ഓണവും നിലവിളക്കും അനിസ്ലാമികമോ?

മുസ്ലിങ്ങള്‍ ഓണം ആഘോഷിക്കുന്നതും പൊതുവേദിയില്‍ നിലവിളക്ക് കൊളുത്തുന്നതും അനിസ്ലാമികമല്ലെന്ന ഡോ. ഫസല്‍ഗഫൂറിന്റെ യഥാസ്ഥിത വീക്ഷണത്തെ തിരസ്ക്കരിക്കുന്ന പ്രസ്താവന ഒരടി മുന്നോട്ടുള്ള കാല്‍ വയ്പ്പാണ്. അതെസമയം മറ്റു ചിലരതിനെ എതിര്‍ത്തിട്ടുമുണ്ട്. നിലവിളക്ക് കൊളുത്തുന്നത് ദീപാരാധനയുമായും വിദ്യാരംഭം സരസ്വതി പൂജയുമായും ബന്ധപ്പെട്ട ആചാരമാണെന്നുമാണ് അവരുടെ വാദം അതിനാലത് അനിസ്ലാമികമാണെന്നും.

കര്‍ക്കിടകം ഒന്നു മുതല്‍ കന്നിയിലെ ആയില്യം മകം വരെ വിവിധ ജനവിഭാഗങ്ങള്‍ വൈവിധ്യത്തോടെ ആഘോഷിച്ചു പോരുന്ന ഓണത്തിനു ഇന്നത്തെ പൂണൂലിട്ട കൊമ്പന്‍ മീശക്കാരന്‍ കുടവയറന്‍ മാവേലിയുമായോ പുരാണത്തിലെ മഹാബലിയുമായോ ഒരു ബന്ധവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വേലരുടെ മാവേലിയും പറയുരുടെ മാവേലിയും ഒരു പിതൃബിംബമാണെങ്കില്‍ പാണരുടെ മാതേവര്‍ ഒരു സന്ദര്‍ശകന്‍ മാത്രമാണ്. മാതേവരുടെ ആണ്ടു പിറന്നാള്‍ സന്ദര്‍ശനമാണത്രെ ഓണം. എന്നാല്‍ മലങ്കുറവര്‍, മലവേടര്‍ എന്നിവര്‍ക്ക് കാരണവാരാധനയും ചിലര്‍ക്കത് വാമനപൂജയും വേറെ ചിലര്‍ക്ക് ബൗദ്ധാരാധാനയുമായി ബന്ധപ്പെട്ട ശ്രാവണോത്സവവും മറ്റു ചിലര്‍ക്ക് കൊയ്ത്തുത്സവവുമാണ്. ഇക്കാരണത്താ‍ല്‍ പ്രഹ്ലാദചിത്തരായ ആ ബാലവൃദ്ധം ജനങ്ങള്‍ ബഹുത്വത്തിന്റെ മതേതര മാനവിക സങ്കല്‍പ്പനങ്ങളെ നെഞ്ചിലേറ്റി ആഘോഷിക്കുന്ന ഋതുഭംഗി അനുഗ്രഹിച്ച ഉത്സവമാണ് ഓണം എന്നിരിക്കിലും ഈ കൂട്ടയ്മയില്‍ മത സ്പര്‍ശം ആരോപിച്ച് ഓണത്തിന് ആദ്യമായി വിലക്കേര്‍പ്പെടുത്തിയത് സുറിയാനികളാണെന്നാണ് 1599ലെ ഉദയം പേരൂര്‍ സുനഹദോസ് വെളിപ്പെടുത്തുന്നത്. ( മലയാളിയുടെ ഭൂതകാലങ്ങള്‍- ഓണവും സാമൂഹ്യഭാവനാലോകവും ഡോ. പി രണ്‍ജിത് പുറം 107) . എന്നാല്‍ , ഖുറാന്‍ അറബിയില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ പാടില്ലെന്ന മാമൂല്‍പ്രിയരുടെ വിലക്കിനെ ലംഘിച്ചപോലെ, സുറിയാനികളുടെ മേല്‍ ഏര്‍പ്പെടുത്തിയ നിരോധനത്തെ തള്ളിക്കളഞ്ഞു കൊണ്ട് ക്രിസ്തുമസ് കണക്കെ അവരും ഇന്ന് ഓണം ആമോദത്തോടെ ആഘോഷിക്കുന്നു!

