രാഷ്ട്രീയം ഒരു പണസമ്പാദനമാര്‍ഗ്ഗമോ?

പ്രതിയെ മര്‍ദിക്കരുതെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷന്‍ ഉപരോധം എന്ന ശീര്‍ഷകത്തില്‍ വന്ന പത്രവാര്‍ത്ത ( മാധ്യം 2004, 2012) വായിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി .പിന്നീട് അതിന് ഉപോദ് ബലകമായി ചന്ദ്രശേഖരന്റെ ക്വട്ടേഷന്‍ വധം കേട്ടപ്പോള്‍ ഒന്നുകൂടി കേരളം ബീഹാറിനടുത്തേക്ക് നടന്നടുക്കും വിധം വളര്‍ന്നിരിക്കുന്നു. നിരപരാധിയായൊരു സാധാരണക്കാരനു വേണ്ടിയുള്ള ഇടപെടലായിരുന്നില്ല ഇത്. മറിച്ച് അഞ്ച് അബ്കാരി കേസിലും അഞ്ച് അടിപിടിക്കേസിലും രണ്ടു വധശ്രമക്കേസിലും പ്രതിയായ വ്യക്തിയെ ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ ജനകീയ ഉപരോധം! പ്രതിയെ മര്‍ദ്ദിക്കരുതെന്നാണ് ജനങ്ങള്‍ കേള്‍ക്കെയുള്ള പരസ്യമായ ആവശ്യമെങ്കിലും പ്രതിയുടെ പേരില്‍ കേസെടുക്കരുതെന്നും വിട്ടുകിട്ടണമെന്നുമാണ് അവരുടെ ഉള്ളിലിരുപ്പെന്നറിയാന്‍ പാഴൂര്‍പടി വരെ പോകണമെന്നില്ല. നമ്മുടെ നാട്ടിലെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പരിച്ഛേദനമാണ് .ജനസേവനമായിരുന്നു പാര്‍ട്ടിയുടെ പ്രവര്‍ത്തനമണ്ഡലമെങ്കില്‍ ഇപ്പോഴത് ഗുണ്ടാസേവക്കും ഗുണ്ടായിസത്തിനും വഴിമാറിയിരിക്കുന്നു. നിരവധി കേസുകളില്‍ പ്രതികളായ ഗുണ്ടകളുടെ ‘ വിശിഷ്ടസേവന’ ത്തെ മുതല്‍ കൂട്ടായി കണ്ട് അവരെ ആദരിക്കുന്നവരാണ് ഇന്നത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ മെയ്ക്കരുത്തും അംഗബലവുമാണ് പാര്‍ട്ടികളുടെ സംഘക്കരുത്ത്. അത്തരം പ്രവര്‍ത്തകരെ രക്ഷിക്കാന്‍ നടത്തുന്ന ജനകീയ സമരങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനമായിട്ടാണ് ബന്ധപ്പെട്ടവര്‍ കാണുന്നത്! അവരുടെ ദുര്‍മ്മരണമാകട്ടെ രക്തസാക്ഷിത്വവും.!! ശവസംസ്ക്കാരമോ ഹര്‍ത്താലകമ്പടിയോട് കൂടിയ ജനപീഢന ബഹുമതികളോടെയും !!!!

ജനമധ്യത്തില്‍നിന്ന് പോലീസ്സ്റ്റേഷനിലേക്ക് പറിച്ചുനട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം അടിപിടിതൊഴിലാളികളെ രക്ഷിക്കുന്ന സേവനരംഗമായി ചുരുങ്ങിയിരിക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം പണസമ്പാദനത്തിനുള്ള കുറുക്കുവഴിയും മുഴുവന്‍ സമയപണിയുമാണിന്ന് . നല്ലവരെ വകഞ്ഞുമാറ്റി ഇകഴ്ത്തപ്പെട്ടവര്‍ വാഴ്ത്തപ്പെട്ടവരായി നേതൃസ്ഥാനങ്ങള്‍ പിടിച്ചു പറ്റുന്നതും അടിപിടിവധക്കേസ് പ്രതിഭകള്‍ രാഷ്ട്രീയ രംഗത്തേക്ക് ഇരച്ചു കയറുന്നതും കുറുക്കുവഴിയിലൂടെ ലഭിക്കുന്ന അവിഹിത വരുമാന സാധ്യത കണ്ടിട്ടാണ്. ഓരോ തെരെഞ്ഞെടുപ്പ് കഴിയുമ്പോഴും ജനപ്രതിനിധികളുടേയും രാഷ്ട്രീയ നേതാക്കളുടേയും ആസ്തിയുടെ പെരുക്കം സൂചിപ്പിക്കുന്നത് അതാണ് . പാവങ്ങളുടെ പോരാളിയായ മായാവതിയുടെ സ്വത്ത് 2007 -ല്‍ 52 കോടി യായിരുന്നങ്കില്‍ 2012 ആയപ്പോഴേക്കുമത് 110 കോടിയായി വര്‍ദ്ധിച്ചു. അഞ്ചുകൊല്ലത്തിനിടയില്‍ 58 കോടിയുടെ വര്‍ദ്ധന! സമ്പാദിച്ച സ്വത്തിന്റെ കണക്കൊന്നും പുറത്ത് വന്നിട്ടില്ലെങ്കിലും ഇന്ത്യയുടെ യശസ്സ് വര്‍ദ്ധിപ്പിക്കാനായി പേരമക്കളുമൊത്തുള്ള പന്ത്രണ്ട് വിദേശയാത്രകള്‍ക്കായി രാഷ്ടപതി പ്രതിഭാപാട്ടീല്‍ പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ നിന്ന് ധൂര്‍ത്തടിച്ചത് 205 കോടി!!മുംബൈ കോര്‍പ്പറേഷന്‍ കൌണ്‍സില്‍ അംഗത്തിന്റെ ആസ്തി 2007 -ല്‍ 2.80 ലക്ഷം 2001 ഇത് 96. 75 ലക്ഷമായി ഉയര്‍ന്ന് മറ്റൊരംഗത്തിന്റെ ആസ്തി ഇക്കാലയളവില്‍ 2.12 ലക്ഷത്തില്‍ നിന്ന് 1.08 കോടിയായി പെരുകി.

