ഓര്‍ക്കുന്നുണ്ടോ മറിയം റഷീദയുടെ മേനിയിലെ അന്വേഷണത്തെ?

അധികാരമാറ്റത്തിനായി കരുണാകരനെയും അദ്ദേഹത്തിന്റെ ‘പെറ്റാ’യ ഐ. ജി രമണ്‍ ശ്രീവാസ്തവയേയും തേജോവധം ചെയ്യാന്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം അമിതോത്സാഹിയായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഒത്താശയോടെ പടച്ചുണ്ടാക്കിയ നനഞ്ഞ പടക്കമാണ് ചാരക്കേസ്. ഇക്കാര്യം ശരി വയ്ക്കുന്നതാണ് സി. ബി. ഐ അന്വേഷണ റിപ്പോര്‍ട്ട് അക്കാരണത്താല്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്മാരുടെ പേരില്‍ നടപടി വേണമെന്ന കെ. മുരളീധരന്റെയും കേസിലെ പ്രതിയായിരുന്ന നമ്പി നാരായണന്റെയും ആവശ്യം തികച്ചും ന്യായയുക്തമാണ്. രാഷ്ട്രീയ കാരണങ്ങളാല്‍ ഒരു പക്ഷേ കെ.മുരളീധരനും വൈകിയാണെങ്കിലും കോടതി മുഖാന്തിരം നമ്പിനാരായണനും നീതി കിട്ടുകയോ അവരുടെ ആവശ്യം അംഗീകരിക്കുകയോ ചെയ്തേക്കാം. പക്ഷേ നീതി കിട്ടുമെന്ന് പ്രതീക്ഷിക്കാനാവാത്ത മൂന്നു പേരുണ്ട് ഈ കേസ്സില്‍. പോലീസ് അതിക്രമങ്ങള്‍ക്ക് ഇരകളായ മറിയം റഷീദയും ഫൗസിയ ഹസനും അവരുടെ ബാലികയായിരുന്ന മകള്‍ നാദിയായും.

ഐ. എസ്. ആര്‍ . ഒ യെ നശിപ്പിക്കാന്‍ വേണ്ടി ആര്‍ക്കോ വേണ്ടി അരങ്ങേറിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് മേല്‍പ്പറഞ്ഞ സ്ത്രീത്രയങ്ങളെ ബന്ധപ്പെടുത്തി ‘ സ്മാര്‍ട്ട്’ കേസിനെ ചാര- വനിത ശബളമാക്കുന്നത്. ആറടിപൊക്കത്തിനൊത്ത വണ്ണത്തിന്റെ ആകാ‍രഗരിമയുള്ള മറിയം റഷീദ വിഷയാസക്തി പൂണ്ട ‘ സ്മാര്‍ട്ടിന്റെ’ കണ്ടുപിടുത്തമാണ്. കാലാവധി കഴിഞ്ഞിട്ടും തിരുവനന്തപുരത്ത് തങ്ങിയ കുറ്റം ചുമത്തി കസ്റ്റഡിലിലെടുത്ത മറിയം റഷീദയുടെ കൊഴുത്ത മേനിയോടുള്ള സ്മാര്‍ട്ടിന്റെ ഒടുങ്ങാത്ത അഭിനിവേശം ഒന്നു മാത്രമാണ് കേസില്‍ അവരെ കുടുക്കാന്‍ പ്രേരിപ്പിച്ച അന്വേഷണവികാരം. മകളുടെ വിദ്യാഭ്യസവുമായി ബന്ധപ്പെട്ട് മറിയം റഷീദയുമായി പരിചയപ്പെട്ട മറ്റൊരു മാലി വനിതയാണ് ഫൗസിയ. ഫൗസിയയുടെ പതിന്നാല്കാരി മകളാണ് വിദ്യാര്‍ത്ഥിനിയായ നാദിയ. ചാരക്കേസാകുമ്പോള്‍ രണ്ടുമൂന്നു സ്ത്രീ കഥാപാത്രങ്ങളെങ്കിലും ഉണ്ടായാലേ കേസിനു വേണ്ട ചേരുവയും എരിവും രുചിയും ഗ്ലാമറും കേള്‍ക്കാന്‍ ഇമ്പവുമുണ്ടാകു എന്ന സ്വപ്നവിചാരമാണ് ഇവരെ നിഷ്ഠൂരമായി പീഢിപ്പിച്ച് തെളിവുണ്ടാക്കാന്‍ ശ്രമിച്ച ഭീകരതയുടെ പിന്നാമ്പുറം. അതിനു അവര്‍ കൊടുത്ത വില ചെറുതല്ല.

