മുഖ്യമന്ത്രി മായാവതിയുടെ സ്വത്തു 52 കോടിയാണത്രെ! 52 കോടിയിലേറെ സ്വത്തുള്ള നിരവധി മുഖ്യമന്ത്രിമാർ നമുക്കുണ്ടെങ്കിലും നിസ്വനായ ഒരാൾ ഇത്രയും ഭീമമായ സ്വത്തു ചുരുങ്ങിയ കാലയളവിനുള്ളിൽ സമ്പാദിച്ചതാണു നമ്മുടെയൊക്കെ ശ്രദ്ധ പിടിച്ചുപറ്റുംവിധം ഈ വാർത്തയ്‌ക്ക് അസാധാരണത്വം പകർന്നത്. പോസ്‌റ്റ് ആന്റ് ടെലിഗ്രാഫ് ജീവനക്കാരനായ പ്രഭുദയാലിനു ആകെ മക്കൾ ഒമ്പത്. ഏഴു പെണ്ണും രണ്ടാണും. അതിലൊന്നാണ് അധ്യാപികയായി ജീവിത വൃത്തിയാരംഭിച്ച മായാവതി. പെൺകുട്ടികളായാൽ ഇങ്ങനെ ശൂന്യതയിൽ നിന്ന് കോടികൾ സമ്പാദിക്കുന്ന മായാവതിയെപ്പോലെ ചുണയുള്ളവരായിരിക്കണമെന്നായിരിക്കും പെൺകുട്ടികളെ ഭാരമായി കരുതുന്ന അച്ഛനമ്മമാരുടെ മനസ്സ് മായാവതിയുടെ ധനസമ്പാദനപാടവം കാണുമ്പോൾ സ്വകാര്യമായി മന്ത്രിക്കുക. കാൻഷിറാമുമായി കണ്ടുമുട്ടിയതിനെ തുടർന്നാണ് കളക്ടറാകാൻ നടന്ന മായാവതിക്ക് കളക്ടറന്മാരെ ഭരിക്കേണ്ടവളാണെന്ന തിരിച്ചറിവ് ലഭിച്ചത്. അതിനെ തുടർന്ന് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചെങ്കിലും പച്ചതൊട്ടതു 1989ൽ ബനോറിൽ നിന്ന് ജയിച്ച് നിയമസഭയിലെത്തുന്നതോടെയാണ്. പിന്നീട് ഇതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല, അധികാരത്തിന്റെ കാര്യത്തിലും അഴിമതിയാരോപണങ്ങളുടെ കാര്യത്തിലും. 1995ൽ മുപ്പത്തിയൊമ്പതാമത്തെ വയസ്സിൽ മുഖ്യമന്ത്രിയായി. 1997ലെ രണ്ടാംമൂഴം ആറുമാസം മാത്രം. എന്നാൽ സമർത്ഥയായ രാഷ്ര്ടീയ കരുനീക്കങ്ങളിലൂടെ ഒരു മാസത്തിനകം വീണ്ടും മുഖ്യമന്ത്രിയായി. അതിനുശേഷം നാലാം തവണ മുഖ്യമന്ത്രിയാകുന്നതു ഇക്കൊല്ലം മേയിലാണ്. ചുരുക്കത്തിൽ 1989ൽ ആരംഭിച്ച രാഷ്ര്ടീയ യാത്ര 2007ലെത്തുന്ന 18വർഷം കൊണ്ട് ഈ 51കാരി സ്വന്തം പേരിൽ മാത്രം സമ്പാദിച്ച ആസ്തി 52 കോടി. ബിനാമി കൂടി കണക്കിലെടുത്താൽ ശതകോടി കവിയുമെന്നാണ് പിന്നാമ്പുറ സംസാരം.