ഈ ഖജനാവ് കവര്‍ച്ചക്കിടയിലാണ് ആയുധ ഇടപാടില്‍ കോഴ വാങ്ങിയ ബി ജെ പി യുടെ മുന്‍ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണ ശിക്ഷിക്കപ്പെട്ട തീഹാര്‍ ജയിലിലേക്ക് യാത്രയായത്. പഴയതു പോലെ തീഹാര്‍ ജയില്‍ കൊടും കുറ്റവാളികളുടെ മാത്രമല്ല ‘ ജനസേവനം’ നടത്തുന്ന നക്ഷത്ര രാഷ്ട്രീയ നേതാക്കളുടെ ശയനഗൃഹം കൂടിയാണിപ്പോള്‍ ഒന്നേമുക്കാല്‍ ലക്ഷം കോടിരൂപയുടെ അഴിമതി കേസില്‍ മുന്‍ മന്ത്രിമാരായ എം. രാ‍ജ , ദയാനിധിമാരന്‍ തുടങ്ങിയവര്‍ തീഹാറില്‍ രാപാര്‍ക്കുമ്പോഴാണ് വാങ്ങിയ ഒരു ലക്ഷം രൂപയുടെ കോഴക്ക് അത്രയും തന്നെ പിഴയുമടച്ച് അവിടെക്ക് ബംഗാരു വിനയാന്വിതനായി കടന്നു ചെല്ലുന്നത്. ഒരു ദേശീയ നേതാവിന്റെ സ്ഥാനമഹിമക്ക് ചേരും വിധമുള്ള കോഴവാങ്ങാത്ത അദ്ദേഹം അവര്‍ക്കെന്നല്ല നമ്മുടെ പ്രദേശിക പഞ്ചായത്ത് നേതാക്കള്‍ക്ക് പോലും നാണക്കേടാണ് . അവരുടെ തൊപ്പിയിലെ കാക്കത്തൂവലാണ് ഒരു ലക്ഷം രൂപ.

അഴിമതി വേശ്യാവൃത്തിയേക്കാള്‍ മ്ലേച്ഛമാണെന്നാണ് കോടതി പറഞ്ഞത് എങ്കില്‍ ചീഞ്ഞളിഞ്ഞ വ്രണം പൊട്ടിയൊലിക്കുന്ന ഗുഹ്യരോഗബാധിതരാണ് കോര്‍പ്പറേറ്റ്സ്ഥാപനങ്ങളായ പാര്‍ട്ടികള്‍ അധരത്തില്‍ ഒതുങ്ങി നില്‍ക്കുന്ന സാമൂഹ്യപ്രതിബദ്ധതയും ജനകീയ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോട്ടവും വഴിപാട് സമരങ്ങളും മൂലധനസേവനയുമായി മാറിക്കഴിഞ്ഞിരിക്കുന്നു മുഖ്യധാര നവരാഷ്ട്രീയ പ്രവര്‍ത്തനം . ഖജനാവ് കവര്‍ച്ചചെയ്യുന്ന അതിന്റെ ഉള്ളടക്കമാകട്ടെ , വിവിധമാഫിയകളും ബ്യൂറിക്രാറ്റുകളും , ക്വട്ടേഷന്‍ സംഘങ്ങളും അധികാരദല്ലാളന്മാരായ സമുദായ – മത- അബ്കാരി പ്രമാണികളും ചേര്‍ന്ന അവിശുദ്ധ സഖ്യ്ത്തിന്റെ അവിഹിതവേഴ്ചയും.

Generated from archived content: essay1_june18_12.html Author: ck_kodungalloor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English