മറിയം റഷീദയെ വിവസ്ത്രയാക്കി ജനല്‍ക്കമ്പിയില്‍ കെട്ടിയിട്ട് ദിവസങ്ങളോളം പൊതിരെ തല്ലി. ചെയ്യാത്ത കുറ്റം സമ്മതിക്കാതെ വന്നപ്പോള്‍‍ സഹികെട്ട അവര്‍ കസേര കൊണ്ട് മുട്ടുകാല്‍ തല്ലിയൊടിച്ചു. കുറ്റം സമ്മതിപ്പിക്കാന്‍ മര്‍ദ്ദനത്തിന്റെ ഏതു മുറയും പ്രയോഗിക്കാന്‍ തയ്യാറായ നരാധമന്മാര്‍ ഫൗസിയയുടെ മകളെ അവരുടെ മുന്നില്‍ വച്ച് പലവട്ടം ദിവസങ്ങളോളം ബലാത്സംഗം ചെയ്തു. ആദ്യം പ്രധാന ഉദ്യോഗസ്ഥന്മാരാണ് ഈ കശ്മല കൃത്യത്തിന് നെടുനായകത്വം വഹിച്ചതെങ്കില്‍ അവര്‍ക്ക് മടുത്തതിനെ തുടര്‍ന്ന് കീഴാളന്മാരുടെ ഊഴമായി. പിന്നീട് ആജാനബഹുവായ മറിയം റഷീദയുടെ മേനിയിലെ അന്വേഷണം പറയേണ്ടതില്ലല്ലോ. എന്നാല്‍ കൗതുകകരമായ കാര്യം, ഇതു പുറം ലോകത്തെ അറിയിച്ച രണ്ടു മാധ്യമ പ്രവര്‍ത്തകരെ കോടതി കയറ്റി ശിക്ഷിക്കാന്‍ ഈ ബലാത്സംഗവീരന്മാര്‍ പതിനെട്ടടവും പയറ്റിയെന്നതാണ്.

