തൊമ്മനും മക്കളും രണ്ടാംഭാഗം വരുന്നു – മലയാളത്തിൽ തുടർക്കഥകൾ നിറയുന്നു

മലയാളത്തിൽ തുടർക്കഥകളുടെ കാലമാണിപ്പോൾ. വിജയ ചിത്രങ്ങൾക്കൊക്കെ രണ്ടും മൂന്നും ഭാഗങ്ങളൊരുക്കാനുളള നെട്ടോട്ടത്തിലാണ്‌ സിനിമാപ്രവർത്തകർ. അടുത്തിടെ ഹിറ്റായ തൊമ്മനും മക്കളും എന്ന ചിത്രത്തിനും രണ്ടാംഭാഗം ഒരുങ്ങുകയാണ്‌. തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ ഫ്ലാഷ്‌ബാക്കായാണ്‌ പുതിയ ചിത്രം രൂപപ്പെടുന്നത്‌. തൊമ്മനും മക്കളും മോഷണം നിർത്താനുണ്ടായ സാഹചര്യങ്ങളാണ്‌ തിരക്കഥാകൃത്ത്‌ ബെന്നി പി.നായരമ്പലം രണ്ടാം ഭാഗത്തിലൂടെ വ്യക്തമാക്കുന്നത്‌. മമ്മൂട്ടിയും ലാലും രാജൻ പി.ദേവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ചിത്രം വൈകാനാണ്‌ സാധ്യത. മമ്മൂട്ടിയുടെ ഡേറ്റാണ്‌ പ്രശ്‌നം.

ഭരത്‌ചന്ദ്രൻ ഐ.പി.എസ്‌., നേരറിയാൻ സി.ബി.ഐ എന്നീ തുടർ ചിത്രങ്ങളുടെ ഷൂട്ടിംഗ്‌ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്‌. ഓണത്തിന്‌ ഈ ചിത്രങ്ങൾ പ്രേക്ഷകർക്കു മുന്നിലെത്തും.

ഇൻസ്‌പെക്‌ടർ ബൽറാം, അതിരാത്രം എന്നീ ചിത്രങ്ങളുടെ തുടർച്ചയായ ‘ബൽറാം V/s താരാദാസ്‌’ ഒക്‌ടോബറിൽ തുടങ്ങും. ഐ.വി.ശശി സംവിധാനം ചെയ്യുന്ന ഈ ചിത്രം എട്ടു ലൊക്കേഷനുകളിലാണ്‌ പൂർത്തിയാവുക. ലിബർട്ടി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത്‌ ടി.ദാമോദരനാണ്‌. വർഷങ്ങൾക്കുശേഷമാണ്‌ ടി.ദാമോദരൻ തിരക്കഥാരംഗത്ത്‌ തിരിച്ചെത്തുന്നത്‌.

‘നാടോടിക്കാറ്റി’ന്റെ നാലാം ഭാഗവും മാനത്തെ കൊട്ടാരം, കിലുക്കം എന്നിവയുടെ രണ്ടാം ഭാഗങ്ങളും അണിയറക്കാരുടെ പരിഗണനയിലുണ്ട്‌.

തമിഴ്‌ സിനിമാ പ്രവർത്തകർ പുത്തൻ കഥാ സങ്കേതങ്ങളും അതിനൂതന സാങ്കേതിക വിദ്യകളുമായി പ്രേക്ഷകരെ വിസ്‌മയിപ്പിക്കുമ്പോഴാണ്‌ മലയാള സിനിമയിലെ കുലപതികൾ തുടർക്കഥകൾ അടിച്ചേൽപ്പിക്കാൻ അഹോരാത്രം പണിപ്പെടുന്നത്‌.

Generated from archived content: cinema5_july6_05.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here