ശ്യാമപ്രസാദിന്റെ ‘ഒരേ കടലി’ൽ നിന്നും ശോഭന പിൻമാറി. രമ്യകൃഷ്ണനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ നറുക്ക് വീണിട്ടുള്ളത്. അതിശക്തമായ റോളിലൂടെയാണ് രമ്യ മാതൃഭാഷയിൽ തിരിച്ചെത്തുന്നത്. രസിക എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ വിന്ധ്യൻ നിർമ്മിക്കുന്ന ‘ഒരേ കടലി’ൽ മമ്മൂട്ടിയും മീരാജാസ്മിനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നരേനും മുഖ്യവേഷത്തിലുണ്ട്.
മലയാളത്തിൽ തുടക്കമിട്ട് തമിഴിലും തെലുങ്കിലും വെന്നിക്കൊടി പാറിച്ച രമ്യാകൃഷ്ണൻ വിവാഹശേഷവും സിനിമയിൽ നേട്ടങ്ങൾ കൊയ്യുകയാണ്. ഗ്ലാമർ വേഷങ്ങളെ മടിയില്ലാതെ സ്വീകരിച്ചുവരുന്ന രമ്യ തെലുങ്കിലെ നമ്പർവൺ സംവിധായകൻ കൃഷ്ണവംശിയുടെ ഭാര്യയാണ്.
‘നേരം പുലരുമ്പോൾ’ എന്ന സിനിമയിൽ നായികയായി കെ. പി. കുമാരനാണ് രമ്യയെ സിനിമയിൽ എത്തിച്ചത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ആദ്യചിത്രത്തിൽ തന്നെ സഹകരിക്കാനായത് പുതുമുഖ നായിക എന്ന നിലയിൽ നേട്ടമായിരുന്നെങ്കിലും മാതൃഭാഷയെ കൈവെടിഞ്ഞ് അന്യഭാഷാ ചിത്രങ്ങളിലേക്ക് ചേക്കേറുകയായിരുന്നു രമ്യ. തമിഴ്-തെലുങ്ക് സിനിമകളിൽ ആധിപത്യമുറപ്പിച്ച സുന്ദരി ബോളിവുഡിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. അനുരാഗി, അഹം എന്നീ സിനിമകളിൽ ശക്തമായ കഥാപാത്രങ്ങളെ ഉൾകൊണ്ട രമ്യ ‘കാക്കക്കുയിലി’ൽ ഐറ്റം നമ്പർ അവതരിപ്പിച്ചു. ‘ഒന്നാമനി’ൽ മോഹൻലാലിന്റെ ജോഡിയായി ഒടുവിൽ മലയാളത്തിലെത്തിയത്.
മീരാജാസ്‌മിൻ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഒരേ കടലി’ൽ സാമ്പത്തിക ശാസ്‌ത്രജ്ഞനായി തികച്ചും വ്യത്യസ്തമായ രീതിയിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നു. കുക്കു പരമേശ്വരൻ ആണ് കോസ്‌റ്റ്യൂം ഡയറക്ടർ. ശ്യാമപ്രസാദിന്റെ ‘അകലെ’യുടേയും വസ്‌ത്രാലങ്കാരം കുക്കുവിന്റെ ചുമലിലായിരുന്നു.
Generated from archived content: cinema4_mar30_07.html Author: cini_vision