മന്ത്രിയും തന്ത്രിയും പിന്നെ പോലീസും

ദേവസ്വം മന്ത്രിയുടെ ദുർവാണി കേട്ട്‌ സഹികെട്ട യോഗക്ഷേമ ഉപസഭ അദ്ദേഹത്തിന്‌ മനഃസുഖമുണ്ടാകാൻ ത്രികാല പൂജ നടത്തിയത്രേ! പക്ഷെ ഇതൊന്നും ഏശുന്ന ഹിരണ്യകശപുവല്ല അദ്ദേഹമെന്നതു വേറെ കാര്യം. എന്നാൽ ഹിരണ്യകശപുവിനെപ്പോലെ വിടുവായത്തങ്ങൾ തുടരുന്ന അദ്ദേഹത്തെ ഇതുകൊണ്ടൊന്നും തളയ്‌ക്കാനായിട്ടില്ല എന്നതിനാൽ ഒരു കാര്യം ഉറപ്പിക്കാം, പൂജകൾ വ്യർത്ഥങ്ങളാണെന്ന്‌. ഗണപതിഹോമം, വേദമന്ത്രാർച്ചന, ലളിതോപാഖ്യാനം, ദ്വാദശാക്ഷരി, പഥികൃത്ത്‌, ലളിതസഹസ്രനാമം എന്നീ മന്ത്രാർച്ചനകളാണു മന്ത്രിക്ക്‌ സൽബുദ്ധി തോന്നാൻ തന്ത്രി പഴങ്ങാപറമ്പ്‌ നന്ദകുമാരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തിയ ബൃഹത്‌പൂജകൾ. ഈ മന്ത്രപൂജകൾ മന്ത്രിയുടെ മനോഗതിയിലോ, വാണിയിലോ കാര്യമായ ഫലമുളവാകാത്തതിനാൽ ഇത്തരം പൂജകൾ ജനങ്ങളെ കബളിപ്പിക്കുന്ന തന്ത്രിമാരുടെ ഉദരപൂരണത്തിനുള്ള വേലത്തരങ്ങളാണെന്നാണ്‌ തെളിഞ്ഞിരിക്കുന്നത്‌. അഥവാ അവയ്‌ക്ക്‌ എന്തെങ്കിലും ശക്തിയുണ്ടെങ്കിൽ തന്നെ നിർലജ്ജരായ രാഷ്ര്ടീയക്കാർക്ക്‌ മുന്നിൽ മന്ത്രപൂജകൾ മാത്രമല്ല, സാക്ഷാൽ ദൈവം തമ്പുരാൻപോലും നിഷ്‌പ്രഭരാണെന്നും വ്യക്തമായിരിക്കുകയാണ്‌. ഒപ്പം പൂജകൾകൊണ്ട്‌ മാറ്റാവുന്നതല്ല മന്ത്രിയെ ബാധിച്ചിരിക്കുന്ന ‘അസുഖ’മെന്നും! യാദവകുലത്തിന്റെ വിനാശകനായ സാംബവനെപോലെ മന്ത്രിയെ പരിഹസിക്കാൻ നടത്തിയ മന്ത്രിപൂജ തന്ത്രിമാരെ തന്നെ തിരിഞ്ഞു കുത്തിയിരിക്കുകയാണ്‌, അവയുടെ നിഷ്‌ഫലത വെളിവായതോടെ.

‘മനഃസുഖ’മില്ലാത്ത മന്ത്രിയാകട്ടെ മന്ത്രിയുടെ കോലം കത്തിക്കൽപോലെ തികച്ചും നിർദോഷമായ ഈ പ്രതിഷേധ മന്ത്രിപൂജയുടെ വിശദാംശങ്ങളെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കാൻ ഡി.ജി.പിയോട്‌ കല്പിച്ചിരിക്കയാണുപോലും! നോക്കണേ, മന്ത്രിമാരുടെ കഥയില്ലായ്മ. നിരവധി കുറ്റകൃത്യങ്ങളുടെ അന്വേഷണചുമതല പേറുന്ന പോലീസിന്റെ വിലപ്പെട്ട സമയത്തിൽ, മന്ത്രിയുടെ ‘താളവട്ടം’ പരാതി അന്വേഷിക്കാനും സമയം കണ്ടെത്തണമെന്നതു ജനദ്രോഹം മാത്രമല്ല, രാജ്യദ്രോഹം കൂടിയാണ്‌. ഇതുപോലെ കാടാമ്പുഴക്ഷേത്രത്തിലെ പൂമൂടൽ വിവാദമായപ്പോൾ അതന്വേഷിക്കാൻ കോടിയേരി പോലീസിനോട്‌ അവശ്യപ്പെടുകയുണ്ടായി. പരപ്പനങ്ങാടി ഉണ്ണികൃഷ്ണപണിക്കരും കന്നടനടി ജയമാലയും ചേർന്നൊരുക്കിയ ‘ശബരിമല’ കപടനാടക ബാല അരങ്ങേറിയപ്പോഴും അക്കാര്യമന്വേഷിക്കാൻ പോലീസിനോട്‌ ദേവസ്വം മന്ത്രി ആവശ്യപ്പെട്ടതു സ്മരണീയമാണ്‌. നിരവധിക്കേസുകൾ തുമ്പില്ലാതെ എഴുതി തള്ളുമ്പോഴാണ്‌, മന്ത്രിമാരുടെ തൻ പ്രമാണിത്ത പ്രകടനത്തിനും മാടമ്പിത്തരത്തിനുമായി പോലീസിനെ ദുരുപയോഗപ്പെടുത്തുന്ന ഈ പരാതി – അന്വേഷണ കോപ്പരാട്ടികൾ. സർക്കാർ ഖജനാവ്‌ മന്ത്രിമാരുടെ ഹാസ്യകലാപരിപാടിക്കായി മലർക്കെ തുറന്നിടുന്നതും പോലീസിനെ ഭൃത്യഗണങ്ങളെപ്പോലെ പൊന്നുതമ്പുരാക്കന്മാരുടെ കഥയില്ലായ്മയ്‌ക്ക്‌ വെള്ളപൂശാൻ ദുരുപയോഗപ്പെടുത്തുന്നതും ഗർഹണീയമാണെന്ന്‌ പറയാതെവയ്യ.

Generated from archived content: politics1_june13_07.html Author: ck_kodungalloor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here