അഭിനയ പ്രാധാന്യമുള്ള നല്ല റോൾ മലയാളത്തിൽ ചെയ്യാൻ സ്നേഹയ്‌ക്ക് മോഹം. തമിഴിലും തെലുങ്കിലും മുൻനിര നായികയായ സ്നേഹ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ച് പ്രേക്ഷകരുടെ അഭിനന്ദനങ്ങൾ നേടിയിട്ടുണ്ടെങ്കിലും മലയാളത്തിൽ ശ്രദ്ധിക്കപ്പെടുന്ന നല്ല വേഷങ്ങൾ സ്നേഹയ്‌ക്ക് ലഭിച്ചിട്ടില്ല. മമ്മൂട്ടിയോടൊപ്പം തുറുപ്പുഗുലാനിലാണ് സ്നേഹ ഒടുവിൽ അഭിനയിച്ചത്. നായികയ്‌ക്ക് കാര്യമായൊന്നും ചെയ്യാനില്ലാത്ത വേഷമായിരുന്നു അത്. ഇങ്ങനെ ഒരു നിലാപക്ഷി എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനൊപ്പം ചെയ്ത വേഷവും ശ്രദ്ധേയമായില്ല.
മലയാള സിനിമയിൽ മികച്ച അഭിനയം കാഴ്‌ചവെക്കാൻ കഴിയും എന്ന മോഹത്തോടെയാണ് തമിഴിൽ മുൻനിരയിലെത്തിയശേഷം തുറുപ്പുഗുലാനിൽ അഭിനയിക്കാൻ സ്നേഹ വന്നത്.
തമിഴിൽ പുതുമുഖ നായികമാരുടെ തിരക്കേറിയപ്പോൾ തെലുങ്കിലാണ് സ്നേഹയ്‌ക്ക് ഇപ്പോൾ ഡിമാന്റ്. രങ്കപാണ്ഡുരങ്കാ എന്ന ഭക്തിപ്രധാന ചിത്രത്തിൽ എൻ.ടി. രാമറാവുവിന്റെ പുത്രൻ എൻ.ടി. ബാലകൃഷ്ണനോടൊപ്പം അഭിനയിക്കാനാണ് ഏറ്റവും ഒടുവിൽ കരാറിനൊരുങ്ങുന്നത്. പാണ്ഡുരംഗ മാഹാത്മ്യം എന്ന പേരിൽ പണ്ട് എൻ.ടി. രാമറാവു അഭിനയിച്ച് വൻവിജയം നേടിയ ഭക്തിചിത്രത്തിന്റെ റീമേക്കാണ് പുതിയ ചിത്രം. 12 നായികമാരാണ് ചിത്രത്തിലുള്ളത്. മൂന്നു പേർക്കാണ് പ്രാധാന്യം. പാർവ്വതി മിൽട്ടണും പ്രിയാമണിയുമാണ് സ്നേഹയോടൊപ്പം പ്രാധാന്യമുള്ള മൂന്നു നായികമാരുടെ വേഷത്തിൽ.
Generated from archived content: cinema4_july26_07.html Author: cini_vision