1990 മുതൽ 2003 വരെ മായാവതി പ്രഖ്യാപിച്ച ആസ്തി 1.11 കോടിയുടേതാണെന്നാണ് ആദായ നികുതി വകുപ്പിന്റെ രേഖകൾ വെളിപ്പെടുത്തുന്നത്. എന്നാൽ യഥാർത്ഥസ്വത്ത് ഇതിന്റെ 300 ശതമാനവും ബന്ധുക്കളുടേത് 700 ശതമാനവും അധികമാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മുഖ്യമന്ത്രിയായിരുന്ന 1995-2003 കാലത്ത് പിതാവ്, മാതാവ് സഹോദരൻ മറ്റു ബന്ധുക്കൾ എന്നിവരുടെ പേരിൽ വാങ്ങിക്കൂട്ടിയ ബിനാമി സ്വത്തുക്കൾ 8.81 കോടിയോളം വരും. ഇതു കൂടാതെ കണക്കിൽപ്പെടാത്ത പണം നിക്ഷേപിച്ച സംഖ്യ 2.50 കോടിയും. ബന്ധുക്കളുടെ പേരിൽ 51 എക്കൗണ്ടുകളും അതിൽ മൊത്തം 4.84 കോടി നിക്ഷേപവുമുണ്ടെത്രെ. രാഷ്ര്ടീയ നേതാക്കളുടെ വരുമാനത്തിൽ കവിഞ്ഞ സ്വത്തും അവിഹിതസമ്പാദ്യവും രാഷ്ര്ടീയത്തിലും പാർട്ടിയിലും ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല. എമ്പ്രാനല്പം കട്ടുഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കുമെന്നാണല്ലോ പ്രമാണം. അതു തന്നെയാണ് ബഹുജൻ സമാജ്‌വാദി പാർട്ടിയിലും ഉത്തർപ്രദേശിലും സംഭവിച്ചിരിക്കുന്നത്. കണക്കിൽപ്പെടാത്ത പണവും അവിഹിത സമ്പാദ്യവും സമാന്തരസമ്പദ് വ്യവസ്ഥയ്‌ക്കും അധോലോക വാഴ്‌ചയ്‌ക്കും ഇടയാക്കുമെന്നതിനാൽ മറ്റേതു പാർട്ടികളേയും പോലെ മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയെയും ഉത്തർപ്രദേശ് രാഷ്ര്ടീയത്തെയും അടിമുടി ക്രിമിനൽവൽക്കരിച്ചിരിക്കുകയാണത്. ചോദ്യ കോഴ കേസിലാകട്ടെ, എം.പി. വികസനഫണ്ട് വിവാദങ്ങളിലാകട്ടെ, മനുഷ്യകടത്തിലാകട്ടെ, കൊലപാതകങ്ങളിലാകട്ടെ, അടിപിടികളിലാകട്ടെ, സ്ര്തീപീഡനങ്ങളിലാകട്ടെ ബി.ജെ.പിയെപോലെ ബി.എസ്.പി.യുടെ പങ്കും അദ്വിതീയമാണ്.
175 കോടി രൂപയുടെ താജ് ഇടനാഴിക കുംഭകോണ കേസുമായി ബന്ധപ്പെട്ട് മായാവതിയെ പ്രതിചേർത്തു സി.ബി.ഐ മുന്നോട്ടു പോകുമ്പോൾ ആസന്നമായ രാഷ്ര്ടപതി തിരഞ്ഞെടുപ്പ് മായാവതിയുടെ രക്ഷാകവചമായി മാറുകയാണുണ്ടായത്. രാഷ്ര്ടപതി തിരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങൾ നിർണ്ണയിക്കാൻ പോന്ന മായാവതിയെ അഴിമതി കേസിൽ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുവാദത്തിനുള്ള സി.ബി.