ഹിന്ദുലീഗും അഹിന്ദുക്കളായ ഈഴവരും

നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരെ ഹൈന്ദവകൊടിക്കീഴില്‍ അണിനിരത്തി ന്യൂനപക്ഷ മതസ്ഥരെ നേരിടാനുള്ള‍ മത-രാഷ്ട്രീയ ജനാധിപത്യ ശ്രമത്തിലാണ‍ല്ലോ എന്‍.എസ്.എസും എസ്.എന്‍.ഡി.പി. യും. ഇതവരുടെ മൂന്നാമൂഴമാണെന്നു തോന്നുന്നു. മുസ്ലീം ലീഗിന്റെ വര്‍ഗ്ഗീയവത്കരണത്തെ പ്രതിരോധിക്കാനായി സുകുമാരന്‍ നായരുടെയും വെള്ളാപ്പള്ളിയുടെയും മസ്തിഷ്ക്കത്തില്‍ വിരിഞ്ഞ താമരയാണ് ഹിന്ദുലീഗ്. ജാതിശ്രേണിയില്‍ ഏറ്റവും താഴ്ന്ന ശൂദ്ര വിഭാഗത്തില്‍പ്പെട്ട നായന്മാര്‍ സംബന്ധം കൊണ്ട് ക്ഷത്രിയ പദവി ലഭിച്ച ഹിന്ദുക്കളാണെന്നിരിക്കിലും ജാതിശ്രേണിക്ക് പുറത്തുള്ള നായാടി മുതല്‍ ഈഴവര്‍ വരെയുള്ള അധ:സ്ഥിതര്‍ എങ്ങനെ ഹിന്ദുക്കളാകും? ശിവഗിരി മഠം ഹിന്ദുമത സ്ഥാപനമല്ലെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിശേഷിച്ചും.

വൈദ്യവും തുണിനെയ്ത്തും കയറുപിരിയും ജ്യോതിഷവും അധ്യാപനവും കള്ളുചെത്തും തൊഴിലാക്കിയ ഈഴവര്‍ ഒരിക്കലും ഹിന്ദുക്കളായിരുന്നില്ല. കച്ചയും(തുണി)വടവും (കയറ്)വില്പന നടത്തി ഉപജീവനം കഴിച്ച ഈഴവരാണ് ‘കച്ചവട’ത്തിന്റെ ഉപജ്ഞാതാക്കള്‍. ഉല്പതിഷ്ണുത്വം നുരച്ചുപൊന്തുന്ന അവരുടെ രക്തത്തിനും പുരോഗമനാശയങ്ങളുടെ കലവറയായ അവരുടെ ചിത്തത്തിനും പുരോഗമനപ്രസ്ഥാനങ്ങളുടെ പതാകവാഹകരായ അവരുടെ ബാഹുവീര്യത്തിനും ഇഴയടുപ്പമുളളത് ജാതിവ്യവസ്ഥയാല്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ട പ്രതിലോമ സ്വഭാവമുള്ള ഹിന്ദുമതത്തോടല്ല അജ്ഞതയ്ക്കും അന്ധവിശ്വാസത്തിനും കിരീടമണിയിക്കാത്ത ബുദ്ധമതത്തോടാണ് . കേരളീയരുടെ പൂര്‍വ്വീകമതങ്ങള്‍ ജൈന-ബുദ്ധമതങ്ങളായിരുന്നല്ലോ. പ്രസ്തുത പൈതൃകത്തിന്റെ തിരുശേഷിപ്പുകളാണ് ഈഴവര്‍. എന്നാല്‍ ജൈന-ബുദ്ധമതങ്ങള്‍ ക്ഷയിച്ച് ബ്രാഹ്മണാധിപത്യം വേരുറപ്പിച്ചപ്പോള്‍ ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണമായ ചാതുര്‍വര്‍ണ്ണ്യം അംഗീകരിക്കാന്‍ വിസമ്മതിച്ച ഈഴവര്‍ ജാതി വ്യവസ്ഥിതിക്ക് പുറത്തുള്ള തീണ്ടല്‍ ജാതിക്കാരായി മാറി “ഭദ്രകാളിക്ക് കള്ളു ചെത്തി നല്‍കാന്‍ ” വേണ്ടി പരമശിവന്‍ ചൂണ്ടിക്കാണിച്ചുകൊടുത്ത “ഈ ഇവരാ”ണത്രെ ഈഴവര്‍ ! ഈഴവരെ തീണ്ടല്‍ ജാതിക്കാരാക്കി മറ്റിയതിന് ഉപോദ്ബലകമായി സവര്‍ണ്ണര്‍ രചിച്ച പുരാണ കഥാഭാഷ്യമാണിത്.

