ജോഷി-രഞ്ജിത്ത് ടീമിന്റെ ‘നസ്രാണി’യിൽ മമ്മൂട്ടിയുടെ ജോഡിയാകാനുള്ള ക്ഷണം മുൻനിര നായിക കാവ്യാ മാധവൻ നിരാകരിച്ചു. കാവ്യയുടെ കഥാപാത്രത്തിനൊപ്പം പ്രാധാന്യമുള്ള മറ്റൊരു നായിക പ്രോജക്ടിലുണ്ടെന്നറിഞ്ഞാണ് പിന്മാറ്റം. മമ്മൂട്ടിയുടെ ഹീറോയിനായി ആദ്യം പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ ഇരട്ട നായികമാരുണ്ടാകുന്നത് തന്റെ ഇമേജിന് കോട്ടം വരുത്തുമെന്ന് താരം കരുതുന്നു. വിമല രാമനാണ് കാവ്യക്കൊപ്പം ഈ ചിത്രത്തിൽ ശ്രദ്ധേയറോൾ അവതരിപ്പിക്കാനിരുന്നത്. അഡ്വാൻസ് തുക തിരിച്ചുകൊടുത്ത കാവ്യ സിദ്ധിഖിന്റെ തമിഴ് ചിത്രത്തിന്റെ ഫോട്ടോസെഷനുമായി തിരക്കിലാണിപ്പോൾ.
കഥ കേൾക്കാതെയാണ് കാവ്യ ‘നസ്രാണി’യിൽ മമ്മൂട്ടിയുടെ ഭാര്യാ കഥാപാത്രമാകാൻ സമ്മതം മൂളിയത്. ഷൂട്ടിംഗിനു തൊട്ടു മുമ്പ് തിരക്കഥാകൃത്ത് രഞ്ജിത്ത് കഥ പറഞ്ഞപ്പോഴാണ് നായിക തന്റെ റോളിന് പ്രാധാന്യം കുറവാണെന്ന് തിരിച്ചറിഞ്ഞത്രേ. വിമല രാമൻ ഷൈൻ ചെയ്യുന്ന സിനിമയിൽ മമ്മൂട്ടിയുടെ ഭാര്യാവേഷത്തിൽ വന്നുപോകാൻ മടിയുള്ളതിനാലാണ് കാവ്യ പ്രോജക്ട് ഉപേക്ഷിച്ചതെന്നും സംസാരമുണ്ട്.
മമ്മൂട്ടിയുടെ നായികയായി പ്രത്യക്ഷപ്പെടുന്ന ചിത്രം തന്റെ കരിയറിൽ നിർണായകമാണെന്നും അപ്രധാന വേഷം അവതരിപ്പിക്കാൻ തീരെ താല്പര്യമില്ലെന്നും കാവ്യ പറയുന്നു. നസ്രാണിയിൽ കാവ്യക്ക് പകരം മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിക്കാൻ മറ്റൊരു സുന്ദരിയെ അന്വേഷിച്ചുവരികയാണത്രേ അണിയറക്കാർ. എന്തായാലും വിമല രാമൻ സിനിമയിൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു.
ടൈം, പ്രണയകാലം, സൂര്യൻ എന്നിങ്ങനെ അഭിനയിച്ച മൂന്നു മലയാള ചിത്രങ്ങളിലും വിമലക്ക് അഭിനയപ്രധാനമായ റോളുകൾ ലഭിച്ചത് യാദൃശ്ചികതയാകാം. ‘ടൈ’മിലെ വൈഗ എന്ന ഭാര്യാവേഷം പുതുമുഖത്തിന്റെ പതർച്ചയില്ലാതെ അവതരിപ്പിച്ച സുന്ദരി പ്രണയകാലത്തിലെ പ്രണയനായിക മറിയയെയും മനോഹരമാക്കി. വി.എം. വിനു, ജയറാം ടീമിന്റെ ‘സൂര്യനി’ൽ റേഡിയോ ജോക്കിയായ നായികയെയാണ് വിമല അവതരിപ്പിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളിലേക്കും പരിഗണിക്കപ്പെട്ടു കഴിഞ്ഞു.
മോഡലിംഗ് രംഗത്ത് ഒരു താരം തന്നെയാണ് ഭരതനാട്യം നർത്തകി എന്ന നിലയിൽ പേരെടുത്ത സുന്ദരി ഐ.ടി. ബിരുദധാരിയാണ്.
Generated from archived content: cinema4_june27_07.html Author: cini_vision