ഐ അപേക്ഷ ഗവർണ്ണർ തള്ളിക്കളഞ്ഞുകൊണ്ടാണ് പ്രതിഭ പാട്ടിലിന്റെ വിജയത്തിനായി മായാവതിയുടെ സഹായം ഉറപ്പുവരുത്തിയതും ക്വത്‌റോച്ചിയെ രക്ഷിച്ചതുപോലെ മായാവതിയെ കേന്ദ്രം കുറ്റ വിമുക്തയാക്കിയതും. രാഷ്ര്ടപതിയായി പ്രതിഭാ പാട്ടീൽ തിരഞ്ഞെടുക്കപ്പെടുമെങ്കിൽ പ്രസ്തുത പരമോന്നത പദവിയുടെ പരിശുദ്ധിയെ കളങ്കപ്പെടുത്തുമാറ് അഴിമതിയുമായി കോൺഗ്രസ് അനുരഞ്ജനം ചെയ്തതിന്റെ ഫലമായി നേടിയെടുത്ത കുറ്റവാളി രാഷ്ര്ടീയത്തിന്റെ കളങ്കിത വിജയമായിട്ടേ, ഇതിനെ കാണാനാവൂ. 2003 വരെ മായാവതിയുടെ സ്വത്ത് 1.11 കോടിയായിരുന്നെങ്കിൽ ഇന്നിപ്പോഴതു 52 കോടിയായി വർദ്ധിച്ചിരിക്കുകയാണ്. ഇന്ത്യൻ രാഷ്ര്ടീയത്തിലല്ലാതെ ഇത്രയധികം മൂലധനവർദ്ധന തരുന്ന ഒരു മ്യൂച്ചൽഫണ്ടും ലോകത്തിലെവിടെയും ഇല്ലെന്നതു ഇന്ത്യൻ രാഷ്ര്ടീയ ഓഹരി വിപണിയുടെ സവിശേഷതയാണ്. കേന്ദ്രമന്ത്രിയായിരുന്ന ദിലീപ് സിങ്ങ് ജുദേവ് ഒരിക്കൽ കൈക്കൂലിവാങ്ങി കൊണ്ട് പറഞ്ഞത് ‘പണം ഈശ്വരനല്ല. പക്ഷെ അതു ഈശ്വരനേക്കാൾ ഒട്ടും താഴെയുമല്ല’ എന്നാണ്. അതായതു കൈക്കൂലിവാങ്ങുന്നതു ഈശ്വരനെ ഏറ്റുവാങ്ങുന്നതുപോലൊരു ഈശ്വരസേവയാണുപോലും. തൂണിലും തുരുമ്പിലും ഈശ്വരനുണ്ടെങ്കിൽ തീർച്ചയായും വാങ്ങുന്ന കൈക്കൂലിയിലും അതു കാണുമെന്നാണ് ലജ്ജ എന്നൊന്ന് തൊട്ടുതീണ്ടാത്ത ഈ രാഷ്ര്ടീയ വേദാന്തത്തിന്റെ ഉള്ളടക്കം.
ഇതു മായാവതിയുടെ മാത്രം കഥയല്ല. അപൂർവ്വം ചിലരൊഴിച്ചാൽ മൊത്തം രാഷ്ര്ടീയക്കാരുടെ കൂടി കഥയാണിത്. അഴിമതി നടത്തിയും കോഴ വാങ്ങിച്ചും കോടികൾ സമ്പാദിച്ച ബഹുസഹസ്രം രാഷ്ര്ടീയക്കാരിൽ ഒരാൾ മാത്രമാണ് മായാവതി. പഞ്ചാബ് മുഖ്യമന്ത്രി ബാദലും ഭാര്യയും മകനും സമ്പാദിച്ച 3500 കോടിയിൽ 78 കോടി രൂപ വരുമാനത്തിൽ കവിഞ്ഞ സ്വത്താണ്. അതുവച്ചു നോക്കുമ്പോൾ ഇവരുടെയൊക്കെ ഏഴയൽവക്കത്തുപോലും എത്താത്ത 108 രൂപയും നാല് ഗ്രാമിന്റെ മോതിരവുമുള്ള നമ്മുടെ ആന്റണി ഒരു രാഷ്ര്ടീയക്കാരനാകാനുള്ള യോഗ്യത എൻട്രൻസ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള മിനിമം ക്വാളിഫിക്കേഷൻ പോലുമില്ലാത്ത ബുദ്ധിഹീനനാണെന്ന് ആധുനിക രാഷ്ര്ടീയക്കാർ ആരോപിച്ചുകളഞ്ഞെന്നുവരും. 