സൗന്ദര്യത്തികവിന്റെയും അഭിനയത്തികവിന്റെയും പൂർണതയായി ബോളിവുഡിൽ നിറഞ്ഞുനിന്ന ശ്രീദേവി തിരിച്ചുവരവിന് തയ്യാറെടുക്കുന്നു. ഭർത്താവ് ബോണി കപൂർ തന്നെയാണ് സുന്ദരിയുടെ തിരിച്ചുവരവിനായി അക്ഷീണം പ്രയത്നിക്കുന്നത്. എന്തായാലും ബോണി നിർമിക്കുന്ന പുതിയ ചിത്രത്തിൽ ശ്രീദേവി തന്നെയാണ് നായിക. ഭാര്യയുടെ മടങ്ങിവരവ് ഒരാഘോഷമാക്കാനാണത്രേ ബോണിയുടെ പരിപാടി. ലൊക്കേഷൻ നിശ്ചയിക്കുന്നതിന്റെ ഭാഗമായി 5 ആഴ്‌ചത്തെ വിദേശപര്യടനം പൂർത്തിയാക്കി എത്തിയതേയുള്ളൂ. അമേരിക്ക, റഷ്യ എന്നിവടങ്ങളിലായിരിക്കും ഷൂട്ടിംഗ് എന്നറിയുന്നു.
മാധുരി ദീക്ഷിത് ഫീൽഡിൽ തിരിച്ചെത്തിയതാണ് ശ്രീദേവിക്ക് പ്രചോദനമായതെന്ന് ബോളിവുഡിൽ അടക്കംപറച്ചിലുകളുണ്ട്. യാഷ്‌രാജ് ഫിലിംസിന്റെ ചിത്രം മാധുരി ഏതാണ്ട് പൂർത്തിയാക്കി കഴിഞ്ഞു.
അതേസമയം കമൽഹാസന്റെ പുതിയ പ്രോജക്ടിൽ ശ്രീദേവിയെ നായികയായി സഹകരിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായും വാർത്തകളുണ്ട്. മുൻകാല താരജോഡിയെ തമിഴ്‌പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. ഭരതൻ സംവിധാനം ചെയ്ത ‘ദേവരാഗ’ത്തിലൂടെയാണ് ശ്രീദേവി ഒടുവിൽ തമിഴ് പ്രേക്ഷകരുടെ മുന്നിലെത്തിയത്.
Generated from archived content: cinema4_july19_07.html Author: cini_vision