യൂത്ത് സെസും കലിഗുലയുടെ വ്യഭിചാരശാലയും പിന്നെ ടിപ്പുസുല്‍ത്താനും

യുവജനക്ഷേമത്തിനായി മദ്യത്തിനു അഞ്ചു ശതമാനം യൂത്ത് സെസ് ചുമത്താന്‍ നിശ്ചയിച്ചതാ‍യി വാര്‍ത്ത. മദ്യപാനികളുടെ ചെലവിലാണ് മന്ത്രിമാര്‍ നാട് ഭരിക്കുന്നതും ഊരു ചുറ്റുന്നതും സര്‍ക്കാര്‍ ജീവനക്കാര്‍ മാനം മര്യാദക്ക് ജീവിച്ചു പോരുന്നതും എന്നതൊരു അരോചക വസ്തുതയാണ് എന്നിരിക്കലും മദ്യത്തിന് അധിക നികുതി ചുമത്തി മദ്യ വില്‍പ്പനയിലൂടെ സ്വരൂപിക്കുന്ന പണം ക്ഷേമപരിപാടികള്‍ക്കായി വിനിയോഗിക്കുന്നത് പോളിന് കൊടുക്കാനായി പീറ്ററെ കവര്‍ച്ച ചെയ്യുന്നതു പോലെ നിന്ദ്യമാണ്. മദ്യപാനികളില്‍ നിന്ന് കവര്‍ച്ച ചെയ്യുന്ന പണം മറ്റുകാര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നുണ്ടെങ്കില്‍ അത് മദ്യപാനികളാല്‍ സ്വൈര്യ ജീവിതവും കുടുംബസുരക്ഷയും നഷ്ടപ്പെട്ട കുടുംബങ്ങളുടെ ക്ഷേമത്തിനു മാത്രമായിരിക്കണം. അല്ലാതെ യുവജനക്ഷേമങ്ങള്‍ക്ക് ആകരുത്. അതില്‍ നിന്ന് വ്യത്യസ്തമായി മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം യുവജനക്ഷേമത്തിനായി നീക്കിവയ്ക്കാനുള്ള നീക്കം മദ്യ ഉപഭോഗത്തില്‍ യുവജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് തുല്യമാണ്. അതിന് കലിഗുലയുടെ കൊട്ടാരവ്യഭിചാരശാലയോടാണ് സാദൃശ്യം.

റോമന്‍ ഭരണാധികാരി കലിഗുല (എ.ഡി 37 – 41) എന്ന നീചന്റെ വിനോദധൂര്‍ത്തിനെ തുടര്‍ന്ന് ഖജനാവ് കാലിയായി. അതിനു പരിഹാരമെന്നോണം വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കണ്ടെത്തിയ കുറുക്കുവഴിയാണ് കൊട്ടാരത്തില്‍ തന്നെ രാജകീയ വ്യഭിചാര ശാല തുറക്കാനുള്ള തീരുമാനം. അതിനു തുടക്കം കുറിക്കാനായി സ്വന്തം സഹോദരികളെ തന്നെ – നീറോ ചക്രവര്‍ത്തിയുടെ അമ്മ അഗ്രിപ്പിന, ലെസ്ബിയ എന്നിവരെ- ഇതിനായി നിയോഗിച്ച് അദ്ദേഹം മാതൃക കാട്ടി. അതുപോലെ പ്രഭ്വികളും അവരുടെ പുത്രിമാരും ഈ മാതൃക പിന്‍ തുടരണമെന്നു കല്‍പ്പിച്ചു. മാത്രമല്ല അവരെ പ്രഭുക്കള്‍ സന്ദര്‍ശിക്കണമെന്നും ആയിരം സ്വര്‍ണ്ണനാണയങ്ങള്‍‍ വീതം കൊടുക്കണമെന്നും ആജ്ഞാപിച്ചു . ഇതിനു സമാനമാണ് മദ്യ വില്‍പ്പനയിലൂടെ യുവജനക്ഷേമത്തിനു പണം കണ്ടെത്തുന്ന അധാര്‍മ്മിക യൂത്ത് സെസ്.

