തെറ്റ് ചൂണ്ടിക്കാട്ടി കുല നിയമങ്ങളെ ധിക്കരിക്കുന്ന ഋജു ബുദ്ധിയായ അനഭിമതനാണ് കുലം കുത്തി. ചെകുത്താന്റെ പ്രലോഭനത്തിന് വഴങ്ങി ദൈവത്തെ ധിക്കരിച്ച് ജ്ഞാനപ്പഴം തിന്ന ഹവ്വയാണ് ആദ്യത്തെ ധിക്കാരി. പക്ഷെ ‘ വെറുക്കപ്പെട്ട’ അവളേയും ഇണ ആദത്തേയും പറുദീസയില്‍ നിന്ന് പുറത്താക്കി ശപിച്ചെങ്കിലും കുലംകുത്തിയെന്ന് വിശേഷിപ്പില്ല ദൈവം. അവരുടെ പുത്രന്മാരാണല്ലോ കയീനും ഹാബേലും. അസൂയ മൂത്ത കയീന്‍ അനുജന്‍ ഹാബേലിനെ നിഷ്ഠൂരമായി വെട്ടിക്കൊന്നു. അതറിഞ്ഞ ദൈവം ചോദിച്ചു.
‘’ അവന്റെ കാവലാളാകേണ്ട നീ എന്തുകൊണ്ടാണവനെ കൊന്നത്?’‘
‘’ അവനെ അറിയായ്കയാല്‍ ഞാനവനെ കൊന്നു’‘ കയീന്‍ പറഞ്ഞു.
‘’ ധീരനായ കമ്മ്യൂണിസിറ്റിനെ ‘’ സഹോദര കമ്യൂണിസ്റ്റുകള്‍ കൊന്നിട്ടുണ്ടെങ്കില്‍ അതിന് കാരണം കുലംകുത്തിയായി തെറ്റിദ്ധരിക്കപ്പെട്ട അവനെ അറിയായ്കയാലാണെന്ന് വേണം വിശ്വസിക്കാന്‍. ( എം. മണി ക്ഷമിക്കുക.)
ആദികാവ്യമായ രാമായണത്തിലാണ് അറിയപ്പെടുന്ന ലക്ഷണമൊത്ത ആദ്യകുലം കുത്തി പ്രത്യക്ഷപ്പെടുന്നത് – വിഭീഷണന്‍. രാവണന്‍ മോഷ്ടിച്ചുകൊണ്ടു പോയ സീതയെ വീണ്ടെടുക്കാന്‍ വാനരപ്പടയുമായി രാമലക്ഷ്മണന്മാര്‍ ലങ്കയിലെത്തി. ഈ ഘട്ടത്തില്‍ അവരോട് യുദ്ധം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ രാജസഭ രാവണന്‍ വിളിച്ചു കൂട്ടി. വിഭീഷണനൊഴികെ എല്ലാവരും പിന്തുണ പ്രഖ്യാപിച്ചു. സീതയെ ശ്രീരാമന് തിരികെ കൊടുത്ത് യുദ്ധം ഒഴിവാക്കണമെന്ന് വിഭീഷണന്‍ ഉപദേശിച്ചു. കുപിതനായ രാവണന്‍ വിഭീഷണനെ കുലം കുത്തിയായി പ്രഖ്യാപിച്ച് ലങ്കയില്‍ നിന്ന് പുറത്താക്കി. വിഭീഷണന്‍ ശ്രീ രാമപക്ഷത്തു ചേര്‍ത്തി യുദ്ധാനന്തരം വിഭീഷണന്‍ ലങ്കാധിപതിയായി അഭിഷേകം ചെയ്യപ്പെട്ടു.
ഇതിന് സമാനമാണ് ബുദ്ധന്റെ കഥ. ബുദ്ധനും ശാക്യഗണത്തിലെ കുലം കുത്തിയായിരുന്നുവെന്നാണ് അംബേദ്ക്കറുടെ കഥ പറയുന്നത്. രോഹിണി നദിയിലെ ജലത്തെ ചൊല്ലി ശാക്യരും അടുത്ത രാജ്യത്തിലെ കോളിയരും തമ്മില്‍ തര്‍ക്കമുണ്ടായി. യുദ്ധം ചെയ്ത് പ്രശ്നത്തിന് തീര്‍പ്പ് കല്‍പ്പിക്കണമെന്ന് ഗണസഭയില്‍ ശാക്യസേനാപതി ശഠിച്ചു . യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും അനുരജ്ഞനമാണ് ശരിയായ മാര്‍ഗ്ഗമെന്നും സിദ്ധാര്‍ത്ഥരാജകുമാരന്‍ അഭിപ്രായപ്പെട്ടു. എന്നാലിതിനോട് യോജിക്കാത്തവര്‍ക്കായിരുന്നു ഭൂരിപക്ഷം. രാജകുമാരന്‍ ഒറ്റപ്പെട്ടു. പിന്നെയും പ്രശ്നം ചര്‍ച്ച ചെയ്തു. രാജകുമാരന്‍ തന്റെ നില പാടില്‍ ഉറച്ചു നിന്നു. ഗോത്ര സംഹിതപ്രകാരം നാട് കടത്തലോ , വധശിക്ഷയോ , സാമൂഹികബഹിഷ്ക്കരണമോ ആയിരുന്നു ഭൂരിപക്ഷ തീരുമാനപ്രകാരം യുദ്ധം ചെയ്യാന്‍ കൂട്ടാക്കാത്ത രാജകുമാരനെ കാത്തിരുന്ന ശിക്ഷകള്‍. ഒടുവില്‍ നാട് വിടാന്‍ തീരുമാനിച്ച അദ്ദേഹം രായ്ക്കുരാമാനം കൊട്ടാരം വിട്ടു. അങ്ങനെയാണ് ശാക്യകുലത്തിലെ കുലംകുത്തിയായ സിദ്ധാര്‍ത്ഥരാജകുമാരന്‍ പരിപ്രാജകനായതും ബുദ്ധനായതും.
