ഇന്ത്യൻ സിനിമാ ചരിത്രത്തിലെ നിത്യവിസ്‌മയമായ ഷോലെയെ അധികരിച്ച് രാംഗോപാൽവർമ്മ അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ ഠാക്കൂറല്ല, നരസിംഹനാണ്. വേറെയും ചില മാറ്റങ്ങളുണ്ട്. ഷോലെയിൽ സജ്ജീവ്‌കുമാർ അവതരിപ്പിച്ച ഠാക്കൂറിന് രണ്ടു കൈയ്യും ഇല്ലായിരുന്നു. എന്നാൽ പുതിയ ചിത്രത്തിൽ ലാലിന്റെ കൈവിരലുകൾ മാത്രമേ ഗബ്ബാർസിംഗ് അരിഞ്ഞുമാറ്റുന്നുള്ളൂ. രാജ്യത്തുടനീളം ശ്രദ്ധിക്കപ്പെടാവുന്ന സിനിമയായതിനാൽ ഉൾക്കരുത്തോടെയാണ് സൂപ്പർതാരം ഈ കഥാപാത്രത്തെ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
ലാലിന്റെ പ്രകടനം ബിഗ്‌ബിയെ പോലും അൽഭുതപ്പെടുത്തിയത്രെ. സ്വന്തം ശബ്ദത്തിലൂടെയാണ് നരസിംഹന് ലാൽ ജീവനേകുന്നതും. പ്രോംപ്‌റ്റിംഗ് ഒഴിവാക്കി സംഭാഷണങ്ങൾ ഹൃദിസ്ഥമാക്കിയ രീതി ഡബ്ബിംഗ് അനായാസമാക്കുമെന്ന പ്രതീക്ഷയും താരത്തിനുണ്ട്. രാമുവിന്റെ ‘കമ്പനി’യിലെ ഓഫീസർക്ക് സ്വന്തം സ്വരം നൽകിയ അനുഭവസമ്പത്തും ലാലിനുണ്ട്. മേയിൽ റിലീസിംഗ് പ്രതീക്ഷിക്കുന്ന സിനിമയിൽ മുൻ വിശ്വസുന്ദരി സുസ്‌മിത സെൻ ലാലിന്റെ മരുമകളായി എത്തുന്നു.
കെ. പി. കുമാരന്റെ ‘ആകാശഗോപുരം’, പി. ടി. കുഞ്ഞുമുഹമ്മദിന്റെ ‘പരദേശി’ എന്നിവ ഈ വർഷം തന്നെ റിലീസ് ചെയ്യുന്ന മികച്ച ചിത്രങ്ങളിൽ പെടുന്നു. അടൂർ ഗോപാലകൃഷ്ണന്റെ പുതിയ ചിത്രത്തിലും ലാലാണ് നായകൻ. എല്ലാം പുരസ്‌കാരങ്ങൾ നേടാവുന്ന ചിത്രങ്ങളിൽ പെടുത്താവുന്നവയാണ്.
Generated from archived content: cinema5_mar10_07.html Author: cini_vision