1000 രൂപ മാത്രം കൈവശമുള്ള അച്യുതാനന്ദന്റെ സ്ഥിതിയും തഥൈവ. സാമ്പത്തിക ക്രമക്കേടും അഴിമതിയും നടത്തി പണം സമ്പാദിച്ചുവെന്ന ആരോപണത്തെ തുടർന്ന് ദീർഘകാലം രാജ്യസഭാമെമ്പറും ഉപാധ്യക്ഷയുമായ നജ്‌മാ ഹെപ്‌ത്തുള്ള ഇപ്പോൾ സി.ബി.ഐ പ്രതിക്കൂട്ടിലാണ്. 10000 കോടിയുടെ വ്യാജ മുദ്രപത്രം കുംഭകോണത്തിന് 100 കോടി രൂപയുടെ പിഴക്കും 13 വർഷത്തെ കഠിന തടവിനും ശിക്ഷിക്കപ്പെട്ട തേൽഗിക്ക് കേന്ദ്രമന്ത്രി പവാർ, മാഹാരാഷ്ര്ട ഉപമുഖ്യമന്ത്രി ഭുജ്‌ബെൽ, കർണ്ണാടക മുൻമന്ത്രി റോഷൻ ബെയ്‌ഗ് എന്നിവരുമായി അടുത്ത് ‘ബന്ധ’മുണ്ടെന്നാണു അയാൾ കുറ്റസമ്മതം നടത്തിയത്. ഈ വൻകുംഭകോണത്തിൽ പോലീസിനു മാത്രം തേൽഗി കൊടുത്ത കൈക്കൂലി 2000കോടിയാകുമ്പോൾ ദേശാഭിമാനിയിലെ വേണുഗോപാൽ മാതൃകയിൽ ‘ബന്ധ’മുള്ളവർ തട്ടിയെടുത്തതു എത്രയായിരിക്കുമെന്ന് തീരുമാനിക്കാൻ വായനക്കാരുടെ ഇംഗിതത്തിന് വിടുന്നു. മുംബൈയിലെ കോഹിനൂർ 421 കോടി രൂപയ്‌ക്ക് വാങ്ങിച്ചത് റിലയൻസോ ടാറ്റയോ, ബിർളയോ അല്ല, കേവലമൊരു രാഷ്ര്ടീയക്കാരനായ മുൻലോക് സഭാസ്പീക്കർ മനോഹർ ജോഷിയാണ്! വെറുമൊരു അധ്യാപകനായി റിട്ടയർ ചെയ്യേണ്ടിയിരുന്ന പ്രമോദ് മഹാജൻ അതുപേക്ഷിച്ച് രാഷ്ര്ടീയത്തിൽ കടന്നതോടെയാണ് കോടികളുടെ ബിനാമി സ്വത്തുക്കൾക്കുടമയായതും അതു അദ്ദേഹത്തിന്റെ വിനാശത്തിനു വഴിയൊരുക്കിയതും എന്നതു ഇത്തരുണത്തിൽ ശ്രദ്ധേയമാണ്.
മായാവതിയും ഫൂലൻദേവിയും ഷിഹാബുദ്ദീനും ഷിബു സോറനും ജീർണ്ണിച്ച ഇന്ത്യൻ രാഷ്ര്ടീയത്തിന്റെ പ്രതീകങ്ങളോ പരിച്ഛേദമോ ആണ്. ജയലളിതയും ലാലുവുമൊക്കെ അഴിമതിയുടെ അഴുക്ക് ചാലിൽ അഭിരമിച്ച് തടിച്ചു കൊഴുക്കുന്ന രാഷ്ര്ടീയ സൂകരങ്ങളാണ്. ഇവർക്ക് രസിക്കാനും സുഖിക്കാനും ധനസാമ്രാജ്യം വെട്ടിപ്പിടിക്കാനുള്ള കുറുക്കുവഴിയോ ഏണിയോ തോണിയോ ആണ് മറ്റേതു കോർപ്പറേറ്റഡ് ബിസിനസ്സിനേക്കാളും ലാഭം തരുന്ന റിസോർട്ട് രാഷ്ര്ടീയം. മെയ്‌ക്കരുത്തുള്ള ഏതാനും ഗുണ്ടകളും ഉളുപ്പില്ലാത്ത നാക്കുമുണ്ടെങ്കിൽ മുടക്കുമുതലില്ലാതെ ആർക്കും കൈയ്യേറി വെട്ടിപിടിക്കാവുന്ന പണം കായ്‌ക്കുന്ന അധികാരത്തിന്റെ ശാദ്വലഭൂമി. ജനസേവനമായിരുന്നു രാഷ്ര്ടീയ പ്രവർത്തനത്തിന്റെ ഉള്ളടക്കമെങ്കിൽ ജനങ്ങളെ ഉടലോടെ ഉള്ളിലോട്ട് സേവിച്ച് തടിച്ചു കൊഴുക്കാനുള്ള ധനവർദ്ധിനി മായാവതി ലേഹ്യമായി മാറിയിരിക്കുകയാണത്.