കുലം കുത്തിയെന്ന് വിശേഷിപ്പിക്കാവില്ലെങ്കിലും ഔദ്യോഗിക പക്ഷത്തെ നിലപാടിനെ പിന്തുണക്കാതെ നൈതിക പക്ഷത്ത് നിലയുറപ്പിച്ച് ഭിന്നാഭിപ്രായം പ്രകടിപ്പിച്ച വിമതെരെന്ന് ആരോപിക്കുന്ന കഥാപാത്രങ്ങളാണ് വികര്‍ണ്ണനും വിദൂരരും. ദ്രൗപതിയുടെ വസ്ത്രാക്ഷേപ സന്ദര്‍ഭത്തില്‍ കൗരവസഭയില്‍ അതിന്റെ നൈതികതെയെ ചോദ്യം ചെയ്ത ആദ്യ ധീര ശബ്ദം നൂറു പേരില്‍ ഒരാളായ വികര്‍ണ്ണന്റേതായിരുന്നു. പിന്നീടതിനെ പിന്തുണച്ച വിദുരരാണ് രണ്ടാമന്‍. കൗരവപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ വിധിക്കപ്പെട്ടവനായിരുന്നെങ്കിലും വിവേകമതിയായ വിദുരര്‍ കൗരവപക്ഷത്തെ ദുര്യോധനന്‍, ശകുനി, ശല്യര്‍, ദുശ്ശാസനന്‍ എന്നീ നാല്‍വര്‍ സംഘത്തിന്റെ അപ്രീതിക്കു പോലും പാത്രമാകും വിധം നൈതികയോട് ചായ്‌വുള്ള സമദൂര സിദ്ധാന്തപക്ഷത്ത് നിലയുറപ്പിക്കാനാണ് ഇഷ്ടപ്പെട്ടത്. കുന്തിക്ക് ജനിച്ച കര്‍ണ്ണന്‍ പഞ്ചപാണ്ഡവര്‍ക്ക് സഹോദരനാണെങ്കിലും വിമതമാണ്. സുഭാഷ് ചന്ദ്രബോസും ഭഗത്സിങും നമുക്ക് ധീരദേശാഭിമാനികളാണെങ്കിലും ബ്രട്ടീഷുകാര്‍ക്ക് തികഞ്ഞ രാജ്യദ്രോഹികളാണവര്‍. കുലംകുത്തികളും വിമതരും ഔദ്യോഗിക പക്ഷത്തിന് അനഭിമതരാണെങ്കിലും ജ്ഞാന- വിവേക- സത്യനിഷ്ഠ തലത്തില്‍ ഉജ്വല വ്യക്തിത്വത്തിന് ഉടമകളായ അസാധാരന നൈതിക പ്രതിഭകളായിട്ടാണ് പുരാണങ്ങളിലും ഇതിഹാസങ്ങളിലും ചരിത്രത്തിലും പ്രശോഭിക്കുന്നത്.
മാനവികതക്ക് ദിശാബോധം നല്‍കിയ ക്രിസ്തുവും മുഹമ്മദും വോള്‍ട്ടയറും മാര്‍ക്സും മാര്‍ട്ടിന്‍ ലൂതറുമൊക്കെ അവരുടെ കാലഘട്ടത്തിലെ ചുറ്റുപാടുകള്‍ക്കെതിരെ കലഹിച്ച വിമതരോ കുലംകുത്തികളോ തീപ്പന്തങ്ങളോ ആയിരുന്നു. ഇന്നത്തെ ഉല്‍പ്പതിഷ്ണക്കള്‍ നാളത്തെ യഥാസ്ഥിതികരും ഇന്നത്തെ കുലം കുത്തികള്‍ നാളത്തെ വിപ്ലവകാരികളുമാണെന്നാണ് ചരിത്രം.
Generated from archived content: essay1_july14_12.html Author: ck_kodungalloor