ന്യൂനപക്ഷ അവകാശ സംരക്ഷണാർത്ഥം എം.പിമാരേയും എം.എൽ.എമാരേയും ബഹിഷ്‌ക്കരിച്ചുകൊണ്ട് ഭരണകൂടത്തെ അട്ടിമറിക്കാനുള്ള രണ്ടാം വിമോചനസമര പുറപ്പാടിലാണല്ലോ ക്രൈസ്തവസഭ. യഥാർത്ഥത്തിൽ ക്രൈസ്തവർ ന്യൂനപക്ഷ അവകാശത്തിന് അർഹതയുള്ള ന്യൂനപക്ഷമാണോ കേരളത്തിൽ? മൂന്നുകോടി ജനസംഖ്യയുള്ള കേരളത്തിൽ ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ ക്രൈസ്തവരും മുസ്ലീംങ്ങളും ന്യൂനപക്ഷങ്ങളോ, അവകാശപ്പെടുന്നതുപോലെ ദുർബ്ബലരോ അല്ല. 2001ലെ സെൻസസ് പ്രകാരം 24.70 ശതമാനം മുസ്ലീങ്ങളും 19.03 ശതമാനം ക്രൈസ്തവരുമാണ് സംസ്ഥാനത്തുള്ളത്. എന്നാൽ 56.20 ശതമാനം വരുന്ന ഹിന്ദുക്കളാകട്ടെ അവരേക്കാൾ ഭൂരിപക്ഷമാകുന്നതു 9.81ശതാനം ദളിതരെയും 1.16 ശതമാനം ആദിവാസികളെയും 20.05 ശതമാനം ഈഴവരെയും 10.82 ശതമാനം വരുന്ന മറ്റു പിന്നാക്കക്കാരെയും അക്കൂട്ടത്തിൽ ചേർത്തതുകൊണ്ടു മാത്രമാണ്.
മുസ്ലീം, ക്രിസ്ത്യാനി, പാഴ്സി, ജൈനം, ബൗദ്ധം എന്നിവരൊഴിച്ച് മതമില്ലാത്ത ആദിവാസികൾ പട്ടികജാതിക്കാർ പിന്നാക്കക്കാർ തുടങ്ങിയ വർണ്ണത്തിനു പുറത്തുള്ള മുഴുവൻ പേരെയും ഹിന്ദുക്കളാക്കിയതു ബ്രിട്ടീഷുകാരാണ്. 41.84 ശതമാനം വരുന്ന സംസ്ഥാനത്തെ ഈ ഹൈന്ദവേതര അവർണ്ണ-ദലിത-പിന്നാക്കക്കാരെ ഒഴിവാക്കിയാൽ യഥാർത്ഥ ഹൈന്ദവ ജനസംഖ്യ 14.36 ശതമാനം മാത്രമാണ്. അതായതു ഹിന്ദുക്കൾ ക്രൈസ്തവരേക്കാളും മുസ്ലീങ്ങളെക്കാളും ജനസംഖ്യയിൽ കുറവാണെന്നർത്ഥം. ഈ പശ്ചാത്തലത്തിൽ ഇവിടെ ന്യൂനപക്ഷമെന്നു അവകാശപ്പെടുന്നവർ യഥാർത്ഥത്തിൽ ന്യൂനപക്ഷമല്ലെന്ന് മാത്രമല്ല ഭൂരിപക്ഷം കൂടിയാണ്; എണ്ണംകൊണ്ടും സമ്പത്തുകൊണ്ടും. അതാണു സാമൂഹ്യസമതുലനാവസ്ഥ തകിടം മറിക്കാനും സർക്കാരിനെ ധിക്കരിക്കാനുമുള്ള അവരുടെ ശക്തിസ്രോതസും അധികാരപ്രവണതയും.
സവർണ്ണർക്കും അവർണ്ണർക്കും കൂടി 194 സ്‌കൂളുകളും 42 കോളേജുകളും ഉള്ളപ്പോൾ മുസ്ലീങ്ങൾക്കും ക്രൈസ്തവർക്കും യഥാക്രമം 140ഉം 3200ഉം സ്‌കൂളുകളും 46ഉം 177ഉം കോളേജുകളുമാണുള്ളത്. വാണിജ്യം, വ്യവസായം, കൃഷി എന്നീ രംഗങ്ങളിലും ന്യൂനപക്ഷങ്ങളുടെ പങ്ക് ‘ഭൂരിപക്ഷ’ത്തിന്റേതിനേക്കാൾ ഇരട്ടിയിലേറെയാണ്. ചുരുക്കത്തിൽ ന്യൂനപക്ഷപദവിയുടെ മറവിൽ അവർ കൈവരിച്ച നേട്ടങ്ങൾ ഭൂരിപക്ഷത്തെ കവച്ചുവയ്‌ക്കുന്നതാണ്. എന്നാൽ മതപരമായ കാര്യത്തിൽ അമിതപ്രാധാന്യം കൊടുക്കുന്ന മുസ്ലീങ്ങളുടെ സാമൂഹ്യസ്ഥിതി തികച്ചും പരിതാപകരമാണെന്ന് പറയാതെയും വയ്യ.