ദലിത്-ബ്രാഹ്‌മണ-മുസ്ലീം സമവാക്യങ്ങൾ തരാതരം പോലെ സമഞ്ജസമായി സമന്വയിപ്പിച്ച് അധികാരത്തിലെത്തിയ മായാവതിയുടെ മറ്റൊരു വിജയഗാഥയാണ് 18 വർഷംകൊണ്ട് സമ്പാദിച്ച 52 കോടിയുടെ ആസ്തികൾ. മായാവതിയുടെ ഈ സമ്പാദ്യ രാഷ്ര്ടീയലൈനാണ് ദേശാഭിമാനിയിലെ ഡെപ്യൂട്ടി ജനറൽ മാനേജർ വേണുഗോപാലും പിന്തുടർന്ന് നേടിയതും. ഈ പശ്ചാത്തലത്തിൽ വേണം 50000 കോടിയുടെ ആസ്തിയുള്ള ലോട്ടറി മാഫിയ തലവനായ മാർട്ടിനിൽ നിന്നും രണ്ടരകോടിയുടെ നിക്ഷേപം ദേശാഭിമാനി സ്വീകരിച്ചതിനെ കാണാൻ. വികസനത്തിനായി നിക്ഷേപങ്ങൾ സ്വീകരിക്കുന്നതു തെറ്റല്ല. പക്ഷെ അതിനായി ആരുടെ പണവും സ്വീകരിക്കാമെന്ന നിലപാട് അഭിസാരികയുടെ നിലാപടുപോലെ ചാരിത്രശുദ്ധിയില്ലാത്ത അവിയൽനയമാണ്. കേവലാർത്ഥത്തിൽ പണത്തിനു അശുദ്ധിയില്ല. പക്ഷെ തരുന്ന കരങ്ങളുടെ ശുദ്ധാശുദ്ധിക്കനുസരിച്ചാണ് അതിന്റെ ശുദ്ധിയും അശുദ്ധിയും. മാഫിയകളുടെ സ്വർണ്ണനാണയത്തേക്കാൾ സൂര്യതേജസ് പാവങ്ങളുടെ നാണയത്തുട്ടുകൾക്കാണെന്ന മൂല്യബോധമില്ലാത്തവർക്ക് സമ്പന്നനും പണ്ഡിതനും ഒരേസമയം സമാഗതരായാൽ ആരെ സ്വീകരിക്കണമെന്ന സമസ്യക്കുള്ള വേശ്യമാതാവിന്റെ ഉത്തരമായിരിക്കും ഏറെ അഭികാമ്യം.
സമ്പന്നനും രസികനും പുനരൊത്തുവന്നാൽ
സമ്പന്നരിൽ കുതുകമേറെ നടിച്ചിടേണം
എമ്പൈതലോ, പണമതിൻ മുകളിൽ പരുന്തു
മമ്പിൽ പറക്ക മകളേ ബഹുസിദ്ധമല്ലോ.
ആഗോളീകരണത്തിന്റെ ധനാധിപത്യ കാലഘട്ടത്തിൽ സമ്പന്നരിൽ ‘കുതൂകമേറെ നടിച്ചിടേണ’മെന്ന വൈശികനയമാണ് ഇടതുപക്ഷ രാഷ്ര്ടീയ കക്ഷികളും സ്വീകരിച്ചിട്ടുള്ളത്. എങ്കിൽ പിന്നെ ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള വ്യത്യാസമെന്ത്? ഇരുപക്ഷവും തമ്മിൽ വ്യത്യാസമില്ലെങ്കിൽ കുറുക്കുവഴിയിലൂടെ ജനങ്ങളെ കൊള്ളയടിച്ചും പൊതുഖജനാവ് കവർന്നും പണമുണ്ടാക്കാനുള്ള ഒരു മാർഗ്ഗം മാത്രമായി അധഃപതിച്ചിരിക്കുകയാണ് രാഷ്ര്ടീയമെന്നാണ് മായാവതിയും മാർട്ടിനിസ്‌റ്റ് പാർട്ടിയും കാണിച്ചു തരുന്നത്. അതിനുള്ള മറ മാത്രമാണ് ദലിത് വിമോചനം, ഗാന്ധിസം, കമ്മ്യൂണിസം, സാമൂഹ്യനീതി, സ്വരാജ്യസ്നേഹം എന്നൊക്കെയുള്ള പദാവലിക്കസർത്തുകൾ.
Generated from archived content: politics1_july4_07.html Author: ck_sasi_kodungallur
Click this button or press Ctrl+G to toggle between Malayalam and English