മൂന്നു ചൈനീസ്‌ കവിതകൾ


ജീവിതം – വാങ്ങ്‌ഗുവോഷാ

നിങ്ങൾ സന്തോഷത്തെ സ്വീകരിക്കുമ്പോൾ
യാതനകളെയും സ്വീകരിക്കേണ്ടതുണ്ട്‌
സമചിത്തനായ്‌ വാഴുമ്പോൾ
വിഭ്രാന്തിക്കും നിങ്ങളടിപ്പെടാം.
നിങ്ങളൊരാളെ കീഴടക്കുമ്പോൾ
നിങ്ങളും കീഴടക്കപ്പെടുന്നുണ്ട്‌.
ഒരു ചുവട്‌ മുന്നേറുമ്പോൾ
ഒരു ചുവട്‌ നഷ്‌ടമാകുന്നുണ്ട്‌
പ്രഭാതത്തെ പുണരാൻ വെമ്പുന്ന
നിങ്ങൾക്കെങ്ങിനെയാണ്‌
സായന്തനത്തെ നിരസിക്കാനാവുക.


ശരത്‌കാലം – ഫാങ്ങ്‌ബിങ്ങ്‌

കൊഴിഞ്ഞ ഇലകൾ
നിമിഷം തോറും
എന്റെ ജാലകത്തിലുരുമ്മി
താഴേക്കു പതിക്കുന്നു
കാറ്റിന്റെ വിളയാട്ടംപോൽ
വാതിൽ ഞരങ്ങിതുറന്നു
വന്നതെന്റെ അയൽക്കാരന്റെ
മൂന്നുവയസ്സുപുത്രി
ഇരുകൈകളിൽ തുടുത്ത ആപ്പിൾ
അവൾ പിടിച്ചിരുന്നു
അതവൾ എനിക്കു നല്‌കി.


വൃദ്ധകന്യക – ഷാങ്ങ്‌യി

ഒരുനാൾ നീ കടൽക്കരയിലൂടെ
ചന്ദ്രനെ കൈകുമ്പിളിലാക്കാനോടി
ഒരുനാൾ നീ പെരുംകാട്ടിലിരുന്ന്‌
സൂര്യനെ പുണരാനായി പാട്ടുപാടി
എന്നാലോ-
ഒരുതുളളി ശരത്‌കാല മഴ
പൊഴിഞ്ഞപ്പോൾ
സൂര്യനും ചന്ദ്രനും
മഴയിൽ കുതിർന്നലിഞ്ഞു
അനേകവർഷങ്ങൾ പൊഴിഞ്ഞു
ആരുമറിയാതെ
നീ രഹസ്യമായ്‌ സൂക്ഷിച്ച
നിന്റെ കണ്ണുനീർ
ഉപ്പായുരുകുന്നു
അഗ്നിയാളുന്ന നിന്റെ
പാദസ്‌പർശമേറ്റ്‌
പച്ചപുൽമേടുകൾ
വെണ്ണീറായി ! !

(അവലംബം – ചൈനീസ്‌ ലിറ്ററേച്ചർ മാസിക)

Generated from archived content: poem1_june24_08.html Author: ck_madhu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here