ലെനിൻ രാജേന്ദ്രന്റെ ‘രാത്രിമഴ’യിലൂടെ മീരാ ജാസ്‌മിന്റെ നായകനായി മാതൃഭാഷയിൽ തിരിച്ചെത്തിയ വിനീത് സജീവമാകുന്നു. വി.കെ.പ്രകാശിന്റെ പുതിയ ചിത്രം ‘മൂന്നാമതൊരാളി’ലും വിനീതിന് മികച്ച വേഷമാണ്. പക്വതയുളള കഥാപാത്രങ്ങളാണ് രണ്ടും. ‘ചന്ദ്രമുഖി’യെ തുടർന്ന് തെലുങ്കിലും തമിഴിലും നില മെച്ചപ്പെടുത്തിയ താരത്തിന് നൃത്തപരിപാടികളും ദിനംപ്രതി വർദ്ധിച്ചു വരികയാണ്. തമിഴ്‌നാട്ടിലും പുറത്തുമുളള സാംസ്‌കാരിക സംഘടനകൾ വിനീതിന്റെ നൃത്തപരിപാടി ബുക്ക് ചെയ്‌തുകഴിഞ്ഞു.
കളരി, ചൗ എന്നീ നൃത്തരൂപങ്ങളെ സമന്വയിപ്പിച്ച് ശ്രദ്ധ നേടുന്ന നർത്തകന്റെ വേഷമാണ് ‘രാത്രിമഴ’യിൽ വിനീതിന്. ഒരു വാഹനാപകടത്തിൽ കാൽ നഷ്‌ടപ്പെടുന്ന യുവാവിന്റെ വേഷം അഭിനയപ്രധാനമാണ്. ചിത്രം പുറത്തിറങ്ങുന്നതോടെ വിനീത് കൂടുതൽ ശ്രദ്ധേയനായേക്കും. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ ഐ.വി.ശശി-എം.ടി.വാസുദേവൻ ടീമിന്റെ ‘ഇടനിലങ്ങൾ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. ‘നഖക്ഷതങ്ങളി’ലെ കൗമാരക്കാരനായ നായകനാണ് വിനീതിനെ സിനിമയിൽ നിലനിർത്തിയത്. ആവാരംപൂ, സർഗം, ഗസൽ, കാബൂളിവാല, മാനത്തെ വെളളിത്തേര്, കാതൽദേശം, ചന്ദ്രമുഖി എന്നീ ചിത്രങ്ങളാണ് താരത്തിന് ഏറെയിഷ്‌ടം.
Generated from archived content: cinema4_may18_06.html Author: cini_vision