‌. അതിനു സമാനമാണ്‌ മരിച്ചവരുടെ അല്ലെങ്കിൽ ആസന്നമരണസ്ഥരായവരുടെ രാഷ്ര്ടീയപിതൃത്വം ഏറ്റെടുക്കാൻ മുന്നോട്ടുവരുന്ന രാഷ്ര്ടീയപാർട്ടികളുടെ ശവകാമുകത.

ഇംഗ്ലീഷിൽ നെക്രോഫീലിയ എന്നു പറയുന്ന മനഃശാസ്ര്തസംജ്ഞയുടെ മലയാളപരിഭാഷയാണ്‌ ശവകാമുകത. രണ്ടുതരം നെക്രോഫീലിയകളുണ്ട്‌. ഒന്ന്‌, ലൈംഗികം- ഒരു സ്ര്തീയുടെ ശവത്തോട്‌ തോന്നുന്ന ലൈംഗികവികാരം. മറ്റേതു, ശവങ്ങൾ കൈകാര്യം ചെയ്യാനോ, അവയുടെ സാമീപ്യത്തിനോ, വികലമാക്കാനോ ഒക്കെയുള്ള ഹിംസാത്മക വികാരം. ബലപ്രയോഗത്തിലൂടെയോ അക്രമത്തിലൂടെയോ അല്ലാതെ ഒരു പ്രശ്നവും പരിഹരിക്കാനാവില്ല എന്ന വിശ്വാസമാണു മിക്ക നെക്രോഫൈലുകളേയും ഭരിക്കുന്ന ചിന്താഗതി. കയ്യൂക്കാണു ആദ്യത്തെയും അവസാനത്തെയും പരിഹാരമാർഗ്ഗം. ഇവർക്ക്‌ ജീവിതത്തോടുള്ള സമീപനം ക്രിയാത്മകമല്ല, നിഷേധാത്മകമാണ്‌. സഹതാപപൂർവ്വമായ കാഴ്‌ചപ്പാടേ ഇവർക്കുണ്ടാവില്ല. രണ്ടു സ്ര്തീകളിൽ ആരാണ്‌ യഥാർത്ഥ അമ്മ എന്നറിയാൻ കുട്ടിയെ മുറിക്കാൻ കൽപ്പിച്ച സോളമന്റെ വിധിയെ നെക്രോഫീലിയായുടെ ക്ലാസിക്‌ ഉദാഹരണമായിട്ടാണു മനശാസ്ര്തജ്ഞനായ എറിക്‌ ഫ്രോം കാണുന്നത്‌. മരണമാരണ വാർത്തകളിൽ താല്പര്യം കാണിക്കുന്ന നെക്രോഫൈലുകൾക്ക്‌ മരണവീടുകളും ശ്മശാനങ്ങളും സന്ദർശിക്കുന്നതിലാണ്‌ താല്പര്യവും സന്തോഷവും. അവർക്ക്‌ വർത്തമാനമോ ഭാവിയോ അല്ല ഭൂതകാലമാണ്‌ യാഥാർത്ഥ്യം. അവരെ ഭരിക്കുന്നതെല്ലാം മൃതപ്രായമായിരിക്കും. അവർക്ക്‌ ദർശനമായാലും രാഷ്ര്ടീയമായാലും ഭൂതകാലത്തിലുള്ളതിനാണ്‌ പവിത്രത. പുതിയ ഒന്നിനും വിലയില്ല. ഇരുണ്ട നിറങ്ങളാണു – കറുപ്പ്‌, ബ്രൗൺ, ആഷ്‌ – ഇവർക്കിഷ്ടം. പ്രസന്നമായ നിറങ്ങൾ ഇവർക്കിഷ്ടമേയല്ല. അഴുകിയ മാംസത്തോടും ദുർഗ്ഗന്ധത്തോടും ഇവർക്കുള്ള പ്രതിപത്തി ഒന്നുവേറെ തന്നെയാണ്‌. വലിഞ്ഞു മുറുകിയ മുഖപേശിയുള്ള ഇവരുടെ ചിരിപോലും കൃത്രിമമാണ്‌. ചിരിച്ചുകൊണ്ട്‌ സംസാരിക്കാനേ ഇവർക്കാവില്ല. കാരണം ചിരി ഹൃദയസ്പർശിയല്ല, ആസൂത്രിതമാണ്‌. ഇവരുടെ ചർമ്മത്തിനുമുണ്ട്‌ ഒരു പ്രത്യേകത. അതു വിളറി വരണ്ടതായിരിക്കും. വേഗതയോടും യന്ത്രങ്ങളോടുമുള്ള ആരാധന, സംസ്‌കാരധ്വംസനം, യുദ്ധത്തെ പവിത്രീകരിക്കൽ, സ്ര്തീവിദ്വേഷം എന്നിവ നെക്രോഫൈലുകളുടെ സ്വഭാവ വിശേഷങ്ങളാണ്‌.

ഇന്നിപ്പോൾ രാഷ്ര്ടീയരംഗം കൈയ്യടക്കിയിരിക്കുന്നത്‌ ഏതാണ്ട്‌ ഇപ്പറഞ്ഞ സ്വഭാവവിശേഷങ്ങളുള്ള ശവകാമുകന്മാരും എട്ടുകാലി മമ്മൂഞ്ഞികളുമാണ്‌. മുൻപൊക്കെ രാഷ്ര്ടീയ കൊലപാതങ്ങളും അതെ തുടർന്നുള്ള ഹർത്താലുകളും ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നെങ്കിൽ ഇന്നതു നിത്യസംഭവങ്ങളാണ്‌. സംസ്ഥാനത്തെ പഞ്ചായത്തുകളിൽ ഏതെങ്കിലുമൊന്നിൽ ഹർത്താലില്ലാത ഒരു ദിനമില്ലെന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്‌. നിത്യവും രാഷ്ര്ടീയ സംഘട്ടനം നടക്കുന്ന കൊടുങ്ങല്ലൂരിൽ ഗുണ്ടാലിസ്‌റ്റിൽ പെടുത്താൻ മേമ്പൊടിക്കുപോലും ഒരു ഗുണ്ടയില്ലത്രെ! വർദ്ധിച്ചുവരുന്ന രാഷ്ര്ടീയസംഘട്ടനങ്ങളും ദുർമരണങ്ങളും അതിനെ തുടർന്ന്‌ ജനങ്ങളുടെ സ്വൈരം കെടുത്തുന്ന ഹർത്താൽ എന്ന തെമ്മാടിത്തരവും രാഷ്ര്ടീയത്തിലെ ശവകാമുകതയുടെ ആധിക്യത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. ജനങ്ങൾ മണ്ടന്മാരാകുമ്പോൾ തെമ്മാടികൾ രാജ്യം ഭരിക്കുന്ന രാഷ്ര്ടമീമാംസകരുടെ മുന്നറിയിപ്പ്‌ സംഗതമാകുന്നതു ശവകാമുകന്മാരും എട്ടുകാലി മമ്മൂഞ്ഞിമാരും അരങ്ങ്‌ തകർക്കുന്ന ഈ പ്രകൃതത്തിലാണ്‌.

Generated from archived content: politics1_oct31_07.html Author: ck_sasi_kodungallur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English