സമൂഹത്തില്‍ മാന്യതയോടെ ജീവിച്ചു പോന്ന ഈഴവരെ അധ:സ്ഥിതരാക്കിയതിന് ചരിത്രത്തില്‍ സമാനതയുള്ളത് സ്പെയിനിലെ യഹൂദര്‍ക്ക് സംഭവിച്ച പീഡനത്തോടും ദുര്യോഗത്തോടുമാണ് . ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ക്രൈസ്തവരാല്‍ ആട്ടിയോടിക്കപ്പെട്ട യഹൂദര്‍ക്ക് രക്ഷാഗേഹമായത് മുസ്ലീം സ്പെയിന്‍ മാത്രമാണ് . യൂറോപ്പ് മതാന്ധതയുടെയും അജ്ഞതയുടെയും അന്ധകാരത്തിലമര്‍ന്ന് കിടന്നിരുന്നപ്പോള്‍ യൂറോപ്പിലെ ഏകവിജ്ഞാന പ്രസരണഗോപുരം മുസ്ലീം സ്പെയിനായിരുന്നു. അതിന് നിദാനം യഹൂദര്‍ക്ക് അവിടെ ലഭിച്ച സര്‍വ്വതോത്മുഖമായ അംഗീകാരവും അതിനവര്‍ തിരിച്ചു നല്‍കിയ അളവറ്റ ധൈഷിണിക സംഭാവനകളുമാണ്. യഹൂദപ്രതിഭകള്‍ നല്‍കിയ വെള്ളവും വളവും വലിച്ചെടുത്ത് പോഷിതമായ മുസ്ലീം സ്പെയിനിന്റെ കഷ്ടകാലം ആരംഭിക്കുന്നത് ഒരു കൈയില്‍ കുന്തവും മറുകൈയില്‍ കൊന്തയുമായി കരുണാമയനായ കര്‍ത്താവിന്റെ പേരില്‍ കൊല്ലും കൊലയ്ക്കുമായി വന്ന ക്രൈസ്തവരുടെ തേര്‍വാഴ്ചയില്‍ രാജ്യം അമര്‍ന്നപ്പോഴാണ് അവര്‍, ക്രിസ്തുവിനെ കുരിശിലേറ്റിയവരെന്ന് ആരോപിക്കുന്ന യഹൂദരെ നിഷ്കരുണം കൊന്നൊടുക്കി ശേഷിച്ചവരെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റി. ഈഴവരെ തീണ്ടല്‍ ജാതിക്കാരാക്കിയ പോലെ ‘പന്നി’ എന്ന് ഇറ്റാലിയന്‍ ഭാഷയിലും ‘നിഷിദ്ധന്‍ ’ എന്ന് സ്പാനിഷിലും അര്‍ത്ഥം വരുന്ന മെറോനോ എന്ന പേരില്‍ അവരെ നികൃഷ്ട ജനതയാക്കി പാര്‍ശ്വവല്‍കരിച്ചു. ഷേക്സ്പിയറുടെ വെനീസിലെ വ്യാപാരി എന്ന കൃതിയിലെ ബസ്സാനിയോയും ഷൈലോക്കും തമ്മിലുള്ള സംഭാഷണത്തില്‍ സ്ഫുരിക്കുന്ന പുച്ഛവും നിന്ദയും യഹൂദരോടുള്ള ക്രൈസ്തവ ലോകത്തിന്റെ വിദ്വേഷ പ്രകാശനമാണ്.