പുറത്തെ ഇരുട്ടകറ്റുന്ന നിലവിളക്കും അകത്തെ ഇരുട്ടകറ്റുന്ന വിദ്യാരംഭവും അനിസ്ലാമികമാണെങ്കില്‍ സാമ്പാറ് കൂട്ടി ഊണു കഴിക്കുന്നതും ചമ്മന്തി കൂട്ടി ഇഡ്ഡലി കഴിക്കുന്നതും മലയാളം സംസാരിക്കുന്നതും എണ്ണ കാച്ചി തേക്കുന്നതും മതേതര സമൂഹത്തില്‍ ജീവിക്കുന്നതും ആയൂര്‍വേദ മരുന്നുകള്‍ ഉപയോഗിക്കുന്നതും എന്തിന് ‘’ഭാര്‍ഗ്ഗവക്ഷേത്ര‘’ ഭൂമിയില്‍ താമസിക്കുന്നതുപോലും അനിസ്ലാമികമണെന്ന് പറയേണ്ടി വരും. കുഞ്ഞാലിക്കുട്ടിക്കും കുഞ്ഞുമുഹമ്മദിനും കൊച്ചുമുഹമ്മദിനും കുഞ്ഞിബിവാത്തുവിനും ഇബ്രാഹിം കുട്ടിക്കും മതഭ്രഷ്ട് കല്‍പ്പിക്കേണ്ടി വരും. ഇന്ത്യയിലെ ആദ്യത്തെ പള്ളിയെന്നവകാശപ്പെടുന്ന കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദിലെ ആരാധ്യവസ്തു നിലവിളക്കാണെങ്കില്‍ അര്‍ച്ചന വെളിച്ചെണ്ണയാണ്. സമീപകാലത്ത് അവിടെ വിദ്യാരംഭത്തിന് കുട്ടികളെ എഴുത്തിനിരുത്തി വിദ്യയുടെ വെളിച്ചത്തിന് മതപരിവേഷമില്ലെന്ന് തെളിയിക്കുകയുണ്ടായി. എ. പി. ജെ അബ്ദുള്‍ക്കലാം രാഷ്ട്രപതിയായിരിക്കെ മസ്ജിത് സന്ദര്‍ശിച്ചപ്പോള്‍ പള്ളി ദാനം ചെയ്ത പള്ളിബാണപ്പെരുമാളിനോടുള്ള നന്ദി സൂചകമായി സാന്നിധ്യം കൊണ്ട് അധ്യക്ഷവേദി അലങ്കരിക്കാന്‍ സംഘാടകര്‍ ക്ഷണിച്ചത്. ‘ കൊടുങ്ങല്ലൂര്‍ നാടുവാഴിയുടെ’ പിന്മുറക്കാരായ കൊടുങ്ങല്ലൂര്‍ തമ്പുരാനെയാണ്.

സംസ്ക്കാരവും വ്യവഹാരിക ജീവിതവും വായു കടക്കാന്‍ അനുവദിക്കാത്ത ഇരുട്ടറകളല്ല. ആദാനപ്രദാനപ്രക്രിയയിലൂടെ വികസിതമായ പാരസ്പര്യത്തിന്റെയും മൈത്രിയുടേയും വികസ്വരസൂനമാണത്. അവകാശപ്പെടുന്നതുപോലെ ഇസ്ലാം ഏകശിലാമതമല്ല. അത് ചെന്നെത്തിയ രാജ്യങ്ങളിലെ ആചാരങ്ങളെയും ദേശസവിശേഷതകളെയും സ്വീകരിച്ചുകൊണ്ടാണ് ഭൂഖണ്ഡങ്ങളില്‍ വേരുറപ്പിച്ചിട്ടുള്ളത്. മലയാളക്കരയിലെ സ്ഥിതിയും വ്യത്യസ്തമല്ല. വ്യത്യസ്ഥമാകാനും പാടില്ല. മക്കയില്‍ നിന്നും മദീനയില്‍ നിന്നും ഇസ്ലാമിന്റെ കേന്ദ്രം ഡമാസ്ക്കസിലേക്കും ബാഗ്ദാദിലേക്കും പറിച്ചു നട്ടപ്പോഴാണ് ഇസ്ലാമിക സംസ്ക്കാരം അതിന്റെ അത്യുച്ചാവസ്ഥയില്‍ പ്രഫുല്ലമായത്. ശാസ്ത്രാഭിമുഖ്യവും സത്യാന്വേഷണവും മതേതരത്വവുമായിരുന്നു അതിന്റെ ജയപതാക. മതപരമായ സങ്കുചിത്വങ്ങളില്‍ കുടുങ്ങിക്കിടന്ന ഔറംഗസീബുമാരില്‍ നിന്ന് വ്യത്യസ്തമായി മഹാനായ അക്ബര്‍ മുതല്‍ എ. പി. ജെ അബ്ദുള്‍കലാം വരെയുള്ള വിവേകശാലികള്‍ അനുധാവനം ചെയ്ത ബാഗ്ദാദിലെ അബ്ബാ‍സിദുകളുടെ ശാസ്ത്രത്തിന്റെയും സമന്വയത്തിന്റെയും പാതയാണ് മാനവികത കാംക്ഷിക്കുന്നത്. അവിശ്വാസികള്‍ക്കെതിരെ പടനയിച്ച ഘസ്നിയിലെ മുഹമ്മദിന്റെ പാരമ്പര്യമല്ല ഇരുട്ടിനോട് പടവെട്ടി വെളിച്ചത്തിന്റെ നന്മകളെ സ്വാംശീകരിക്കുന്ന മനസ്സ് സ്വായത്തമാക്കുമ്പോഴാണ് മാനവമൈത്രി വിളക്കിച്ചേര്‍ത്ത ജീവിതം സമ്പന്നമാകുന്നതും ജനതതി ഏകോദരസഹോദരങ്ങളാകുന്നതും.

Generated from archived content: essay1_sep14_12.html Author: ck_kodungalloor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here