കേരളത്തിൽ മുസ്ലീങ്ങളും ക്രൈസ്തവരും ഭൂരിപക്ഷമാണെങ്കിലും അവർ ന്യൂനപക്ഷമായതു രാജ്യത്തെ മൊത്തം ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തിയത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 13.40 ശതമാനമാണ് മുസ്ലീങ്ങളെങ്കിൽ ക്രൈസ്തവർ 2.30 ശതമാനം മാത്രമാണ്. ഇതനുസരിച്ചാണു സംസ്ഥാനത്തു അവർ ഭൂരിപക്ഷമാണെങ്കിലും കേരളത്തിൽ ന്യൂനപക്ഷമായത്. അതാതു സംസ്ഥാനത്തെ ജനസംഖ്യയ്‌ക്കനുസൃതമായിട്ടായിരിക്കണം മതന്യൂനപക്ഷങ്ങളെ നിശ്ചയിക്കേണ്ടത് എന്ന തത്വം അംഗീകരിക്കുകയാണെങ്കിൽ ഈ വൈരുദ്ധ്യം പരിഹരിക്കാവുന്നതാണ്. അങ്ങനെ വരുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ മതക്കാരായ ക്രൈസ്തവരും മുസ്ലീങ്ങളും പല സംസ്ഥാനങ്ങളിലും ഭൂരിപക്ഷമതക്കാരായി മാറുമെന്നതാണ് വസ്തുത. ജമ്മുകാശ്‌മീരിലും ഉത്തർപ്രദേശിലും കേരളത്തിലും മുസ്ലീങ്ങൾ ന്യൂനപക്ഷങ്ങളല്ലാതായി മാറുമ്പോൾ കേരളത്തിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ക്രൈസ്തവർ ഭൂരിപക്ഷങ്ങളായി മാറും. പഞ്ചാബിലും, കാശ്മീരിലും, വടക്ക് കിഴക്കൻ പ്രദേശങ്ങളിലും ഹിന്ദുക്കൾ ന്യൂനപക്ഷമാകുകയും ചെയ്യും. ഇത്തരത്തിലുള്ള ന്യൂനപക്ഷ പുനർനിർവ്വചനം കൊണ്ടു മാത്രമേ ജനസംഖ്യാനുപാതികമായ സാമൂഹ്യനീതിയും സമതുലനാവസ്ഥയും കൈവരുത്താനും ന്യൂനപക്ഷ അവകാശങ്ങളുടെ ദുരുപയോഗം തടയാനും സാധിക്കൂ.
ഒന്നുകൂടി പറയട്ടെ, അയിത്തക്കാർക്കും അവർണ്ണർക്കും വിദ്യാഭ്യാസം കൊടുത്തതു മിഷനറിമാരാണെന്ന വസ്തുത നിഷേധിക്കാനാവില്ലെങ്കിലും പ്രസ്തുത വിദ്യാഭ്യാസം ഏറ്റുവാങ്ങാനായ ഒരു സാമൂഹ്യമനസ്സ് സൃഷ്ടിച്ചത് കേരളത്തിലെ ബൗദ്ധമതസംസ്‌കാര സ്വാധീനമാണ്. പള്ളിക്കൂടവും വിദ്യാഭ്യാസവും വൈദ്യവും ഉല്പതിഷ്ണത്വവും അവരുടെ സംഭാവനയാണ്. അവർ ഉഴുതിട്ട മണ്ണിൽ വിത്തുവിതയ്‌ക്കുകയാണു മിഷനറിമാർ ചെയ്തത്. നമ്മുടെ സാർവ്വത്രിക വിദ്യാഭ്യാസ പുരോഗതിക്ക് നാം കടപ്പെട്ടിരിക്കുന്നതു ബൗദ്ധസംസ്‌കാരത്തോടും അതിൽ മിഷനറിമാർ വിളക്കിച്ചേർത്ത ശാസ്ര്തീയ വിദ്യാഭ്യാസ രീതിയോടുമാണ്. അടിച്ചമർത്തപ്പെട്ടവരെ ഉദ്ധരിക്കാനുള്ള മിഷനറിമാരുടെ ക്രൈസ്തവ പ്രതിബദ്ധതയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇപ്പോഴത്തെ ക്രൈസ്തവ മേലധ്യക്ഷന്മാരുടെ പ്രതിലോമപരമായ ധനാർത്തിയും സാമൂഹ്യനീതിയെ വെല്ലുവിളിക്കുന്ന ക്രൈസ്തവവിരുദ്ധ സ്വാശ്രയനിലപാടും.
ഉത്തർപ്രദേശിലെ മുസ്ലീങ്ങൾ ന്യൂനപക്ഷമല്ലെന്ന കോടതിവിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ഭൂരിപക്ഷത്തിന് വിനയായി മാറിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ ന്യൂനപക്ഷങ്ങൾ എന്നറിയപ്പെടുന്ന ഭൂരിപക്ഷത്തിന് അതിനർഹതയുണ്ടോ എന്ന് ചർച്ച ചെയ്യപ്പെടേണ്ടതാണ്. പ്രത്യേകിച്ചും, ന്യൂനപക്ഷത്തെ നിശ്ചയിക്കേണ്ടതു അഖിലേന്ത്യാ ജനസംഖ്യയനുസരിച്ചല്ല, സംസ്ഥാനനിലവാരത്തിലാണെന്ന യുക്തിസഹമായ കാഴ്‌ചപ്പാടിനു പ്രാമുഖ്യം ലഭിക്കുമ്പോൾ.
Generated from archived content: politics1_july19_07.html Author: ck_sasi_kodungallur
Click this button or press Ctrl+G to toggle between Malayalam and English