ബ്രാമണരുടെ ജാതിശ്രേണിയിലെ സവിശേഷ ഔന്നിത്യത്തിനാല്‍ പ്രലോഭിതരായി നമ്പൂരി ഈഴവര്‍ ജാതിഹിന്ദുക്കളായി ചമഞ്ഞ് പൈതൃകം മറന്ന് മുസ്ലീം – ക്രൈസ്തവ സഹോദരരെ പ്രതിയോഗികളായിക്കണ്ട് നായാടാനായി തന്ത്രങ്ങള്‍ മെനയായി ശ്രമിക്കുന്നത് തല മറന്ന് എണ്ണ തേയ്ക്കുന്നതിന് തുല്യമാണെന്ന് മാത്രമല്ല ജാതിപിശാചിനെ കൂട്ടുപിടിച്ച് മാനവമൈത്രിയെ തകര്‍ക്കുന്ന ആത്മഹത്യാപരമായ സമീപനം കൂടിയാണ്. ജാതിയാല്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ട ഈഴവരാദിപിന്നാക്കാര്‍ക്ക് വിദ്യയുടെ വെളിച്ചം പകര്‍ന്നത് ജാതിഹിന്ദുക്കളല്ല, ഇതരമതസ്ഥരാണ്. “തൈലാദിവസ്തുക്കളശുദ്ധമായാല്‍ പൈലോതു തൊട്ടാലതു ശുദ്ധമാകുന്ന” കാലത്ത് അവരെ മനുഷ്യരായി അംഗീകരിച്ചതും,മാറ് മറയ്ക്കാന്‍ അനുവാദം നല്‍കിയതും ഹിന്ദുക്കളല്ല, ബ്രിട്ടീഷുകാരാണ്. അവര്‍ണ്ണര്‍ക്ക് പീഡനങ്ങള്‍ മാത്രം സമ്മാനിച്ച ചരിത്രമേയുള്ളൂ ജന്തുക്കളായ ഹിന്ദുക്കള്‍ക്ക്. ജാതിയും മതവും അതിന്റെ ദൈവങ്ങളും അവര്‍ണ്ണര്‍ക്കും പാവങ്ങള്‍ക്കും ഒരു ഗുണവും ചെയ്തിട്ടില്ല; പീഡനങ്ങളല്ലാതെ. എല്ലാ മതങ്ങളുടെയും ശ്രീകോവില്‍ നേര്‍ച്ചപ്പെട്ടികളാ‍ണ്. അതില്‍ വീഴുന്ന നാണയത്തുട്ടുകളാണ് ദൈവങ്ങളുടെ ദൈവം. സന്മാര്‍ഗ്ഗികതയും സമാധാനവും ധര്‍മ്മനിഷ്ഠയും സമൂഹത്തില്‍ അന്തര്‍ലീനമായ സ്വയം തിരുത്തല്‍ സംവിധാനമാണ്. അതില്‍ എപ്പോഴെങ്കിലും വിള്ളല്‍ വീണിട്ടുണ്ടെങ്കില്‍ അത് മതപരമായ സ്പര്‍ദ്ധകൊണ്ടും ജാതീയമായ ഉച്ചനീചത്വം കൊണ്ടാണെന്നും ചരിത്രം.

പൊള്ളയായ സാമൂഹ്യാന്തസ്സിനായി ഹിന്ദുക്കളാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഈഴവര്‍ ഹിന്ദുക്കളല്ല. ചാതുര്‍വര്‍ണ്ണ്യത്തിന്‍ പുറത്തുള്ള ബൗദ്ധ പൈതൃകം പേറുന്ന സ്വതന്ത്രസമുദായമാണത്. അക്കാര്യം മറന്ന് പൂണൂലിട്ടവരുടെ ഉയരത്തിനൊപ്പമെത്താന്‍ പൊയ്ക്കാലില്‍നിന്ന് പൊക്കം കൂട്ടാന്‍ ശ്രമിച്ചാല്‍ ചാത്തന്‍ എന്ന ദലിതന്‍ പേരുദോഷം മാറ്റാന്‍ ഗോപിയെന്ന പേരു സ്വീകരിച്ചെങ്കിലും വെളുക്കാന്‍ തേച്ചത് പാണ്ടാകും വിധം ചാത്തന്‍ഗോപിയെന്ന് വിളിച്ചതുപോലെ പരിഹാസ്യമായി മാറും.ഞാനും സര്‍പ്പചേട്ടനും കൂടി ഒരാളെ കൊന്നെന്ന ഞാഞ്ഞൂലിന്റെ വീരവാദം പോലെ അപഹാസ്യമാകും. ജാതി, പിശാചാണ് അതിനെ പുണരുകയല്ല, പുറന്തള്ളുകയാണ് വേണ്ടത്. മലയാളക്കരയിലെ സകലതിന്റെയും അവകാശികളായി ചമയുന്ന നായര്‍സൊസൈറ്റിയുടെ ലക്ഷ്യം ചട്ടമ്പിസ്വാമികളുടെ വിവക്ഷയിലുള്ള നായര്‍സ്ഥാനാണ് . അവരുടെ ഉന്നം എക്കാലത്തെയും പോലെ മതസ്പര്‍ദ്ധയാണ്. അതില്‍നിന്നും തികച്ചും വിഭിന്നമാണ് ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും, സോദത്വേന ജീവിക്കുന്ന ഗുരുവിന്റെ സാമൂഹിക ജീവിത വിവക്ഷ. അതുകൊണ്ടാണ് ശിവഗിരി മഠം ഹൈന്ദവമഠമായി അംഗീകരിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചത്. ഇതൊന്നും കാണാന്‍ കൂട്ടാക്കാത്ത ബ്രാഹ്മണരാകാന്‍ കൊതിക്കുന്ന, വേണ്ടിവന്നാല്‍ പൂണൂലിടാന്‍പോലും ഉളുപ്പില്ലാത്ത നമ്പൂരി ഈഴവ നേതൃത്വം , ജാതിപിശാച് ആവേശിച്ച എന്‍.എസ്.എസുമായി ചേര്‍ന്ന് ചെയ്യുന്ന പാതകം ഗുരുനിന്ദ മാത്രമല്ല ഗുരുഹത്യകൂടിയാണ്.

Generated from archived content: essay1_oct4_12.html Author: ck_kodungalloor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here