യുവജനക്ഷേമം എന്നല്ല ഏതു പൊതുജനക്ഷേമപരിപാടിയിലും മദ്യവില്‍പ്പനയെ കണക്കിലെടുത്തും ബന്ധപ്പെടുത്തിയും ഉറപ്പുവരുത്തി നടപ്പാക്കേണ്ട കാര്യമല്ല. മദ്യത്തിനു എത്ര നികുതി കൂട്ടിയാലും ഒരു പാര്‍ട്ടിക്കാരും സമരത്തിനു വരില്ല. ‘ വെള്ള’ത്തിലെ ‘ ചെന്താമര’ കളായ മദ്യപാനികളാകട്ടെ ഒട്ടും. ഈ നിശബ്ദത മുതലെടുത്ത് അതൊരു വരുമാനമാര്‍ഗ്ഗമാക്കുന്നത് കലിഗുലയുടെ കൊട്ടാര വ്യഭിചാരാലയം പോലൊരു സദ്ധര്‍മ്മവിരുദ്ധ പണസമാഹരണ കുറുക്കുവഴിയാണ്. അക്കാര്യം ബോധ്യമുണ്ടയിരുന്ന ഒരു ഭരണാധികാരിയായിരുന്നു ടിപ്പു സുല്‍ത്താന്‍.

1787- ല്‍ അദ്ദേഹം മദ്യം നിരോധിച്ചു. അക്കാരണത്താല്‍ വരുമാനം ഗണ്യമായി കുറഞ്ഞു. അതേതുടര്‍ന്ന് തീരുമാനം പു:നപരിശോധിക്കാന്‍ സമ്മര്‍ദ്ദമുണ്ടായി. അതിനെ പ്രതികരിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഒരു രാജ്യതന്ത്രജ്ഞന്റെ പ്രജാക്ഷേമതാത്പര്യത്തെ സ്ഫുരിപ്പിക്കും വിധം ദീര്‍ഘവീക്ഷണത്തിനൊരു മാതൃകയാണ്. ‘ എന്റെ ജനത്തിന്റെ ഭൗതികകമായ ആരോഗ്യത്തിനും അതിലേറെ മാനസികാരോഗ്യത്തിനും ഞാന്‍ ഉത്തരവാദിയാണ് അവരുടെ മാനസികാരോഗ്യം തകര്‍ക്കുന്ന ഏതൊരു തീരുമാനവും പു:നപരിശോധിക്കുന്നതല്ല’ ജനായത്തഭരണം കേട്ടുകേള്‍വിയില്ലാത്ത അക്കാലത്തു പോലും ഭരണാധികാരികള്‍ ജനക്ഷേമത്തിനു ഊന്നല്‍ നല്‍കുകയും എടുക്കുന്ന തീരുമാനത്തിനു ഉത്തരവാദിയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തത് ഇന്നത്തെ അതിവേഗം ബഹുദൂരം മന്ത്രിമാര്‍ക്ക് പാഠമാകേണ്ടതാണ്.

മദ്യത്തിന്റെ സര്‍വ്വാശ്ലേഷിയായ ഉപഭോഗ സംസ്ക്കാരത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനു പകരം വിവിധ ക്ഷേമ പദ്ധതികളുടെ നടത്തിപ്പിനായുള്ള വിഭവസമാഹരണ മാര്‍ഗ്ഗമായി മദ്യത്തെ ഗണിക്കുന്നതും കാണുന്നതും തികച്ചും തെറ്റാണ്. വിശിഷ്യാ സര്‍ക്കാരിന്റെ ലഷ്യം പടിപടിയായുള്ള മദ്യ നിരോധനമാണെന്നിരിക്കെ മദ്യം ഉണ്ടാക്കുന്നതും വില്‍ക്കുന്നതും കുടിക്കുന്നതും തെറ്റാണെന്നിരിക്കെ അതില്‍ നിന്നു കിട്ടുന്ന പണം എങ്ങനെ വിശുദ്ധമാകും? കലിഗുലയുടെ കൊട്ടാരവ്യഭിചാരശാല മുഖേന ലഭിച്ച പണത്തേക്കാള്‍‍ എന്തു പരിശുദ്ധിയാണ് മദ്യ വില്‍പ്പനയിലൂടെ ഈടാക്കുന്ന യൂത്ത് സെസിനുള്ളത്? ലക്ഷ്യം പോലെ മാര്‍ഗവും സംശുദ്ധമായിരിക്കേണ്ടതല്ലേ?

Generated from archived content: essay1_jan15_13.html Author: ck_kodungalloor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here