മലയാളി സുന്ദരികൾ അന്യഭാഷാ ചിത്രങ്ങളിലേയ്‌ക്ക് കൂടുമാറിയതിനെ തുടർന്ന് മറുനാടൻ നായികമാർ മലയാളസിനിമ കീഴടക്കുന്നു. ഷൂട്ടിംഗ് നടക്കുന്നതും റിലീസിംഗ് പ്രതീക്ഷിക്കുന്നതുമായ ചിത്രങ്ങളിലെല്ലാം അന്യഭാഷകളിൽ നിന്നെത്തിയ നടിമാരാണ് അണിനിരക്കുന്നത്. പത്മപ്രിയ, വിമല രാമൻ, സ്നേഹ എന്നിവരാണ് മുൻനിരയിൽ.
സൂപ്പർതാരങ്ങളുടെ പുതിയ ചിത്രങ്ങളിൽ നായികമാരായി അഭിനയിച്ചുകൊണ്ടിരിക്കുന്നതും മറുനാടൻ സുന്ദരികൾ തന്നെ. മേജർ രവിയുടെ ‘മിഷൻ 90 ഡേയ്‌സി’ൽ ഉത്തരേന്ത്യൻസുന്ദരി സഞ്ജന സിൻഹയാണ് മമ്മൂട്ടിയുടെ നായിക. മോഹൻലാലിന്റെ ജോഡിയായി ‘ഹലോ’യിൽ പ്രത്യക്ഷപ്പെടുന്ന പാർവതി മിൽട്ടണും അന്യഭാഷക്കാരി തന്നെ. റാഫി മെക്കാർട്ടിൻ-മോഹൻലാൽ ടീം ആദ്യമായി ഒന്നിക്കുന്ന സിനിമയിലൂടെ മലയാളത്തിലെത്തുന്നത് പാർവതി എന്ന പ്രമുഖ മോഡലിന് അനുഗ്രഹമാകുകയാണ്.
പ്രണയകാലം, ടൈം, സൂര്യൻ എന്നീ മൂന്നു ചിത്രങ്ങളിൽ നായികാവേഷം കെട്ടി മലയാളത്തിൽ നിറയുകയാണ് വിമലാ രാമൻ. ‘പൊയ്’ എന്ന തമിഴ്‌ചിത്രത്തിലൂടെ പ്രശസ്ത സംവിധായകൻ കെ.ബാലചന്ദറാണ് മോഡലും നർത്തകിയുമായ വിമലയെ സിനിമാരംഗത്തെത്തിച്ചത്. ഷാജി കൈലാസ്-സുരേഷ്‌ഗോപി ടീമിന്റെ ‘ടൈം’ റിലീസാകുന്നതോടെ ഈ നടിയുടെ ജനപ്രിയത ഇരട്ടിച്ചേക്കും. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ നായികയായും പരിഗണിക്കപ്പെടുന്നുണ്ട്.
മമ്മൂട്ടി ചിത്രങ്ങളായ പഴശ്ശിരാജ, വന്ദേമാതരം എന്നിവയിൽ ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സ്നേഹയും മലയാളം തട്ടകമാക്കാനുള്ള തീരുമാനത്തിലാണ്. മമ്മൂട്ടിയുടെ തന്നെ നായികയായി തുറുപ്പുഗുലാനിലാണ് ഒടുവിൽ മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ‘ഇങ്ങനെ ഒരു നിലാപക്ഷി’ എന്ന അനിൽബാബു സിനിമയിലൂടെയാണ് സ്നേഹ ഈ രംഗത്ത് ഹരിശ്രീ കുറിച്ചത്.
ഇതിനകം സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി വേഷമിട്ട പത്മപ്രിയ മലയാളത്തിൽ ഒന്നാം നിരക്കാരിയായി തുടരുകയാണ്. ‘പഴശ്ശിരാജ’യിൽ ആദിവാസി നേതാവായി പ്രത്യക്ഷപ്പെടുന്ന താരം ‘ടൈമി’ൽ അരുന്ധതിറോയിയെ അനുസ്മരിപ്പിക്കുന്ന റോളിലെത്തുന്നു. അടൂർ ഗോപാലകൃഷ്ണന്റെ പുതിയ ചിത്രം പത്മപ്രിയയുടെ കരിയറിൽ നിർണായകമായേക്കും.
ദിലീപിന്റെ ‘ജൂലൈ 4’, പൃഥ്വിരാജിന്റെ ചോക്ലേറ്റ്‘, എന്നിവയിലെ നായികാറോളുകളിലൂടെ ’നോട്ട്‌ബുക്ക്‘ ഫെയിം റോമയും യുവനിരയിൽ അനിഷേധ്യസ്ഥാനം നേടിയെടുക്കാനുള്ള നീക്കത്തിലാണ്. യുവനായകരുടെ ചിത്രങ്ങളിൽ തിളങ്ങി മലയാളത്തിലെ മുൻനിരക്കാരിയാകാൻ തയ്യാറെടുക്കുന്ന സുന്ദരി പുതിയ ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല.
’ബിഗ് ബി‘യിലൂടെ രംഗത്തെത്തിയ മാനസയും ശ്രദ്ധ നേടിക്കഴിഞ്ഞു. പൃഥ്വിരാജിന്റെ ’കാക്കി‘യാണ് പഴയകാല നായിക കനകദുർഗയുടെ മകളുടെ പുതിയ റിലീസ്. പൃഥ്വിയുടെ നായികാപദം മാനസയെ മുൻനിരയിലെത്തിച്ചേക്കും. ’ഹാർട്ട്‌ബീറ്റ്‌സി‘ൽ നായികയായി വിലയേറിയ താരം സിമ്രാനും മലയാളത്തിൽ തിരിച്ചെത്തുകയാണ്.
കമലിന്റെ ’ഗോൾ‘ മറ്റൊരു അന്യഭാഷാ നായികയെ കൂടി മലയാളത്തിലെത്തിച്ചിരിക്കുകയാണ്. ഉത്തരേന്ത്യക്കാരിയായ അക്ഷ എന്ന മോഡൽ സുന്ദരി ആദ്യചിത്രത്തിന്റെ ഫലം കാത്തു കഴിയുകയാണ്.
ചലച്ചിത്രജീവിതത്തിൽ ചെറിയൊരു ഇടവേള എടുത്ത് കാവ്യാമാധവൻ പിൻവാങ്ങിയതാണ് പുതുമുഖങ്ങളുടെ തള്ളിക്കയറ്റത്തിന് പ്രധാന കാരണമായത്. മലയാളത്തിൽ സജീവമായിരുന്ന ഗോപികയും ചൂവടുമാറുകയാണ്.
അന്യഭാഷാ നായികമാർ മലയാളസിനിമ പിടിച്ചടക്കുന്നതിന്റെ സൂചനയാണ് പുതിയ ചിത്രങ്ങളുടെ കാസ്‌റ്റിംഗ് വെളിവാക്കുന്നത്. മീരാ ജാസ്മിൻ സെലക്ടീവായതും നവ്യാനായർ, ഭാവന, നയൻതാര തുടങ്ങിയവർ മറുനാടൻ ചിത്രങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതും പുറം നായികമാരുടെ തള്ളിക്കയറ്റം എളുപ്പമാക്കി.
Generated from archived content: cinema4_may12_07.html Author: cini_vision