മറിയം റഷീദയുടെ ശരീരത്തെ കൊത്തി വലിക്കാനായി ‘ സ്മാര്‍ട്ടുകള്‍’ തങ്ങളുടെ ദണ്ഡന ദണ്ഡുകള്‍ നിര്‍ലോപം അവരുടെ കൊഴുത്ത മേനിയില്‍ പ്രയോഗിച്ച് രസിച്ചപ്പോള്‍‍ മാധ്യമപ്രവര്‍ത്തകരും വെറുതെയിരുന്നില്ല. അവരും അതിനനുസരിച്ച് അവരുടെ പേനയുന്തി . ശരീരഗരിമയുള്ള ഇരയെ ചുറ്റിപ്പറ്റി അപസര്‍പ്പകകഥകളെ വെല്ലുന്ന നിരവധി നിരവധി കഥകള്‍ എഴുതിപ്പിടിപ്പിച്ച് പത്രത്താളുകളെ വികാരതരളിതമാക്കി. വായനക്കാരുടെ മനസിലെ ‘ നീല’ യെ ഇക്കിളിപ്പെടുത്തുന്ന വിധം മറിയം റഷീദ എന്ന ദൃഢഗാത്രയുടെ നിദ്രക്ക് ചൂട് പകരാനായി നാലഞ്ച് മാര – ജാരന്മാരുണ്ടെന്നു വരെ തട്ടിവിടാന്‍ അവര്‍ക്ക് മാലിവരെ പോകേണ്ടി വന്നില്ല. പാക്കിസ്ഥാനിലെ പതിനാല്കാരി മലാല യൂസഫിന് നേരിട്ട ദുരന്തത്തില്‍ സഹതപിക്കുന്ന പത്രങ്ങളും ജനങ്ങളും ജയിലിന്റെ കനത്ത സുരക്ഷയില്‍ ഭീതിയേതുമില്ലാതെ, നാദിയയെന്ന അനാഘ്രാതപുഷ്പത്തെ അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ രത്യാസക്തി തീര്‍ക്കാനായി അമ്മയുടെ മുന്നില്‍ വച്ച് പലവട്ടം പിച്ചിച്ചീന്തിയപ്പോള്‍‍ ചിലതൊഴികെ ബാക്കിയുള്ള പത്രങ്ങളെല്ലാം അവാര്‍ഡ് സിനിമ കണക്കെ നിശബ്ദത പാലിച്ച് ജുഗുപ്സാവഹമായ കാഴ്ചയാണ് കണ്ടത്. നിക്ഷിപ്ത താത്പര്യാര്‍ത്ഥം പോലീസ് കൊടുത്ത വാര്‍ത്തയിലെ നേരും നുണയും ചികയാതെ പൊടിപ്പും തൊങ്ങലും മസാലചേരുവകളും ചേര്‍ത്ത് പടച്ചുണ്ടാക്കിയ വാര്‍ത്തകള്‍ തൊണ്ട തൊടാതെ വിഴുങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും മറിയം റഷീദ എന്ന ‘ ചാരസുന്ദരി’ യുടെ രക്തത്തിനെന്നപ്പോലെ കരുണാ‍കരന്റെ രക്തത്തിനും വേണ്ടി മുറവിളി കൂട്ടി. പക്ഷേ മറിയം റഷീദ നിരപരാ‍ധിയാണെന്ന് കണ്ടറിഞ്ഞ തിരുവനന്തപുരത്തെ ഒരു സുമനസ്സ് അവള്‍‍ക്കു വേണ്ടി കേസ് വാദിച്ചു. ജനം അദ്ദേഹത്തിന്റെ വീടിനു കല്ലെറിഞ്ഞു. എങ്കിലും സത്യം ജയിച്ചു. കേസ് വിജയിച്ചു. അവള്‍ കുറ്റവിമുക്തയായി. പക്ഷേ പിന്നെയും കുറെ നാള്‍ വേണ്ടി വന്നു അവള്‍ക്ക് തടവറയില്‍ നിന്ന് മോചനം കിട്ടാന്‍. ചെയ്യാത്ത കുറ്റം ഏറ്റുപറയാനും കുറ്റം ചെയ്യാത്തവരെ കുറ്റവാളിയാക്കാനും അവളിലേല്‍പ്പിച്ച ശാരീരികക്ഷതങ്ങളില്‍ തല്ലിതകര്‍ത്ത മുട്ടുകാലൊഴിച്ചുള്ളതെല്ലാം ഭേദമായതിനുശേഷമാണ് നികത്താനാവാത്ത മാനസികനൊമ്പരം പേറി അവള്‍ മാലിയിലേക്ക് യാത്രയായത്. ഇനി ഇന്ത്യയിലേക്കില്ലെന്നു ശപഥം ചെയ്താണ് ഫൗസിയയും മകളും രാജ്യം വിട്ടത്.

അധികാര വടം വലിയുടെ ഭാഗമായി ആര്‍ക്കോ വേണ്ടി അരങ്ങേറിയ ചാരക്കഥയുടെ മറവില്‍ രത്യാനന്ദത്തിനായി ദുശ്ശാസനന്മാര്‍ നടത്തിയ സ്ത്രീപീഢനം രാഷ്ട്രത്തിനൊരു കളങ്കമാണ്. പോലീസിന്റെ തൊപ്പിയിലെ കാക്കത്തൂവലും. അതിനു തക്ക നഷ്ടപരിഹാരം നല്‍കാന്‍ കുറ്റവാളികള്‍ തയ്യാറാവില്ലെങ്കിലും കണ്ണീരുള്ളവര്‍ ഒരിറ്റ് കണ്ണീര്‍ പൊഴിച്ചെങ്കിലും പ്രായ്ശ്ചിത്തം ചെയ്യാന്‍ തയ്യാറാകണം. അതായിരിക്കണം നമുക്ക് ചെയ്യാവുന്ന സുകൃതം.

Generated from archived content: essay1_dec15_12.html Author: ck_kodungalloor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here